സ്വർഗാരോഹണം സുവിശേഷപ്രഘോഷണം തുടരാൻ നമ്മെ പ്രേരിപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പ

0
121

വത്തിക്കാൻ: സ്വർഗാരോഹണം ഉത്ഥിതനായ കർത്താവ് ഭരമേൽപ്പിച്ച സുവിശേഷ പ്രഘോഷണ ദൗത്യം തുടരുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പ. സ്വർഗാരോഹണത്തിരുനാളിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ അങ്കണത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

“സുവിശേഷ പ്രഘോഷണമെന്നത് കെട്ടുപാടുകളില്ലാത്ത ദൗത്യമാണ്. അതായത്, അക്ഷരാർഥത്തിൽ അതിരുകളില്ലാത്തത്, അത് മാനുഷിക ശക്തികളെ അതിശയിക്കുന്നു. വാസ്തവത്തിൽ, യേശു പറയുന്നത് ഇതാണ്: ”നിങ്ങൾ ലോകമെങ്ങും പോയി സർവസൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ” (16:15). ഇങ്ങനെ, നിസ്സാരരായ ഒരു കൂട്ടം മനുഷ്യരെ, ബുദ്ധിപരമായ വലിയ കഴിവുകളില്ലാത്തവരെ യേശു തൻറെ ദൗത്യം ഭരമേൽപ്പിക്കുന്നതിനു കാണിക്കുന്ന ഈ ധൈര്യം വളരെ വലുതാണ്. ലോകത്തിൻറെ വലിയ ശക്തികളോടു തട്ടിച്ചുനോക്കുമ്പോൾ ഒട്ടും പ്രസക്തമല്ലാത്ത ഈ ചെറുസംഘം, യേശുവിൻറെ സ്‌നേഹത്തിൻറെയും കാരുണ്യത്തിൻറെയും സന്ദേശമേകുവാൻ ലോകത്തിൻറെ എല്ലാ കോണുകളിലേയ്ക്കും അയയ്ക്കപ്പെടുകയാണ്”; പാപ്പ പറഞ്ഞു.

“എന്നാൽ, ഈ ദൈവികപദ്ധതി, അപ്പസ്‌തോലന്മാർക്കു ദൈവം നൽകിയ ശക്തികൊണ്ടുമാത്രം പൂർത്തിയാക്കാനാവുന്നതാണുതാനും. അവരുടെ ദൗത്യം പരിശുദ്ധാത്മാവിനാൽ നിവൃത്തിയാക്കപ്പെടുമെന്ന് യേശു അവർക്ക് ഉറപ്പുനൽകുന്നു. യേശു പറയുന്നു: ”പരിശുദ്ധാത്മാവു വന്നു കഴിയുമ്പോൾ, നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” (നടപടി 1:8). അങ്ങനെ ആ ദൗത്യം, യാഥാർഥ്യമായിത്തീരുകയാണ്. അപ്പസ്‌തോലന്മാർ അവരുടെ സുവിശേഷവേല ആരംഭിച്ചു, അവരുടെ പിൻഗാമികളിലൂടെ ആ വേല തുടരുകയും ചെയ്തു. യേശുവിനാൽ ഭരമേൽപ്പിക്കപ്പെട്ട ആ ദൗത്യം ഇന്നുവരെ തുടരുന്നു: അതിന് നമ്മുടെ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. യഥാർഥത്തിൽ, ഓരോരുത്തരും, താൻ സ്വീകരിച്ച മാമോദീസായാൽ, അവരവരുടെ നിലയിൽ സുവിശേഷപ്രഘോഷണം നടത്തുന്നതിനു കഴിവുള്ളവരാക്കപ്പെട്ടിരിക്കുന്നു”; പാപ്പ വിശദീകരിച്ചു.

“കർത്താവിൻറെ സ്വർഗത്തിലേയ്ക്കുള്ള ആരോഹണം, നമ്മുടെയിടയിൽ അവിടുത്തെ നവരൂപത്തിലുള്ള സാന്നിധ്യത്തിൻറെ പ്രോദ്ഘാടനമായിരുന്നു. അത് അവിടുത്തെ ശുശ്രൂഷിക്കുന്നതിനും മറ്റുള്ളവർക്ക് അവിടുത്തെക്കുറിച്ച് സാക്ഷ്യമേകുന്നതിനും നമ്മോട് ആവശ്യപ്പെടുന്നു. ഈ യാത്രയിൽ നാം നമ്മുടെ സഹോദരരിൽ, പ്രത്യേകിച്ചും ഏറ്റവും ദരിദ്രരിലും സഹിക്കുന്നവരിലും കഠിനമായ മരണാനുഭവത്തിലും ദാരിദ്ര്യത്തിൻറെ പുതിയ അനുഭവത്തിലുമായിരിക്കുന്ന വൃദ്ധരിലും ക്രിസ്തുവിനെത്തന്നെ കണ്ടുമുട്ടുന്നു. ആരംഭത്തിൽ, ഉത്ഥിതനായ ക്രിസ്തു അപ്പസ്‌തോലന്മാരെ പരിശുദ്ധാത്മാവിൻറെ ശക്തിയോടെ അയച്ചതുപോലെ, ഇന്നു അതേ ശക്തിയോടെ, പ്രത്യാശയുടെ ഗോചരവും മൂർത്തവുമായ അടയാളങ്ങൾ നൽകുന്നതിന് അവിടുന്നു നമ്മെയും അയയ്ക്കുന്നു.”: പാപ്പ വ്യക്തമാക്കി.

“മരിച്ച് ഉയിർത്തെഴുന്നേറ്റവനായ നമ്മുടെ കർത്താവിൻറെ അമ്മയായ കന്യകാമറിയം, ശിഷ്യന്മാരുടെ പ്രഥമസമൂഹത്തിൻറെ വിശ്വാസത്തെ സജീവമാക്കിയ കന്യകാമറിയം, നമ്മുടെ ഹൃദയങ്ങളെ ഉന്നതങ്ങളിൽ സൂക്ഷിക്കാനും ജീവിതത്തിൻറെയും ചരിത്രത്തിൻറെയും സമൂർത്തമായ സാഹചര്യങ്ങളിൽ സധൈര്യം സുവിശേഷവിത്തു വിതയ്ക്കുന്നതിന് ഈ മണ്ണിൽ കാൽപ്പാദങ്ങളുറപ്പിക്കാനും നമ്മെ സഹായിക്കട്ടെ”; പാപ്പ ആശംസിച്ചു.