സുരക്ഷിത താവളങ്ങളില്‍ എത്താന്‍ ഇടയായത്‌

0
1047

നിരവധി ഭക്തിഗാന കാസറ്റുകളിലൂടെ ജനങ്ങള്‍ക്ക് ഏറെ പരിചിതനായ ഫാ. തോബിയാസ് ചാലയ്ക്കല്‍, ഇന്ന് തൃശൂര്‍ ജൂബിലി മിഷനോട് ചേര്‍ന്നുള്ള സെന്റ് ജോസഫ് പ്രീസ്റ്റ്‌സ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്നു. 1973-ലാണ് തോബിയാസച്ചന്‍ വൈദികനാകുന്നത്. 1978-ല്‍ നിര്‍മലപുരം ദൈവാലയ വികാരിയായിരിക്കുമ്പോള്‍ കലാസദന്‍ ഓര്‍ക്കസ്ട്ര വിഭാഗം കണ്‍വീനറായി പ്രവര്‍ത്തനമാരംഭിച്ചു. കലാസദന്റെ ശക്തികേന്ദ്രം നിര്‍മലപുരമായിരുന്നുവെന്ന് പറയാം. ‘നിര്‍മല സംഗീതഭവന്‍’ എന്ന പേരിലൊരു ട്രൂപ്പ് അവിടെ പ്രവര്‍ത്തിച്ചിരുന്നു. ചാവക്കാടുനിന്നാണ് അക്കാലത്ത് കാസറ്റ് ലഭിച്ചിരുന്നത്.
മുസ്ലീം സഹോദരങ്ങളുടെ കൈയിലാണ് അന്ന് കാസറ്റുണ്ടായിരുന്നത്. അവര്‍ ഉപയോഗിച്ചിരുന്ന കാസറ്റുകള്‍ വാങ്ങി കലാസദന്‍, തൃശൂര്‍ എന്ന സ്റ്റിക്കറൊട്ടിച്ചാണ് വിതരണം ചെയ്തത്. സോണി കമ്പനിയുടെ കാസറ്റുകളായിരുന്നു അത്. ഇന്ത്യന്‍ സാധനങ്ങള്‍ക്ക് ക്വാളിറ്റി കുറവായിരുന്ന അക്കാലത്ത് റെക്കോര്‍ഡിങ്ങ് നടത്താന്‍ ട്രാക്കോ മുറികളോ ഇല്ലാതെ തോബിയാസച്ചന്റെ ടീം ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. തൃശൂര്‍ കലാസദനാണ് ആദ്യമായി കാസറ്റില്‍ ഭക്തിഗാനമിറക്കിയതെന്ന് ഫാ. തോബിയാസ് ചാലയ്ക്കല്‍ പറഞ്ഞു. കല്യാണ്‍ രൂപതയുടെ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ട മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മേല്‍പ്പട്ട ശുശ്രൂഷകള്‍ക്ക് ക്വയര്‍ തൃശൂര്‍ കലാസദനാണ് ചെയ്തത്. ഇന്നത്തെ ടെക്‌നോളജി അന്നില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് തോബിയാസച്ചന്റെ നേതൃത്വത്തിലുള്ള ടീം ക്വയര്‍ ഒരുക്കിയത്.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1986-ല്‍ കേരളത്തില്‍ വന്ന അവസരത്തില്‍ രണ്ട് കാസറ്റുകള്‍ ഇറക്കാന്‍ തോബിയാസച്ചനും ടീമിനും ദൈവനിയോഗമുണ്ടായി. കോറസ് മുഴുവനും പാടിയത് സിസ്റ്റര്‍മാരാണ്. കലാസദനുവേണ്ടി അധ്വാനിച്ചെങ്കിലും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്ന് തോബിയാസച്ചന്‍ പറയുന്നു. ഓരോ പ്രോഗ്രാമുകളും കഴിഞ്ഞ് വെളുപ്പിന് മൂന്നുമണിക്കാണ് പലപ്പോഴും തിരിച്ചെത്താറുള്ളത്. കലാകാരന്മാരെ വീട്ടിലെത്തിക്കേണ്ട ബാധ്യത തോബിയാസച്ചനായിരുന്നു. അച്ചന്റെ മോട്ടോര്‍ സൈക്കിളില്‍ അവരെയെല്ലാം സുരക്ഷിതരായി വീടുകളില്‍ എത്തിച്ചു. പ്രോഗ്രാം കഴിഞ്ഞ് വിശന്ന് വരുന്നവര്‍ക്ക് ഭക്ഷണവും വാങ്ങി നല്‍കി. പലപ്പോഴും പുലര്‍ച്ചെ നാലിനാണ് തോബിയാസച്ചന്‍ പള്ളിമുറിയിലെത്തി ഉറങ്ങാന്‍ കിടക്കുക. രാവിലെ ദിവ്യബലിയുമര്‍പ്പിക്കും.
വേലൂരില്‍ വികാരിയായിരിക്കുമ്പോള്‍ ആറുകോടി പത്തുലക്ഷം രൂപ ചെലവ് ചെയ്ത് പുതിയ ദൈവാലയം പണി കഴിപ്പിച്ചു. വളരെയേറെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ആ കാലഘട്ടത്തില്‍ വിദേശത്ത് ചെന്ന് പണം സമാഹരിച്ചതും തോബിയാസച്ചന്‍ ഓര്‍ക്കുന്നു. വെളുത്തൂര്‍, പുല്ലഴി എന്നീ ദൈവാലയങ്ങളും പണി കഴിപ്പിച്ചു. വൈദിക മന്ദിരങ്ങളും പാരീഷ് ഹാളുകളും നിര്‍മിക്കുന്നതിനും തോബിയാസച്ചന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സെമിനാരി പരിശീലനകാലത്ത് ആലുവയിലെയും തൃശൂരിലെയും സെമിനാരികളില്‍ ക്വയര്‍ മാസ്റ്ററായിരുന്നു.
എല്ലാ സംഗീത ഉപകരണങ്ങളും വായിക്കാന്‍ തോബിയാസച്ചനറിയാം. വെസ്റ്റേണ്‍ മ്യൂസിക്കിലും കര്‍ണാടക സംഗീതത്തിലും ഗായകസംഘങ്ങള്‍ക്ക് രൂപം നല്‍കി 1967 കാലഘട്ടത്തില്‍ സുറിയാനി കുര്‍ബാനയില്‍നിന്നും മലയാളം കുര്‍ബാനയിലേക്ക് സഭ ചുവടു മാറിയപ്പോള്‍ തോബിയാസച്ചന്‍ നല്‍കിയ പരിശ്രമങ്ങള്‍ വിസ്മരിക്കാവുന്നതല്ല. പാട്ടുകള്‍ പഠിപ്പിക്കുന്നതിനും മറ്റും അച്ചന്‍ നേതൃത്വം നല്‍കി. ചവിട്ട് ഹാര്‍മോണിയത്തില്‍നിന്നും മാറി തബല, ഗിറ്റാര്‍ തുടങ്ങിയ സംഗീത ഉപകരണങ്ങളിലേക്ക് മാറുന്ന അവസരത്തിലും തോബിയാസച്ചന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ നമുക്ക് കാണാനാകും. ഷിക്കാഗോ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് തോബിയാസച്ചന്റെ അള്‍ത്താര ബാലനായിരുന്നു. പറപ്പൂക്കര പള്ളിയിലായിരുന്ന അക്കാലത്തെ സംഗീത ക്ലാസുകളില്‍ ബാലനായ ജോയി വിദ്യാര്‍ത്ഥിയുമായിരുന്നു. മരത്താക്കരയില്‍ അന്തരിച്ച സിസ്റ്റര്‍ നോര്‍ബര്‍ട്ടമ്മയ്ക്കും സംഗീത ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്. ജീവന്‍ ടി.വിയില്‍ നൃത്താവിഷ്‌കാരം -15 ഗാനങ്ങള്‍, ബൈബിള്‍ ബാലെ – അഞ്ചെണ്ണം, റേഡിയോ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഭക്തിഗാന കാസറ്റുകള്‍ പുറത്തിറക്കി.
തൃശൂര്‍ അതിരൂപത പ്രീസ്റ്റ്‌സ് കോണ്‍ഫ്രന്‍സ് സെക്രട്ടറി ഇ.വി.എക്‌സ് – പ്രീസ്റ്റ്‌സ് കമ്മീഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സെമിനാരി പഠനകാലത്ത് ബാസ്‌ക്കറ്റ് ബോള്‍, വോളീബോള്‍ ടീമംഗമായിരുന്നു. ഇന്റര്‍ കൊളീജീയറ്റ് ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ (1972) ആലുവ സെമിനാരി ടീമാണ് സമ്മാനാര്‍ഹരായത്.

സൈജോ ചാലിശേരി