സുവിശേഷാഗ്നി പകർന്ന് ഓസ്ട്രേലിയയിൽ എസ്.പി.എഫ് കൂട്ടായ്മകൾ

0
196

സിഡ്നി: ശാലോം ശുശ്രൂഷകൾക്ക് ദൈവം സമ്മാനിച്ച കൃപകൾക്ക് നന്ദിയർപ്പിക്കാനും സുവിശേഷവത്ക്കരണ ദൗത്യം നവീകരിക്കാനുമായി ശാലോം പീസ് ഫെല്ലോഷിപ്പ് (എസ്.പി.എഫ്) അംഗങ്ങൾ എത്തിയപ്പോൾ എസ്.പി.എഫ് ഫാമിലി ഗാതറിംഗ് അവിസ്മരണീയ പ്രാർത്ഥനാനുഭവമായി. സിഡ്നിയിലെ ബക്കാം ഹിൽ സെന്റ് ജോസഫ് സെന്ററിൽ സംഘടിപ്പിച്ച ദ്വിദിന ഫാമിലി ഗാതറിംഗിൽ നിരവധിപേരാണ് എത്തിയത്.

മെൽബൺ സീറോ മലബാർ രൂപതയുടെ ബ്ലാക്ക് ടൗൺ ഇടവക വികാരി റവ. ഡോ. എബ്രഹാം കുന്നത്തോളി വി.എം.ഐ ആയിരുന്നു കുടുംബസംഗമത്തിന്റെ ഉദ്ഘാടകൻ. ഫാ. സാബു ആടിമാക്കീൽ വി.സിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയായിരുന്നു രണ്ടു ദിവസം നീണ്ടുനിന്ന സംഗമത്തിന്റെ ആരംഭം.

ദിവ്യബലിക്കുശേഷം ക്ലാസുകളും തുടർന്ന് കഴിഞ്ഞ നാളുകളിൽ ശാലോം ശുശ്രുഷകളുടെ മേൽ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിച്ചുകൊണ്ടുള്ള ദിവ്യകാരുണ്യ ആരാധനയും ക്രമീകരിച്ചിരുന്നു. ജപമാല അർപ്പണത്തോടെയായിരുന്നു രണ്ടാം ദിനത്തിന്റെ ആരംഭം. തുടർന്ന് അർപ്പിച്ച ദിവ്യബലിയിൽ ഫാ. ജിൽറ്റോ മുഖ്യകാർമികത്വം വഹിച്ച് വചനം പങ്കുവെച്ചു.

തിരുക്കർമങ്ങൾക്കുശേഷം, ശാലോം ഓസ്ട്രേലിയയുടെ പ്രവർത്തനങ്ങളെയും ഭാവി കർമപദ്ധതികളെയും കുറിച്ച് ശാലോം മീഡിയ യു.എസ്.എ എക്സിക്യൂട്ടീവ് ഡയറക്ടർ സാന്റോ തോമസ് വിശദീകരിച്ചു. പരിശുദ്ധാത്മാഭിഷേക നിറവിനായുള്ള ദിവ്യകാരുണ്യ ആരാധനയോടെ യായിരുന്നു ശുശ്രുഷകളുടെ സമാപനം. ഗാനശുശ്രൂഷയ്ക്ക് ബിജു മലയാറ്റൂർ നേതൃത്വം വഹിച്ചു.

സിഡ്നി, മെൽബൺ, കാൻബറ, വാഗാ വാഗാ എന്നീ സ്ഥലങ്ങളിൽനിന്നുള്ളവരാണ് സിഡ്നിയിലെ സംഗമത്തിൽ പങ്കെടുത്തത്. ശുശ്രൂഷകരെ കണ്ടെത്തുക, ദൈവരാജ്യ വേലക്കായി അവരെ ഒരുക്കുക എന്നീ ഉദ്ദേശ്യത്തോടെ രണ്ട് കുടുംബസംഗമങ്ങളും അഞ്ച് എസ്.പി.എഫ് കൂട്ടായ്മകളുമാണ് ഇത്തവണ ക്രമീകരിച്ചത്. ഏപ്രിൽ 20,21 തിയതികളിൽ ബ്രിസ്ബെയിനിൽ സംഘടിപ്പിക്കുന്ന സംഗമത്തിന് ബ്രൂക്ക്ഫീൽഡിലെ ക്യൂൻസ് ലാൻഡ് കോൺഫറൻസ് ആൻഡ് ക്യാംപിംഗ് സെന്ററാണ് വേദി.

തെബർട്ടൻ ക്യൂൻ ഓഫ് എയ്ഞ്ചൽസ് ചർച്ച് (ഏപ്രിൽ 16 വൈകിട്ട് 5.00മുതൽ 9.00വരെ), പരാഫീൽഡ് ഗാർഡൻസ് ഹോളി ഫാമിലി മാസ് സെന്റർ (ഏപ്രിൽ 17 വൈകിട്ട് 5.00മുതൽ 9.00വരെ), വാഗാ വാഗാ (ഏപ്രിൽ 18 വൈകിട്ട് 5.00മുതൽ 8.30വരെ), ഡോവ്ടൺ ഹോളി ഫാമിലി ചർച്ച് (ഏപ്രിൽ 19 വൈകിട്ട് 6.00മുതൽ 9.00വരെ), ഒക്കോണർ സെന്റ് അൽഫോൻസാ ചർച്ച (ഏപ്രിൽ 22 വൈകിട്ട് 5.30മുതൽ 8.30വരെ) എന്നിവിടങ്ങളിലാണ് എസ്.പി.എഫ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.