Follow Us On

28

March

2024

Thursday

അമ്മ പറഞ്ഞു കൊടുത്ത പ്രാർത്ഥന

അമ്മ പറഞ്ഞു കൊടുത്ത പ്രാർത്ഥന

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര -2
1208-ൽ സ്‌പെയിനിൽ അൽബജനേഷ്യൻ രഹസ്യങ്ങളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടുള്ള ജപമാല പ്രാർത്ഥനയും വേണമെന്ന് മാതാവ് പ്രത്യക്ഷപ്പെട്ടു പറഞ്ഞു. അമ്മ പറഞ്ഞുകൊടുത്ത പ്രാർത്ഥന അത്ഭുതകരമായ ഫലമുണ്ടാക്കി. 1218-ൽ കാരുണ്യമാതാവായും, 1233-ൽ വ്യാകുലമാതാവായും അമ്മ പ്രത്യക്ഷപ്പെട്ടു.
1251-ലാണ് കർമ്മലസഭയുടെ ജനറാളായിരുന്ന വി.സൈമൺ സ്റ്റോക്കിന് അമ്മ പ്രത്യക്ഷപ്പെട്ടതും ഉത്തരീയ ഭക്തി പറഞ്ഞുകൊടുത്തതും. വിശ്വാസത്തോടെ ഉത്തരീയം ധരിക്കുന്നവർ ക്കു സംരക്ഷണം ലഭിക്കുമെന്ന് അമ്മ വാഗ്ദാ നം ചെയ്തു. 1347-ൽ സിയെന്നായിലെ വി. കത്രീനയ്ക്കും 1382-ൽ പോളണ്ടിൽ ബ്ലാക്ക് മഡോണയായും അമ്മ പ്രത്യക്ഷപ്പെട്ടു. മെക്‌സിക്കോയിലെ ഗ്വാഡലുപ്പേയിൽ 1531-ൽ ജോൺ ഡീഗോ എന്ന ആദിവാസിക്കു പ്രത്യക്ഷപ്പെട്ടതാണ് അടുത്ത പ്രധാന സംഭവം.
അവിടെയും ഒരു ദേവാലയം നിർമ്മിക്കണമെന്നായിരുന്നു നിർദ്ദേശം. ജോൺഡിഗോക്കു പ്രത്യക്ഷപ്പെട്ട അമ്മ ആദിവാസികൾക്കു സഭയോടുണ്ടായിരുന്ന എല്ലാ വെറുപ്പുംഇല്ലാതാക്കി. പതിനായിരങ്ങളാണ് കത്തോലിക്കരായത്. 1536-ൽ ഇറ്റലിയിൽ അന്റോണിയോ എന്ന വിശ്വാസിക്കു പ്രത്യക്ഷയായി അമ്മ. കരുണയുടെ മാതാവായി അവൾ അറിപ്പെടുന്നു. 1612-ൽ ഇന്ത്യയിലെ വേളാങ്കണ്ണിയിൽ അമ്മ പ്രത്യക്ഷപ്പെട്ടു.
കടലിൽ വഴിതെറ്റി അലഞ്ഞ നാവികർക്കും വേ ളാങ്കണ്ണിയിൽ പാലു വാങ്ങാൻ പോയ പാവം കുട്ടിക്കും അവൾ സഹായിയായി. ജീവിതയാത്രയിൽ കഷ്ടപ്പെടുന്നവരുടെ സഹായിയായ അമ്മ, കാനായിലെ ഇടപെടലിന്റെ പുത്തൻ ഭാവങ്ങൾ. 1664-ൽ ഫ്രാൻസിലെ ലാവൂസിൽ അമ്മ പ്രത്യക്ഷപ്പെട്ടു. ബനഡിക്ട് റെൻകുറൽ എന്ന യുവതിക്കാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. പാപികളുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുവാനായിരുന്നു ഉപദേശം. 1798-ൽ വിയറ്റ്‌നാമിലെ ലെവാംഗിൽ അമ്മ പ്രത്യക്ഷപ്പെട്ടു. അധികാരത്തിനുവേണ്ടി കടുത്ത പോരാട്ടം നടക്കുകയാണവിടെ.
കത്തോലിക്കാസഭ ഭീകരമായി പീഡിപ്പിക്കപ്പെട്ടു. അവിടെ ഒരു പറ്റം സാധാരണക്കാർക്ക് അമ്മ പ്രത്യക്ഷപ്പെട്ടു. ആശ്വാസവുമായി. അമ്മ പ്രത്യക്ഷപ്പെട്ടിടം രോഗശാന്തി കേന്ദ്രമായി. 1830 ജൂലൈ 18-ന് ഫ്രാൻസിലെ ലബോറെയിൽ കത്രീനയ്ക്കു പ്രത്യക്ഷപ്പെട്ട അമ്മ അവൾക്ക് അത്ഭുത കാശുരൂപത്തെക്കുറിച്ച് പറഞ്ഞുകൊടുത്തു. പൈശാചിക ശക്തികളിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള സഹായമാണ് ഈ കാശുരൂപം നൽകപ്പെട്ടത്. കാശുരൂപത്തിന്റെ ഒരു വശത്ത് ഈശോയുടെയും മറുവശത്ത് മാതാവിന്റെയും ഹൃദയചിത്രങ്ങളാണുള്ളത്. ഈശോയുടെ ഹൃദയത്തിന് ചുറ്റും മുൾമുടിയും അമ്മയുടെ ഹൃദയത്തിൽ വാളും ഉണ്ട്. 1836-ൽ പാരീസിൽ ഫാ.ജനിറ്റസിനും 1840-ൽ ഫ്രാൻസിലെ ബ്ലാംഗറിയിൽ സിസ്റ്റർ ജസ്റ്റിൻ ബിസ്‌ക്വബെറുവിനും 1846-ൽ ലാസലെറ്റിലും അമ്മ പ്രത്യക്ഷപ്പെട്ടു.
ലാസലെറ്റിൽ തെരുവിൽ ഭിക്ഷാടകനായിരുന്ന മെലാനിക്കും നിരക്ഷരനായിരുന്ന മാക്‌സിമിനുമാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. പാപത്തിന്റെ വഴികളിൽ നിന്നും പിന്മാറാനായിരുന്നു അമ്മയുടെ ഉപദേശം. യേശുവിന്റെ ഉപദേശങ്ങൾക്കനുസരിച്ച് മാനസാന്തരം ഉണ്ടാകുന്നില്ലെങ്കിൽ ഭീകരമായ ദുരന്തങ്ങൾ ഉണ്ടാകാനിരിക്കുന്നു എന്നും അമ്മ പറഞ്ഞു. മനുഷ്യകുലത്തെ ഓർത്തു കരയുന്ന അമ്മയായാണ് പ്രത്യക്ഷപ്പെട്ടത്. സ്വർണ്ണകുരിശ് കഴുത്തിൽ ധരിച്ചാണ് അമ്മ കാണപ്പെട്ടത്. ലാസലെറ്റിലെ പ്രത്യക്ഷപ്പെടലിന് വൻപ്രചാരണം ലഭിച്ചു.
1858-ൽ ഫ്രാൻസിലെ ലൂർദ്ദിൽ അമ്മ പ്രത്യക്ഷപ്പെട്ടത് ഞാൻ അമലോത്ഭയാണെന്ന വെളിപ്പെടുത്തലോടെയായിരുന്നു. ബർണർദീത്ത എന്ന ഗ്രാമീണയുവതിക്കാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. പാപികളുടെ മാനസന്തരത്തിന് വേണ്ടി ഒരു പ്രാർത്ഥനയും അമ്മ പഠിപ്പിച്ചു. ലൂർദ്ദിലെ അത്ഭുത ഉറവയും രോഗശാന്തി പ്രാർത്ഥനകളും ഇന്നും പതിനായിരങ്ങൾക്ക് സൗഖ്യം പകരുന്നു. കാനഡായിലെ ക്യൂബക്കിനു സമീപമുള്ള ക്യാപ് ഡെ ലാ മാഡ്‌ലെനിൽ ഗ്രാമത്തിൽ 1864-ൽ അമ്മ പ്രത്യക്ഷപ്പെട്ടു.
കാനഡക്കാർ ഇവിടുത്തെ മാതാവിനെ വിളിക്കുന്നത് കേപ്പിലെ അമ്മ, ജപമാലയുടെ രാജ്ഞി എന്നാണ്. അമേരിക്കയിലെ ഫ്രഞ്ച് കത്തോലിക്കരുടെ കേന്ദ്രമായിരുന്നു ഇവിടം. ലൂക്ക് ഡസിലെറ്റസ് എന്ന വൈദികനാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. ജപമാല ഭക്തി പ്രചരിപ്പിക്കുവാനായിരുന്നു ഈ ദർശനം 1871-ൽ ജർമ്മനിയിലെ ബിസ്മാർക്കിന്റെ ആക്രമണത്തിൽ ഫ്രാൻസ് നട്ടം തിരിയുകയായിരുന്നു. ഫ്രാൻസിലെ കത്തോലിക്കർക്കു ആശ്വാസവുമായി അമ്മ പലയിടത്തും പ്രത്യക്ഷപ്പെട്ടു. ലാവൽ രൂപതയിലെ പോൺടമെയ്‌നിൽ മോൺ.ബാർബഡെറ്റിന്റെ സഹായിയായ യൂജിന് അമ്മ പ്രത്യക്ഷപ്പെട്ടു. 1876-ൽ ഫ്രാൻസിലെ പെല്ലോവിഷനിൽ എസ്റ്റൽ ഫാക്ഷയൂജിൻ എന്ന ഭക്തന് അമ്മ പ്രത്യക്ഷപ്പെട്ടു.
1877-ൽ പോളണ്ടിലെ ഗൈറ്റസ്വാൾഡ്, 1878-ൽ ഇറ്റലിയിലെ കൊറാറ്റോയിൽ ലൂയീസ്സാ പിക്കറാത്താ, 1879-ൽ ഐർലൻഡിലെ നോക്കിൽ മാർഗ്ഗരറ്റ ബർണിക്കും മറ്റ് 12 പേർക്കും 1884-ൽ ലിയോ പതിമൂന്നാമൻ പാപ്പയ്ക്കും അമ്മ പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിൽ അമ്മയുടെ പ്രത്യക്ഷപ്പെടലുകളുടെ ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1904-ൽ പോളണ്ടിലെ മാക്‌സ് മില്യൻ കോൾബെക്കും 1916 മുതൽ 53 വരെ മരിയ വാൾത്തോർത്തയ്ക്കും അമ്മ പ്രത്യക്ഷപ്പെട്ടെന്ന് വിശ്വസിക്കപ്പെടുന്നു. 1917-ൽ ഫാത്തിമായിൽ ലൂസിക്കും ജസീന്തയ്ക്കും ഫ്രാൻസീസിനും അമ്മ പ്രത്യക്ഷപ്പെട്ടു.
പാപികളുടെ മാനസന്തരം കമ്യൂണിസത്തിന്റെ മാനസാന്തരം എന്നിവയ്ക്കുവേണ്ടി പ്രാർത്ഥിക്കുവാനും ഉപവസിക്കുവാനുമാണ് ഫാത്തിമായിൽ അമ്മ ഉപദേശിച്ചത്. 1918ൽ ഇറ്റലിയിലെ സാൻജിയോവാനിയിൽ പാദ്രേ പിയേയ്ക്കും 1920-ൽ കാനഡയിൽ ക്യൂബക്കിൽ എമ്മാ ബ്ലാഞ്ചേ ക്യുറോട്ടിനും 1922-ൽ ക്യാനഡായിലെ മോൺട്രിയോലിൽ ജോർജറ്റ്, ഫിനോൾ എന്നിവർക്കും 1925-ൽ സ്‌പെയിനിലെ തൂയിയിൽ സിസ്റ്റർ ലൂസിക്കും 1930 ബ്രസിലിലെ സാവോ പോളോയിൽ സിസ്റ്റർ അമിലിയഡേക്കും 1932-ൽ ബൽജിയത്തിലെ ബോയ്രംഗിൽ മരിയര ബക്കോയ്ക്കും 1937-ൽ പോളണ്ടിൽ വി.ഫൗസ്റ്റിനയ്ക്കും 1945-ൽ ആംസ്റ്റർഡാമിൽ ഈഡ പെർഡെമാനും അമ്മ പ്രത്യക്ഷപ്പെട്ടു. ഈഡയ്ക്കു പ്രത്യക്ഷപ്പെട്ട അമ്മ അഞ്ചാമത്തെയും അവസാനത്തേതുമായ മരിയൻ വിശ്വാസസത്യം പ്രഖ്യാപിക്കപ്പെടണമെന്ന ദൈവഹിതം വെളിപ്പെടുത്തി.
ഒരു മെയ് 31-ന് അത് സംഭവിക്കുമെന്നും അമ്മ പറഞ്ഞു. സഹരക്ഷക എന്നതാണ് ആ വിശ്വാസസത്യം. ലോകത്തിലെ യുദ്ധങ്ങളും ദുരന്തങ്ങളും ധാർമ്മിക അധഃപതനവും ഇല്ലാതാകുന്നതിന് പരിശുദ്ധാത്മാവിന്റെ വരവിനുവേണ്ടി പ്രാർത്ഥിക്കുവാൻ ഉപദേശിക്കുകയും അതിനായി ഒരു പ്രാർത്ഥന പഠിപ്പിക്കുകയും ചെയ്തു. 1947-ൽ മോൺടിച്ചാരിയിൽ പെരിനഗില്ലിക്കു പ്രത്യക്ഷപ്പെട്ട അമ്മ താൻ മൗതികറോസാപ്പുഷ്പമാണെന്ന് വെളിപ്പെടുത്തി. പ്രാർത്ഥന, ഉപവാസം, പരിത്യാഗപ്രവർത്തികൾ എന്നിവയ്ക്കു ഉപദേശിച്ചു.
1947-ൽ തന്നെ റോമിലെ ഫോൺടാനിയായിലും 1948-ൽ ഇറ്റലിയിലും ട്രിയെസ്റ്റേയിലും 1950 മുതൽ 75 വരെ അമേരിക്കയിലെ വിൻകോൻസിനിലും അമ്മ പ്രത്യക്ഷപ്പെട്ടു. 1953-ൽ പോർട്ടോറിക്കോയിലും 54-ൽ ഓഹയോയിലും ഐർലൻഡിലും ഉക്രെയിനിലും അമ്മ പ്രത്യക്ഷപ്പെട്ടു. 1960-ൽ പതിനൊന്നിടത്ത് അമ്മ പ്രത്യക്ഷപ്പെട്ടു.
അതിൽ 1961-ൽ സ്‌പെയിനിലെ ഗാരബന്ദാളിലും 1968-ൽ ഈജിപ്തിലെ സൈറ്റുമിലും 1969-ൽ ജപ്പാനിലെ അക്കിത്തോയിലും അമ്മ പ്രത്യക്ഷപ്പെട്ട സംഭവങ്ങൾ ഏറെ പ്രചാരം നേടി. ഈജിപ്തിലെ പ്രത്യക്ഷപ്പെടൽ കണ്ടവരിൽ അന്നത്തെ പ്രസിഡന്റ് നാസ്സർ വരെ ഉണ്ടായിരുന്നു. ടെലിവിഷനിലും ഇതു കാണിക്കപ്പെട്ടു. പാപത്തിന്റെ ഫലമായി ലോകത്ത് വൻ ദുരന്തങ്ങൾ ഉണ്ടാകാനിരിക്കുന്നു എന്നായിരുന്നു പലയിടത്തും ലഭിച്ച മുന്നറിയിപ്പ്. 1970 കളിൽ പത്തിടത്ത് മാതാവ് പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.
1972-ൽ സ്റ്റെഫാനോ ഗോബി, 1976-ൽ വെനെന്ഗസ്വലായിലെ മരിയ എസ്പിരാൻസ, 1978-ൽ ചൈനയിലെ ചിയാങ്‌സീ എന്നിവർക്കു ലഭിച്ച ദർശനങ്ങൾ ലോകശ്രദ്ധയിലായിട്ടുണ്ട്. 1980 കളിൽ 48 ഇടത്ത് മാതാവ് പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. 1980-ൽ നിക്കരഗ്വായിലെ ക്വാപ്പയിൽ, 1981 മുതൽ മജ്ജുഗോറിയിൽ, 1982-ൽ സിറിയയിലെ ഡമാസ്‌ക്കസിൽ, 1985-ൽ കൊറിയയിലെ നാജുമിൽ ജൂലിയാകിമ്മിന്, ഒക്കെയുള്ള പ്രത്യക്ഷപ്പെടലുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്കു 1981-ൽ അമ്മ പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. 1990 മുതൽ ഓരോ വർഷവും അഞ്ചും പത്തും സ്ഥലങ്ങളിൽ അമ്മ പ്രത്യക്ഷപ്പെടുന്നതായി വാർത്തയുണ്ട്. വിനിമയബന്ധങ്ങൾ വർദ്ധിച്ചതോടെ ഇവയ്‌ക്കെല്ലാം പ്രചാരവും കിട്ടുന്നു.
അമ്മ വരുന്നത് പുത്തൻ സുവിശേഷവുമായല്ല. യേശു പഠിപ്പിച്ചവ ഓർമ്മിപ്പിക്കാനാണ്. അനുതാപത്തിലേക്കും വിശ്വാസത്തിലേക്കും വളരാനാകുന്നവർക്ക് അമ്മ പാപമോചനവും സൗഖ്യവും വാങ്ങിച്ചു നൽകുന്നു. പാപം വർദ്ധിക്കുകയും പാപം ചെയ്യുന്നത് മഹത്വമായി കരുതുകയും ചെയ്യുന്ന സമൂഹത്തോട് അരുതേ എന്നു പറയാനാണ് അമ്മ വരുന്നത്. അമ്മയുടെ ഉപദേശങ്ങൾ സ്വീകരിക്കുവാനയവർക്കെല്ലാം യേശുവിന്റെ രക്ഷാകര ഇടപെടൽ അനുഭവവേദ്യമാക്കുന്നുണ്ട് പരി.അമ്മ നൽകുന്ന മുന്നറിയിപ്പുകൾ – ഫാത്തിമായിൽ നൽകിയതും റുവാൻഡയിൽ പറഞ്ഞതും എല്ലാം അക്ഷരശ്ശ നിറവേറപ്പെടുകയാണെന്ന് സമകാലിന ചരിത്രം നമുക്ക് സാക്ഷ്യം നൽകുന്നു. ദൈവ-മനുഷ്യ ബന്ധത്തിൽ അനുരഞ്ജനം ഉണ്ടാകണം. മനുഷ്യൻ ദൈവം ആഗ്രഹിക്കുന്ന വിധം ജീവിക്കണം. അതിനാണ് യേശു വന്നത്. യേശു പഠിപ്പിച്ചത് ഓർമ്മിച്ചുവച്ച് ജീവിക്കണമെന്ന ആഹ്വാനവുമായാണ് അമ്മ വരുന്നത്.
ടി. ദേവപ്രസാദ്
നാളെ
പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര -3
പരിശുദ്ധ അമ്മയുടെ ജീവിതകഥ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?