സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി: ആഘോഷങ്ങൾക്കൊരുങ്ങി ജന്മനാട്

507

പെരുമ്പാവൂർ: സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനോടനുബന്ധിച്ചു ജന്മനാടായ പുല്ലുവഴിയിലും ഒരുക്കങ്ങൾ. പുല്ലുവഴി സെന്റ് തോമസ് പള്ളിയിലെ സിസ്റ്റർ റാണി മരിയ മ്യൂസിയത്തിൽ സ്ഥാപിച്ച ഛായാചിത്രത്തിന്റെ അനാഛാദനം റവ.ഡോ. ജേക്കബ് നങ്ങേലിമാലിൽ നിർവഹിച്ചു. ഒക്ടോബർ പത്തു മുതൽ നവംബർ 19 വരെ നടക്കുന്ന പരിപാടികളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നു വികാരി ഫാ. ജോസ് പാറപ്പുറം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഒക്ടോബർ പത്തിനു ജപമാലമാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു സീറോ മലബാർ സഭ വക്താവും ഭരണങ്ങാനം സെന്റ് അൽഫോൻസ തീർഥാടനകേന്ദ്രം റെക്ടറുമായ റവ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ, സിസ്റ്റർ റാണി മരിയയുടെ ജീവിതവഴിയിലൂടെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 18നു ഫൊറോനയിലെ പള്ളികളിലെ സംഘടനാ പ്രതിനിധികളുടെ യോഗം നടക്കും.

22നു പുല്ലുവഴി പള്ളിയിൽനിന്നു വിളംബരജാഥ പുറപ്പെടും. രാവിലെ 10.45നു ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റർ റവ. ഡോ. പോൾ തേലക്കാട്ട് പ്രഭാഷണവും ജാഥയുടെ ഫ്ളാഗ് ഓഫും നിർവഹിക്കും. നവംബർ നാലിനു മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപന ചടങ്ങിലും 11ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന കേരളസഭാതല ആഘോഷത്തിലും പുല്ലുവഴിയിൽനിന്നു പ്രതിനിധിസംഘങ്ങൾ പങ്കെടുക്കും.

12ന് ഇടവകതലത്തിൽ തിരുസ്വരൂപപ്രദക്ഷിണം. രാവിലെ ഏഴിനു നടക്കുന്ന ദിവ്യബലിയിലും തിരുസ്വരൂപ ആശീർവാദത്തിലും നാഗ്പൂർ ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര മുഖ്യകാർമികത്വം വഹിക്കും. 15നു രാവിലെ എട്ടിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽനിന്നു തിരുശേഷിപ്പ് പ്രയാണം പുറപ്പെടും.നവംബർ 19നാണു മാതൃ ഇടവകയിൽ ആഘോഷമായ കൃതജ്ഞതാബലിയും പൊതുസമ്മേളനവും നടക്കുക. ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാബലിയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ വചനസന്ദേശം നൽകും. ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, ഡോ. ചാക്കോ തോട്ടുമാരിക്കൽ, മാർ മാത്യു വാണിയകിഴക്കേൽ, മാർ എഫ്രേം നരികുളം എന്നിവർ സഹകാർമികരാകും. വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മേജർ ആർച്ച്ബിഷപ്, പുല്ലുവഴി സെന്റ് തോമസ് പള്ളിയെ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കും.