Follow Us On

29

March

2024

Friday

അപ്പമായും സാന്നിധ്യമായും കൂടെ വസിക്കുന്ന ദൈവം

അപ്പമായും സാന്നിധ്യമായും കൂടെ വസിക്കുന്ന ദൈവം

വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട ചില ചിന്തകളിലൂടെ കടന്നുപോകാൻ വായക്കാരെ ക്ഷണിക്കട്ടെ.
ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ യേശു നമുക്ക് അപ്പമായി മാറുന്നു. സക്രാരിയിൽ വസിച്ചുകൊണ്ട് അവിടുന്ന് നമ്മുടെകൂടെ വസിക്കുന്നു. വിശുദ്ധബലിയിൽ യേശുവിന്റെ സജീവ സാന്നിധ്യം ഉണ്ട്. സക്രാരിയിലും യേശുവിന്റെ സജീവ സാന്നിധ്യം ഉണ്ട്.
ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ യേശു അപ്പമായി മാറുന്നു. നിരന്തരം ദിവ്യകാരുണ്യത്തിൽ വസിച്ചുകൊണ്ട് യേശു സാന്നിധ്യമായും മാറുന്നു. ദിവ്യബലിയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ച് യേശുവിനെ അപ്പമായി സ്വീകരിക്കാം. ദൈവാലയത്തിലും ആരാധനചാപ്പലിലും വസിക്കുന്ന യേശുവിന്റെ അടുത്ത് ചെന്ന് ദൈവസാന്നിധ്യവും അനുഭവിക്കാം.
നിത്യേന ദിവ്യബലിയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കുന്ന പതിവുള്ള ധാരാളം പേരുണ്ട്. അവർ ആ പതിവ് മുടക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. പലരും രാവിലെ കഷ്ടപ്പെട്ടാണ് ദൈവാലയത്തിലെത്തുന്നത്. എന്തിനാണ് സമയമില്ലാത്തിടത്ത് ഇത്ര കഷ്ടപ്പെട്ട് വരുന്നത്? ദിവ്യബലിയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ച് പ്രാർത്ഥിക്കുമ്പോൾ കിട്ടുന്ന മനഃസമാധാനം അത് അനുഭവിക്കാനാണ് അവർ വരുന്നത്.
പക്ഷേ ഇങ്ങനെ ചെയ്യുന്നവർക്ക് ഇതിനെക്കാൾ വലിയ അനുഗ്രഹങ്ങളാണ് ആത്മീയമായും ഭൗതികമായും ദൈവം നൽകുന്നത്. അവയിൽ ഏറ്റവും വലിയ അനുഗ്രഹം സ്വർഗരാജ്യമാണ്. കാരണം യോഗ്യതയോടുകൂടി വിശുദ്ധ കുർബാന സ്വീകരിക്കുന്ന ആരും നശിച്ചുപോവുകയില്ല. യോഗ്യതയോടുകൂടി വിശുദ്ധ കുർബാന സ്വീകരിക്കുന്ന എല്ലാവരും ശുദ്ധീകരണസ്ഥലം വഴിയോ നേരിട്ടോ സ്വർഗത്തിൽ പോകാൻ യോഗ്യതയുള്ളവർ ആണ്. ദിവസവും ബലിയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കണം എന്ന് നിർബന്ധമുള്ളവർ അതിന് യോഗ്യത കിട്ടാനായി ഇടയ്ക്കിടയ്ക്ക് കുമ്പസാരിച്ച് പാപമോചനം നേടുന്നു. അതിനാൽ അവർ ഒരിക്കലും നരകത്തിൽ പോവുകയില്ല. ദിവ്യബലിയും ദിവ്യകാരുണ്യ സ്വീകരണവും ഇല്ലായിരുന്നെങ്കിൽ ഭൂരിപക്ഷംപേരും ഇത്ര കുറഞ്ഞ ഇടവേളകളിൽ കുമ്പസാരിച്ച് പാപമോചനം നേടുകയില്ലായിരുന്നു. മറ്റ് കുറെപ്പേർ ക്രിസ്മസിനും വലിയ ആഴ്ചയിലും ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടല്ലേ ക്രിസ്മസ് കാലത്തും വലിയ ആഴ്ചയിലും കുമ്പസാരിക്കുന്നത്. അതുകൊണ്ട് ഇത് ഭക്ഷിക്കുന്നവർ മരിക്കുകയില്ല; അവർ എന്നേക്കും ജീവിക്കും എന്ന് യേശു പറഞ്ഞത് ശരിയാണ്. മരിക്കാറായ നിരവധി രോഗികൾ മരണസമയം അടുത്തെന്ന് തോന്നുമ്പോൾ ദിവ്യകാരുണ്യം സ്വീകരിക്കുന്നു. അതിന് ഒരുക്കമായി കുമ്പസാരിക്കുന്നു. അവിടെയും ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന ആഗ്രഹമാണ് അവരെ കുമ്പസാരത്തിന് പ്രേരിപ്പിക്കുന്നത്.
ഈ അപ്പം ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കുമെന്ന് യേശു വാഗ്ദാനം നൽകിയിട്ടുണ്ടല്ലോ. ദിവ്യകാരുണ്യം എന്ന അപ്പം യോഗ്യതയോടെ എന്നും സ്വീകരിക്കുന്നവർക്ക് മനഃസമാധാനമുണ്ട്; സ്വർഗീയമായ സന്തോഷം ഉണ്ട്; അവസാനം അവർ സ്വർഗരാജ്യം അവകാശമാക്കുകയും ചെയ്യും.
അപ്പമാകാൻ വേണ്ടി മാത്രമല്ല, സാന്നിധ്യം ആകാനും കൂടിയാണ് യേശു അപ്പമായി മാറുന്നത്. എല്ലാ കത്തോലിക്കാ ദൈവാലയങ്ങളിലും യേശു സാന്നിധ്യമായി വസിക്കുന്നുണ്ട്. ലോകത്ത് അനേകം സ്ഥലങ്ങളിൽ സ്ഥിരം ആരാധന നടക്കുന്ന സ്ഥലങ്ങളുണ്ട്. കേരളത്തിൽ ധാരാളം നിത്യാരാധനാ ചാപ്പലുകളുണ്ട്. അമേരിക്കയിൽ ഏഴായിരത്തോളം പള്ളികളിൽ നിത്യാരാധന ഉണ്ട്.
വിശുദ്ധ കുർബാന എഴുന്നള്ളിച്ചു വച്ചിട്ടില്ലാത്ത ദൈവാലയങ്ങളിൽ ആളുകൾ ഒറ്റയ്ക്ക് പോയിരുന്ന് പ്രാർത്ഥിക്കുന്നത് കാണാം. ഒട്ടുമിക്ക ആരാധനാ ചാപ്പലുകളിലും എപ്പോൾ നോക്കിയാലും ധാരാളം ആളുകൾ ഇരുന്ന് പ്രാർത്ഥിക്കുന്നത് കാണാം. എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ പ്രാർത്ഥിക്കുന്നത്. ഉത്തരം ഇതാണ്: അവിടെ യേശു ഉണ്ട്. യേശുവിന്റെ അടുത്ത് ഇരുന്നാൽ ശാന്തതയുണ്ട്, ദുഃഖങ്ങൾക്ക് കുറവുണ്ട്, ദൈവഹിതം മനസിലാക്കുവാൻ എളുപ്പമുണ്ട്. അങ്ങനെ പല ഗുണങ്ങൾ. രാത്രികാലത്ത് ദൈവാലയത്തിൽ പോയി അൾത്താരക്കും സക്രാരിക്കും ഇടയ്ക്കുള്ള സ്ഥലത്ത് ഇരുന്നും മുട്ടുകുത്തിയുമെല്ലാം അനേക മണിക്കൂറുകൾ ഇതെല്ലാം അനുഭവിച്ചുകൊണ്ട് ഞാൻ ചെലവഴിച്ചത് ഓർക്കുകയാണ്. കൂടെ മറ്റാരും ഇല്ലാതിനാൽ, വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് തനിച്ച് മണിക്കൂറുകൾ പ്രാർത്ഥിച്ചിരിക്കുന്ന അനുഭവവും പറയട്ടെ. അങ്ങനെ ഇരിക്കാൻ കഴിയണമെങ്കിൽ അവിടെ യേശുവിന്റെ സാന്നിധ്യം ഉണ്ടാകാതെ തരമില്ല. വിശുദ്ധ കുർബാനയുടെ മുമ്പിൽ മുട്ടുകുത്തിനിന്ന് വിദൂരസ്ഥലങ്ങളിലുള്ള ആളുകൾക്കും അവരുടെ ആവശ്യങ്ങൾക്കും വേണ്ടി ഫോണിൽക്കൂടി പ്രാർത്ഥിക്കുമ്പോൾപോലും ദൈവം ഇടപെട്ട് അത്ഭുതങ്ങൾ ചെയ്യുന്ന അനുഭവങ്ങളുണ്ട്.
കരിസ്മാറ്റിക് ധ്യാനം, കൺവൻഷൻ എന്നിവ നടക്കുന്നിടത്ത് വലിയ അത്ഭുതങ്ങൾ സംഭവിക്കാറുണ്ടല്ലോ. അതിന്റെ പ്രധാന കാരണം, വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് നടത്തുന്ന ആരാധനയും മധ്യസ്ഥപ്രാർത്ഥനയുമാണ്. വിശുദ്ധ കുർബാനയുടെ മുമ്പിൽ എത്രയധികം വിശ്വസിച്ചും കരഞ്ഞും പ്രാർത്ഥിക്കുന്നുവോ അത്രയധികമാണ് അവിടെ നടക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും മാനസാന്തരങ്ങളുമെല്ലാം.
അതെ, സാന്നിധ്യം ആകാനുംകൂടിയാണ് യേശു അപ്പമായിത്തീർന്നിരിക്കുന്നത്. വിശുദ്ധ കുർബാനയെപ്പറ്റിയുള്ള ഒരുപാട് ദൈവശാസ്ത്ര ഉദ്ധരണികൾ കാണാതെ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും ഗുണം കിട്ടും, വലിയ ദൈവശാസ്ത്രമൊന്നും അറിയില്ലെങ്കിലും കുർബാനയിൽ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ദൈവസന്നിധിയിൽ സമയം ചെലവഴിക്കുകയും ചെയ്താൽ. ഈ കാലഘട്ടത്തിൽ രാവിലെ കുർബാനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ദിവ്യകാരുണ്യം എന്നും സ്വീകരിക്കുന്നവരുടെ എണ്ണം കൂടുകയാണ്, ദൈവാലയത്തിലും ആരാധനാചാപ്പലുകളിലും പോയിരുന്ന് പ്രാർത്ഥിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കാരണം ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ അവർക്ക് ആത്മീയവും ഭൗതികവുമായ നന്മകൾ ഉണ്ടാകുന്നതായി അവർക്ക് ബോധ്യപ്പെടുന്നു.
വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ സ്വീകരണവും ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്ന സ്ഥിതിയും നിത്യജീവിതത്തിന്റെ ഭാഗമാകട്ടെ! അത് അവർക്ക് ഗുണകരമായി എന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തും.
ഫാ. ജോസഫ് വയലിൽ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?