ഹൃദയത്തില്‍ അഗ്നിയുമായി ഭാരതത്തിന്റെ ദ്വിതീയ അപ്പോസ്തലന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍

0
1092

വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറും ഉള്‍പ്പെടെ ഏഴുപേര്‍ ദാരിദ്ര്യത്തിലും ബ്രഹ്മചര്യത്തിലും അനുസരണത്തിലും ജീവിക്കാന്‍ വ്രതമെടുത്ത് 1534-ല്‍ പാരീസില്‍ തുടങ്ങിയ ഈശോ സഭ, വീരോചിതമായ നേതൃത്വം ചരിത്രത്തില്‍ സമ്മാനിച്ചവരുടെ സഭയാണ്. (ഇവൃശ െഘീംില്യ എഴുതിയ ഒലൃീശര ഘലമറലൃവെശു എന്ന ഈശോസഭാ വൈദികരെപ്പറ്റിയുള്ള പുസ്തകം ഓര്‍ക്കാം). അഗ്നിച്ചിറകുകളുമായി ഫ്രാന്‍സിസ് സേവ്യര്‍ ഭാരതത്തില്‍ എത്തിയ ദിനം, ഉന്നതത്തില്‍നിന്ന് ഉദയരശ്മി സന്ദര്‍ശിച്ചതുപോലെ (ലൂക്കാ 1:78) ഒരനുഭവമായി, വിശ്വാസികള്‍ക്ക്. ചരിത്രത്തില്‍ അനേകര്‍ക്ക് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ എന്ന കുറിയ മനുഷ്യന്റെ (വെറും അഞ്ചടി മൂന്നിഞ്ച് ഉയരം!) ഹ്രസ്വജീവിതം (46 വയസുമാത്രം) പ്രചോദനമായതുപോലെ, നമ്മെയും സ്വാധീനിക്കണം.
അമ്മയോടും സഹോദരങ്ങളോടും ഫ്രാന്‍സിസ് യാത്ര പറഞ്ഞ് സ്‌പെയിനിലെ നവാരയിലെ കൊട്ടാരസദൃശമായ സേവ്യര്‍ ഭവനത്തില്‍ നിന്ന് പടിയിറങ്ങിയത് 1525-ലാണ്. അന്ന് 19 വയസ്. പിന്നെ ജീവിതത്തിലൊരിക്കലും ആ ഭവനത്തിലേക്ക് തിരിച്ചുപോയിട്ടില്ല. അനര്‍ഘനിധി സ്വന്തമാക്കണമെങ്കില്‍, മറ്റുള്ളതെല്ലാം പരിത്യജിക്കണമല്ലോ! യൂണിവേഴ്‌സിറ്റി പഠനത്തിനായി ഫ്രാന്‍സിസ് പാരീസിലേക്ക് പോയി. പതിനൊന്ന് വര്‍ഷം താമസമവിടെയാണ്. ഇന്ന് പലരുടെയും യുവത്വം തകര്‍ക്കപ്പെടുന്നത് കാമ്പസുകളിലാണ്. അതും തെറ്റായ കൂട്ടുകെട്ടുകളിലൂടെ. എന്നാല്‍, ജീവിതം നേടണമെങ്കില്‍ സുഹൃദ്‌വലയം പ്രധാനപ്പെട്ടതുതന്നെ. അത് ഓരോ വിദ്യാര്‍ത്ഥിയുടെയും തീരുമാനവും തിരഞ്ഞെടുപ്പുമാണ്. പാരീസിലെ യൂണിവേഴ്‌സിറ്റിയിലെത്തിയ ഫ്രാന്‍സിസ് കണ്ടെത്തിയവര്‍ ഇഗ്നേഷ്യസ്, ഫാബെര്‍, പീറ്റര്‍ തുടങ്ങിയ ഏഴുപേരെയാണ്. ഇഗ്നേഷ്യസ് ആണ് ഒരിക്കല്‍ ഈ സുവിശേഷവാക്യം ഫ്രാന്‍സിസിന്റെ മുഖത്തുനോക്കി ചോദിച്ചത്: ”ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവ് നശിച്ചാല്‍ അവന് എന്ത് പ്രയോജനമെന്ന്.” ഇഗ്നേഷ്യസ് പങ്കുവച്ച വചനം ആ 24 വയസുകാരന്റെ മനസില്‍ അന്ന് വലിയ ചലനം സൃഷ്ടിച്ചില്ല. എന്നാല്‍ പിന്നീട് ഫ്രാന്‍സിസിന്റെ ഹൃദയത്തില്‍ വീണ് വചനമാകുന്ന വിത്ത് വിസ്‌ഫോടനം ചെയ്യപ്പെട്ടു, നല്ല വയലില്‍ വീണ ഗോതമ്പുമണി പോലെ! ശുശ്രൂഷയുടെയും പ്രേഷിതത്വത്തിന്റെയും പുതുജീവിതത്തിനായി ഇഗ്നേഷ്യസിനോടും കൂട്ടുകാരോടും കൂടെ ഫ്രാന്‍സിസും പങ്കുചേര്‍ന്നു.
പാരീസ് എന്ന ആഡംബര നഗരത്തിലെ പുതിയ കൂട്ടുകെട്ടു കമ്പിനിക്ക് അവര്‍ ഒരു പേരിട്ടു: അതുവരെ ആരും കേള്‍ക്കാത്ത പേര്! ഇീാുമി്യ ീള ഖലൗെ െ’ഈശോയുടെ കമ്പിനി!’പുതിയ സമര്‍പ്പണത്തില്‍ ഒരുമിച്ചു നില്‍ക്കുമെന്ന തീരുമാനമെടുക്കാന്‍ പാരീസ് പട്ടണ മതിലുകള്‍ക്ക് പുറത്തുള്ള ‘രക്തസാക്ഷികളുടെ മല’യിലെ ബെനഡിക്ടന്‍ കോണ്‍വെന്റ് ചാപ്പലില്‍ 1534-ല്‍ മാതാവിന്റെ സ്വര്‍ഗാരോപണതിരുനാള്‍ ദിനത്തില്‍ അവര്‍ ഒരുമിച്ചുകൂടി. കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ് വിശുദ്ധ തോമസ് ബെക്കറ്റ്, വിശ്വാസത്തിനായി തന്റെ ജീവിതം ബലിയായി സമര്‍പ്പിക്കുന്നതിന് ഒരു വര്‍ഷം മുമ്പ്, ഈ ‘രക്തസാക്ഷികളുടെ കപ്പേള’യില്‍ വന്ന് ഏകാന്തതയില്‍ പ്രാര്‍ത്ഥിച്ചിരുന്നു.
പരസ്പരവിശ്വാസവും ആത്മബന്ധവുമാണ് കൂട്ടുകാരെ കൂട്ടുകെട്ടില്‍ കൂട്ടിക്കെട്ടുന്നത്. അവിടെ വേര്‍തിരിച്ചു നിര്‍ത്തുന്ന അതിര്‍വരമ്പുകളില്ല. ജാതിയുടെയും പ്രായത്തിന്റെയും ഭാഷയുടെയും വ്യത്യസ്തതകളുമില്ല. ഇഗ്നേഷ്യസും ഫ്രാന്‍സിസും ഫേബറും മറ്റുമടങ്ങിയ ആ ചെറുസംഘത്തില്‍ ഒരാള്‍ ഫ്രഞ്ചുകാരന്‍, മറ്റൊരാള്‍ പോര്‍ട്ടുഗീസുകാരന്‍, അഞ്ചുപേര്‍ സ്‌പെയിന്‍കാരും! അതില്‍ രണ്ടുപേര്‍ സ്‌പെയിനിലെ ബാസ്‌കുകാരും മൂന്നുപേര്‍ കറ്റലോണിയക്കാരും! മാത്രമല്ല വിവിധ പ്രായപരിധിയിലുമുള്ളവരുമായിരുന്നു അവര്‍ ഏഴുപേരും. ഏറ്റവും മുതിര്‍ന്ന ഇഗ്നേഷ്യസിന് അന്ന് 43 വയസുപ്രായം. ഇളയത് സാന്‍ മരിയോന്‍ എന്ന 19 വയസുകാരന്‍. ഫ്രാന്‍സിസിനും ഫാബെറിനും 28 വയസുവീതവും. സംഘത്തിനുവേണ്ടി ആദ്യകാലത്ത് വിശുദ്ധ ബലിയര്‍പ്പിച്ചിരുന്നത് ഗ്രൂപ്പിലെ ഏക വൈദികനായ ഫാ. ഫാബെര്‍. വിശ്വാസത്തില്‍ കര്‍മ്മധീരരായാല്‍ പിന്നെ ഉച്ചനീചത്വങ്ങളും ചേരിതിരിവുകളും വഴിമാറണമല്ലോ. ഇന്നു നമ്മുടെ ഇടവകയിലും രൂപതയിലുമുള്ള പ്രവര്‍ത്തനങ്ങളിലും ഈ യാഥാര്‍ത്ഥ്യം പ്രചോദനമാകണം.
‘രക്തസാക്ഷികളുടെ മലയില്‍’ 1534 ഓഗസ്റ്റ് 15-ന് ഏഴുപേരാണ് ഉണ്ടായിരുന്നത് എങ്കിലും സാവധാനം അംഗസംഖ്യ കൂടിവന്നു. 1536 നവംബര്‍ ആയപ്പോള്‍ 10 പേരായി ‘കമ്പിനി’യില്‍! ഒരിക്കല്‍ അവര്‍ ഒരുമിച്ചുവന്ന് പാരീസില്‍ നിന്ന് റോമിലേക്ക് പോകാന്‍ തീരുമാനമെടുത്തു. അങ്ങനെ നവംബര്‍ 15-ന് മഴപെയ്യുന്ന പ്രഭാതത്തില്‍, പാരീസ് പട്ടണം അപ്പോഴും ഉറങ്ങുമ്പോള്‍, കറുപ്പ് ളോഹയും കഴുത്തില്‍ കൊന്തയും വലിയ തൊപ്പിയും ധരിച്ച് അത്യാവശ്യത്തിന് മാത്രമുള്ള വസ്ത്രങ്ങളും സാധനങ്ങളുമെടുത്ത് അവര്‍ നടന്നു. 50 ദിവസത്തെ കാല്‍നടയാത്രയ്‌ക്കൊടുവില്‍ അവര്‍ വെനീസിലെത്തി. തുടര്‍ന്ന്, റോമിലേക്കും. സാക്ഷ്യത്തിന്റെ ആദ്യ പ്രേഷിതയാത്ര! വെല്ലുവിളികള്‍ വകവയ്ക്കാതെയുള്ള തീര്‍ത്ഥാടനം! അവരുടേതുപോലെ നമ്മുടെ തീരുമാനങ്ങളിലും ദര്‍ശനവും പങ്കാളിത്തവും ഉറപ്പാക്കണം. ആലോചനായോഗങ്ങളിലെ അഭിപ്രായപ്രകടനങ്ങളില്‍ ദൈവേഷ്ടവും മനഃസാക്ഷിയുടെ സ്വരവും മാത്രം നമ്മെ നയിക്കണം. തീരുമാനമെടുത്താല്‍ കര്‍മ്മധീരരായി കൂട്ടായ്മയില്‍ നീങ്ങണം.
റോമിലെത്തി. പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പയോടുള്ള പ്രത്യേക വിധേയത്വത്തില്‍ പ്രേഷിത ശുശ്രൂഷ വിവിധ സ്ഥലങ്ങളില്‍ തുടങ്ങിയ പുതിയ സഭാസമൂഹത്തിന്, പോര്‍ട്ടുഗീസ് നാവിക സംഘത്തോടൊപ്പം ചേര്‍ന്ന് സുവിശേഷ പ്രചാരണത്തിന് ഭാരതത്തില്‍ പോകാന്‍ ക്ഷണം ലഭിച്ചു. പോര്‍ട്ടുഗീസ് അംബാസിഡറായിരുന്ന പെദ്രോ മസ്‌ക്കെരനാസ് വഴി രാജാവയച്ച കത്തുപ്രകാരം രണ്ടുപേരെ നിയോഗിക്കാന്‍ പാപ്പ അനുമതി കൊടുത്തു. തദനുസാരം ഇന്ത്യയിലെ പുതിയ പ്രേഷിത ദൗത്യത്തിനായി ഫാ. റോഡ്‌റിഗസിനെയും ഫാ. ബോബദില്ലയെയും തെരഞ്ഞെടുത്തു. യാത്രയ്ക്ക് തിരക്ക് കൂട്ടിയിരുന്ന അംബാസിഡര്‍ മസ്‌ക്കരെനാസും പുതുതായി ചേര്‍ന്ന പൗളോ മിസര്‍ എന്ന രൂപതാ വൈദികനും, തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേരും മാര്‍ച്ച് 15-ന് റോമില്‍ നിന്ന് ലിസ്ബണിലേക്ക് യാത്രയ്‌ക്കൊരുങ്ങി. എന്നാല്‍, യാത്രാസംഘത്തില്‍ ചേരാനായി നേപ്പിള്‍സില്‍ നിന്നു റോമിലേക്ക് വന്നെത്തിയ ഫാ. ബോബദില്ല പനിയും രോഗവുമായി തീരെ അവശനായി. സഭാനേതൃത്വത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്ന ഫാ. ഇഗ്നേഷ്യസ് ലയോള അവസാന നിമിഷത്തില്‍ ഫാ. ഫ്രാന്‍സിസിനെ വിളിച്ച് ആ തീരുമാനം പറഞ്ഞു. ‘താങ്കളായിരിക്കും ഭാരതത്തിലേക്ക് പോകേണ്ടത്!’ ഒരു സങ്കോചവുമില്ലാതെ സമ്മതമറിയിച്ച ഫ്രാന്‍സിസ് പറഞ്ഞു: ‘അല്‍പസമയം എനിക്ക് തന്നേക്കൂ! ഞാന്‍ ഉപയോഗിക്കുന്ന കറുത്ത ളോഹയുടെ കീറല്‍ ഒന്ന് ശരിയാക്കണം. അതുശരിയാക്കിയാല്‍ ഞാന്‍ റെഡി!’ മേലധികാരികളുടെ തീരുമാനം മറുചിന്തകളില്ലാതെ സ്വീകരിക്കുന്ന ആ മനസും സദാ പ്രേഷിത പ്രസരിപ്പോടെ തുടിക്കുന്ന ആ മനസും ഹൃദയവും നമുക്കു നല്‍കുന്ന നല്ല പാഠം വലുതല്ലേ?
പോര്‍ട്ടുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍നിന്ന് 1541 ഏപ്രില്‍ ഏഴിന് ആരംഭിച്ച ദുര്‍ഘടം നിറഞ്ഞ കപ്പല്‍ യാത്ര, മൊസാംബിക് വഴി ഗോവയിലെത്തിയത് 1542 മെയ് ആറിന്. അങ്ങനെ ഫ്രാന്‍സിസിന്റെ ഭൗതിക ശരീരം അന്ത്യവിശ്രമത്തിനായി ദൈവം തെരഞ്ഞെടുത്ത മണ്ണില്‍ ഭാരതത്തിന്റെ ദ്വതീയ അപ്പോസ്തലന്‍ കാലുകുത്തി. അന്നുമുതല്‍ വിശ്വാസത്തിന്റെ തീക്ഷ്ണതയിലെരിഞ്ഞ് അഗ്നിച്ചിറകുകളിലായി യാത്ര. തന്റെ നിരന്തരമായ പ്രേഷിത തീര്‍ത്ഥാടനങ്ങള്‍ക്കിടയില്‍ റോമിലും ലിസ്ബണിലുമൊക്കെയുള്ള അനുചരന്മാര്‍ക്കും മറ്റും അയച്ച കത്തുകള്‍ വലിയ ചരിത്ര സാക്ഷ്യങ്ങളാണ്. പ്രേഷിത വിജയങ്ങളുടെ ആഹ്ലാദം ഹൃദയത്തില്‍ നിറയുമ്പോള്‍ അദ്ദേഹം പ്രാര്‍ത്ഥിക്കുമായിരുന്നു: ‘മതി, കര്‍ത്താവേ, മതി!’
നൊമ്പരങ്ങളും കുരിശുകളും നിറയുമ്പോള്‍, നടത്തുന്ന അപേക്ഷ: ‘കുറേക്കൂടി, കര്‍ത്താവേ, കുറേക്കൂടി!’ ജപ്പാനിലും ഇന്റോനേഷ്യയിലും യാത്രചെയ്ത് സുവിശേഷം പ്രസംഗിച്ച് അനേകരെ ജ്ഞാനസ്‌നാനപ്പെടുത്തിയശേഷം, ചൈനയിലേക്ക് പോകാനാണ് ആഗ്രഹിച്ചത്. എന്നാല്‍, ഹോംഗോങ്ങിനടുത്തുള്ള സാന്റിയന്‍ ദ്വീപില്‍ വച്ച് ടൈഫോയിഡ് ബാധിച്ച് 1552 ഡിസംബര്‍ രണ്ടിന് ആ ആത്മാവിനെ ദൈവം തിരികെവിളിച്ചു. പക്ഷേ, ആ അഗ്നി കെടാതെ ഇന്നും നില്‍ക്കുന്നു! ഭാരതത്തിന്റെ ദ്വിതീയ അപ്പോസ്തലന്‍, വിശുദ്ധന്‍ പകര്‍ന്ന വിശ്വാസത്തിന്റെ അഗ്നി നമ്മുടെ ഹൃദയങ്ങളിലേക്കും സ്വീകരിക്കാം!

ബിഷപ് ഡോ. അലക്‌സ് വടക്കുംതല