സീറോ മലബാര്‍ സഭ വിശ്വാസപരിശീലനം ഇനി സ്മാര്‍ട്ട് സ്മാര്‍ട്ട് കാറ്റക്കിസം വെബ് പോര്‍ട്ടല്‍ ഒരുങ്ങി

0
224

കൊച്ചി: സീറോ മലബാര്‍ സഭയില്‍ വിശ്വാസപരിശീലനം ഇനി സ്മാര്‍ട്ടാകും. വിശ്വാസ പരിശീലന ക്ലാസുകളും പാഠ്യപദ്ധതിയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമാക്കുന്നതിനായി സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിയും വെബ് പോര്‍ട്ടലും ഒരുങ്ങി. സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷനാണു സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിക്കു രൂപം നല്‍കിയത്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു. വിവിധ രൂപതകളിലെ വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍മാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍, പഠനസഹായികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇനി ംംം.ാൊെമൃ രേമലേരവശാെ.ീൃഴ എന്ന വെബ്പോര്‍ട്ടലിലൂടെ ലഭിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പാഠപുസ്തകങ്ങള്‍ ഇത്തരത്തില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉപയോഗിക്കാനാകും. ഓരോ പാഠങ്ങളെയും ആധാരമാക്കിയുള്ള ക്ലാസിന്റെ ഓഡിയോ വേര്‍ഷന്‍, ഉള്ളടക്കത്തിന്റെ പശ്ചാത്തലം, പവര്‍ പോയിന്റ് പ്രസന്റേഷന്‍, അധ്യാപക സഹായി എന്നിവയും വെബ് പോര്‍ട്ടലിലുണ്ട്. മൂന്നു ഭാഷകളിലും ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഓരോ ക്ലാസുകളിലെയും വിദ്യാര്‍ഥികളുടെ വിശ്വാസ, വ്യക്തിത്വ വളര്‍ച്ചയ്ക്കു പ്രചോദനമാകുന്ന ജീവചരിത്രങ്ങള്‍, കഥകള്‍, വീഡിയോകള്‍ എന്നിവ പോര്‍ട്ടലില്‍ ഉണ്ടാകും.
ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ വിശ്വാസപരിശീലന പ്രക്രിയയില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണു സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്നു സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു. സ്മാര്‍ട്ട് കാറ്റക്കിസം ഫലപ്രദമാക്കുന്നതിനു രൂപതകള്‍ക്കും വിശ്വാസപരിശീലന കേന്ദ്രങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.