Follow Us On

19

March

2024

Tuesday

അന്നും ഇന്നും കൈമുതൽ ദൈവാശ്രയത്വം മാത്രം

അന്നും ഇന്നും കൈമുതൽ  ദൈവാശ്രയത്വം മാത്രം

ഒന്നുമില്ലായ്മയിൽനിന്ന് ഒരു രൂപതയ്ക്കുവേണ്ട ഒട്ടുമിക്ക അജപാലനസംവിധാനങ്ങളും നോർത്ത് അമേരിക്കയിൽ യാഥാർത്ഥ്യമാക്കിയ ബിഷപ് ഡോ. തോമസ് മാർ യൗസേബിയോസ്, പാറശാല രൂപതയുടെ പ്രഥമ ഇടയ ദൗത്യം ഏറ്റെടുക്കുമ്പോൾ അവിടെയും കാത്തിരിക്കുന്നത് അജപാലന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. കത്തീഡ്രൽ ദൈവാലയം ഉണ്ടെന്നതുമാത്രമാകും ഏക വ്യത്യാസം. പക്ഷേ, ആശങ്ക ഇല്ലെന്നുമാത്രമല്ല, വലിയ ആനന്ദമാണ് മനസുനിറയെ. അത് മുഖത്ത് പ്രതിഫലിക്കുന്നുമുണ്ട്. മനുഷ്യദൃഷ്ടിയിൽ പ്രതികൂല സാഹചര്യങ്ങൾ കാത്തിരിപ്പുണ്ടല്ലോ എന്നു ചോദിച്ചാൽ അദ്ദേഹം ആനന്ദത്തിന്റെ രഹസ്യം വെളിപ്പെടുത്തും:
‘നോർത്ത് അമേരിക്കയിലേതിനേക്കാൾ വലിയ വെല്ലുവിളികളാണ് പാറശാലയിൽ കാത്തിരിക്കുന്നത്. അതിനർത്ഥം വലിയ മിഷൻ സാധ്യതകൾ അവിടെ ഉണ്ടെന്നതുതന്നെയാണ്. സുവിശേഷമൂല്യങ്ങൾ പകർന്നുകൊടുക്കുന്ന ഉദ്യമത്തിൽ പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും സ്ഥാനമില്ല. ദൈവാശ്രയബോധത്തോടെ മുന്നോട്ടുപോകുക എന്നതാണ് കരണീയം. ബാക്കിയെല്ലാം ദൈവം നോക്കിക്കൊള്ളും. നോർത്ത് അമേരിക്കയിലേക്ക് പോകുമ്പോഴും ഇപ്പോൾ മാതൃദേശത്തേക്ക് തിരിച്ചുവരുമ്പോളും എന്റെ കൈമുതൽ ദൈവാശ്രയത്വം മാത്രമാണ്.”
നായിക്കംപറമ്പിൽ എൻ.ടി. തോമസ്- ശോശാമ്മ വർഗീസ് ദമ്പതികളുടെ മകനായി പത്തനംതിട്ട മൈലപ്രയിലാണ് ഡോ. തോമസ് മാർ യൗസേബിയോസിന്റെ ജനനം, 1961 ജൂൺ ആറിന്. തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരി, പൂന പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കി 1986 ഡിസംബർ 29-ന് ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു.
കേരള സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും പൂന പേപ്പൽ സെമിനാരിയിൽനിന്ന് ഫിലോസഫിയിലും മാസ്റ്റർ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽനിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി. തിരുവനന്തപുരം മലങ്കര സെമിനാരിയിലും മറ്റു വിവിധ സെമിനാരികളിലും പ്രഫസറായിരുന്ന അദ്ദേഹം തിരുവനന്തപുരം മേജർ അതിരൂപത പ്രിസ് ബെറ്റിറൽ കൗൺസിൽ സെക്രട്ടറി, വൈദികർക്കുവേണ്ടിയുള്ള സിനഡൽ കമ്മീഷൻ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2010 സെപ്റ്റംബർ 21-ന് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായിൽനിന്ന് മെത്രാഭിഷിക്തനായി നോർത്ത് അമേരിക്കൻ എക്‌സാർക്കേറ്റ് അധ്യക്ഷപദവിയേറ്റു (2015 ഡിസംബർ 18-ന് എക്‌സാർക്കേറ്റ് രൂപതയായി ഉയർത്തപ്പെട്ടു). അമേരിക്കൻ കാത്തലിക് ബിഷപ്‌സ് കോൺഫ്രൻസിൽ കുട്ടികളുടെയും യുവജനങ്ങളുടെയും സംരക്ഷണത്തിനായുള്ള കമ്മീഷനിലും ഏഷ്യാ പസഫിക് രാജ്യങ്ങളിലെ പ്രവാസികൾക്കുവേണ്ടിയുള്ള കമ്മീഷനിലും അംഗമായിരുന്നു. ഏഷ്യയിലെ ബിഷപ്പുമാർക്കുവേണ്ടി 1998-ൽ സംഘടിപ്പിച്ച സിനഡിൽ ദൈവശാസ്ത്ര വിദഗ്ധൻ എന്ന നിലയിൽ പങ്കെടുത്തിട്ടുള്ള ഡോ. യൗസേബിയോസ് ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യനാണ്.
? നോർത്ത് അമേരിക്കൻ രൂപതയുടെ പ്രഥമ ബിഷപ്പിൽനിന്ന് പാറശാല രൂപതയുടെ പ്രഥമ ഇടയനിലേക്ക് എത്തുമ്പോൾ
ദൈവം ഭരമേൽപ്പിക്കുന്ന മറ്റൊരു ഉത്തരവാദിത്തമായി പുതിയ നിയോഗത്തെ സ്വീകരിച്ചുകഴിഞ്ഞു. അമേരിക്കൻ രൂപതയുടെ പ്രഥമ ഇടയൻ എന്ന നിലയിൽ ദൈവം എന്നിൽനിന്ന് ആവശ്യപ്പെട്ട ശുശ്രൂഷകൾ എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നുവോ അതേ പ്രാധാന്യത്തോടെ പാറശാല രൂപതയിലെ ശുശ്രൂഷകളെയും മനസിലാക്കുന്നു.
? പുതിയ നിയോഗം വെല്ലുവിളി നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയതോടൊപ്പം വലിയ മിഷൻ സാധ്യതകൾ ഉണ്ടെന്നും പറഞ്ഞിരുന്നു
പുതിയ അജപാലന മേഖല നൽകുന്ന മിഷൻ സാധ്യതകളെ വലിയ സ്‌നേഹത്തോടും ആവേശത്തോടുമാണ് കാണുന്നത്. പാറശാല രൂപതയിലെ മുഴുവൻ വിശ്വാസികളും മലങ്കര കത്തോലിക്കാ സഭയുടെ മിഷൻ ചൈതന്യത്തിന്റെ സത്ഫലങ്ങളാണ്. ഈ വിശ്വാസീ സമൂഹം അടിസ്ഥാനപരമായ പ്രേഷിത ചൈതന്യം ഉൾക്കൊണ്ടിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ സഭയുടെ ഏറ്റവും പ്രധാന കർത്തവ്യമായ മിഷൻ പ്രവർത്തനങ്ങളുടെ ശക്തമായ സാക്ഷ്യം ഈ സമൂഹത്തിന് നൽകാൻ സാധിക്കും എന്നത് പ്രത്യാശയും സന്തോഷവും നൽകുന്നുണ്ട്.
? പുതിയ രൂപതയുടെ സവിശേഷതകൾ, അവിടത്തെ വിശ്വാസികളെക്കുറിച്ച്, സാംസ്‌ക്കാരിക തനിമകളെക്കുറിച്ച്
തിരുവനന്തപുരം മേജർ അതിരൂപതയിലെ കാട്ടാക്കട, പാറശാല, നെയ്യാറ്റിൻകര വൈദികജില്ലകളും തിരുവനന്തപുരം വൈദികജില്ലയിലെ രണ്ട് ഇടവകകളും കൂട്ടിച്ചേർത്താണ് പാറശാല രൂപത സ്ഥാപിതമാകുന്നത്. 103 ഇടവകകളും 31 വൈദിക മന്ദിരങ്ങളും 23 സന്യാസ ഭവനങ്ങളും ഒരുകോളജും 12 എയ്ഡഡ് സ്‌കൂളുകളും 59 മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അഞ്ച് ജീവകാരുണ്യ കേന്ദ്രങ്ങളും പുതിയ രൂപതയിലുണ്ട്. പാറശാല സെന്റ് മേരീസ് ദൈവാലയമായിരിക്കും കത്തീഡ്രൽ. കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയാണ് രൂപതയുടെ മധ്യസ്ഥ.
പാറശാല രൂപതയിലെ വിശ്വാസികൾ പ്രേഷിത ചൈതന്യത്തിലും ദൈവസ്‌നേഹത്തിലും സഭാ സമർപ്പണത്തിലും വളരെ മുമ്പിൽ നിൽക്കുന്നവരാണ് എന്നതാണെന്റെ ബോധ്യം. അതോടൊപ്പംതന്നെ ഈ പ്രദേശത്തിന്റെ ഒരു പ്രധാന വെല്ലുവിളി അതിന്റെ സാമൂഹികവും വിദ്യഭ്യാസപരവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയാണ്. പാറശാലയിൽ അവലംബിക്കേണ്ട അജപാലന ശൈലി, ഈ യാഥാർത്ഥ്യത്തെ തികഞ്ഞ ഗൗരവത്തിൽ ഉൾക്കൊണ്ടുകൊണ്ട് തന്നെയായിരിക്കും
? പുതിയ രൂപതയിൽ പടുത്തുയർത്തേണ്ട അജപാലന സംവിധാനങ്ങൾ, ഏതെല്ലാം മേഖലകൾക്കാവും ആദ്യഘട്ടത്തിൽ മുൻതൂക്കം
ഒരു രൂപതയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെ പാറശാലയിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. വൈദിക പരിശീലനത്തിനും കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും വിശ്വാസ പരിശീലനത്തിനും വിദ്യഭ്യാസ സാധ്യതകൾ വിശിഷ്യാ, തൊഴിലധിഷ്ഠിത വിദ്യഭ്യാസത്തിനും ഒക്കെ ആദ്യഘട്ടത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.
? നോർത്ത് അമേരിക്കൻ മിഷനിലെ അനുഭവങ്ങൾ
പുതിയ ദൗത്യത്തിന് എത്രമാത്രം സഹായകമാകും
സഭാ നേതൃത്വ ശുശ്രൂഷയുടെ ബാലപാഠങ്ങളും അതുൾക്കൊള്ളുന്ന സാധ്യതകളും വെല്ലുവിളികളുമെല്ലാം അഭ്യസിക്കാൻ സാധിച്ചത് നോർത്ത് അമേരിക്കയിലെ ശുശ്രൂഷയിലൂടെയാണ്. വിശ്വാസീസമൂഹവുമായി ലളിതവും ആത്മാർത്ഥതയുള്ളതുമായ വ്യക്തിബന്ധം സ്ഥാപിക്കാനായാൽ സഭാശുശ്രൂഷയിൽ അത് വലിയ മുതൽക്കൂട്ടാകുമെന്നാണ് എന്റെ അനുഭവം. നോർത്ത് അമേരിക്കൻ ശുശ്രൂഷയിൽ ഞാൻ പഠിച്ച പ്രധാനപാഠവും ഇതുതന്നെ.
? നോർത്ത് അമേരിക്കൻ മിഷനിൽനിന്ന് കേരള  മിഷനിലേക്കെത്തുമ്പോൾ ശൈലിയിലും പ്രവർത്തന രീതികളിലും മാറ്റം വരുത്തേണ്ടിവരുമല്ലോ
കഴിഞ്ഞ ഏഴ് വർഷം ഞാൻ ശുശ്രൂഷിച്ച കർമവേദിയിൽനിന്നും കുറെയേറെ വ്യത്യസ്തമായ ഒരു കർമവേദിയിലേക്കാണ് പുതിയ നിയോഗം എന്നെ ക്ഷണിക്കുന്നത്. പുതിയ ശുശ്രൂഷാവേദിയിലെ ജനങ്ങളുടെ ജീവിതശൈലിയുമായുള്ള താദാത്മ്യമാണ് വ്യക്തിപരമായി ഈ നിയോഗം എന്നിൽനിന്ന് പ്രധാനമായി ആവശ്യപ്പെടുന്നത്. അത് ഒരു വെല്ലുവിളിയായി കരുതുന്നില്ല.
? നോർത്ത് അമേരിക്കയിലെ സീറോ മലങ്കര സഭയുടെ വളർച്ചയെക്കുറിച്ച്
ദൈവത്തിന്റെ അനന്ത പരിപാലനയിൽ ആശ്രയിച്ച് ഇവിടത്തെ വിശ്വാസികളും സന്യസ്തരും വൈദികരും കൂട്ടായി നടത്തിയ സമർപ്പണത്തിലൂടെയാണ് ഇവിടെ ഒരു രൂപതാ സംവിധാനവും രൂപതയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്വന്തമാക്കാൻ സാധിച്ചത്. കത്തീഡ്രൽ, അരമന, ചാൻസറി, എന്നിവയ്‌ക്കൊപ്പം മിക്കവാറും എല്ലാ ഇടവകകൾക്കും സ്വന്തമായി ദൈവാലയവും യാഥാർത്ഥ്യമായി. ഇവിടെ ജനിച്ച് വളർന്ന രണ്ടു പേർ വൈദികരായി, ഒരാൾ സന്യാസിനിയും. എടുത്തുപറയേണ്ട നേട്ടമാണത്. അതുപോലെതന്നെ, മിക്കവാറും ആരാധനാക്രമ പുസ്തകങ്ങളുടെ പരിഭാഷ പൂർത്തീകരിക്കാനുമായി. ദൈവം ഭരപ്പെടുത്തിയ ശുശ്രൂഷകൾ ദൈവാശ്രയബോധത്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തി എനിക്കുണ്ട്.
? നോർത്ത് അമേരിക്കൻ രൂപതയുടെ വളർച്ചയിൽ നിർണായകമായ നേട്ടങ്ങൾ
വിശ്വാസ സമർപ്പണവും സവിശേഷമായ സഭാ സ്‌നേഹവും ആഴമായ കൂട്ടായ്മാ അനുഭവം ഉള്ളതുമായ ഒരു സഭാസമൂഹം ഇവിടെ രൂപപ്പെട്ടു. ഇടവകകളുടെയും മിഷനുകളുടെയും എണ്ണത്തിലുള്ള വളർച്ച ഇതിന്റെ ഫലമാണ്.
? നോർത്ത് അമേരിക്കയിലെ സഭാ വളർച്ചയ്ക്കായി ആവിഷ്‌ക്കരിക്കണമെന്ന് അങ്ങ് ആഗ്രഹിച്ചിരുന്ന മറ്റ് പദ്ധതികൾ
ചില മിഷൻ മുന്നേറ്റങ്ങൾ, അവശേഷിക്കുന്ന ഏതാനും ആരാധനാക്രമ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ, ഒരു വിശ്വാസ പരിശീലന കേന്ദ്രം ഇവയൊക്കെ സഫലമാകാതെ പോയ പദ്ധതികളാണ്.
? നോർത്ത് അമേരിക്കയിലെ ഇതര സഭാ വിഭാഗങ്ങൾ നൽകുന്ന പരിഗണന
നോർത്ത് അമേരിക്കയിലെ ലത്തീൻ രൂപതകളും ബിഷപ്പുമാരും നൽകികൊണ്ടിരിക്കുന്ന സഹായവും സഹകരണവും നിസ്തുലമാണ്. സീറോ മലബാർ രൂപതയുമായുള്ള ഊഷ്മള ബന്ധം ഈ രൂപതയുടെ പ്രയാണത്തിൽ പ്രചോദനമാണ്.
? ഏഴ് വർഷങ്ങൾക്കിടയിൽ കേരളത്തിലെ വിശ്വാസീസമൂഹത്തിൽ വന്നിരിക്കുന്ന മാറ്റങ്ങളെ എപ്രകാരം വിലയിരുത്തുന്നു
ഏഴ് വർഷവും അമേരിക്കയിലെ ശുശ്രൂഷയിൽമാത്രം വ്യാപൃതനായതിനാൽ മാറ്റങ്ങളെ വിലയിരുത്താൻ മാത്രം നാടുമായി അത്ര ബന്ധം പുലർത്താൻ സാധിച്ചിട്ടില്ല. എങ്കിലും ആധുനിക സമൂഹത്തെ പൊതുവെ ബാധിച്ചിരിക്കുന്ന ഭൗതികത, തൻപോരിമ മുതലായ തിന്മകൾ ഈ പ്രദേശത്തെ സാരമായി ബാധിച്ചിട്ടില്ല എന്നാണ് എന്റെ വിലയിരുത്തൽ.
? പുതിയ ഇടയനെ സ്വീകരിക്കാൻ തയാറെടുക്കുന്ന നോർത്ത് അമേരിക്കയിലെ സഭാംഗങ്ങൾക്കും പുതിയ അജഗണമായ പാറശാലയിലെ ജനങ്ങൾക്കുമുള്ള സന്ദേശം
കുടുംബ ബന്ധങ്ങളെ പാവനമായി സംരക്ഷിക്കുന്നതിനും യുവജനങ്ങളെയും കുട്ടികളെയും സഭോന്മുഖരായി വളർത്തുന്നതിനും ദൈവവിളി വളരാൻ പക്വമായ കുടുംബാന്തരീക്ഷം സംജാതമാക്കുന്നതിനും അമേരിക്കയിലെ സഭ കൂടുതൽ ശ്രദ്ധിക്കണം. സമഗ്രമായ ജീവിത മുന്നേറ്റത്തിന് ആവശ്യമായ കാര്യങ്ങൾക്കുവേണ്ടി യത്‌നിക്കുന്നതിനും സുവിശേഷ മൂല്യങ്ങളിൽനിന്ന് ഉയിർകൊള്ളുന്ന ജീവിതക്രമീകരണങ്ങൾക്കുള്ള സന്നദ്ധത നേടുന്നതിനുമുള്ള പ്രയത്‌നങ്ങൾ പാറശാലയിൽ രൂപപ്പെടണം.
? മലയാളികളുടെ വിശിഷ്യാ, അമേരിക്കയിലെ മലയാളികളുടെ ആത്മീയ വളർച്ചയിൽ ശാലോം ശുശ്രൂഷകൾ വഹിക്കുന്ന പങ്കിനെക്കുറിച്ച്
കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ എല്ലാ നല്ല വശങ്ങളെയും സീറോ മലങ്കര സഭ താൽപ്പര്യത്തോടും ശ്രദ്ധയോടും കൂടെ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, പ്രോത്സാഹിപ്പിക്കുകയുംചെയ്യും. അമേരിക്കയിലെ മലയാളികളുടെ ആത്മീയ വളർച്ചയ്ക്ക് ശാലോം ശുശ്രൂഷ വലിയ പിൻബലമാണ് നൽകിക്കൊണ്ടിരിക്കുന്നത്. നിരവധിപേർ ശാലോം ശുശ്രൂഷയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്നുമുണ്ട്. ശാലോമിന്റെ ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമ ശുശ്രൂഷകളിലൂടെ കൂടുതൽ ദൈവോന്മുഖരായി ജീവിക്കാൻ സാധിച്ചിട്ടുള്ളവരുടെ സാക്ഷ്യങ്ങൾ നിരവധിയാണ്.
? പാശ്ചാത്യ നാടുകളിലെ സഭ നേരിടുന്ന വിശ്വാസ പ്രതിസന്ധി കേരളത്തിൽ സംഭവിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ
കുടുംബബന്ധങ്ങളുടെ പരിപാവനതയ്ക്കും കുടുംബത്തിലെ ആധ്യാത്മികതയ്ക്കും മുൻതൂക്കം കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാന മുൻകരുതൽ. കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മീയ പരിശീലനത്തെ കൂടുതൽ ജാഗ്രതയോടെ സമീപിക്കുകയും വേണം.
ആന്റണി ജോസഫ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?