സീറോ മലബാർ സഭയുടെ ഇടുക്കി, സാഗർ രൂപതകൾക്ക് പുതിയ ഇടയന്മാർ

0
394

കൊച്ചി: സീറോ മലബാർ സഭയുടെ ഇടുക്കി, സാഗർ രൂപതകൾക്ക് പുതിയ ഇടയന്മാർ. മാർ.ജോൺ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം മധ്യപ്രദേശിലെ സാഗർ രൂപതയുടെയും ബിഷപ്പുമാരായി നിയമിതരായി. ഇരുവരുടെയും നിയമനത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിൽ നടന്നു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30ന് കാക്കനാട് മൗണ്ട് സെൻറ് തോമസിൽ ഇരുവരുടെയും നിയമനം ഔപചാരികമായി പ്രഖ്യാപിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ബിഷപ്പുമാരുടെ നിയമനപ്രഖ്യാപനം നടത്തിയത്. തുടർന്ന് കർദിനാൾ നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. സീറോ മലബാർ സിനഡിൽ പങ്കെടുക്കുന്ന ബിഷപ്പുമാരും വൈദികരും തിരുക്കർമ്മത്തിൽ പങ്കെടുത്തു.

റിട്ട. കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനീയർ ചിങ്ങവനം അത്തികളം സി. പൗലോസിൻറെയും അന്നമ്മയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് റവ.ഡോ. ജെയിംസ് അത്തിക്കളം. മിഷനറി സൊസൈറ്റി ഓഫ് സെൻറ് തോമസ് ദി അപ്പസ്റ്റൽ (എംഎസ്ടി) സഭയുടെ സുപ്പീരിയർ ജനറാൾ, ഭോപ്പാൽ റൂഹാലയ മേജർ സെമിനാരി റെക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭോപ്പാലിൽ സീറോ മലബാർ സഭാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങളുടെ ചുമതല വഹിക്കുമ്പോഴാണ് പുതിയ നിയോഗം.

1973 മാർച്ച് 22ന് പാലാ കടപ്ലാമറ്റം നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതികളുടെ മകനായാണ് ഫാ.ജോൺ നെല്ലിക്കുന്നേലിന്റെ ജനനം. 1988-ൽ വൈദികരിശീലനം ആരംഭിച്ച അദ്ദേഹം വടവാതൂർ സെൻറ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. തുടർന്ന് 1998 ഡിസംബർ 30ന് പുരോഹിതനായി അഭിഷിക്തനായി. നിരവധി ഇടവകകളിൽ സഹവികാരിയായി ശുശ്രൂഷ ചെയ്ത ശേഷമാണ് അദ്ദേഹം റോമിൽ നിന്ന് ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടിയത്. തുടർന്ന് ,ഇടുക്കി രൂപത ചാൻസലർ, രൂപത മതബോധന വിഭാഗത്തിൻറെയും ബൈബിൾ അപ്പസ്‌തോലേറ്റിൻറെയും ഡയറക്ടർ, മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ റെസിഡൻറ് അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. ഇടുക്കി രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിയായി സേവനമനുഷ്ഠിക്കവേയാണ് പുതിയ നിയോഗം. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിച്ചതിനെ തുടർന്നാണ് ഫാ. ജോൺ നെല്ലിക്കുന്നേൽ ബിഷപ്പായി അഭിഷിക്തനായത്.

അതേസമയം, മെത്രാഭിഷേകവും സ്ഥാനാരോഹണവും സംബന്ധിച്ച തീയതികൾ പിന്നീട് തീരുമാനിക്കുമെന്ന് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ചാൻസലർ ഫാ.ആൻറണി കൊള്ളന്നൂർ അറിയിച്ചു.