സ്നേഹത്തിൽ ജ്വലിച്ച ക്രിസ്തുവിന്റെ പ്രകാശം പിന്തുടരണമെന്ന് ഫ്രാൻസിസ് പാപ്പ

0
586

വത്തിക്കാൻ സിറ്റി: മൂന്ന് ജ്ഞാനികളെപോലെ ഈശോയാകുന്ന പ്രകാശത്തെ
പിന്തുടരാൻ ഓരോ ക്രിസ്ത്യാനിക്കും കഴിയണമെന്ന് ഫ്രാൻസിസ് പാപ്പ.
മൂന്നുരാജാക്കന്മാരുടെ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ നൽകിയ
സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പങ്കുവെച്ചത്.

ലോകത്തിന്റേതായ അധികാരത്തെ മാറ്റിവെച്ച് ഈശോയിലേയ്ക്ക് നയിക്കുന്ന
നക്ഷത്രത്തെ പിന്തുടർന്ന് എത്തിയവരാണ് ജ്ഞാനികൾ. ഈ ജ്ഞാനികളെ പോലെ
ലോകമോഹങ്ങൾ വെടിഞ്ഞ് നിത്യപ്രകാശമായ ഈശോയാൽ പൊതിയപ്പെട്ട് ശോഭയുള്ളവരായി ഓരോരുത്തരും മാറാണം. പാപ്പ തുടർന്നു.

ഈശോയാൽ പൊതിയപ്പെടണമെങ്കിൽ നാം ലോകത്തിന്റെ രീതികളിൽനിന്ന് മാറണം.
സ്വന്തം വെളിച്ചത്താൽ പ്രകാശിക്കുന്നവരിലേക്കു ദൈവത്തിന്റെ പ്രകാശം
എത്തുകയില്ല. ലോകത്തിൽ അധികാരവും വിജയവും നേടുന്നവരാകേണ്ടവരല്ല യഥാർത്ഥ ക്രിസ്തു അനുയായികൾ. കൂടാതെ ദൈവത്തിന്റെ പ്രകാശവും ലോകത്തിന്റെ പ്രകാശവും രണ്ടാണെന്ന തിരിച്ചറിവും ഓരോരുത്തർക്കുമുണ്ടാകണം.

ജ്ഞാനികൾ ഈശോയിൽ നിന്ന് സ്വീകരിക്കാൻ പോയതല്ല. മറിച്ച് ഈശേയ്ക്ക് എല്ലാം
നൽകാൻ പോയവരാണ്. അങ്ങനെയെങ്കിൽ ഈശോയ്ക്കും നമ്മുക്ക് ചുറ്റുമുള്ളവർക്കും
ഈ ക്രിസ്മസിന് നാമെന്ത് നൽകി എന്നൊരു ചോദ്യവും മൂന്ന് ജ്ഞാനികൾ
ഉയർത്തുന്നുണ്ട്. പരിഹാരം ചെയ്യുവാനും ഈശോയ്ക്ക് സമർപ്പണം നൽകാനും സമയം
വൈകിയിട്ടില്ലെന്നും എല്ലാവർക്കും അതിന് കഴിയട്ടെയെന്നും പാപ്പ ഓർമ്മിപ്പിച്ചു.