സാന്താമാർത്തയിലെ പരിസ്ഥിതി സൗഹാർദ്ദ പുൽക്കൂട് ലോകശ്രദ്ധയാകർഷിക്കുന്നു

0
227

വത്തിക്കാൻ: ഫ്രാൻസിസ് പാപ്പയുടെ ഔദ്യോഗിക വസതിയായ സാന്താമാർത്തയിലൊരുക്കിയ പരിസ്ഥിതി സൗഹാർദ്ദ പുൽക്കൂട് ലോകശ്രദ്ധയാകർഷിക്കുന്നു. വത്തിക്കാൻ ഗവർണറേറ്റിലെ ജോലിക്കാരായ കലാകാരന്മാരാണ് ലോകത്തിന് ശക്തമായ പരിസ്ഥിതിസന്ദേശം നൽകി പ്രകൃതിസൗഹൃദ പുൽക്കൂടൊരുക്കിയത്. പാഴ്‌വസ്തുക്കളിൽ നിന്ന് പുനരുത്പാദനം ചെയ്ത വസ്തുക്കൾ കൊണ്ടാണ് പുൽക്കൂട് പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത്.

മനുഷ്യനായി അവതരിക്കാൻ ദൈവം തിരഞ്ഞെടുത്തത് ഭൂമിയും അതിന്റെ പ്രകൃതിയുമാണ് എന്ന സന്ദേശം പകരാനാണ് സാന്തമാർത്തയിൽ തിരുപ്പിറവി ഗുഹയ്ക്കുളളിലെ പുൽക്കൂട്ടിലൊരുക്കിയത്. ഇറ്റലിയിലെ ലാസിയോ പ്രവിശ്യയിലെ മലയിടുക്കുകളിലെ പ്രത്യേക പാറക്കല്ലുകൾ കൊണ്ടാണ് ഗുഹ നിർമ്മിച്ചിരിക്കുന്നത്. ഗുഹയ്ക്കുളളിൽ മാതാവിന്റെയും യൗസേപ്പിതാവിൻറെയും മദ്ധ്യേ ഉണ്ണീശോയെ പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്നു. ഉണ്ണിക്കു ചുറ്റും എത്തിനോക്കുന്ന കന്നുകാലികളുടെയും ആരാധിക്കുന്ന മാലാഖമാരുടെയും രൂപങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഗുഹയുടെ വലത്തുവശത്തു എരിഞ്ഞു നില്ക്കുന്ന തീക്കൂട്ടും, സമീപത്തേയ്ക്ക് ആടുകളുമായെത്തുന്ന ഇടയന്മാരും, സംഗീതോപകരണങ്ങൾ മീട്ടുന്ന ഇടയച്ചെറുക്കന്മാരുമെല്ലാം മാനവകുലത്തെ രക്ഷിക്കാൻ ദൈവം ഈ ഭൂമിയിൽ മനുഷ്യനായി അവതരിച്ചുവെന്ന സത്യം വിളിച്ചോതുന്നു.

പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന പുൽക്കൂട് മനുഷ്യരോടും പ്രകൃതിയോടുമുളള വാത്സല്യമാണ് ദൈവം നമുക്ക് മധ്യേ അവതരിക്കാൻ ഇടയായതെന്ന് സൂചിപ്പിക്കുന്നു. അതേസമയം, അനീതിയും അഴിമതിയും, അക്രമവും യുദ്ധവും കലാപങ്ങളും ദൈവം നമുക്കായി തന്ന പൊതുഭവനമായ ഭൂമിയെ അനുദിനം നശിപ്പിക്കുകയാണെന്നും പുൽക്കൂട് വ്യക്തമാക്കുന്നു.