സ്‌കൂളുകൾക്ക് ന്യായമായ ഫണ്ട് ലഭ്യമാക്കാൻ തങ്ങൾ പ്രതിബദ്ധർ: നാഷണൽ കത്തോലിക്ക എഡ്യൂക്കേഷൻ കമ്മിഷൻ

0
143

ഓസ്‌ട്രേലിയ: ഫെഡറൽ ഗവൺമെന്റിനോട് ചേർന്ന് സ്‌കൂളുകൾക്കും സ്‌കൂൾ സംവിധാനങ്ങൾക്കും ന്യായമായ ഫണ്ട് ലഭ്യമാക്കാൻ തങ്ങൾ പ്രതിബദ്ധരാണെന്നും അതിനു പരിശ്രമിക്കുന്നുണ്ടെന്നും നാഷണൽ കത്തോലിക്ക എഡ്യൂക്കേഷൻ കമ്മിഷൻ. സർക്കാർ, കത്തോലിക്കാ, പ്രൈവറ്റ് മേഖലകളിലെ സ്‌കൂളുകളിൽ സന്തുലിതമായ ഫണ്ടിംഗ് ഉറപ്പാക്കാൻ ഫെഡറൽ ഗവൺമെന്റിനോട് ചേർന്ന് പ്രവർത്തിക്കാൻ എൻ. സി. ഇ. സി തീരുമാനിച്ചതായി കമ്മീഷന്റെ ആക്ടിങ് ഡയറക്ടറായ റേ കോളിൻസ് പറഞ്ഞു.

“സ്വതന്ത്ര സ്‌കൂളുകളുടെ ഫണ്ടുകളുടെ വിനിയോഗത്തെപ്പറ്റിയുള്ള സർക്കാരിന്റെ മാർഗ്ഗ നിർദേശങ്ങൾ ഏറെ പുരോഗമിച്ചിട്ടുണ്ട്. ശരിയായ ഫണ്ടുകൾ ലഭിക്കാനുള്ള കൂടുതൽ പദ്ധതികൾക്കായി ചർച്ചകൾ സംഘടിപ്പിക്കും. നാഷണൽ റിസോഴ്‌സിങ് സ്‌കൂൾസ് ബോർഡിനൊപ്പം സോഷ്യോ ഇക്കണോമിക് സ്റ്റാറ്റസ് സ്‌കോർ (സെസ്) പ്രകാരം ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്”; റേ കോളിൻസ് പറഞ്ഞു.

” ഫെഡറൽ ഗവൺമെന്റിന്റെ വിദ്യാഭ്യാസ ഫണ്ട് പരിഷ്‌ക്കാരം കാത്തോലിക്ക സ്‌കൂളുകൾക്ക് ഏല്പിച്ച പ്രതികൂല സാഹചര്യങ്ങളിൽ തങ്ങളേറെ ആശങ്കാകുലരായിരുന്നു. കഴിഞ്ഞ വർഷം വിദ്യാഭ്യാസ നിയമം പാസാക്കിയതിന്റെ ഫലമായി സ്വതന്ത്ര സ്‌കൂളുകളിൽ അധികഫണ്ട് അനുവദിക്കുകയും അറുനൂറ് കത്തോലിക്കാ സ്‌കൂളുകളിലെ ഫണ്ട് വെട്ടിക്കുറയ്ക്കുകയും ചെയ്തു. പാരിഷ് പ്രൈമറിസ്‌കൂളുകളെയാണ് ഈ നിയമ പരിഷ്‌കരണം ഏറെ ബാധിച്ചിരിക്കുന്നത്;” അദ്ദേഹം വ്യക്തമാക്കി.

“കത്തോലിക്ക സ്‌കൂളുകളും സർക്കാരിതര സ്‌കൂളുകൾക്കും സ്വതന്ത്രസ്‌കൂളുകളെക്കാൾ സാമ്പത്തിക കാര്യങ്ങളിൽ വളരെ കർശനമായി നിയന്ത്രിക്കപ്പെടുന്നുണ്ട്. എല്ലാ സ്‌കൂളുകൾക്കും സന്തുലിതമായ ഫണ്ട് അനുവദിക്കേണ്ടതാണെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം മാതാപിതാക്കൾക്കുണ്ട്. കത്തോലിക്കാ സ്‌കൂളുകൾ ഉൾപ്പെടെയുള്ള സർക്കാരിതര സ്‌കൂളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലെ പരാജയം വിദ്യാഭ്യാസസംവിധാനത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം. അടച്ചു പൂട്ടുന്ന ചില വിദ്യാലയങ്ങൾ ഇതിനു തെളിവാണ്. ഈ സാഹചര്യത്തിലാണ് മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാരുമായി സഹകരിക്കാൻ നാഷണൽ കത്തോലിക്ക എഡ്യൂക്കേഷൻ കമ്മിഷൻ തീരുമാനിച്ചത്”;. കോളിൻസ് കൂട്ടിച്ചേർത്തു.