സീറോ മലബാർ സമൂഹം ജപമാലാരാമത്തിലേക്ക്

എയിൽസ്‌ഫോർഡ് തീർത്ഥാടനം മേയ് 27ന്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

0
111

യു.കെ: ഇംഗ്ലണ്ടിന്റെ പൂന്തോട്ടമെന്ന് വിശേഷിപ്പിക്കുന്ന കെന്റിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പുണ്യപുരാതനമായ എയ്ൽസ്‌ഫോർഡ് പ്രയറിയിലേക്ക് മേയ് 27ന് യു.കെയിലെ സീറോ മലബാർ വിശ്വാസീസമൂഹം തീർത്ഥാടനം സംഘടിപ്പിക്കുന്നു. യു.കെയിലെ ഏറ്റവും വലിയ രണ്ടാമത്തെ മരിയൻ തീർത്ഥടനകേന്ദ്രമായ ഈ പുണ്യഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ഇതാദ്യമായാണ് തീർത്ഥാടനവും തിരുനാളും ക്രമീകരിക്കുന്നത്.

പരിശുദ്ധകന്യാമറിയം വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിയ ജപമാലരാമത്തിലൂടെ ഉച്ചക്ക് 12.00ന് സംഘടിപ്പിക്കുന്ന ജപമാലപ്രദക്ഷിണത്തോടെ തിരുനാളിന് തുടക്കമാകും. ഉച്ചകഴിഞ്ഞ് 2.00ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. സതക് അതിരൂപതയുടെ സഹായമെത്രാൻ ഡോ. പോൾ മേസൺ അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ. സെബാസ്റ്റ്യൻ ചാമക്കാല ക്വയറിന് നേതൃത്വം വഹിക്കും.

ദിവ്യബലിക്കുശേഷം വിവിധ മാസ് സെന്ററുകളുടെ നേതൃത്വത്തിൽ ഭാരത വിശുദ്ധരുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും തിരുശേഷിപ്പും വഹിച്ച് തിരുനാൾ പ്രദക്ഷിണം നടക്കും. ആഷ്‌ഫോർഡ്, കാൻറ്റർബറി, ക്യാറ്റ്‌ഫോർഡ്, ചെസ്റ്റ്ഫീൽഡ്, ജില്ലിങ്ഹാം, മെയ്ഡ്‌സ്റ്റോൺ, മോർഡെൺ, തോണ്ടൻഹീത്ത്, ടോൾവർത്ത്, ബ്രോഡ്‌സ്റ്റേർസ്, ഡാർട്‌ഫോർഡ്, സൗത്ബറോ എന്നീ മാസ് സെന്ററുകൾ പ്രദക്ഷിണത്തിനു നേതൃത്വം വഹിക്കും.

സതക് ചാപ്ലൈൻസി ആതിഥേയത്വം വഹിക്കുന്ന തിരുനാളിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. തിരുനാൾ ആഘോഷം അവിസ്മരണീയമാക്കാൻ മാസ് സെന്ററുകളുടെയും ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ സബ് കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു. ദൂരെനിന്ന് വരുന്നവർക്കായി വിശ്രമത്തിനും മറ്റു ആവശ്യങ്ങൾക്കുമായി പ്രത്യേക ക്രമീകരണങ്ങളും ഭക്ഷണത്തിനായി ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കോച്ചുകൾക്കും മറ്റ് വാഹനങ്ങൾക്കും പാർക്കു ചെയ്യാനുള്ള സൗകര്യങ്ങളും ക്രമീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഹാൻസ് പുതിയാകുളങ്ങര (തിരുനാൾ കമ്മറ്റി കോർഡിനേറ്റർ) 07428658756, ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ (അസിസ്റ്റന്റ് കോർഡിനേറ്റർ) 0783237420. ദിവ്യരഹസ്യം നിറഞ്ഞുനിൽക്കുന്ന പനിനീർകുസുമമായ എയ്ൽസ്‌ഫോർഡ് മാതാവിന്റെ സന്നിധിയിലേക്ക് എല്ലാവർഷവും മധ്യസ്ഥം തേടിയെത്തുന്നത് ആയിരക്കണക്കിന് വിശ്വാസികളാണ്.