സുവിശേഷവത്ക്കരണത്തിന് പ്രമാണമില്ല: ഫ്രാൻസിസ് പാപ്പ

0
127

വത്തിക്കാൻ: സുവിശേഷവത്ക്കരണത്തിന് പ്രമാണമില്ലെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം സാന്താമാർത്താ കപ്പേളയിൽ ദിവ്യബലി മധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സുവിശേഷപ്രഘോഷണം ഒരു ക്രിസ്തു ശൈലിയാണ്. അത് അവിടുത്തെ ജീവിതമായിരുന്നു. അനുദിനം ദീർഘദൂരം യാത്രചെയ്തും, ജനമദ്ധ്യത്തിലേയ്ക്ക് ഇറങ്ങിച്ചെന്നും, അവരുടെ കൂടെയായിരുന്നും അവരെ ശ്രവിച്ചും അവരെ ഉദ്‌ബോധിപ്പിച്ചും ജീവിച്ചു തീർത്ത, കൂടെനടക്കുന്ന രീതിയാണ് സുവിശേഷവത്ക്കരണം. അത് എങ്ങനെയാണെന്ന് പറയുന്ന ഒരു പ്രമാണമില്ല. എന്നാൽ ക്രിസ്തു നമ്മെ കാണിച്ചതുപോലെ വാക്കിലും പ്രവൃത്തിയിലും യാഥാർത്ഥ്യമാക്കേണ്ടതാണ് സുവിശേഷവത്ക്കരണം. പാപ്പ പറഞ്ഞു.

“സുവിശേഷവത്ക്കരണം സംഘടിതമായൊരു മതപരിവർത്തനമല്ല. മറിച്ച് സുവിശേഷം പങ്കുവയ്ക്കാനും യേശുവിനെ പരിചയപ്പെടുത്താനും ദൈവാരൂപി നമ്മെ പ്രചോദിപ്പിക്കുന്ന പ്രവൃത്തിയാണത്. ഉണർന്ന് പുറപ്പെടാനും ഒരു സ്ഥലത്ത് എത്തിച്ചേരാനും ദൈവാത്മാവ് നമ്മോട് ആവശ്യപ്പെടുന്നു. ഒരു പുറപ്പാടാണിത്, യാത്രയാണ്. വചനം പ്രഘോഷിക്കേണ്ടിടത്ത് നാം എത്തിച്ചേരണം. വചനം പ്രഘോഷിക്കാനും അതിൻറെ പ്രചാരണത്തിനുമായി നാടും വീടും വിട്ടിറങ്ങിയ എത്രയോ പുണ്യാത്മാക്കളുണ്ട്. പലരും പലപ്പോഴും ശാരീരികമായി സന്നദ്ധരായിരുന്നില്ല. ചെന്നെത്തുന്ന ഇടങ്ങളിലെ പ്രതികൂല കാലാവസ്ഥയെയും രോഗങ്ങളെയുമെല്ലാം അവർക്ക് നേരിടേണ്ടിയിരുന്നു. ചിലർ രോഗങ്ങൾ പിടിപെട്ടു മരിച്ചു. മറ്റുചിലർ കൊല്ലപ്പെട്ടു. നിരവധിപ്പേർ സുവിശേഷവത്ക്കരണത്തിനിടെ രക്തസാക്ഷികളായി”; പാപ്പ വ്യക്തമാക്കി

“ദൈവാത്മാവാണ് വചനബീജം ഒരിടത്ത് എത്തിക്കുന്നതും അതവിടെ വിതയ്ക്കുന്നതും. അതിനാൽ നമുക്കു പറയാം സുവിശേഷവത്ക്കരണം ദൈവികമാണ്, ദൈവത്തിൽനിന്നാണ്. അവിടുന്നാണ് പ്രഘോഷിക്കപ്പെടുന്നത്. അതിനാൽ നാം സുവിശേഷവത്ക്കരണം തുടരണമെന്നത് ദൈവഹിതമാണ്”; അദ്ദേഹം പറഞ്ഞു.