Follow Us On

29

March

2024

Friday

'അവരോട് ക്ഷമിക്കാം അമ്മേ…'

'അവരോട് ക്ഷമിക്കാം അമ്മേ…'

ഇറാക്കിലെ മൊസൂളിൽ തീവ്രവാദികൾ അഗ്നിക്കിരയാക്കിയ ക്രൈസ്തവ പെൺകുട്ടിയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പങ്കുവച്ചത് മനുഷ്യാവകാശ പ്രവർത്തകയായ ജാക്വലിൻ ഐസക്കാണ്. മതം മാറുക അല്ലെങ്കിൽ ‘ജാസിയ’ ടാക്‌സ് നൽകുക എന്നതായിരുന്നു തീവ്രവാദികൾ ആ പെൺകുട്ടിയുടെ അമ്മയ്ക്ക് മുന്നിൽ ഉയർത്തിയ ആവശ്യം. ‘ജാസിയ’ ടാക്‌സ് നൽകാമെന്ന് സമ്മതിച്ച ആ അമ്മ അതിനായി കുറച്ച് സമയം ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല. ആ ഭവനത്തിന് അവർ തീയിട്ടു. കത്തിക്കൊണ്ടിരുന്ന ഭവനത്തിൽ നിന്ന് 12 വയസുള്ള പെൺകുട്ടിയും അമ്മയും ഇറങ്ങി ഓടിയെങ്കിലും പെൺകുട്ടിക്ക് ഗുരുതരമായ പൊള്ളലേറ്റു. ആശുപത്രിയെത്തിച്ച പെൺകുട്ടി അമ്മയുടെ മടയിൽ കിടന്ന് അന്ത്യശാസം വലിക്കുമ്പോൾ ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത് -‘ഐ.എസിനോട് ക്ഷമിക്കുക.’
ക്ഷമയുടെ സന്ദേശം തന്നെയാണ് മിറിയാം എന്ന അഭയാർത്ഥി പെൺകുട്ടിയും പ്രഘോഷിക്കുന്നത്. കൊലപാതകങ്ങളുടെയും പീഢനങ്ങളുടെയും വാർത്തകൾകൊണ്ട് നിറഞ്ഞ ഇറാക്കിൽ നിന്ന് വന്ന മിറിയാമിന്റെ അഭിമുഖം സാറ്റ്-7 എന്ന അറബിക്ക് ടെലിവിഷൻ ചാനലിലൂടെയാണ് ആദ്യമായി അറബ് ലോകത്തിന്റെ മുമ്പിലെത്തിയത്. വീടും നാടും നഷ്ടപ്പെട്ട് മാസങ്ങളായി അഭായാർത്ഥി ക്യാമ്പിൽ ദുരിത ജീവിതം നയിക്കുമ്പോഴാണ് മിറിയാമിന്റെ ആ ഇന്റർവ്യൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാറ്റ്-7 ചാനലിന്റെ പ്രേക്ഷർ വർദ്ധിക്കാൻ ആ ഇന്റർവ്യൂ കാരണമായി. ഇന്റർനെറ്റിൽ തരംഗമായി മാറിയ ആ വീഡിയോയിൽ പത്ത് വയസ് മാത്രം പ്രായമുള്ള മിറിയാം ഇപ്രകാരം പറയുന്നു- ”അവരെന്തിനാണ് ഞങ്ങളോടിത് ചെയ്തതെന്ന് എനിക്കറിയില്ല. എങ്കിലും അവരോട് ക്ഷമിക്കണമെ എന്ന് മാത്രമാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത്.” ഇസ്ലാമിക്ക് സ്റ്റേറ്റ് വിതയ്ക്കുന്ന ക്രൂരതയ്ക്കുള്ള മറുമരന്നായി മാറുകയാണ് മിറിയാമിനെപ്പോലുള്ള നൂറുകണക്കിന് ക്രൈസ്തവരുടെ ക്ഷമയും സ്‌നേഹവും.
ഒരു ലക്ഷം ക്രൈസ്തവർ പലായനം ചെയ്ത രാത്രി…
2014 ജൂൺ മാസത്തിലാണ് ഐഎസ് എന്ന ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഭീകരതയുടെ വ്യാപ്തി അന്താരാഷ്ട്രസമൂഹം ആദ്യമായി തിരിച്ചറിഞ്ഞത്. ക്രൈസ്തവവിശ്വാസത്തിന് ക്രിസ്തുവിന്റെ കാലഘട്ടത്തോളം ചരിത്രമുള്ള മൊസൂളിലെ സമൂഹത്തിന് മുന്നിൽ മൂന്ന് സാധ്യതകളാണ് അന്ന് തീവ്രവാദികൾ നൽകിയത്- ഇസ്ലാം വിശ്വാസം സ്വീകരിക്കുക, അല്ലെങ്കിൽ ജാസിയ എന്ന് വിളിക്കുന്ന ടാക്‌സ് നൽകുക അല്ലെങ്കിൽ തങ്ങളുടെ പ്രദേശത്ത് നിന്ന് സ്ഥലം വിടുക. ഇതിനെ തുടർന്ന് തീവ്രവാദികൾ നഗരം പിടിച്ചെടുത്ത രാത്രിയിൽ തങ്ങളുടെ ഉടുതുണി മാത്രമായി ഒരു ലക്ഷത്തോളം ക്രൈസ്തവർ നഗരം വിടാൻ നിർബന്ധിതരായി. ഏതെങ്കിലും സാഹചര്യത്താൽ നഗരം വിട്ട പലായനം ചെയ്യാൻ സാധിക്കാതെ വന്നവർ മതാന്ധതയാൽ മനുഷ്യൻ അധഃപതിക്കുമ്പോൾ സംഭവിക്കുന്ന ദുരിതത്തിന് ഇരകളായി.
2014 ഓഗസ്റ്റ് മാസത്തിൽ ക്രൈസ്തവ നഗരമായ ക്വാറഘോഷ് ഐഎസ് പിടിച്ചെടുത്തു. അന്ന് സ്ഥലത്തുണ്ടായിരുന്ന യുവാവാണ് കിദിർ. കിദിർ ഉൾപ്പെടെ 20 പേരെ കണ്ണ്‌കെട്ടി ഒരു വലിയ ഗ്രൗണ്ടിൽ കൊണ്ടുപോയി മുട്ടുകുത്തി നിർത്തി. വെടിയൊച്ചയും കൂടെയുള്ളവരുടെ നിലവിളിയും കേട്ടപ്പോൾ തന്റെ ജീവിതവും ഉടൻ അവസാനിക്കുമെന്ന് കിദിറ് മനസിലായി. ഒരു നിമിഷം… കഴുത്തിൽ ബുള്ളറ്റ് സ്പർശിക്കുന്നതും താൻ നിലത്തേക്ക് വീഴുന്നതും കിദിർ തിരിച്ചറിഞ്ഞു. വെടിയൊച്ച നിലച്ചപ്പോഴാണ് തന്റെ കഴുത്തിൽ ബുള്ളറ്റ് തൊട്ടുരുമ്മി കടന്നുപോയതേയുള്ളുവെന്നും തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും കിദിറിന് മനസിലായത്. തീവ്രവാദികൾ പോകുന്നത് വരെ കിദിർ ശ്വാസമടക്കി കിടന്നു. കിദിറിനെപ്പോലെ മറ്റൊരാളും വെടിയേൽക്കാതെ ആ കൂട്ടാത്തിലുണ്ടായിരുന്നു. ഇരുവരുംകൂടി കുർദിസ്താൻ പ്രദേശത്തേക്ക് രക്ഷപെട്ടു. എന്നാൽ കിദിറിന്റെ പിതാവും നാല് സഹോദരൻമാരും ആ ദിവസം കൊല്ലപ്പെട്ടു. ”എല്ലാവരും മരിച്ചു. ഇനി ആ ഗ്രാമമില്ല.”-അഭയാർത്ഥി ക്യാമ്പിന്റെ ചെളി പുരണ്ട നിലത്തിരുന്ന് കിദിറിന്ന് വിലപിക്കുകയാണ്. കിദിറിന്റെ സഹോദരിമാരും അമ്മയും ഐഎസ് തീവ്രവാദികളുടെ പിടയിലായ സാഹചര്യത്തിൽ ഒരു സാന്ത്വന വാക്കുകളും കിദിറിനെ ആശ്വസിപ്പിക്കുന്നില്ല.
തന്റെ കയ്യിൽ നിന്ന് ഐഎസ് ഭീകരർ തട്ടിപ്പറിച്ചുകൊണ്ടുപോയ ‘ലൈലയുടെ’ പേരു വിളിച്ചുകൊണ്ടുള്ള സാറയുടെ കരച്ചിൽ അഭയാർത്ഥി ക്യാമ്പിലുള്ള എല്ലാവരുടെയും കണ്ണ് നനയിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തിൽ നിന്നും ഭീകർ തട്ടിക്കൊണ്ടുപോയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടെയാണ് അവർക്കത്. സാറായെ ആർക്കും ഇതുവരെ ആശ്വസിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും അവരുടെ മനോനില തകരാറിലായ അവസ്ഥയിലാണെന്നും കൂടെയുള്ളവർ പങ്കുവച്ചു.
തീവ്രവാദത്തിന്റെ മൂന്നാം തലമുറ
തീവ്രവാദ ഇസ്ലാമിന്റെ മൂന്നാം തലമുറയാണ് ഐഎസ് എന്നാണ് ഒരിക്കൽ ഇസ്ലാമിക്ക് ഭീകരതയുടെ ഇരയായ ഫാ. ഡഗ്ലസ് ബാസിയുടെ അഭിപ്രായം. ആദ്യത്തേത് അൽക്വയ്ദ ആയിരുന്നു. ഒരു അമേരിക്കൻ പട്ടാളക്കാരൻ കുട്ടികൾക്ക് മുട്ടായി വിതരണം ചെയ്യുന്നത് കണ്ടാൽ അയാളെ വെടിവയ്ക്കരുത് എന്നായിരുന്നു അവരുടെ തത്വസംഹിത. കാരണം കുട്ടികളും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. അൽക്വയ്ദ കമാൻഡറായിരുന്ന മുസാബ് അൽ സർക്കാവിയുടെ നേതൃത്വത്തിലുള്ള തീവ്രവാദസംഘമാണ് രണ്ടാം തലമുറ. കുട്ടികൾ കൊല്ലപ്പെട്ടാലും കുഴപ്പമില്ലെന്നും അവർ സ്വർഗത്തിലെ മാലാഖമാരാകുമെന്നുമായിരുന്നു അവരുടെ ബോധ്യം. ഇന്ന് മൂന്നാം തലമുറയായ ഐഎസ് തങ്ങളുടെ തീവ്രവാദം പിന്തുരാടാത്ത ഇസ്ലാം മതസ്ഥരെ പോലും ലക്ഷ്യം വയ്ക്കകുകയാണ്. ക്രൈസ്തവരുടെ കാര്യം അപ്പോൾ പറയേണ്ടതില്ലല്ലോ എന്ന് ഫാ. ബാസി ചോദിക്കുന്നു.
ആടുകളുടെ മണമുള്ള ഇടയർ
ഇത്രയധികം വെല്ലുവിളികൾക്കും ഭീഷണികൾക്കും നടുവിലും ഇറാക്കിൽ അജഗണങ്ങൾക്കായി തുടരാൻ സന്നദ്ധത പുലർത്തുന്ന ബാസിയെപ്പോലുള്ള വൈദിരുണ്ടെന്നുള്ളത് ഇറാക്കിലെ ക്രൈസ്തവസമൂഹത്തിന് തെല്ലൊന്നുമല്ല ആശ്വാസം നൽകുന്നത്. ഡൊമിനിക്കൻ വൈദികനായ ഫാ. നജീബ് മൈക്കിളാണ് ഇത്തരത്തിലുള്ള മറ്റൊരു വൈദികൻ. മൊസൂൾ അക്രമിക്കപ്പെടുമെന്ന സൂചന ലഭിച്ചപ്പോൾ തന്നെ അമൂല്യമായ 55,000ത്തോളം പുസ്തകങ്ങളും കയ്യെഴുത്ത്പ്രതികളും മൊസൂളിലെ ക്ലോക്ക് ദൈവാലയ ലൈബ്രററിയിൽനിന്ന് അദ്ദേഹം മാറ്റി. ഇർബിലിലെ അഭയാർത്ഥി ക്യാമ്പുകളിൽ ക്രൈസ്തവർക്കും മറ്റ് അഭയാർത്ഥികൾക്കും ആത്മീയശുശ്രൂഷ ചെയ്തുകൊണ്ട് അദ്ദേഹം ഇന്ന് ജീവിക്കുന്നു. മറ്റൊരു വൈദികനായ യൂസഫ് മാറ്റിയുടെ വാക്കുകൾ ഇറാക്കിലെ ജനതയ്ക്കുള്ള സന്ദേശം തന്നെയാണ് -”രാജ്യം വിട്ട് പോവുക എന്നതല്ല പരിഹാരം. ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രത്തിൽ ആദ്യമായല്ല മെസപ്പെട്ടോമിയൻ ജനങ്ങൾ അക്രമത്തിനിരയാകുന്നത്. ഐഎസിന്റെ അക്രമം അവസാനത്തേതാകുവാനും തരമില്ല. നമ്മുടെ മുമ്പിൽ ഒരു ലക്ഷ്യമുണ്ട.് ഇവിടെ തുടരാൻ കാരണങ്ങളും.”
വീണ്ടും ഒന്നിൽ നിന്ന്…
ഈ വാക്കുകൾ എഴുതുമ്പോൾ ഐഎസിന്റെ കീഴിലുള്ള ഇറാക്കിലെ അവസാന നഗരമായ മൊസൂൾ തിരികെ പിടിക്കെനാള്ള ശക്തമായ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. സിവിലിയൻമാരെ മറയാക്കിയാണ് ഐഎസ് അക്രമം നടത്തുന്നത്. ഐഎസിന് ശേഷം എന്ത് എന്ന ചോദ്യമാണ് ഇറാക്കിലും വിദേശത്തുമായുള്ള അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ക്രൈസ്തവർ നേരിടുന്ന ചോദ്യം. സൈന്യം മോചിപ്പിച്ച പ്രദേശങ്ങളിലേക്ക് മടങ്ങിയെത്തിയ ക്രൈസ്തവരുടെ ഭവനങ്ങളും ആരാധനാലയങ്ങളും പൂർണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. ഭരണത്തിൽ ക്രൈസ്തവ പങ്കാളിത്വത്തിനായി ആര് വാദിക്കും? പീഡനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാൻ ആര് മുൻകൈ എടുക്കും? തുടങ്ങിയ ചോദ്യങ്ങൾ ഉത്തരം കിട്ടാതെ തുടരുന്നു.
തലമുറകളുടെ അധ്വാനമാണ് ഐഎസ് എന്ന മതഭ്രാന്തൻമാരുടെ തേരോട്ടത്തിൽ നശിച്ചത്. ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെ വിവിധ സഭകൾ ഒന്നിച്ച് തകർക്കപ്പെട്ട ഭവനങ്ങളുടെയും ദൈവാലയങ്ങളുടെയും പുനഃനിർമ്മാണം ആരംഭിച്ച് കഴിഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?