സ്ഥൈര്യലേപനം കൃപാവരനിറവിന്റെ മുദ്ര

പരിശുദ്ധാത്മാവിന്റെ ഇടപെടലിന്റെ കൂദാശയാണ് സ്ഥൈര്യലേപനം. ജ്ഞാനസ്‌നാനത്തിലൂടെ ഒരുവൻ ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. സ്ഥൈര്യലേപനം ആ സ്ഥാനത്ത് നിന്ന് ജീവിക്കുവാനുള്ള ശക്തിയും കൃപയും പ്രദാനംചെയ്യുന്നു.

0
573

സ്ഥൈര്യലേപനത്തിലൂടെ നമ്മിലേക്ക് ദൈവം ചൊരിഞ്ഞ അനന്തകൃപക്ക് എന്നും ദൈവസന്നിധിയിൽ നന്ദിയുള്ളവരാവണമെന്നും ആ കൃപാവരത്തിനനുസൃതമായ ജീവിതം നയിക്കുവാനുള്ള പരിശ്രമം ഉണ്ടാവണമെന്നും ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസ്ലിക്കാ അങ്കണത്തിൽ എല്ലാ ബുധനാഴ്ചയും ഒന്നിച്ചുകൂടുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും പ്രതിവാരകൂട്ടായ്മയിൽ ഫ്രാൻസിസ് പാപ്പാ സ്ഥൈര്യലേപനത്തെകുറിച്ചുള്ള മതബോധനപരമ്പര നൽകിയത്.
സ്ഥൈര്യലേപനത്തിലൂടെ നമ്മളെ വിശ്വാസജീവിതത്തിൽ ബലപ്പെടുത്തുന്ന ദൈവാന്മാവിന്റെ പ്രവർത്തനങ്ങൾക്ക് ഹൃദയവും ജീവിതവും തുറന്നുകൊടുക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. കാരണം ദൈവാത്മാവിന്റെ വരദാനഫലങ്ങളിൽ നിറയപ്പെടുന്ന മുദ്രയാണ് സ്ഥൈര്യലേപനത്തിലൂടെ ലഭിക്കുന്നത്.
സ്ഥിരപ്പെടുത്തുന്ന കുദാശ
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സ്ഥൈര്യലേപനം ഒരുവനെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുന്ന കൂദാശയാണ്. ജ്ഞാനസ്‌നാനത്തിലൂടെ സ്വീകരിച്ച ദൈവവരപ്രസാദത്തിൽ സ്ഥിരപ്പെടുത്തുവാനും പരിശുദ്ധാന്മാവിന്റെ അഭിഷേകത്തിൽ നിറഞ്ഞ് ക്രിസ്തുവിന് സാക്ഷികളാകാനും അഭിഷേകം നൽകുന്ന കുദാശയാണ് സ്ഥൈര്യലേപനം. പരിശുദ്ധാന്മാവിനെ നിർവീര്യമാക്കുന്ന പ്രവർത്തികളിൽനിന്ന് മാറി ജ്ഞാനസ്‌നാനത്തിലൂടെ സ്വീകരിച്ച വരപ്രസാദത്തിൽ നിറഞ്ഞ് ലോകത്തിൽ ഫലസമൃദ്ധമായ സമ്പൂർണജീവിതത്തിന് ഈ കൂുദാശ നമ്മളെ പ്രാപ്തരാക്കുന്നു. അതൊടൊപ്പം സ്ഥെര്യലേപനത്തിലൂടെ ക്രിസ്തുവിന്റെ ദൗത്യത്തിലും നമ്മൾ ഭാഗഭാക്കാവുന്നു.
”ദൈവത്തിന്റെ ആന്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരോട് സുവിശേഷം പ്രഘോഷിക്കുവാൻ എന്നെ അഭിക്ഷേകം ചെയ്തിരിക്കുന്നു”(ലൂക്കാ 44.18). ക്രിസ്തു തന്റെ പരസ്യജീവിതം തുടങ്ങിയത് ഈ പ്രഖ്യാപനത്തിലൂടെയാണ്. ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം പരിശുദ്ധാന്മാവിനെ സ്വീകരിച്ച ശിഷ്യർ ദൈവത്തിന്റെ ശക്തമായ പ്രവർത്തികൾ പ്രഘോഷിക്കാൻ തുടങ്ങിയത് സുവിശേഷത്തിൽ നമ്മൾ വായിക്കുന്നു (അപ്പ. 2.11). ദൈവാത്മാവ് നമ്മെ ക്രിസ്തുവിന്റെ ദൗത്യം ഈ ലോകത്തിൽ തുടരാൻ സജ്ജമാക്കുന്നു. പരിശുദ്ധാന്മാവിനെ സ്വീകരിച്ചവർ ആന്മാവിനോട് ചേർന്ന് സഭയിലും സമൂഹത്തിലും പ്രേഷിതപ്രവർത്തനം നടത്തുന്നു.
ലോകത്തിന്റെ ഉപ്പും പ്രകാശവും
മത്തായിയുടെ സുവിശേഷത്തിലൂടെ നമ്മൾ ലോകത്തിന്റെ ഉപ്പും വെളിച്ചവുമാണ് എന്ന് യേശു പറയുന്നു. ഉപ്പ് കുറഞ്ഞാലും അധികമായാലും പ്രശ്‌നമാണ്. അതുപോലെതന്നെ പ്രകാശം കുറഞ്ഞാലും അമിതമായാലും അത് കാഴ്ചയെ ബാധിക്കുന്നു. ഉപ്പിന് സ്വാദിഷ്ടവും ശേഖരിച്ച് കാത്തുസൂക്ഷിക്കാനാവുന്നതുമായ ഗുണമേന്മ പ്രദാനംചെയ്യുവാനാവുന്നു. ഉപ്പിനും പ്രകാശത്തിനും നമ്മുടെ സ്വഭാവവുമായി ബന്ധമുണ്ട്. വെളിച്ചം തരുന്നതും നിലനിൽക്കുന്നതുമായ പ്രകാശംപോലെ ദൈവാത്മാവ് നമ്മെ നിരന്തരം നന്മചെയ്ത് ജീവിക്കുവാൻ സഹായിക്കുന്നു. ആർക്കാണ് നന്മ പ്രദാനം ചെയ്യുന്നവരാകുവാൻ ആഗ്രഹമില്ലാത്തത്. സ്ഥൈര്യലേപനത്തിലൂടെ അതിന് സാധിക്കുന്ന തരത്തിൽ ശക്തി പകരുവാൻ ദൈവാന്മാവിന് സാധിക്കുന്നു.
പരിശുദ്ധാത്മാവെന്ന ദാനം
എല്ലാ കൂദാശകളിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനമുണ്ട്. എന്നാൽ സ്ഥൈര്യലേപനത്തിലൂടെ പ്രത്യേകമായും പരിശുദ്ധാത്മ അഭിഷേകത്തിന് മാത്രമായാണ് പ്രാർത്ഥിക്കുന്നത്. സ്ഥൈര്യലേപനദിവസം കാർമികൻ കുദാശ സ്വീകരിക്കുന്ന വ്യക്തിയുടെ ശിരസിൽ ലേപനം പുരട്ടി ”നിങ്ങൾക്ക് ദാനമായി ലഭിച്ച പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” എന്ന് പ്രാർത്ഥിക്കുന്നു. സുഗന്ധതൈലത്താൽ നമ്മൾ അഭിക്ഷേചിതരാവുന്നു. സ്ഥൈര്യലേപനത്തിലൂടെ പരിശുദ്ധാത്മാവിന്റെ നിറവ് ദാനമായിതന്നെ ലഭിക്കുന്നു. കാരണം പരിശുദ്ധാത്മാവ് ദൈവത്തിന്റെ സൗജന്യദാനമാണ്.
ദാനമാകാൻ ക്ഷണിക്കുന്നു

കുദാശാവേളയിൽ ദാനമായിട്ടാണ് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നത്. അതുകൊണ്ട് ജീവിതത്തിൽ പരസ്പരം ദാനമാകാനുള്ള വിളിയാണ് കുദാശ സ്വീകരിച്ച ഏവർക്കുമുള്ളത്. സ്വീകരിച്ച പരിശുദ്ധാത്മാവിനെ ശേഖരിച്ച് സൂക്ഷിച്ച് വക്കുവാനുള്ളതല്ല, ദൈവദാനങ്ങളെല്ലാം സ്വീകരിച്ച് മറ്റുള്ളവർക്കായി നൽകേണ്ടതാണ്. ‘നിങ്ങൾക്ക് ദാനമായി ലഭിച്ചു. അതിനാൽ ദാനമായി തന്നെ മറ്റുള്ളവർക്കും നൽകുവിൻ’ എന്ന ആഹ്വാനമാണ് ഇവിടെ ഓർക്കേണ്ടത്. അതിന് ‘ഞാൻ’ എന്ന ഭാവത്തിൽനിന്ന് മാറി ‘നമ്മൾ’ എന്ന ഭാവത്തിലേക്ക്, കൂട്ടായാമയിലുള്ള ജീവിതത്തിനുള്ള തുറവിയാണ് ഉണ്ടാവേണ്ടത്. ഓരോരുത്തരും ദൈവികദാനത്തിന്റെ ഉപകരണങ്ങൾ മാത്രമാണ്. സഭയാകുന്ന മിശിഹായുടെ മൗതികശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ എല്ലാവർക്കും ലഭ്യമാകുവാൻ പറ്റിയ വിധത്തിൽ ദാനങ്ങൾ പരസ്പരം പങ്കുവക്കണം.
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുവാനുള്ള കൃപ
ജ്ഞാനസ്‌നാനദിവസം പരിശുദ്ധാത്മാവ് എഴുുള്ളിവന്നുവെന്നും പിന്നീടുള്ള നാളുകളിലെല്ലാം ഈ ആത്മാവിന്റെ നയിക്കപ്പെടൽ യേശുവിനോടൊപ്പം നിരന്തരം ഉണ്ടായിരുന്നതായും സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. യേശുവിന്റേതുപോലെതന്നെ ക്രിസ്തുവിന്റെ സഭയും സഭയിലെ മക്കളും പരിശുദ്ധാത്മാവിന്റെ ഈ നയിക്കപ്പെടലിന് വിധേയമാണ്. അതുകൊണ്ടാണ് ”നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” എന്ന് യേശു ശിഷ്യന്മാരോട് ആഹ്വാനം ചെയത്. പന്തകുസ്താദിവസം ശ്ലീഹന്മാരുടെ മേൽപരിശുദ്ധാത്മാവ് ഇറങ്ങിവന്നു. അവരെല്ലാവരും ദൈവാത്മാവിനാൽ നിറഞ്ഞ് പ്രഘോഷിക്കുവാൻ തുടങ്ങി. പരിശുദ്ധാത്മാവ് നിരന്തരം പ്രവർത്തനനിരതമാണ്. ആത്മാവിനെ സ്വീകരിച്ചവർക്ക് നിഷ്‌ക്രിയരായി ഇരിക്കാനാവില്ല. സ്ഥൈര്യലേപനം ആത്മാവിനോട് ചേർന്ന് പ്രവർത്തിക്കാനുള്ള കൃപ എല്ലാവർക്കും നൽകുന്നു.
സഭാകൂട്ടായ്മയുടെ ഭാഗമാക്കുന്നു.
പല അവസരത്തിലും സ്ഥൈര്യലേപനം നൽകപ്പെടുന്നത് മെത്രാനിലൂടെയാണ്. കാർമികന്റെ കൈവയ്പ്ശുശ്രൂഷവഴി ദൈവജനത്തിന്റെ പ്രാർത്ഥനയോടൊപ്പം സഭാത്മകകൂട്ടായ്മയുടെ ഭാഗമായി ഉയർത്തപ്പെടുന്നതിന്റെ പ്രതീകം കൂടിയായിട്ടാണ് സ്ഥൈര്യലേപനം നൽകപ്പെടുന്നത്. ഓരോരുത്തരുടേയും സഭാഗാത്രത്തിലെ പങ്കാളിത്തത്തെ അത് ഓർമിപ്പിക്കുന്നു. നമ്മളെല്ലാവരും ക്രിസ്തുവിന്റെ മുന്തിരിതോട്ടത്തിലെ വെറും പണിക്കാർ മാത്രമാണ്, ഉടമസ്ഥരല്ല. ഈ ചിന്ത സഭയിലെ ഓരോരുത്തരെയും പരസ്പരം കരുതുവാനുള്ള ഉത്തരവാദിത്വത്തിൽ പങ്കുകാരാക്കുന്നു.
ജ്ഞാനസ്‌നാന വാഗ്ദാനങ്ങളെ ഓർമിപ്പിക്കുന്നു
മാമ്മോദീസാക്കുശേഷം പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി ഒരുക്കുന്ന കുദാശയായ സ്ഥൈര്യലേപനം ജ്ഞാനസ്‌നാന വാഗ്ദാനങ്ങളെ ദൈവസന്നിധിയിൽ അനുസ്മരിപ്പിക്കുന്നു. ജ്ഞാനസ്‌നാനമെന്ന കൂദാശയിൽ ജ്ഞാസ്‌നാന മാതാപിതാക്കളാണ് പ്രതിജ്ഞയെടുക്കുന്നതെങ്കിൽ സ്ഥൈര്യലേപനത്തിൽ കുദാശ സ്വീകരിക്കുന്ന വ്യക്തിയാണ് ജ്ഞാനസ്‌നാന വാഗ്ദാനങ്ങൾ ഏറ്റ് പറഞ്ഞ് നവീകരിക്കുന്നത്. സ്ഥൈര്യലേപനത്തിൽ ”ഞാൻ വിശ്വസിക്കുന്നു” എന്ന് വിശ്വാസം പ്രഖ്യാപിക്കുന്നു. പിതാവായ ദൈവത്തിലും പുത്രനായ ക്രിസ്തുവിലും അപ്പസ്‌തോലന്മാരുടെ മേൽ ആവസിച്ച ജീവദാതാവുമായ അതേ പരിശുദ്ധാത്മാവിലുമുള്ള വിശ്വാസപ്രഖ്യാപനമാണ് നടത്തുന്നത്.
സാക്ഷ്യജീവിതത്തിനുള്ള ശക്തി
കൗദാശികമായ ഈ ശുശ്രൂഷയെ ദൈവം നമ്മുടെമേൽ മുദ്ര ചുമത്തി, നമ്മുടെ ഹൃദയത്തിലേക്ക് ആത്മാവിനെ ചൊരിയുന്നു എന്നാണ് പൗലോസ്ശ്ലീഹാ വിവരിക്കുന്നത് (2 കൊറി. 1.21-22). പരിശുദ്ധാത്മാവിനാൽ മുദ്രവക്കപ്പെട്ട നമ്മൾ ഈ ലോകത്തിൽ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുവാനുള്ള ശക്തി സ്വീകരിച്ച് ക്രിസ്തുവിനോട് കൂടുതൽ അനുരൂപപ്പെടുന്നു. കൈവയ്പ് ശുശ്രൂഷയിലൂടെ എല്ലാം നവീകരിക്കുന്ന പരിശുദ്ധാത്മാവിന്റെ ദാനം നമ്മിലേക്ക് ചൊരിയപ്പെടുന്നു.
പരിശുദ്ധാത്മസ്വീകരണത്തിനുശേഷം ക്രിസ്തു തന്റെ മിശിഹാദൗത്യത്തിലേക്ക്് പ്രവേശിച്ചതുപോലെ നമ്മളോരോരുത്തരും പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങൾ സ്വീകരിച്ച് അതിൽ നിറയപ്പെട്ട് അതേ പ്രേഷിതതീഷ്ണതയോടെ ക്രിസ്തുവിന്റെ മൗതികശരീരമായ സഭയുമായുള്ള ഐക്യത്തിൽ ഈ ലോകജീവിതദൗത്യവും തുടരണമൊണ് സഭ ഒന്നാകെ പ്രാർത്ഥിക്കുന്നത്. പരിശുദ്ധാത്മാവിനെ നിർവീര്യമാക്കുന്ന മ്ലേഛപ്രവർത്തികളിൽനിന്ന് നമ്മളെ അകറ്റണം. ഉദാഹരണത്തിന്, പരദൂക്ഷണം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നു. മറ്റുള്ളവരെകുറിച്ച് കുറ്റം പറഞ്ഞും വിമർശിച്ചും നമുക്ക് സമയം കളയാനാവില്ല. കുറ്റപ്പെടുത്തലും പരദൂക്ഷണവും യുദ്ധം പോലെയാണ്. അത് നശിപ്പിക്കുന്നു. സമാധാനം സൃഷ്ടിക്കുന്നില്ല. നാവ് പരദൂക്ഷണം പറയാനുള്ളതല്ല.
പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടലിന്റെ കുദാശയാണ് സ്ഥൈര്യലേപനം. ജ്ഞാനസ്‌നാനത്തിലൂടെ ഒരുവൻ ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയർത്തപ്പെടുു. സ്ഥൈര്യലേപനം ആ സ്ഥാനത്ത് നിന്ന് ജീവിക്കുവാനുള്ള ശക്തിയും കൃപയും പ്രദാനംചെയ്യുന്നു. കാരണം പരിശുദ്ധാത്മാവിന്റെ ശക്തിയില്ലാതെ നമുക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല. ക്രിസ്തു മനുഷ്യാവതാരമെടുത്തതും പ്രേഷിതദൗത്യം തുടർന്നതും പൂർത്തിയാക്കിയതും ദൈവാത്മാവിന്റെ ശക്തിയിലാണ്. സഭയുടെ തുടക്കവും വളർച്ചയും ഇതേ ആത്മാവിന്റെ ചൈതന്യത്തിൽ നിറഞ്ഞുതെന്നയാണ്. സ്ഥൈര്യലേപനം വഴിയായി ആത്മാവിന്റെ ഈ മുദ്ര സ്വന്തമാക്കുന്നതിലൂടെ നമ്മൾ ക്രിസ്തുവിലേക്ക് കൂടുതൽ അനുരൂപപ്പെടുന്നു. ദൈവാത്മാവ് എപ്പോഴും പ്രവർത്തനനിരതനായതുകൊണ്ട് ആന്മാവിനെ സ്വീകരിക്കുന്നവരും സഭാകൂട്ടായ്മയിൽ ഉപവിപ്രവർത്തികളിൽ നിരന്തരം ഏർപ്പെടുന്നു.

പ്രഫ. കൊച്ചുറാണി ജോസഫ്