Follow Us On

29

March

2024

Friday

അമ്മ മയക്കുമരുന്നിന് അടിമ; കുഞ്ഞിനെ ദത്തെടുത്ത് പോലീസുദ്യോഗസ്ഥൻ

അമ്മ മയക്കുമരുന്നിന് അടിമ; കുഞ്ഞിനെ ദത്തെടുത്ത് പോലീസുദ്യോഗസ്ഥൻ

അൽബുക്കർക്ക്,ന്യൂമെക്‌സിക്കോ: റെയ്ൻഹോളറ്റ്‌സ് നീതിയുടെ കാവൽക്കാരനായ, അക്രമികൾക്ക് പേടിസ്വപ്‌നമായ വെറും ഒരു പോലീസുകാരൻ മാത്രമല്ല; മറിച്ച് ജീവനെ ബഹുമാനിക്കുന്ന കുഞ്ഞുങ്ങളെ, സ്‌നേഹിക്കുന്ന ഒരു വിശുദ്ധനായ പ്രോലൈഫ് പ്രവർത്തകനുമാണ്. ലഹരിമരുന്നിനടിമയായ യുവതിയുടെ കുഞ്ഞിനെ ദത്തെടുത്ത റെയ്‌നെപ്പറ്റി സി.എൻ.എൻ ആണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 23 നായിരുന്നു ആ സംഭവം. ന്യൂ മെക്സിക്കോയിലെ അൽബുക്കർക്കിൽ പട്രോളിങ് നടത്തുകയായിരുന്നു ഹോളറ്റ്‌സ്. അപ്പോഴാണ് പലചരക്ക് കടയ്ക്ക് സമീപം മോഷണം നടക്കാനുള്ള സാധ്യതയുണ്ടെന്നറിയിച്ച് ഒരു കോൾ ഹോളറ്റ്‌സിന്റെ ഫോണിലെത്തുന്നത്. തുടർന്ന് അവിടെയെത്തിയ ഹോളറ്റ്‌സ് കണ്ടത് മറ്റൊരു കാഴ്ച്ചയായിരുന്നു.
സ്റ്റോറിന് പിറകിൽ ക്രിസ്റ്റൽ ചാമ്പ് എന്ന മുപ്പത്തഞ്ചുകാരിയെയും അവരുടെ ഭർത്താവ് ടോം കീയും ലഹരിമരുന്നുപയോഗിക്കുന്നു. പങ്കാളിയുടെ കയ്യിലേക്ക് മയക്കുമരുന്ന് നിറച്ച സിറിഞ്ച് കുത്തിയിറക്കുന്ന ക്രിസ്റ്റൽ ചാമ്പ് ഗർഭിണിയായിരുന്നു. തന്നെ വഴക്കുപറഞ്ഞ റെയ്‌നോട് താൻ മയക്കുമരുന്നിനടിമയാണെന്നും എട്ട് മാസം ഗർഭിണിയാണെന്നും അവർ പറഞ്ഞു. എന്നാൽ, ക്രിസ്റ്റലിനോട് എന്തിനാണ് ഈ അവസ്ഥയിൽ ലഹരിമരുന്നുപയോഗിക്കുന്നതെന്ന് ചോദിച്ച റെയൻ ലഹരിമരുന്ന് അവളുടെ കുഞ്ഞിനെ ഇല്ലാതാക്കുമെന്നും പറഞ്ഞു. ഹോലറ്റ്സിന്റെ വാക്കുകൾ കേട്ട് ചാമ്പ് കരയാൻ തുടങ്ങി. അതേസമയം, താൻ ഒരു പ്രോ ചോയിസാണെങ്കിലും തന്റെ കുഞ്ഞിനെ ഇല്ലാതാക്കാനുള്ള ഒരുപ്ലാനും തനിക്കില്ലെന്ന് അവൾ ഹോലറ്റ്സിനോട് പറഞ്ഞു.
കൗമാരത്തിൽ തന്നെ പിടികൂടിയ ലഹരിമരുന്നിൽ നിന്ന് രക്ഷനേടാൻ അവൾ പല തവണ ശ്രമിച്ചിരുന്നു, അൽബുക്കർക്കിലെ തന്റെ കുടിലിന് മുന്നിലിരുന്ന് അവൾ സി.എൻ.എന്നുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. രണ്ട് വർഷത്തിലേറെയായി അവൾക്ക് വീടില്ല. ഹെറോയിൻ, ക്രിസ്റ്റൽ മെത്ത് എന്നീ ലഹരിവസ്തുക്കളിൽ നിന്ന് മോചനം നേടാൻ നടത്തിയ ശ്രമങ്ങളും ജീവിതത്തിലെ ഓരോ നിമിഷവും ലഹരിമരുന്ന് നിയന്ത്രിക്കുന്നതും അവൾ വിവരിച്ചു. ദിവസം 50 ഡോളർ വരെ ഹെറോയിനായി അവൾ ചിലവഴിച്ചിരുന്നു. പല തവണ ലഹരിയുടെ അടിമത്തത്തിൽ നിന്ന് രക്ഷ നേടാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
അതേസമയം, 11 മിനുട്ട് നീണ്ടുനിന്ന സംഭാഷണത്തിനിടെ മയക്കുമരുന്നുപയോഗം ഗർഭസ്ഥശിശുവിനുണ്ടാക്കുന്ന ദോഷത്തെക്കുറിച്ച് ചാമ്പിനെ പൂർണ്ണമായും പറഞ്ഞു മനസിലാക്കാനാണ് റെയ്ൻ ശ്രമിച്ചത്. എന്നാൽ ആരെങ്കിലും തന്റെ കുഞ്ഞിനെ ദത്തെടുക്കുമന്നാണ് തന്റെ പ്രതീക്ഷയെന്ന് അവൾ ഹോളറ്റ്‌സിനോട് പറഞ്ഞു. പെട്ടെന്നായിരുന്നു ഹോലറ്റ്സിന്റെ ഉള്ളിലെ മനുഷ്യത്വം ഉണർന്നത്. ഉടൻ ഹോലറ്റ്സ് ചാമ്പിനെ തന്റെ ഭാര്യയുടേയും പത്ത്മാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞുൾപ്പടെ നാല് മക്കളുടെയും ചിത്രങ്ങൾ കാണിച്ചു. അവളുടെ കുട്ടിയെ തന്റെ കുടുംബത്തിലേക്ക് ദത്തെടുക്കാനുള്ള താത്പര്യവും അറിയിച്ചു.
അപ്പോൾ, ഹോലറ്റ്സിന്റെ ഭാര്യ റബേക്ക കുറച്ചു ദൂരെയുള്ള സുഹൃത്തിന്റെ യാത്രയയപ്പ് പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. പോലീസ് കാറിൽ ഉടൻ തന്നെ ഹോലറ്റ്‌സ് ഭാര്യയുടെ അടുത്തേക്ക് തിരിച്ചു. പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ വഹിച്ചുകൊണ്ടു നിൽക്കുകയായിരുന്ന റബേക്കയോട് നടന്ന കാര്യങ്ങൾ വിശദീകരിച്ചു. റബേക്കയും സമ്മതം മൂളിയതോടെ കാര്യങ്ങൾ എളുപ്പമായി. ദൈവം തങ്ങളെ ഇത് ചെയ്യാൻ ക്ഷണിച്ചതു പോലെ തങ്ങൾക്കു തോന്നിയെന്ന് റബേക്ക പറയുന്നു.
അങ്ങനെ ഒക്ടോബർ 12 ന് ക്രിസ്റ്റൽ ചാമ്പ് ജന്മം നൽകിയ പെൺകുഞ്ഞിന് ഹോലറ്റ്സ് കുടുംബം ഹോപ്പെന്ന് പേരു നൽകി. കുറച്ച് ദിവസങ്ങൾക്കുശേഷം ക്രിസ്റ്റൽ ചാമ്പിന്റെ കൂടെ റബേക്ക നവജാത ശിശുക്കളെ പരിചരിക്കുന്ന നഴ്‌സറിയിലെത്തി. അവസാനമായി ക്രിസ്റ്റൽ ചാമ്പ് തന്റെ കുഞ്ഞിനെ കണ്ടു. തുടർന്ന് വികാരനിർഭരയായി കുഞ്ഞിനെ സ്നേഹിക്കുന്നതായി പറഞ്ഞ ചാമ്പ് കുഞ്ഞിനോട് ഗുഡ്ബൈയും പറഞ്ഞു. തുടർന്ന് റേബക്കയുടെ നേരെ തിരിഞ്ഞ അവൾ തനിക്കു വേണ്ടി കുഞ്ഞിനെ നന്നായി പരിചരിക്കണമെന്ന് ആവശ്യപ്പെട്ടു. താനവളെ നന്നായി സംരക്ഷിക്കുമെന്നും ക്രിസ്റ്റലിനോട് സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്നും റബേക്ക പറഞ്ഞു. ആനിമിഷം മുതൽ താൻ താൻ ബേബി ഹോപ്പിന്റെ പുതിയ അമ്മയായി എന്നും റബേക്ക പറയുന്നു.

ജന്മനാ ലഹരിമരുന്നിനടിമകളായി നിരവധി കുട്ടികളാണ് യു.എസിൽ ജനിക്കുന്നത്. നിയോനറ്റൽ അബ്സ്റ്റിയൻസ് സിൻഡ്രോം അല്ലെങ്കിൽ നാസ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. 2016 ൽ പുറത്തുവിട്ട സിഡിസി (സെന്റർ ഫോർ ഡീസീസ് കൺട്രോൾ) റിപ്പോർട്ടിനനുസൃതമായി 1999 ൽ ആശുപത്രികളിൽ ജനിക്കുന്ന ആയിരം കുട്ടികളിൽ 1.5 ആയിരുന്നു നാസ് കുട്ടികളുടെ നിരക്ക്. എന്നാൽ 2013 ഓടെ ആശുപത്രിയിൽ ജനിക്കുന്ന ആയിരം കുട്ടികളിൽ ആറ് എന്ന രീതിയിൽ ഈ നിരക്ക് മൂന്നിരട്ടിയിലേറെയായി വർധിച്ചു.
അതേസമയം, ഓരോ 25 മിനുട്ടിലും ഇത്തരത്തിൽ മയക്കുമരുന്നിന്റെ പാർശ്വഫലങ്ങൾ പേറുന്ന കുട്ടികൾ ജനിക്കുന്നുണ്ടെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ് അബ്യൂസിന്റെ കണക്ക്. ഇത്തരം കുഞ്ഞുങ്ങൾക്ക് മാനസിക ശാരീരിക വികസനത്തിന് പല തടസങ്ങളും നേരിടേണ്ടി വരും. ഇത്തരം കുഞ്ഞുങ്ങൾക്ക് ശരീരം വിഷവിമുക്തമാകാൻ മോർഫിനും മെത്തഡോണുമുൾപ്പെടുന്ന നിരവധി ആഴ്ച്ചകൾ നീണ്ടു നിൽക്കുന്ന ചികിത്സ വേണ്ടി വരുമെന്ന് ന്യൂ മെക്സിക്കോ സർവ്വകലാശാലയിലെ ശിശുരോഗവിദഗ്ദനും ബേബി ഹോപ്പ് ജനിച്ച ആശുപത്രിയിലെ ഡോക്ടറുമായ ഹീത്തർ പ്രാറ്റ് ഷാവെസ് പറഞ്ഞു.
എന്നാൽ, വിവിധ ലഹരിമുക്ത ചികിത്സയ്ക്ക് വിധേയായ ഹോപ്പ് ഇപ്പോൾ വീട്ടിലാണെന്നും ആഴ്ചതോറുമുള്ള മെഡിക്കൽ ചെക്കപ്പുകൾക്കായി തങ്ങൾ അവളെ ആശുപത്രിയിലേക്ക് പോകാറുണ്ടെന്നും ഹോളറ്റ്‌സ് പറഞ്ഞു. ഹോപ്പിന് തിരിച്ചറിവാകുമ്പോൾ അവളുടെ സ്വന്തം മാതാപിതാക്കൾ അവളെ സ്നേഹിച്ചിരുന്നതായും എന്നാൽ വളർത്താൻ കഴിഞ്ഞില്ലെന്നും അവൾ മനസിലാക്കുമെന്നും ക്രിസ്റ്റൽ ചാമ്പ് പറഞ്ഞു. അവൾക്ക് സുരക്ഷിതമായ അന്തരീക്ഷം വേണം, സുസ്ഥിരമായ ജീവിതവും വളരാനും പരിചരിക്കപ്പെടാനുമുള്ള സാഹചര്യങ്ങളും വേണം. എന്നാൽ ഇവയൊന്നും ഇപ്പോൾ അവൾക്ക് നൽകാൻ എനിക്ക് കഴിയില്ല. ചാമ്പ് വ്യക്തമാക്കി.
അതേസമയം, താനും ഭർത്താവും അവസാനം ഹോപ്പെങ്ങെനെ തങ്ങളുടെ കുഞ്ഞായി എന്ന് വെളിപ്പെടുത്തുമെന്നും അവളുടെ മാതാപിതാക്കൾക്ക് അവളുടെ ജീവിതത്തിൽ സ്ഥാനമുണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും റബേക്ക പറഞ്ഞു. ‘അവൾക്കുള്ള എല്ലാക്ലേശങ്ങളുടെയും കൂടെ ഞങ്ങളുമുണ്ടായിരിക്കും. ഞങ്ങൾ ഒന്നിച്ച് അതിനെ നേരിടും. അതാണ് എന്നെ സന്തോഷവാനാക്കുന്നത.’് ഹോളറ്റ്‌സ് പറഞ്ഞു.
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?