സിറിയൻ ജനത സമാധാനത്തിലേക്ക്; പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
399

ആഭ്യന്തരയുദ്ധവും ഐ.എസ്.ഐ. എസും സംഹാരതാണ്ഢവമാടിയ സിറിയയിൽ ജീവിതം സമാധാനപൂർവ്വകമാകുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് വ്യാഴാഴ്ച സിറിയൻ സൈന്യവും സഖ്യകക്ഷികളും ഐ.എസ് ഐഎസിന്റെ ശക്തികേന്ദ്രങ്ങൾ മോചിപ്പിച്ചതായി റിപ്പോർട്ട് ചെയ്തത്. അൽബു കമൽ നഗരത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശത്തുള്ള ഐസ്.ഐസിന്റെ അവസാന ശക്തികേന്ദ്രമാണ് സിറിയൻ സൈന്യം മോചിപ്പിച്ചത്.

അതേസമയം, ഐ.ഐസിനെതിരെ സിറിയൻ സഖ്യസേന നേടിയ ഏറ്റവും പുതിയ വിജത്തിന് മുൻപ് തന്നെ യുദ്ധത്തിൽ ഛിന്നഭിന്നമായ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്ന് ആലപ്പോയിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക ആർച്ച് ബിഷപ്പ് മെട്രോപൊളിറ്റൻ ജീൻ ക്ലെമന്റ് ജീൻബാർട്ട് പറഞ്ഞു.

“സിറിയ യുദ്ധത്തിൽ തകർന്ന തങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളും അസംഖ്യം സ്ഥാപനങ്ങളും പുതുക്കിപ്പണിയാനുള്ള പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. ആലപ്പോ നഗരത്തിലെ എല്ലാ ഭാഗങ്ങളും ഇപ്പോൾ സുരക്ഷിതമാണ്. വീടുകളിൽ വൈദ്യുതിയും കുടിവെള്ളവുമുണ്ട്. എല്ലാ സ്‌കൂളുകളും പ്രവർത്തിച്ചുതുടങ്ങി. സർവ്വകലാശാലകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങളുടെ സേവനങ്ങൾ പുന:സ്ഥാപിച്ചുകഴിഞ്ഞു. സാമ്പത്തിക മേഖലയുടെ ഉണർവ്വ് നിരവധി ആളുകൾക്ക് തൊഴിൽ ലഭ്യമാക്കും. നിരവധി പദ്ധതികളിൽ ഒന്നിന്റെ തുടക്കം മാത്രമാണിത്”. അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷമായി ആലപ്പോയിൽ നിന്നുള്ള ക്രൈസ്തവരുടെ കൂട്ടപ്പലായനം തടയാനുള്ള ശ്രമത്തിലായിരുന്നു ആർച്ച് ബിഷപ്പ് മെട്രോപൊളിറ്റൻ ജീൻ ക്ലെമന്റ്
ആഗസ്റ്റിൽ നടന്ന നൈറ്റ് ഓഫ് കൊളംബസ് അന്താരാഷ്ട്ര സമ്മേളനത്തിൽ ക്രിസ്ത്യൻ ജനസംഖ്യയിൽ പകുതിയിലേറെപ്പേർ സംഘർഷം മൂലം സിറിയ വിട്ടതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവരിൽ കാൽ ഭാഗം മാത്രെ മടങ്ങിയെത്തൂ എന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സിറിയയ്ക്ക് ഡോക്ടർമാരെയും അധ്യാപകരെയും എക്‌സിക്യുട്ടീവുകളെയും പരിശീലനം സിദ്ധിച്ച സാങ്കേതിക പ്രവർത്തകരെയും തൊഴിലാളികളെയും ആവശ്യമുണ്ടെന്ന് തന്റെ പുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

“തങ്ങളുടെ ഫാക്ടറികളുടെ തകരാറുകൾ പരിഹരിക്കാനും ഓഫീസും ബിസിനസും പുനസ്ഥാപിക്കാനും നിരവധി വ്യവസായികളും വ്യാപാരികളും ആലപ്പോയിലേക്ക് മടങ്ങിവരുന്നത് തങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ, ഭവനനിർമ്മാണത്തിനും സ്‌കൂളുകളും പൊതു സാമൂഹ്യസ്ഥാപനങ്ങളും പുതുക്കിപ്പണിയാനും നിരവധി സർക്കാർ പദ്ധതികളുമുണ്ട്. ഈ അനുഗ്രഹീതമായ നഗരം ദൈവത്തിന്റെ ദ്യഷ്ടിയുടെ താഴെ തങ്ങൾക്കും മധുരവും സുഖപ്രദവുമായ ജീവിതം നൽകിയിട്ടുണ്ട്. ഈ നിരർത്ഥകമായ യുദ്ധത്തിന്റെ അവസാനത്തോടെ അത് കൂടുതൽ ഉദാരവും അനുകൂലവുമാകും. നമ്മുടെ പരീക്ഷണം അവസാനിച്ചിരിക്കുന്നു”. ആർച്ച് ബിഷപ്പ് ജാൻബാർട്ട് പറഞ്ഞു.

അതേസമയം, ആറര വർഷത്തെ സിവിൽ യുദ്ധത്തിന് ശേഷം സിറിയ ജീവിതത്തിലേക്ക് മടങ്ങുകയാണെന്നും ആലപ്പോ വളരെക്കാലത്തേക്ക് പ്രേതനഗരമായിരിക്കില്ലെന്നും അവനൈർ എന്ന ഇറ്റാലിയൻ ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. ആലപ്പോ നിവാസികൾ തങ്ങളുടെ ഭവനങ്ങളുടെ തകരാറുകൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും പേസ്ട്രി ,ഹാർഡ് വെയർ കടകൾ പ്രവർത്തിച്ചുതുടങ്ങിയതായും പത്രം വ്യക്തമാക്കുന്നു.

ഒരു വർഷത്തിലേറെയായി തങ്ങൾ ഇത്തരം സാമ്പത്തിക സഹായം നൽകിക്കൊണ്ടിരിക്കുകയാണെന്ന് ഇബ്രാഹിം അൽസാബർഗ് എന്ന ഇടവക വൈദികൻ പറഞ്ഞു. 900 ആളുകൾ തിരിച്ചു വരുന്നതായുള്ള വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും 90 വീടുകളുടെ പണി തീർന്നതായും ഒരു എൻജിനീയർ പറഞ്ഞതായും പത്രം റിപ്പോർട്ട് ചെയ്തു. ദമാസ്‌ക്കസിൽ വെള്ളവും വൈദ്യുതിയും ലഭ്യമാണെന്നും പത്രം വ്യക്തമാക്കുന്നു.

അതേസമയം, കുറച്ച് മാസങ്ങൾക്ക് മുൻപ് സിറിയയുടെ പുനരുദ്ധാരണത്തെപ്പറ്റി ചിന്തിക്കുമ്പോൾ വിഡ്ഢിത്തമായി തോന്നിയിരുന്നതായും എന്നാൽ തങ്ങളിപ്പോൾ സമാധാനത്തിന്റെ ദീർഘനിശ്വാസം ഉതിർക്കുകയാണെന്നും ഫ്രാൻസിസ്‌കൻ പുരോഹിതനായ ബഹ്ജാത് കാരക്കാച്ച് പറഞ്ഞു.

വിദ്യാഭ്യാസമാണ് സിറിയയെ പുതുക്കിപ്പണിയുന്നതിനുള്ള ആദ്യപടിയെന്ന് വിശുദ്ധ പൗലോസ് യേശുവിനെ കണ്ട സ്ഥലത്തിന് സമീപം കുട്ടികളുടെ അഭയാർത്ഥി കേന്ദ്രം നടത്തുന്ന സിസ്റ്റർ യോല പറഞ്ഞു. സിസ്റ്റർ നടത്തുന്ന അഭയാർത്ഥി കേന്ദ്രത്തിലുള്ള 140 കുട്ടികളിൽ ഭൂരിപക്ഷവും മൂന്നിനും അഞ്ചിനുമിടയിൽ പ്രായമുള്ളവരാണ്.