സഹനത്തിന്റെ അര്‍ത്ഥം

0
1190

വിശുദ്ധ കൊച്ചുത്രേസ്യ സഹനത്തിന്റെ പാരമ്യതയില്‍ മരണവിനാഴികയിലേക്ക് സാവധാനം പ്രവേശിക്കുകയായിരുന്നു. അന്ന് ഉച്ചയ്ക്കുശേഷം തന്റെ കട്ടിലിനരികിലിരുന്ന മദര്‍ ആഗ്നസിനോട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: ”അമ്മേ, സഹനത്തിന്റെ ഈ പാനപാത്രം കവിഞ്ഞൊഴുകുന്നു. ഇത്രയും സഹനം സ്വീകരിക്കാനാവുമെന്ന് കരുതിയതേയില്ല! ആത്മാക്കളുടെ രക്ഷയ്ക്കായുള്ള കടുത്ത ദാഹമാണ് ഇതു സ്വീകരിക്കാന്‍ കരുത്തായത്!” മരണമടുക്കുന്നുവെന്നറിഞ്ഞ് അവള്‍ പ്രശാന്തതയോടെ മന്ത്രിച്ചു: ”കൂടുതല്‍ സഹിക്കാന്‍ തന്നെയാണെന്റെ ആഗ്രഹം. എന്റെ നാഥനെ അത്രയേറെ ഞാന്‍ സ്‌നേഹിച്ചുപോയി.” തുടര്‍ന്ന് കണ്ണുകളടച്ച്, സുകൃതജപം പോലെ അവള്‍ ആവര്‍ത്തിച്ചു: ‘എന്റെ ദൈവമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.’
പൗലോസ് അപ്പസ്‌തോലന്‍ സഹനങ്ങള്‍ സ്വീകരിച്ചവിധവും പ്രചോദനാത്മകമാണ്: ”നിങ്ങളെപ്രതിയുള്ള എന്റെ പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു” (കൊളോ. 1:24). മറ്റുള്ളവരെപ്രതി സഹിക്കാനും ആ സഹനങ്ങള്‍ ക്രിസ്തുവിന്റെ കുരിശിലെ സഹനങ്ങളുടെ തുടര്‍ച്ചയായി കാണാനുമാണ് പൗലോസ്ശ്ലീഹ ആഗ്രഹിച്ചത്. മാത്രമല്ല, തങ്ങളുടെ ക്ലേശങ്ങള്‍ മറ്റുള്ളവരുടെ സമാശ്വാസത്തിനും രക്ഷയ്ക്കുംവേണ്ടിയാണെന്നും ക്ലേശങ്ങളില്‍ ദൈവം തരുന്ന ആശ്വാസം നൊമ്പരമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ കരുത്തു ലഭിക്കുന്നതിനാണെന്നും തിരിച്ചറിയുന്നു.
പ്രസക്തമായ ചോദ്യമിതാണ്: ഒരു വൈദികന്റെ അല്ലെങ്കില്‍ സമര്‍പ്പിതയുടെ സഹനങ്ങള്‍ തന്നെ ഭരമേല്‍പിച്ചിരിക്കുന്ന ദൈവജനത്തിന്റെ രക്ഷയ്ക്കും സമാശ്വാസത്തിനും അവരെ ആശ്വസിപ്പിക്കുന്നതിന് കരുത്ത് ലഭിക്കുന്നതിനുമായി കാണാനാവുമോ? ഒരു കുടുംബനാഥയുടെ അഥവാ കുടുംബനാഥന്റെ ക്ലേശങ്ങള്‍, ക്രിസ്തുവിന്റെ കുരിശിനോട് ചേര്‍ത്തുവച്ച്, ആ സഹനങ്ങളിലുള്ള പങ്കുചേരലായും മറ്റുള്ളവരുടെ വിശുദ്ധീകരണത്തിനായും സമര്‍പ്പിക്കാനാവുമോ? പൗലോസ് അപ്പസ്‌തോലനും കൊച്ചുത്രേസ്യയും അതിന് നമുക്ക് മാതൃകയാണ്. ക്രിസ്തു നമ്മിലുണ്ടെങ്കില്‍, ക്രിസ്തുവിന്റെ കുരിശിന്റെ കൃപ നമ്മിലുണ്ടെങ്കില്‍, സഹനങ്ങള്‍ക്ക് പുതിയൊരു അര്‍ത്ഥവും മാനവും കണ്ടെത്താനാകും.
ആടിയുലയുന്ന കപ്പല്‍
ഇംഗ്ലീഷ് കവികളില്‍ ഏറെ ആദരിക്കപ്പെടുന്ന ഈശോസഭ വൈദികനാണ് ജെറാര്‍ദ് മാന്‍ലി ഹോസ്‌കിന്‍സ്. ക്രിസ്തുവിനെപ്പറ്റി വളരെ ആഴത്തിലുള്ള അതിമനോഹരങ്ങളായ കവിതകള്‍ അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹം 1875-നും 1876-നും ഇടയ്ക്ക് എഴുതിയ ഒരു കവിതയാണ് ഠവല ണൃലരസ ീള ഉലൗെേരവഹമിറ (ജര്‍മനിയുടെ തകര്‍ച്ച). ജര്‍മനിയിലെ ബ്രെയ്മന്‍ തുറമുഖത്തുനിന്നും പുറപ്പെട്ട ഒരു കപ്പല്‍ 1875 ഡിസംബര്‍ ഏഴിന് അര്‍ദ്ധരാത്രിക്കും പ്രഭാതത്തിനുമിടയ്ക്ക് മണല്‍ത്തിട്ടയില്‍ തട്ടി അപകടാവസ്ഥയിലായി. കൊടും തണുപ്പുള്ള ആ പാതിരാവില്‍ നടുക്കടലില്‍വച്ച് കാറ്റിലും കോളിലും പെട്ട് കപ്പല്‍ ആടിയുലഞ്ഞു. സാവധാനം ആഴിയുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ തുടങ്ങി. പ്രത്യാശ നഷ്ടപ്പെട്ട്, വന്‍ വിപത്തില്‍നിന്നും രക്ഷ നേടാനായി നിലവിളിച്ചുകൊണ്ട് മനുഷ്യര്‍ കപ്പലില്‍ തലങ്ങും വിലങ്ങും നെട്ടോട്ടമോടുകയാണ്. ഈ പരിഭ്രമങ്ങള്‍ക്കിടയില്‍ ശാന്തരായി, ഹൃദയത്തില്‍ നിറയെ പ്രത്യാശ നിറച്ച്, എല്ലാവരെയും ആശ്വസിപ്പിച്ചുകൊണ്ട് അഞ്ച് ഫ്രാന്‍സിസ്‌കന്‍ സന്യാസിനികള്‍! ഹോപ്കിന്‍സ് കവിത ആരംഭിക്കുന്നത് ഇപ്രകാരമാണ്: ദൈവമേ, ശ്വാസവും അപ്പവും നല്‍കുന്നവനേ! അങ്ങെന്നെ നിയന്ത്രിക്കുന്നു!
അവരിലൊരു സിസ്റ്റര്‍, വിശ്വാസത്തിന്റെ കരുത്ത് ഉള്ളിലനുഭവിച്ച ഒരു ‘പെണ്‍സിംഹം’ പോലെ, ‘കര്‍ത്താവേ, വേഗം വരേണമേ’ എന്ന് പ്രാര്‍ത്ഥിക്കുകയാണ്.
‘പെണ്‍സിംഹം’ എന്ന് ഹോപ്കിന്‍സ് പേരിടുന്ന സന്യാസിനിക്ക് അങ്ങനെയുള്ള കരുത്തും തിരകളുടെ സംഹാരതാണ്ഡവത്തില്‍പോലും പ്രവാചകശക്തിയും എങ്ങനെ ലഭിക്കുന്നു? കര്‍ത്താവില്‍ തങ്ങളെ പൂര്‍ണമായി സമര്‍പ്പിച്ചു കഴിഞ്ഞവരില്‍ പിന്നെ ഭയാശങ്കകള്‍ക്ക് സ്ഥാനമില്ല. ദൈവത്തില്‍ സമസ്തവും അര്‍പ്പിച്ചവര്‍ക്ക് മരണത്തിന്റെ മുമ്പിലും സുനാമി തിരകളുടെ മധ്യത്തിലും പ്രത്യാശയില്‍ നിലനില്‍ക്കാനാവും. ആര്‍ക്കും പകര്‍ന്നു കൊടുക്കാനാവാത്ത പ്രതീക്ഷ ഹൃദയത്തില്‍ അനുഭവിക്കാനാകും.
സഹനങ്ങള്‍ ഉദാത്തമായ ഉന്നതലക്ഷ്യത്തിനായി സമര്‍പ്പിക്കപ്പെടുമ്പോള്‍ ക്ലേശങ്ങളും കഷ്ടപ്പാടുകളും പ്രശ്‌നമായി കടന്നുവരില്ല. വര്‍ണ വിവേചനത്തിനെതിരായി 27 നീണ്ട വര്‍ഷങ്ങള്‍ ജയില്‍വാസമനുഭവിച്ച നെല്‍സണ്‍ മണ്ടേലയും തന്റെ ജനതയുടെ സ്വാതന്ത്ര്യലബ്ധിക്കായി സത്യാഗ്രഹത്തിന്റെയും ആത്മസഹനത്തിന്റെയും നവ്യപാത സ്വീകരിച്ച മഹാത്മാഗാന്ധിയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സമൂഹനിര്‍മിതിക്കായി ജീവന്‍ സമര്‍പ്പിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങുമൊക്കെ സഹനപാതയുടെ ആത്മനിര്‍വൃതി അനുഭവിച്ചവരാണ്. തോക്കുകള്‍ക്ക് മുമ്പിലും തോറ്റുകൊടുക്കാതെ ചങ്കൂറ്റത്തോടെ അവര്‍ ജീവിതം അര്‍പ്പിച്ചത് ഈ നിശ്ചയദാര്‍ഢ്യം സ്വായത്തമാക്കിയതിനാലാണ്.
സഹനങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടോടുകൂടി കൈകാര്യം ചെയ്യാന്‍ പ്രചോദിപ്പിക്കുന്ന ജീവിതാനുഭവമാണ് ജറെമിയ പ്രവാചകന്റേത്. ‘ജറെമിയായുടെ സഹനദര്‍ശനം’ വിവരിക്കുന്ന ഡോ. തോമസ് വള്ളിയാനിപ്പുറത്തിന്റെ ലേഖനത്തില്‍ ഇപ്രകാരം കുറിക്കുന്നു. ”ജീവിതത്തിലുടനീളം എതിര്‍പ്പുകളും സംഘര്‍ഷങ്ങളും ഭീഷണികളും നേരിട്ട പ്രവാചകനാണ് ജറെമിയ. ഈ എതിര്‍പ്പുകള്‍ക്ക് കാരണമായിത്തീര്‍ന്നത് ജറെമിയായെ ദൈവം ഏല്‍പിച്ച ദൗത്യംമൂലമാണ്. ” (ജീവധാര, 2018 ഏപ്രില്‍, നമ്പര്‍ 284, പേജ് 8).
വിജയപാത
ദൈവം ജറെമിയായെ ഏല്‍പിക്കുന്ന ദൗത്യമിതാണ്: ”പിഴുതെറിയാനും ഇടിച്ചു തകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു” (ജറെ. 1:10). ജറെമിയായ്ക്ക് നല്‍കിയ ദൗത്യം അപഗ്രഥിച്ച് പഠിക്കുമ്പോള്‍ അതിലെ നാലു ക്രിയാപഥങ്ങള്‍ നശിപ്പിക്കാനും രണ്ടെണ്ണം പുനര്‍ നിര്‍മിക്കലുമാണ്. ജനത്തിന്റെ അധാര്‍മിക പാതകള്‍ തച്ചുതകര്‍ക്കുകയും അവിശ്വസ്തത പിഴുതെറിയുകയുമൊക്കെ ചെയ്യാനിറങ്ങുമ്പോള്‍ എതിര്‍പ്പും സംഘര്‍ഷങ്ങളും സ്വാഭാവികമായും ശക്തമായി കടന്നുവരും. ജനത്തിന്റെ തിന്മകള്‍ക്കെതിരായിട്ടാണ് ജറെമിയ പ്രതികരിച്ചതും നിരന്തര സഹനങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നതും.
ജറെമിയ എന്ന പദത്തിന്റെ മൂലം ‘ഇരമിയാഹു’ എന്ന ഹീബ്രു വാക്കാണ്. ‘യാഹ്‌വേ കൈപിടിച്ചുയര്‍ത്തട്ടെ’ എന്നാണിതിന്റെ അര്‍ത്ഥം. ആ പദത്തിന് സഹനത്തിന്റെ ധ്വനിയുണ്ട്. നൊമ്പരങ്ങളുടെ അഗ്നിനാളങ്ങളില്‍ വെന്തുരുകുമ്പോഴും ദൈവം നല്‍കിയ പ്രവാചകദൗത്യം ഉപേക്ഷിക്കുന്നില്ല. വിശ്വസ്തയോടെ തന്നെ അതു തുടരുന്നു.
‘കണ്ണുനീര്‍ത്തുള്ളി’ എന്ന കവിതയില്‍ നാലപ്പാട്ട് നാരായണമേനോന്‍ വിവരിക്കുന്നതും ശ്രദ്ധേയമാണ്
”ഉരുക്കിടുന്നു മിഴിനീരിലിട്ട്
മുക്കുന്നു മുറ്റും ഭുവനൈകശില്പി
മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാന്‍.”
മിഴിനീരില്‍ മുക്കിയ സഹനങ്ങള്‍ വഴി കനകകാന്തി ഹൃദയത്തിനുണ്ടാകുകയും അത് മഹത്തായ ഒന്നിന്റെ നിര്‍മിതിക്ക് കാരണമാകുന്നുവെന്ന് തിരിച്ചറിഞ്ഞ് സ്വീകരിക്കാനാവുന്നത് എത്രയോ ശ്രേഷ്ഠമാണ്!
ക്രിസ്തുവിന്റെ സഹനത്തിന് രക്ഷാകര മൂല്യമുണ്ട്. അവന്റെ മുറിവുകള്‍ വഴി നമുക്ക് മോചനം അനുഭവിക്കാനായി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യമുള്ളവരായി. കാല്‍വരിയിലെ ആത്മബലി വഴി പിതാവിന്റെ സ്‌നേഹത്തിന് നാം അര്‍ഹരാവുകയും ചെയ്തു. ക്രിസ്തുവിന്റെ സുവിശേഷദൗത്യത്തില്‍ ശുശ്രൂഷകരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ ചലിക്കുന്ന പാത സഹനത്തിന്റേതാണ്. പക്ഷേ, ആ സഹനത്തിന്റെ പാനപാത്രം കവിഞ്ഞൊഴുകുമ്പോഴും മറ്റുള്ളവരുടെ രക്ഷയും നന്മയും ആത്മദാഹമായി ഹൃദയത്തില്‍ നിറയുമ്പോള്‍ വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ പറയാനാവും ”ഇനിയും കൂടുതല്‍ സഹനം, ആത്മനാഥാ, തരിക!” എന്ന്. കാരണം ക്രൈസ്തവന്റെ ജീവിതസൗഭാഗ്യം സഹനത്തിലൂടെയാണ്. ഗുരു നടന്ന കുരിശിന്റെ വഴിയാണല്ലോ ഉത്ഥാനത്തിന്റെ വിജയത്തിലേക്കുള്ള പാതയും…. സഹനമില്ലെങ്കില്‍ നേട്ടമില്ല എന്നതുതന്നെ വാസ്തവം.

ബിഷപ് ഡോ. അലക്‌സ് വടക്കുംതല