സഹയാത്രികനായ ക്രിസ്തുവിനെ തിരിച്ചറിയണം: മാർ പൂത്തൂർ

ശാലോം മിഷൻ ഫയറിന് ഓസ്‌ട്രേലിയയിൽ തുടക്കമായി; രണ്ടാമത്തെ ശുശ്രൂഷ സെപ്തം. 20- 23ന് മെൽബണിൽ

0
2017

പെർത്ത്: വെല്ലുവിളികളും ദുഃഖദുരിതങ്ങളും നിറഞ്ഞ ജീവിതയാത്രയിൽ മ്ലാനവദനരാകാതെ, നമുക്കൊപ്പമുള്ള യേശുക്രിസ്തുവിനെ തിരിച്ചറിയാനും ക്ലേശങ്ങളുടെ മധ്യത്തിലും നിരാശരാകാതെ പ്രത്യാശയോടെ ജീവിതയാത്ര തുടരാനും ക്രിസ്തുവിശ്വാസികൾക്ക് സാധിക്കണമെന്ന് മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ. പെർത്തിലെ ശാലോം മിഷൻ ഫയർ 2018ന് തുടക്ക കുറിച്ച് അർപ്പിച്ച ദിവ്യബവിമധ്യേ വചനസന്ദേശം പങ്കുവെക്കുകയായിരുന്നു ബിഷപ്പ്. കുരിശ് അനുഭവങ്ങൾ ക്രിസ്തീയജീവിതത്തിന്റെ ഭാഗമാണെന്ന സത്യം വിശ്വാസികൾ വിസ്മരിക്കുന്നതാണ് ഇന്നത്തെ പ്രശ്‌നങ്ങൾക്ക് അടിസ്ഥാനമെന്നും ശാലോം മീഡിയ ഓസ്‌ട്രേലിയയുടെ രക്ഷാധികാരികൂടിയായ അദ്ദേഹം പറഞ്ഞു.

‘എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർ മ്ലാനവദനരായിരുന്നു. ആശങ്കകളും ആശയക്കുഴപ്പങ്ങളുംമൂലം പ്രത്യാശനഷ്ടപ്പെട്ട അവർ ക്രിസ്തുവിന്റെ കുരിശുമരണത്തെ സംബന്ധിച്ച് വാദങ്ങളും പ്രതിവാദങ്ങളും ഉയർത്താൻ മത്സരിച്ചു. പക്ഷേ, സഹയാത്രികനായി അവരോടുകൂടെ ഉണ്ടായിരുന്ന ഉത്ഥിതനായ ക്രിസ്തുവിനെ തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു. ഈ അവസ്ഥതന്നെയാണ് ഇന്ന് ബഹുഭൂരിപക്ഷംപേരെയും ബാധിച്ചിരിക്കുന്നത്. പലവിധ കാര്യങ്ങളെക്കുറിച്ചോർത്ത് ആകുലചിത്തരാകുമ്പോഴും, നമുക്കൊപ്പമുള്ള ക്രിസ്തുനാഥനെ തിരിച്ചറിയാതെപോകുന്നു,’ പ്രസ്തുത ദിനത്തിലെ സുവിശേഷ ഭാഗത്തിന്റെ വെളിച്ചത്തിൽ മാർ പൂത്തൂർ ഉദ്‌ബോധിപ്പിച്ചു.

ആരെങ്കിലും എന്ന അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കുരിശുമെടുത്ത് എന്റെ പിന്നാലെ വരുക എന്നാണ് ക്രിസ്തു പ~ിപ്പിച്ചത്. എന്നാൽ, കുരിശ് ചുമക്കേണ്ടവരും കുരിശിൽ തറക്കപ്പെടേണ്ടവരും കുരിശിൽ മരിക്കേണ്ടവരുമായ ക്രിസ്തുസാക്ഷികൾ കുരിശിനെ ഇന്ന് വെറും ആഡംഭരവസ്തുവാക്കി മാറ്റിയിരിക്കുന്നു. ഇതുതന്നെയാണ് ഇന്ന് ഓരോ ക്രൈസ്തവനും നേരിടുന്ന വെല്ലുവിളി. ക്രൂശിതനായ ക്രിസ്തുവിനെ പ്രഘോഷിക്കണമെന്ന ദൗത്യം സൗകര്യപൂർവം മറക്കുന്ന നാം ക്രൈസ്തവവിശ്വാസത്തെ സുരക്ഷിത സ്ഥാനങ്ങളിൽ ചുരുക്കാൻ ശ്രമിക്കുന്നു. എല്ലാവരും ഇതിന് ഉത്തരവാദികളാണ്.

ഇപ്രകാരം ചിന്തിക്കുമ്പോൾ, ഈയിടെയുണ്ടായ പ്രകൃതി ദുരന്തവും ആത്മീയ ദുരന്തവും വലിയൊരു ആത്മപരിശോധനയ്ക്കുള്ള വിളിയാണോ എന്ന് കരുതണം. എമ്മാവൂസിലേക്ക് പോയ ശിഷ്യരുടെ അവസ്ഥയിലാണ് നാമിന്ന്. ക്രിസ്ത്യാനിയുടെ സഹനത്തിന് ന്യായീകരണമില്ല. വ്യക്തിപരമായും സഭാത്മകവുമായ ആത്മപരിശോധനയ്ക്കുള്ള അവസരമാണത്. നമുക്കൊപ്പം യാത്രചെയ്യുന്ന ക്രിസ്തുവിനെ തിരിച്ചറിയാൻ നമുക്ക് കഴിയുന്നുണ്ടോ, അവിടുത്തെ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ ഹൃദയം ത്രസിക്കുന്നുണ്ടോ, അല്ലെങ്കിൽ ആ ശിഷ്യന്മാരെപ്പോലെ വിശ്വാസത്തിന്റെ കേന്ദ്രമായ ജറുസലേമിൽനിന്ന് എമ്മാവൂസിലേക്ക് ഓടിരക്ഷപ്പെടുകയണോ നാം. പരിശോധിക്കുകയും തെറ്റുതിരുത്തൽ നടത്തേണ്ടതുമായ കാര്യമാണത്.

തങ്ങളുടെ കൂടെയുള്ള യേശുവിനെ തിരിച്ചറിഞ്ഞ അവർ ജറൂസലേമിലേക്ക് തിരിച്ചുപോയെന്ന് തിരുവചനം സാക്ഷിക്കുന്നു. ആ ശിഷ്യരെ സധൈര്യരാക്കിയ ഉത്ഥിതന്റെ സാന്നിധ്യം നമ്മെയും ത്രസിപ്പിക്കണം, കണ്ണുകൾ തുറപ്പിക്കണം. നാം കുരിശനുഭവത്തിലൂടെ കടന്നുപോകുമ്പോൾ, അവിടുത്തെ പീഡാസഹനത്തിലും കുരിശുമരണത്തിലും ഉത്ഥാനത്തിലും പങ്കാളികളാകുകയാണെന്ന ബോധ്യം നമുക്കുണ്ടാവണം. ഇക്കഴിഞ്ഞ നാളുകളിലുണ്ടായ കാര്യങ്ങളെ വ്യക്തിപരമായി നാം ഉൾക്കൊണ്ടത് എങ്ങനെയാണെന്നും നാം ആത്മശോധനചെയ്യണം. ലൗകീകമായിട്ടല്ല അതിലുപരി ആത്മീയമായി ഇക്കാര്യങ്ങൾ വിശകലനംചെയ്യണം. ക്രിസ്തുമാർഗം തിരഞ്ഞെടുക്കാനും വിശ്വാസജീവിതത്തിൽ ശക്തിപ്പെടാനും കുരിശിൽ പങ്കുചേരാനുമെല്ലാം ആ ആത്മപരിശോധന ഉണർത്തുപാട്ടായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജാഗരൂകരായിരിക്കുവിൻ’ (മാർക്കോസ് 13:37) എന്ന തിരുവചനം ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന ഈ വർഷം രണ്ട് റസിഡൻഷ്യൽ ശുശ്രൂഷകൾക്കാണ് ഓസ്‌ട്രേലിയ വേദിയാകുന്നത്. ജറാഡെയ്ൽ ‘ബാപ്റ്റിസ്റ്റ് ക്യാംപിംഗ് സെന്ററാ’യിരുന്നു പെർത്തിലെ വേദി. രണ്ടാമത്തെ ശുശ്രൂഷയ്ക്ക് മെൽബൺ നഗരം ആതിഥേയത്വം വഹിക്കും. സെപ്തംബർ 20 വൈകിട്ട് 5.00 മുതൽ 23ന് ഉച്ചയ്ക്ക് 1.00 വരെ നടക്കുന്ന ശുശ്രൂഷകൾക്ക് വിക്ടോറിയ പ്രസ്റ്റൻ ‘മാൻട്ര ബെൽ സിറ്റി’ വേദിയാകും. ശാലോം ഓസ്‌ട്രേലിയയുടെ രക്ഷാധികാരികളായ ഹൊബാർട് ടാസ്മാനിയ ആർച്ച്ബിഷപ്പ് ജൂലിയസ് സി. പോർടിയൂസ്, മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ, ശാലോം സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ, ഡോ. ജോൺ ഡി. തുടങ്ങിയവർ നേതൃത്വം വഹിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: shalommedia.org/events