സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനം ഇൻഡോറിൽ നാലിന്

0
1417

* കേരളസഭാതല ആഘോഷം 11ന് എറണാകുളത്ത്
* ജന്മനാടിന്റെ ആഘോഷം 19നു പുല്ലുവഴിയിൽ
* ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി

കൊച്ചി: സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനം മധ്യപ്രദേശിലെ ഇൻഡോറിൽ നവംബർ നാലിനു നടക്കും. ഇതിനോടനുബന്ധിച്ചു കേരളസഭാതല ആഘോഷ പരിപാടികൾ 11ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലാണു നടക്കുക. സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയിൽ 19നു കൃതജ്ഞതാബലിയും പൊതുസമ്മേളനവും ഒരുക്കിയിട്ടുണ്ട്. ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയാണു സിസ്റ്റർ റാണി മരിയ

നവംബർ 4- ഇൻഡോർ
ഇൻഡോർ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെന്റ് പോൾ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലൊരുക്കുന്ന വേദിയിൽ നാലിനു രാവിലെ പത്തിനാണു വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനം ചടങ്ങുകൾ ആരംഭിക്കുക. വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലി മധ്യേയാണു പ്രഖ്യാപനം. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയർത്തിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കല്പന, കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. റാഞ്ചി ആർച്ച്ബിഷപ് ഡോ. ടെലസ്‌ഫോർ ടോപ്പോ മാർപാപ്പയുടെ പ്രഖ്യാപനം ഹിന്ദിയിൽ പരിഭാഷപ്പെടുത്തും. തുടർന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അൾത്താരയിലേക്കു പ്രദക്ഷിണം.

സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബൈ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ എന്നിവർ ദിവ്യബലിയിൽ മുഖ്യ സഹകാർമികരാകും. രാജ്യത്തും പുറത്തും നിന്നുമായി അമ്പതോളം മെത്രാന്മാർ ശുശ്രൂഷകളിൽ പങ്കെടുക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ലോക്‌സഭാ സ്പീക്കറും ഇൻഡോർ എംപിയുമായ സുമിത്ര മഹാജൻ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, മതരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

സിസ്റ്റർ റാണി മരിയയുടെ കബറിടമുള്ള ഉദയ്‌നഗർ സേക്രട്ട് ഹാർട്ട് പള്ളിയിൽ മൂന്നിനും അഞ്ചിനും പ്രത്യേക ശുശ്രൂഷകൾ ഉണ്ടാകും. അഞ്ചിനു രാവിലെ പത്തിനു ഉദയ്‌നഗറിൽ കൃതജ്ഞതാബലിക്കു വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ മുഖ്യകാർമികത്വം വഹിക്കും. കേരളത്തിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അല്മായർ തുടങ്ങി 12000 പേർ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപന ചടങ്ങുകളിൽ പങ്കെടുക്കാനെത്തും.

നവംബർ 11- എറണാകുളം
11ന് എറണാകുളം-അങ്കമാലി അതിരൂപതയുടെയും എഫ്സിസി സന്യാസിനി സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണു കേരളസഭാതല ആഘോഷ പരിപാടികൾ നടക്കുക. ഉച്ചകഴിഞ്ഞു 2.30ന് എറണാകുളം മേജർ ആർച്ച്ബിഷപ്‌സ് ഹൗസിൽ നിന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പ് പ്രദക്ഷിണമായി സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലേക്കെത്തിക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൃതജ്ഞതാ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കും. കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം വചനസന്ദേശം നൽകും. നാഗ്പൂർ ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുൾപ്പടെ കേരളത്തിലും പുറത്തുമുള്ള വിവിധ മെത്രാന്മാർ സഹകാർമികരാകും.

തുടർന്നു നടക്കുന്ന സമ്മേളനത്തിൽ സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണം നടത്തും. എഫ്‌സിസി മദർ ജനറൽ സിസ്റ്റർ ആൻ ജോസഫ്, സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമി, ഉദയ്‌നഗറിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും. ഡോക്യുമെന്ററി പ്രദർശനം, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകും. അതിരൂപത പ്രോ വികാരി ജനറാൾ മോൺ. ആന്റണി നരികുളം ജനറൽ കൺവീനറായി പരിപാടിയുടെ ഒരുക്കങ്ങൾ നടന്നുവരുന്നുണ്ട്.

നവംബർ 19- പുല്ലുവഴി
നവംബർ 19നു സിസ്റ്റർ റാണി മരിയയുടെ ജന്മനാടായ പുല്ലുവഴി സെന്റ് തോമസ് പള്ളിയിൽ ഉച്ചകഴിഞ്ഞു മൂന്നിനാണു കൃതജ്ഞതാദിവ്യബലി. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയിൽ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ വചനസന്ദേശം നൽകും. അഞ്ചിന് പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ അധ്യക്ഷത വഹിക്കും. യാക്കോബായ സഭ ശ്രേഷ്ഠമെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമൻ ബാവ അനുഗ്രഹപ്രഭാഷണവും സാമൂഹ്യപ്രവർത്തക ദയാഭായി മുഖ്യപ്രഭാഷണവും നടത്തും. സ്‌നേഹഭവനങ്ങളുടെ താക്കോൽദാനം ജസ്റ്റീസ് കുര്യൻ ജോസഫ് നിർവഹിക്കും. വികാരി ഫാ. ജോസ് പാറപ്പുറത്തിന്റെ നേതൃത്വത്തിൽ പരിപാടിയുടെ ഒരുക്കങ്ങൾ നടന്നുവരുന്നു.

സിസ്റ്റർ റാണി മരിയ
എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണു സിസ്റ്റർ റാണി മരിയ. ജനനം 1954 ജനുവരി 29ന്. വട്ടാലിൽ പരേതരായ പൈലി-ഏലീശ്വയുമാണു മാതാപിതാക്കൾ. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്‌സിസി) സമർപ്പിതസമൂഹാംഗമായി ബിജ്‌നോർ, സത്‌ന, ഇൻഡോർ രൂപതകളിൽ ശുശ്രൂഷ ചെയ്തു.

പ്രേഷിതശുശ്രൂഷയ്‌ക്കൊപ്പം സാധാരണക്കാർക്ക് അറിവും തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾക്കും സിസ്റ്റർ റാണി മരിയ നേതൃത്വം നൽകി. ഇൻഡോർ രൂപതയിലെ ഉദയ്‌നഗറിൽ 1995 ഫെബ്രുവരി 25നായിരുന്നു സിസ്റ്ററുടെ രക്തസാക്ഷിത്വം. സമന്ദർസിംഗ് എന്ന വാടകക്കൊലയാളിയാണു സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദർസിംഗ് സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.