സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സുതാര്യമായ തെരഞ്ഞെടുപ്പാവശ്യം:കർദിനാൾ ജോർജ് ഉർസ സാവിനൊ

0
242

വെനിസ്വേല: വെനിസ്വേലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുവാൻ സുതാര്യമായ തിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് കാരക്കാസ് ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ഉർസ സാവിനൊ. നാലു സഹായ മെത്രാന്മാരോട് ചേർന്ന് പുറപ്പെടുവിച്ച സന്ദേശത്തിലാണ് കർദിനാൾ ജോർജ് ഉർസ തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ അനിവാര്യതയെ പറ്റി സംസാരിച്ചത്. ഇന്നും നാളെയും ഈ സന്ദേശം രാജ്യത്തെ വിവിധ ഇടവകകളിൽ വായിക്കും.

കഴിഞ്ഞ വർഷം രാജ്യത്തിന്റെ സ്ഥിതി വളരെ ദയനീയമായിരുന്നുവെന്നും രാഷ്ട്രീയ ആക്രമണങ്ങളിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ ആഴ്ച്ചകളായി വെനസ്വേലയിൽ ഭക്ഷണത്തിനും മരുന്നിനും ക്ഷാമം നേരിടുന്നുണ്ട്. സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കാലാവധി ഈ വർഷം അവസാനിക്കുന്നതിനെ തുടർന്ന് 2019 ൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കും.

കഴിഞ്ഞവർഷം തെരഞ്ഞെടുപ്പിലൂടെ രീപീകരിച്ച കോൺസ്റ്റിറ്റിയൂവന്റ് അസംബ്ലിയെ വെനിസ്വേലയുടെ നാഷണൽ അസംബ്ലി അടിച്ചമർത്തിയിരുന്നു. തുടർന്ന് ഭരണഘടനാ അസ്ഥിരതയ്‌ക്കെതിരെ ജനകീയ പ്രക്ഷോഭം നടക്കുകയും 120 ലേറെ പേരെ സുരക്ഷാസേന വധിക്കുകയും ചെയ്തിരുന്നു. അതേസമയം, പ്രതിസന്ധികളുടെ മധ്യത്തിലും അടിയുറച്ച വിശ്വാസത്തോടെയും പ്രത്യാശയോടെയും പുതുവർഷത്തെ വരവേൽക്കാമെന്നും സമാധാനം പുലരുന്ന രാജ്യത്തിനായി പ്രാർത്ഥിക്കാമെന്നും കർദിനാൾ സന്ദേശത്തിൽ വ്യക്തമാക്കി.