സഹപാഠിക്ക് വീടൊരുക്കാന്‍ അച്ചാര്‍ വില്‍ക്കുകയാണ് ഈ കുട്ടികള്‍

0
1731

മണിമല: നന്മ വറ്റിവരണ്ട ലോകത്തുനിന്നും ചിലപ്പോഴൊക്കെ ഉയരുന്നത് കണ്ണുനനയിക്കുന്ന സ്‌നേഹക്കൂട്ടായ്മകള്‍. അത്തരമൊരു കൂട്ടായ്മയുടെ കഥയാണ് മണിമലയില്‍നിന്നുയരുന്നത്. ഇവിടെ സഹപാഠിക്ക് വീടൊരുക്കാന്‍ അച്ചാറുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുകയാണ് മണിമല സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കുട്ടികള്‍. സ്‌കൂള്‍ ആരംഭിച്ച് നൂറു വര്‍ഷം തികയുന്ന ജനുവരി 22ന് കുട്ടികളുടെ ചെറിയ സംരംഭത്തിനും തിരിതെളിയും.

ജൂബിലിയോടനുബന്ധിച്ച് വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ സ്റ്റാഫും കുട്ടികളുടെ പ്രതിനിധികളും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് നല്ലൊരു വീടില്ലാതെ വിഷമിക്കുന്ന സ്‌കൂളിലൊരു കുട്ടിക്ക് വീടു നിര്‍മ്മിച്ച് നല്‍കാനുള്ള തീരുമാനം ഉയരുന്നത്. ഇതിനായി കുട്ടികളും അധ്യാപകരും അവരെ സഹായിക്കുവാന്‍ മാതാപിതാക്കളും കൈകോര്‍ത്തു. വീട് നിര്‍മ്മിക്കുന്നതിനുള്ള പണം കണ്ടെത്താന്‍ അച്ചാറുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താനുള്ള തീരുമാനം കുട്ടികള്‍ ഏറ്റെടുത്തു. കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നും കൊണ്ടുവന്ന ഓമയ്ക്ക, ളൂബിക്ക ഉള്‍പ്പെടെയുള്ളവ കൊണ്ടാണ് ആദ്യം അച്ചാറുകള്‍ തയ്യാറാക്കിയത്. അച്ചാറിന് ആവശ്യക്കാരേറിയതോടെ വനംവകുപ്പില്‍ നിന്നും ലേലം പിടിച്ച് കൊണ്ടുവന്ന 500 കിലോയോളം നെല്ലിക്കയും അച്ചാറിട്ടു. കെമിക്കലുകള്‍ ഒന്നും ചേര്‍ക്കാതെയുള്ള നാടന്‍ അച്ചാറിന് ആവശ്യക്കാരേറി. മണിമലയിലേയും സമീപത്തേയും പള്ളികളില്‍ ഞായറാഴ്ച ദിവസം കുട്ടികള്‍ അച്ചാറുകള്‍ 60 രൂപയ്ക്ക് വില്‍പ്പന നടത്തുന്നു. അയല്‍ക്കൂട്ടങ്ങള്‍ വഴിയും വില്‍പ്പന നടക്കുന്നു.