Follow Us On

29

March

2024

Friday

അതിജീവനത്തിന് ഭീഷണി ഉയരുന്നവരോടൊപ്പം നിൽക്കേണ്ടത് സഭയുടെ കടമ;മാർ ജോൺ നെല്ലിക്കുന്നേൽ

അതിജീവനത്തിന് ഭീഷണി ഉയരുന്നവരോടൊപ്പം  നിൽക്കേണ്ടത് സഭയുടെ കടമ;മാർ ജോൺ നെല്ലിക്കുന്നേൽ

സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കണ്ടില്ലെന്നു നടിക്കാൻ സഭയ്ക്കു കഴിയില്ലെന്ന് ഇടുക്കി രൂപതയുടെ പുതിയ ഇടയൻ മാർ ജോൺ നെല്ലിക്കുന്നേൽ പറയുന്നു. ഇടുക്കി രൂപതാ ചാൻസലർ, മതബോധന സെക്രട്ടറി, ബിഷപിന്റെ സെക്രട്ടറി, ഏഴ് വർഷം മംഗലപ്പുഴ സെമിനാരിയിൽ അധ്യാപകൻ, വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചതിനുശേഷമാണ് 45-കാരനായ മാർ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഓരോരുത്തരെയും കൂടുതൽ നല്ല വ്യക്തികളായി മാറ്റുകയാണെന്നു പറയുന്ന മാർ നെല്ലിക്കുന്നേൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് ലൈസൻഷ്യേറ്റും സെന്റ് തോമസ് അക്വിനാസ് യൂണിവേഴ്‌സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. വായനയെ ഗൗരവമായി എടുക്കുകയും വായന ചിന്താശക്തിയെ ദീപ്തമാക്കുമെന്നും ഹൃദയങ്ങളെ വിശാലമാക്കുമെന്നും പറയുകയും ചെയ്യുന്ന ഈ ഇടയ ന്റെ വാക്കുകളിൽനിറഞ്ഞുനില്ക്കുന്നതും കാരുണ്യമാണ്. സൺഡേ ശാലോമിന് അനുവദിച്ച പ്രത്യേക അഭിമുഖം.
? അങ്ങ് പ്രഥമ പരിഗണന നൽകുന്ന വിഷയം ഏതാണ്
കുടുംബങ്ങളുടെ വിശ്വാസ രൂപീകരണത്തിനും വളർച്ചയ്ക്കുമാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്. വിശ്വാസം അടിസ്ഥാനപരമായി വളരേണ്ടത് കുടുംബങ്ങളിലാണ്. പല രീതിയിലുള്ള ബാഹ്യമായ പ്രേരണകളാൽ വിശ്വസത്തിന് ചിലപ്പോഴൊക്കെ മങ്ങലേക്കുന്നുണ്ട്. അതിനാൽ കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്.
? സ്‌നേഹം പ്രവൃത്തിയിലും സത്യത്തിലും എന്നതാണല്ലോ പിതാവിന്റെ ആപ്തവാക്യം. ഈ വാക്യം തിരഞ്ഞെടുക്കാനുള്ള കാരണം
അജപാലകന്റെ ഏറ്റവും പ്രധാനമായ കടമ ദൈവജനത്തിന് നേതൃത്വം കൊടുക്കുകയാണ്. അതിന് വ്യക്തമായ ലക്ഷ്യം വേണം. ഈശോയുടെ സ്‌നേഹത്തിലേക്ക് എല്ലാവരെയും അടുപ്പിക്കുക എന്നതാണ് സഭയുടെ ലക്ഷ്യവും. അതിന് നേതൃത്വം കൊടുക്കുകയാണ് സഭയുടെ കടമ. സ്‌നേഹത്താൽ പ്രേരിതമായ നേതൃത്വത്തിനുമാത്രമേ ഈശോയിലേക്ക് ആളുകളെ അടുപ്പിക്കാൻ സാധിക്കൂ. വിവിധ രൂപങ്ങളിൽ ഈ നേതൃത്വ ശുശ്രൂഷ സഭയിൽ നിർവഹിക്കപ്പെടുന്നുണ്ട്. അതിനെയെല്ലാം നയിക്കേണ്ടത് സ്‌നേഹമാണ്.
? കുടിയേറ്റ കാലത്ത് സമൂഹത്തെ മുമ്പിൽനിന്നു നയിച്ചത് സഭയായിരുന്നു. എന്നാൽ, മനസുകൊണ്ട് കുടിയിറക്കത്തിന്റെ കാലത്താണ് അനേകം കർഷകർ. വിലത്തകർച്ച മുതൽ വന്യമൃഗങ്ങളുടെ ശല്യം തുടങ്ങി നിരവധി പ്രശ്‌നങ്ങളുടെ നടുവിലായ സമൂഹത്തെ പ്രതിസന്ധിയെ അതിജീവിക്കാൻ എങ്ങനെ പ്രാപ്തരാക്കും
ഇടുക്കിയുടെ ചരിത്രം കുടിയേറ്റത്തിന്റെ ചരിത്രമണ്. സഭാ നേതൃത്വം എന്നും കുടിയേറ്റ ജനതയോടൊപ്പം ഉണ്ടായിരുന്നു. വൈദികർ ജനങ്ങളോട് ചേർന്നു പ്രവർത്തിച്ചതിന്റെ ഫലമാണ് ഇവിടെ ഉണ്ടായ പുരോഗതി. കാർഷിക മേഖല നിരവധിയായ പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ട്. ലളിതമായ പരിഹാരവും ഈ പ്രശ്‌നത്തിനില്ല. പരമ്പാരഗതമായ കൃഷിരീതികളെ മാത്രം ആശ്രയിച്ച് മുമ്പോട്ടു പോകാനാവില്ല. കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ ഇടുക്കിയിലെ മാത്രം പ്രശ്‌നങ്ങൾ അല്ലെങ്കിലും ഇവിടെയുള്ള വലിയൊരു വിഭാഗം കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. മാറ്റത്തിന് അനുസരിച്ച് പ്രചോദനം നൽകുന്നതിനും പുതിയ വഴികളൊരുക്കുന്നതിനും രൂപത മുമ്പിലുണ്ടാകും.
? കുടിയേറ്റ കർഷകർ തെറ്റിദ്ധരിക്കപ്പെടുന്ന കാലമാണല്ലോ. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന അവരുടെ സംഭാവനകൾ മാനിക്കപ്പെടുന്നില്ലെന്നുമാത്രമല്ല, അവർ കയ്യേറ്റക്കാരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. എങ്ങനെ കർഷകരുടെ സംഭാവനകളെ പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ കഴിയും
കാർഷികമേഖലയോടുള്ള വിപ്രതിപത്തി നഗരങ്ങളിലെ ഒരു വിഭാഗത്തിനുണ്ട്. കൃഷി ഇല്ലാതെ ഒരു സമൂഹത്തിനും മുമ്പോട്ടുപോകാനാവില്ല. കൃഷിയുടെ മാഹാത്മ്യം സമൂഹത്തിന് ബോധ്യമാകണം. മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്നതുപോലുള്ള സാമ്പത്തിക സുരക്ഷിതത്വം കർഷകർക്കില്ല. ഗവൺമെന്റ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം. കൃഷി ചെയ്യുന്നവർക്ക് മാന്യത കല്പിക്കുന്ന സംസ്‌കാരം വളർന്നുവരണം. കർഷകർ സമൂഹത്തിന്റെ നട്ടെല്ലാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതുപോലെ മാന്യമായ പെൻഷൻ കർഷകർക്കും ലഭിക്കണം. കൃഷിയെ ആശ്രയിക്കുന്നവർക്ക് മാന്യമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം രൂപപ്പെടുമ്പോൾ ആദരവ് വളർന്നുവരും.
? കർഷകർക്കുവേണ്ടി നിലയുറപ്പിച്ചതിന്റെ പേരിൽ കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും രൂപതക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. എങ്കിലും നിലപാടുകളിൽനിന്ന് പിറകോട്ടുപോയിട്ടില്ല. ഗാഡ്ഗിൽ-കസ്‌കൂരിരംഗൻ റിപ്പോർട്ടുകളിൽ അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് അഭിപ്രായമുണ്ടോ
ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾക്ക് ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്. 10 വർഷമായി രൂപത കാർഷിക പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് സഭ മുന്നിൽ നില്ക്കുന്നത്. അവരുടെ പ്രശ്‌നങ്ങൾക്ക് പുറത്തുള്ളവർക്ക് മനസിലാക്കാൻ സാധിക്കാത്തതിനാലാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്. പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഫ്രാൻസിസ് മാർപാപ്പ പഠിപ്പിക്കുന്നത്, ജനങ്ങളുടെ അവകാശങ്ങൾകൂടി കണക്കിലെടുത്തുവേണം ഭൂമിയെ സംരക്ഷിക്കാൻ എന്നാണ്. അതിജീവനത്തിന് ഭീഷണി ഉയരുന്ന ജനങ്ങളോടൊപ്പം നില്‌ക്കേണ്ടത് സഭയുടെ കടമയാണ്. വേദനിക്കുന്നവരുടെയും സങ്കടപ്പെടുന്നവരുടെയും പ്രശ്‌നങ്ങൾ സഭയുടേതുകൂടിയാണെന്ന് വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു. അതിനാൽ കർഷകപ്രശ്‌നങ്ങളിൽ ഇടപെടാതിരിക്കാൻ സഭക്ക് കഴിയില്ല.
? അങ്ങയുടെ ദൈവവിളിയെക്കുറിച്ച്
സാധാരണ കർഷകകുടുംബത്തിലാണ് ജനിച്ചു വളർന്നത്. ഏഴാം ക്ലാസുമുതൽ അൾത്താരബാലനായിരുന്നു. സിസ്റ്റേഴ്‌സ്, വൈദികർ തുടങ്ങിയവരുടെ ഇടപെടൽ ദൈവവിളി തിരിച്ചറിഞ്ഞതിൽ പ്രധാന ഘടകമാണ്.
? സെമിനാരി പരിശീലന കാലത്ത് ദൈവിക ഇടപെടലുകൾ ഉണ്ടായതായി കരുതുന്നുണ്ടോ
ഓരോ നിമിഷവും ദൈവം കൈപിടിച്ചു നടത്തുന്ന അനുഭവങ്ങളായിരുന്നു. ദൈവത്തിന്റെ കരവും പരിശുദ്ധ മാതാവിന്റെ സംരക്ഷണവും എന്നും ഉണ്ടായിരുന്നു. വൈദികനായിത്തീരുവാൻ കഴിഞ്ഞതും അതുമൂലമാണ്. ഞാനൊരിക്കലും മനസിൽ വിഭാവനം ചെയ്യാത്ത വഴികളിലൂടെയാണ് ദൈവം എന്നെ നയിച്ചത്.
? മാതാവിനോടുള്ള ഭക്തി ചെറുപ്പം മുതൽ ഉണ്ടായിരുന്നോ?
വളരെ ചെറുപ്പം മുതൽ ഉണ്ടായിരുന്നു. അമ്മയുടെ ജീവിതത്തിൽനിന്നാണ് അത് ലഭിച്ചത്. അതുകൊണ്ടുതന്നെ ജപമാല വലിയ ശക്തിയും അനുഭവവുമായിരുന്നു.
? കുടുംബ പശ്ചാത്തലം
ഇടുക്കി ജില്ലയിലെ മരിയാപുരത്താണ് വീട്. 2014 ഓഗസ്റ്റിൽ പിതാവ് മരിച്ചു. അമ്മ മേരി. മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമാണുള്ളത്. സഹോദരന്മാരിൽ ഒരാൾ വൈദികനാണ്, ഫാ. മാത്യു നെല്ലിക്കുന്നേൽ സിഎസ്.ടി. സഹോദരി സിസ്റ്റർ ടെസീന ആരാധനാ സമൂഹാംഗമാണ്.
? പുതിയ തലമുറക്ക് വായന കുറയുന്നു. അക്ഷര ലോകത്തേക്ക് എങ്ങനെ ആകർഷിക്കാൻ കഴിയും.
വായന അനിവാര്യമാണ്. പുതിയ തലമുറയെ വായിക്കാൻ പ്രേരിപ്പിക്കണം. വായന വളർത്തിയെടുക്കുന്ന രീതിയിലുള്ള സംസ്‌കാരം വിദ്യാഭ്യാസത്തിൽനിന്നും വളർത്തിയെടുക്കണം. വായനയിലൂടെയെ ചിന്താശക്തിയെ ദീപ്തമാക്കാൻ കഴിയൂ. കർമ്മ മേഖലയിൽ അതു പ്രതിഫലിക്കും. വായനയുടെ അഭാവം എല്ലാ മേഖലയിലും ഉണ്ട്. വായന പ്രോത്സാഹിപ്പിക്കപ്പെടണം.
? മാധ്യമങ്ങളെ കൂടുതൽ ഗൗരവത്തോടെ എടുക്കണമെന്ന് തോന്നിയിട്ടുണ്ടോ
മാധ്യമ സംസ്‌കാരത്തിന്റെ വളർച്ച ആവശ്യമാണ്. മത്സരബുദ്ധിയോടെ മാധ്യമങ്ങൾ പല കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോൾ സത്യം തമസ്‌ക്കരിപ്പെടുന്നു. അതിനാൽ വിവേചനബുദ്ധിയോടെ സ്വീകരിക്കുവാനുള്ള പരിശീലനം വ്യക്തികളിൽ ഉണ്ടാകണം. അല്ലെങ്കിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ആശയങ്ങൾ ജീവിതമൂല്യങ്ങളായി മാറും. മാധ്യമങ്ങൾ നൽകുന്ന നന്മ കാണാതെ പോകരുത്. പക്ഷേ, തെറ്റായ ആശയങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. തെറ്റും ശരിയും തിരിച്ചറിയാൻ സാധിക്കണം.
? വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള സ്വപ്നങ്ങൾ
പഴയ കാലങ്ങളുമായി താരതമ്യപ്പെടുത്തിയാൽ സാഹചര്യങ്ങൾ അനുകൂലമായിട്ടുണ്ട്. എങ്കിലും ഇടുക്കി ജില്ലയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസമേഖലയിൽ ക്രിയാത്മകമായി പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. ഈ മേഖല കൂടുതൽ ശ്രദ്ധിക്കപ്പെട്ടാൽ മാത്രമേ ഹൈറേഞ്ചിന്റെ ഭാവി സുരക്ഷിതമാകുകയുള്ളൂ. എല്ലാറ്റിലും ഉപരി നല്ല വ്യക്തികളായി മാറണം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ നല്ല വ്യക്തികളായി മാറുകയാണ്.
? വിശ്വാസജീവിതത്തിൽ വെല്ലുവിളികൾ ഉയരുന്ന കാലമാണല്ലോ. പ്രത്യേകിച്ച്, നവമാധ്യമങ്ങളുടെ വളർച്ച കാഴ്ചപ്പാടുകളെയും ചിന്താഗതികളെയും മാറ്റിമറിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ
കാലഘട്ടത്തിന് അനുയോജ്യമായ വിശ്വാസപരിശീലനവും വിശ്വാസ സാക്ഷ്യവും അനിവാര്യമാണ്. മാതൃകയും പ്രബോധനവും ചേർന്നുപോകണം. ഇടവകയോടും സഭയോടും തുറവിയോടെ ജീവിച്ചാൽ മാത്രമേ വിശ്വാസ വളർച്ച ഉണ്ടാകുകയുള്ളൂ. സുവിശേഷത്തിന് സാക്ഷ്യം വഹിക്കേണ്ട ജിവിതം ആയിരിക്കണമെന്നുള്ള ബോധ്യങ്ങൾ മാതാപിതാക്കൾ ജീവിതത്തിലൂടെ പകരണം. ഏതൊരു തൊഴിൽ മേഖലയിലാണെങ്കിലും ക്രൈസ്തവമായ കാഴ്ചപ്പാടും സാക്ഷ്യവും നൽകുവാനുള്ള ആഗ്രഹം ഓരോ വ്യക്തിയിലും ഉളവായെങ്കിൽ മാത്രമേ വിശ്വാസ പരിശീലനം ലക്ഷ്യത്തിൽ എത്തുകയുള്ളൂ.
? ദൈവത്തിൽമാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന ഭൂതകാലത്തുനിന്നും സാമ്പത്തിക വളർച്ചയിലേക്ക് എത്തിയപ്പോൾ വിശ്വാസത്തിന്റെ ആഴം കുറയുന്നു. എങ്ങനെ ഈ പ്രശ്‌നത്തെ അതിജീവിക്കാം
പഴയ സാഹചര്യത്തിൽ ഏക പ്രത്യാശ ദൈവാലയവും വിശ്വാസവുമായിരുന്നു. ഭൗതികമായി ഉയരുമ്പോൾ ദൈവാശ്രയബോധം നഷ്ടപ്പെടാം. പഴയ കാലത്തും വിശ്വാസത്തിന് എതിരായി ജീവിച്ചവരും ഉണ്ടായിരുന്നു. കാലഘട്ടം മാറുന്നതനുസരിച്ച് വെല്ലുവിളികൾക്ക് അനുസൃതമായി ജീവിക്കാൻ പരിശീലിക്കണം. കഴിഞ്ഞ തലമുറ ഇന്നത്തെ കാലത്തിൽ ജീവിക്കുകയായിരുന്നെങ്കിൽ എങ്ങനെയാകുമായിരുന്നു എന്ന് ചിന്തിക്കണം. വിശ്വാസത്തിന്റെ ആഴത്തിലേക്ക് നയിക്കുക എന്നതിലുപരി സുവിശേഷങ്ങളിൽ കാണുന്ന വിശ്വാസ ജീവിതം മാറുന്ന കാലത്ത് എങ്ങനെ നയിക്കാമെന്നാണ് ചിന്തിക്കേണ്ടത്.
? വലിയ കുടുംബങ്ങളിൽനിന്നും അണുകുടുംബങ്ങളിലേക്കുള്ള യാത്രയിലാണ് ഇടുക്കിയും. തെറ്റിദ്ധരിപ്പിക്കുന്ന ഈ ആശയങ്ങളെ എങ്ങനെ മറികടക്കാൻ കഴിയും
ഉത്തരവാദിത്വപൂർണമായ മാതൃത്വത്തിലേക്കും പിതൃത്വത്തിലേക്കും ദമ്പതികൾ വളർന്നുവരണം. ദമ്പതികൾ കൂടുതൽ ഔദാര്യ മനോഭാവം പുലർത്തേണ്ടതുണ്ട്.
? വിവാഹ മോചനങ്ങളെക്കുറിച്ച് പണ്ട് നഗരങ്ങളിൽ മാത്രമായിരുന്നു കേട്ടിരുന്നത്. ഇപ്പോൾ ഗ്രാമങ്ങളിലേക്കും എത്തിയിരിക്കുന്നു. ഈ പ്രശ്‌നത്തെ എങ്ങനെയാണ് സമീപിക്കേണ്ടത്
പൊരുത്തക്കേടുകൾ ദാമ്പത്യത്തിൽ വർധിച്ചുവരുന്നു. പഴയ കാലത്ത് ഇത്തരം പ്രശ്‌നങ്ങൾ സഹനങ്ങളായി കണ്ട് മുമ്പോട്ടുപോയിരുന്നു. ആശ്രയ മനോഭാവത്തിൽനിന്നും സ്വയം പര്യാപ്തതയിലേക്ക് വ്യക്തികൾ മാറുമ്പോൾ വിട്ടുവീഴ്ചകൾക്ക് പലരും തയാറാകുന്നില്ല. അജപാലന രംഗത്തു പ്രവർത്തിക്കുന്നവർ അടിയന്തിരശ്രദ്ധയോടുകൂടി കുടുംബങ്ങളെ പരിഗണിക്കണം. ഇപ്രകാരമുള്ള കേസുകൾ വർധിച്ചുവരാതെ വിട്ടുവീഴ്ചയിൽ, ക്ഷമയിൽ വളരാനുള്ള പരിശീലനം നൽകണം. വിട്ടുവീഴ്ച ചെയ്യാൻ കുടുംബങ്ങളിൽ കുട്ടികളെ പരിശീലിപ്പിക്കണം. യുവജനങ്ങളുടെ ഇടയിൽ ധ്യാനം, പ്രാർത്ഥനകൾ വഴി വിശുദ്ധരായ ദമ്പതികളായിത്തീരാനുള്ള അവബോധം സൃഷ്ടിക്കേണ്ടതും അടിയന്തിര ആവശ്യമാണ്. വിവാഹ ഒരുക്ക കോഴ്‌സുകൾക്ക് അപ്പുറം തുടർച്ചയായ പരിശീലനം ആവശ്യമാണ്.
? അന്തരീക്ഷ മലിനീകരണം കുറവുള്ള ഇടുക്കി ജില്ലയിൽ കാൻസർ രോഗികളുടെ എണ്ണം കൂടിവരുന്നു. കീടനാശിനികളാണ് രോഗം വിതക്കുന്ന പ്രധാന ഘടകം. എങ്ങനെ ഈ ദുരന്തത്തെ അതിജീവിക്കാൻ കഴിയും
കാർഷിക മേഖലയെ ആത്മീയശുശ്രൂഷ എന്ന രീതിയിൽ ജനങ്ങൾ കാണണം. കാൻസർപോലുള്ള രോഗങ്ങൾ പെരുകാൻ കാരണം കീടനാശിനികളാണ്. ചില കാർഷിക വിളകൾക്ക് കാഠിന്യമുള്ള വിഷങ്ങളാണ് പ്രയോഗിക്കുന്നത്. വെള്ളം, വായു, മണ്ണ് തുടങ്ങിയവയെ മലിനമാക്കുന്നു. അതിനാൽ ബോധവല്ക്കരണം അനിവാര്യമാണ്. ജൈവകൃഷിയിലേക്കും മാറേണ്ടതുണ്ട്. സർക്കാരും വിവിധ ഏജൻസികളും ഈ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ബോധവല്ക്കരണത്തിൽ സഭയും പങ്കുചേരണം.
ജോസഫ് മൈക്കിൾ
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?