സുവിശഷം കഥയല്ല, കണ്ണാടി: ഫാ. ജോസ് ടോലന്റീനോ മെന്റോൺസാ

0
242

വത്തിക്കാൻ: സുവിശേഷം ഒരു കഥയല്ല കണ്ണാടിയാണെന്നും ആന്തരികതയുടെ പ്രതിഫലനം അതിൽ കാണാമെന്നും ഫ്രാൻസിസ് പാപ്പയേയും കൂരിയ അംഗങ്ങളേയും ധ്യാനിപ്പിക്കുന്ന പോർച്ചുഗീസ് വൈദികൻ ജോസ് ടോലന്റീനോ മെന്റോൺസാ. ധൂർത്തപുത്രന്റെ ഉപമയെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. അരീച്ചയിലെ ദിവ്യഗുരുവിൻറെ നാമത്തിലുള്ള ധ്യാനകേന്ദ്രത്തിലാണ് പാപ്പയും സംഘവും ധ്യാനത്തിൽ പങ്കെടുക്കുന്നത്.

” നാം ആരായിരിക്കണം, ആരായിരിക്കരുത്, എങ്ങനെ ദൈവത്തെ സമീപിക്കണം, എങ്ങനെ ദൈവത്തിൽ നിന്നുമകലുന്നു എന്നെല്ലാം കണ്ണാടിയിലൂടെ പഠിക്കാം. -വ്യക്തി, ദൈവം, ലോകം എന്നീ മനുഷ്യബന്ധങ്ങളുടെ ത്രികോണമാനം ക്രിസ്തു ഈ കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്. കഥയിലെ ചെറിയ പക്ഷിയെപ്പോലുള്ള യുവാവായ പുത്രനിൽ നാം കുടുങ്ങിപ്പോകേണ്ടതില്ല. അയാൾ മുഖ്യകഥാപാത്രമാണെങ്കിലും ക്രിസ്തു മെനഞ്ഞെടുക്കുന്ന പരസ്പരബന്ധത്തിൻറെ സന്ദേശമാണ് നാം ശ്രദ്ധിക്കേണ്ടത്. അവിടെ നമുക്ക് നമ്മുടെ വ്യക്തിത്വത്തിൻറെ ബാഹ്യവും ആന്തരികവുമായ ഭാവങ്ങൾ നിഴലിക്കുന്നത് കാണാനാകും. അങ്ങനെ മനുഷ്യബന്ധങ്ങളുടെ ഉൾക്കാഴ്ച മനസ്സിലാക്കി അതിൽ നമ്മുടെയും വ്യക്തിചരിത്രം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്”; ഫാ. ജോസ് പറഞ്ഞു.

” ധൂർത്തപുത്രന്റെ കഥയായ കണ്ണാടിയിൽ നാം ഉൾപ്പെടുന്ന മനുഷ്യകുടുംബത്തിൻറെ വ്യക്തമായ ചിത്രമാണ് കാണേണ്ടത്. സംഘർഷപൂർണ്ണമായ സഹോദരബന്ധവും പിതൃ-പുത്ര ബന്ധത്തിൻറെ കരുണാർദ്രമായ ഊഷ്മളതയും സുവിശേഷക്കഥയുടെ ആത്മീയ കണ്ണാടിയിൽ കാണാം. അങ്ങനെ നമ്മെ ആന്തരികമായി പിടിച്ചുകുലുക്കുന്ന ക്രിസ്തുവിൻറെ ഉപമയാണ് ധൂർത്തപുത്രൻ. ഒരു യുവാവിൻറെ സ്വാതന്ത്ര്യത്തിനുള്ള അഭിവാഞ്ഛ, മിഥ്യയായ വ്യാമോഹങ്ങൾ, പാളിപ്പോയ ചുവടുകൾ, സർവ്വാധീശത്തിൻറെ വ്യാമോഹം, മോഹവും യാഥാർത്ഥ്യവും തമ്മിൽ തുലനം ചെയ്ത് അനുരഞ്ജനപ്പെടാനുള്ള കഴിവില്ലായ്മ എന്നിവയെല്ലാം ഈ കണ്ണാടിയിലൂടെ നമുക്ക് കാണാം”; അദ്ദേഹം പറഞ്ഞു.