സ്‌നേഹവും തലോടലും ഏറ്റവും പ്രധാനപ്പെട്ട മരുന്നുകൾ!

428

വത്തിക്കാൻ സിറ്റി: സ്‌നേഹത്തിൽ നിന്നുത്ഭിക്കുന്ന തലോടലാണ് ഏറ്റവും പ്രധാനപ്പെട്ട മരുന്നെന്ന് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ബാംബിനോ ജെസു(ഉണ്ണീശോ) ആശുപത്രി സന്ദർശിച്ചപ്പോഴാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം പങ്കുവച്ചത്.

ഏറ്റവും പ്രധാനപ്പെട്ട മരുന്ന് കുടുംബങ്ങൾക്ക് മാത്രമേ നൽകാൻ സാധിക്കുകയുള്ളൂവെന്ന് പാപ്പ തുടർന്നു. തലോടലാണത്. ഇതിനെക്കുറിച്ച് മറന്ന് പോകുന്നത് അപകടമാണ്. ഇത് വളരെ വിലപിടിപ്പുള്ള മരുന്നാണ്. കാരണം ഇത് നൽകുന്നതിനായി നിങ്ങൾക്കുള്ളതെല്ലാം സമർപ്പിക്കേണ്ടതായി വരും, നിങ്ങളുടെ ഹൃദയം മുഴുവൻ, സ്‌നേഹം മുഴുവൻ..; പാപ്പ വിശദീകരിച്ചു.

യൂറോപ്പിലെ കുട്ടികൾക്കായുള്ള ഏറ്റവും വലിയ ആശുപത്രിയും ഗവേഷണകേന്ദ്രവുമാണ് ബാംബിനോ ജെസു. പരിശുദ്ധ സിംഹാസനം നേരിട്ട് നടത്തുന്ന ഈ ആശുപത്രി മാർപാപ്പയുടെ ആശുപത്രി എന്ന പേരിലും അറിയപ്പെടുന്നു.

ഇത് ഒരു കത്തോലിക്ക ആശുപത്രിയാണെന്നും ഒരു കത്തോലിക്കനാകുവാൻ ആദ്യമായി ഒരു മനുഷ്യനായിരിക്കണമെന്നും മനുഷ്യന് ചേരുന്ന സാക്ഷ്യം നൽകണമെന്നും പാപ്പ പറഞ്ഞു. കുട്ടികൾക്കും രോഗികൾക്കും ഈ ആശുപത്രിയെ ഒരു കുടുംബമായി കാണാൻ സാധിക്കുന്നുണ്ട്. ബാംബിനോ ജസു മനുഷ്യത്വത്തിന് സാക്ഷ്യം നൽകുന്നതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു. ഒരു ആശുപത്രിയെക്കാൾ ഉപരിയായി ഇത് ഒരു കുടുംബമാണെന്ന് ഞാൻ മനസിലാക്കുന്നു. ആദ്യമേ വ്യക്തിയെക്കുറിച്ചും പേരും പറഞ്ഞതിന് ശേഷണാണ് നിങ്ങൾ രോഗത്തെക്കുറിച്ച് പറയുന്നത്. രോഗം രണ്ടാമതെ വരുന്നുള്ളൂ. ഇത് ഒരു കുടുംബമാണ്; പാപ്പ പങ്കുവച്ചു.