സാഹോദര്യത്തിന്റെ സന്ദേശവുമായി പാക്കിസ്ഥാനിലെ സർവകലാശാലയിൽ ക്രൈസ്തവ ചാപ്പൽ തുറന്നു

0
167

ലാഹോർ: പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി ഒരു ഗവൺമെന്റ് സർവകലാശയ്ക്കുള്ളിൽ ക്രൈസ്തവ ചാപ്പൽ തുറന്നു. ഫൈസലാബാദിലെ കാർഷികസർവകലാശാലയുടെ പ്രവേശനകവാടത്തിനടുത്തുള്ള ചാപ്പൽ പാക്കിസ്ഥാനി ബിഷപ്‌സ് കോൺഫ്രൻസ് പ്രസിഡന്റ് ആർച്ച്ബിഷപ് ജോസഫ് അർഷാദാണ് ഉദ്ഘാടനം ചെയ്തത്. സർവകലാശാലയ്ക്കുള്ളിലെ ഈ ക്രൈസ്തവ ചാപ്പൽ രാജ്യത്തുടനീളം സാഹോദര്യത്തിന്റെ സന്ദേശം പകരുമെന്ന് ആർച്ച്ബിഷപ് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. ഇവിടെ വരുന്ന ക്രൈസ്തവർ സ്ഥാപനത്തിന്റെയും രാജ്യത്തിന്റെയും ഉന്നമനത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നം ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനിലെ 177 സർവകലാശാലകളിലും കോളേജുകളിലും മോസ്‌കുകൾ മാത്രം നിർമ്മിക്കാൻ അനുവാദമുള്ള സാഹചര്യത്തിലാണ് സെന്റ് മേരീസ് ചാപ്പൽ നിർമ്മിച്ചുകൊണ്ട് ഫൈസലാബാദ് കാർഷിക സർവകലാശാല രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറിയത്. ക്രൈസ്തവ വിദ്യാർത്ഥികളുടെ മതപരമായ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ചാപ്പൽ നിർമ്മിച്ചിരിക്കുന്നതെന്ന് ചാൻസലർ സാഫർ ഇക്ബാൽ പറഞ്ഞു. എല്ലാ ആരാധാനാലയങ്ങളും ദൈവത്തെ ആരാധിക്കാനുള്ള പരിപാവനമായ സ്ഥലങ്ങളാണ്. സർവകലാശാലയിലെ ഈ ചാപ്പൽ ക്രൈസ്തവ-ഇസ്ലാം സാഹോദര്യത്തിന്റെ ജീവിക്കുന്ന മാതൃകയാണ്;ഇക്ബാൽ പങ്കുവച്ചു.