ഹോണ്ടൂറാസ് കുടിയേറ്റക്കാർ ദൈവത്തിന്റെ മക്കൾ: ബിഷപ്പ് ജോ വാസ്‌ക്വിസ്

0
249

വാഷിങ്ടൺ ഡിസി: ഹോണ്ടൂറാസ് കുടിയേറ്റക്കാർ ദൈവത്തിന്റെ മക്കളാണെന്നും സംരക്ഷിതപദവി ദീർഘിപ്പിച്ചത് അഭിവൃദ്ധിക്കും ഹോണ്ടൂറാസിലെ പ്രാദേശിക സുരക്ഷശാക്തീകരണത്തിനും സഹായകമാകുമെന്നും യു.എസ് ബിഷപ്പുമാരുടെ കുടിയേറ്റ സമിതി തലവൻ ഓസ്റ്റിൻ ബിഷപ്പ് ജോ വാസ്‌ക്വിസ്.

57,000 ഹോണ്ടൂറൂസുകാരുടെ സംരക്ഷിത പദവി 2018 ജൂലൈ അഞ്ച് വരെ ദീർഘിപ്പിച്ചതിനെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോണ്ടൂറാസിന്റെ അവസ്ഥ മനസിലാക്കാൻ ഇനിയുമേറെ സമയം ആവശ്യമാണെന്ന് അധികാരികൾ വ്യക്തമാക്കിയിരുന്നു.

‘താൽക്കാലിക സംരക്ഷിതപദവിയുള്ള ഹോണ്ടൂറാസുകാർക്ക് ക്രൈസ്തവമതവുമായും ഇടവകകളുമായും രാജ്യവുമായും ആഴമുള്ള ബന്ധമുണ്ട്. അവർ വ്യാപാരസ്ഥാപനങ്ങളുടെ ഉടമകളും വിജയികളായ പ്രൊഫഷണലുകളും, സ്വന്തമായി ഭവനമുള്ളവരും യു.എസ് പൗരന്മാരുടെ മാതാപിതാക്കളുമാണ്. എല്ലാറ്റിലുമുപരി അവർ ദൈവത്തിന്റെ മക്കളാണ്. നമ്മൾ ഈ വ്യക്തികൾക്കായും അവരുടെ കുടുംബങ്ങൾക്കായും ഒരു പരിഹാരം കണ്ടുപിടിച്ചേ പറ്റൂ. അവരെ സഹായിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തെ നാമും പിന്തുണയ്ക്കണം’. അദ്ദേഹം പറഞ്ഞു.

ഹ്യുമാനിറ്റേറിയൻ മൈഗ്രേഷൻ പരിപാടിയുടെ കീഴിലുള്ള ഹോണ്ടൂറാസുകാരുടെ പുതുക്കിയ സംരക്ഷിതപദവി പ്രകാരം നാട്ടിലേക്കുള്ള തിരിച്ചുപോക്ക് അപകടകരമായി തുടരുന്ന കാലത്തോളം നിയമപരമായി അവർക്ക് യു.എസിൽ ജോലി ചെയ്യാം.

യുഎസ് ബിഷപ്പുമാർ ഹോണ്ടൂറാസ് വിഷയത്തിൽ ഇടപെടൽ തുടരുമെന്നും വിവരങ്ങൾ ശേഖരിക്കുമെന്നും അമേരിക്കൻ സർക്കാരുമായും ഹോണ്ടൂറാസിലെ കത്തോലിക്കസഹകാരികളുമായും സഹകരിക്കുമെന്നും ബിഷപ്പ് വാസ്‌ക്വിസ് പറഞ്ഞു. യു.എസ് ബിഷപ്പുമാരുടെ ഹോണ്ടൂറാസിലെ കത്തോലിക്ക സഹകാരികൾ യു.എസ് ഹോണ്ടൂറൻ ഗവൺമെന്റുകളോട് ചേർന്ന് സമഗ്ര സാമൂഹ്യ സേവനങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, താൽക്കാലിക സംരക്ഷിതപദവിയിൽ യു.എസിൽ അനിശ്ചിതത്വത്തിൽ കഴിയുന്ന ഹോണ്ടൂറാസുകാരെയും അവരുടെ കുടുംബങ്ങളെയും താൻ പ്രാർത്ഥനയിൽ ഓർക്കുന്നതായും ബിഷപ്പ് അറിയിച്ചു.