സുഖം പ്രാപിക്കണോ? അലസതയുടെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുക

606

വത്തിക്കാൻ സിറ്റി: അലസത ഗൗരവമായ പാപമാണെന്നും തന്നെക്കാൾ സന്തോഷമുള്ളവരുടെ ജീവിതം നോക്കി മുമ്പോട്ട് തുടരുന്ന ജീവിതം ദുഃഖം നിറഞ്ഞതാണെന്നും ഫ്രാൻസിസ് മാർപാപ്പ. ഓക്‌സിജൻ സൗജന്യമായതുകൊണ്ടുമാത്രം അലസതയിൽ തുടരുന്ന ജീവിതം ആനന്ദകരമല്ലെന്ന് കാസ സാന്ത മാർത്തയിലർപ്പിച്ച ദിവ്യബലിയിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
‘സുഖം പ്രാപിക്കുവാൻ നീ ആഗ്രഹിക്കുന്നുവോ?’ – തളർവാതരോഗിയോട് ചോദിച്ച ചോദ്യം ഇന്ന് നാമോരോരുത്തരോടും ഈശോ ആവർത്തിക്കുന്നുണ്ടെന്ന് പാപ്പ പങ്കുവച്ചു. നിനക്ക് സൗഖ്യം നേടാൻ ആഗ്രഹമുണ്ടോ? നീ സന്തോഷം ആഗ്രഹിക്കുന്നുണ്ടോ? നിന്റെ ജീവിതത്തെ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ? പരിശുദ്ധാത്മാവിനാൽ നിറയാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ ചോദ്യങ്ങളെല്ലാം യേശു ചോദിക്കുന്നു. ഇതിനുത്തരമായി ജീവിതം തന്നോട് കാണിച്ച അനീതിയെക്കുറിച്ചുള്ള പരാതിയാണ് തളവാതരോഗി ഈശോയോട് പറയുന്നത്. മറ്റുള്ളവരെ പഴിചാരുന്നത് പാപമാണ്. ശാരീരികമായ തളർച്ചയെക്കാളുപരി അലസമായ ഹൃദയത്തിന്റെ രോഗാതുരതയാണ് തളർവാതരോഗിയുടെ വാക്കുകളിലൂടെ വെളിപ്പെടുന്നത്. എന്തെങ്കിലും പ്രവർത്തിക്കാനും ജീവിതത്തിൻ മുമ്പോട്ട് പോകുവാനുമുള്ള ആഗ്രഹം അലസമായ ഹൃദയം ഇല്ലാതാക്കുന്നു. അലസത ജീവിതത്തിന്റെ ആനന്ദം നഷ്ടപ്പെടുത്തി കളയുന്നു. അലസത നമ്മെ തളർത്തിക്കളയുന്ന പാപമാണ്. അത് മുമ്പോട്ട് നടക്കാനുള്ള ഊർജ്ജം ചോർത്തിക്കളയുന്നു. പാപത്തിൽ കഴിയുന്ന നമ്മെ ഒരോരുത്തരെയും നോക്കി ഈശോ ഇന്നും പറയുന്നു- ‘എഴുന്നേൽക്കുക’. മനോഹരമായി മുമ്പോട്ടുപോകുന്നുണ്ടെങ്കിലും പ്രതിസന്ധിയുണ്ടെങ്കിലും ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ യേശു ആവശ്യപ്പെടുന്നു. ‘ഭയപ്പെടേണ്ട, കിടക്കയുമെടുത്ത് മുമ്പോട്ടുപോവുക’ എന്ന ആഹ്വാനമാണ് യേശു നൽകുന്നത്; പാപ്പ വിശദീകരിച്ചു.