സാമൂഹ്യതിന്മകളും ധൂർത്തും പ്രധാന വെല്ലുവിളികൾ: ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം

0
263

തിരുവനന്തപുരം: സാമൂഹ്യതിന്മകളും ധൂർത്തുമാണ് ഇന്നു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഇവയെ ജീവിതത്തിൽ നിന്നും അകറ്റിനിർത്താൻ കഴിഞ്ഞാൽ സമൂഹത്തിന്റെ ദൈനംദിന പ്രശ്‌നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നും കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപതാധ്യക്ഷനുമായ ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം.
തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ സാന്ത്വനം മംഗല്യം പദ്ധതിയിൽപ്പെടുത്തി 28 നിർധന യുവതികൾക്കു നൽകുന്ന വിവാഹ ധനസഹായത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ആർഭാടവും ധൂർത്തും ഉപേക്ഷിക്കാൻ തയാറായാൽ ഒട്ടേറെ സാധുകുടുംബങ്ങളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചു നടത്താൻ കഴിയുമെന്ന് ആർച്ച്ബിഷപ് പങ്കുവച്ചു. തീരദേശം ഉൾെപ്പടെയുള്ള ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം ഒട്ടേറെ കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹിതരാകാൻ കഴിഞ്ഞിട്ടില്ല; ഡോ. സൂസപാക്യം പറഞ്ഞു.
തീരദേശമേഖലയുടെ സമഗ്രവികസനത്തിനായി ബൃഹത് കർമ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരണമെന്നും ഇക്കാര്യത്തിൽ സഭയും സർക്കാരും കൈകോർത്ത് പ്രവർത്തിക്കാൻ തയ്യാറാകണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം മേയർ അഡ്വ. വി. കെ പ്രശാന്ത് പറഞ്ഞു.
ഓഖി പോലെയുള്ള ദുരന്ത കാലഘട്ടങ്ങളിൽ ദുരിതബാധിത മേഖലയിൽ സഭ നടത്തിയ പ്രവർത്തനം ശ്ലാഘനീയവും മാതൃകാപരവുമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബപ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലാറ്റിൻ മാട്രിമോണി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് നിർവഹിച്ചു.
ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. മോൺ. യൂജിൻ എച്ച് പെരേര, മോൺ. ജയിംസ് കുലാസ്, കുടുംബപ്രേഷിത ശുശ്രൂഷാ ഡയറക്ടർ ഫാ. എ.ആർ. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.