Follow Us On

29

March

2024

Friday

അസീസിയില്‍നിന്നും ലഭിച്ച ഉത്തരം

അസീസിയില്‍നിന്നും  ലഭിച്ച ഉത്തരം

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍നിന്നും എംബിബിഎസ് പാസായതിനുശേഷമാണ്
ഡോ. ദേവ് അഗസ്റ്റിന്‍ കപ്പൂച്ചിന്‍
സഭയില്‍ ചേരുന്നത്. ഏക സഹോദരന്‍ ഫാ. മത്തായി അഗസ്റ്റിന്‍ അക്കര കപ്പൂച്ചിന്‍ സഭയിലെ വൈദികനാണ്. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ സൈക്യാട്രിയില്‍ എംഡി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ഫാ. ദേവ് അഗസ്റ്റിന്‍ അക്കരയുടെ വ്യത്യസ്തത നിറഞ്ഞ അനുഭവങ്ങള്‍

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ കബറിടത്തില്‍ എത്തുമ്പോള്‍ ഡോ. ദേവ് അഗസ്റ്റിന്റെ മനസ് ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാന്‍ കഴിയാത്തവിധം സംഘര്‍ഷഭരിതമായിരുന്നു. എന്നാല്‍, മനസിനെ അലട്ടിയിരുന്ന പ്രശ്‌നത്തിന് അവിടെവച്ച് വെളിപാടുപോലെ മറുപടി ലഭിച്ചു. ആ ഉത്തരം ഡോ. ദേവ് അഗസ്റ്റിനെ ഫാ. ദേവ് അഗസ്റ്റിന്‍ അക്കരയാക്കി മാറ്റി. 2005-ല്‍ ജര്‍മ്മനിയിലെ കൊളോണില്‍ നടന്ന വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെടുക്കാനായിരുന്നു ഡോ. ദേവ് അഗസ്റ്റിനും സുഹൃത്തുക്കളും എത്തിയത്. അവിടെനിന്നുമായിരുന്നു അസീസിയിലേക്കുള്ള യാത്ര. 2005-ലായിരുന്നു തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍നിന്നും എംബിബിസ് പാസായത്.
എഞ്ചിനീയറിംഗിനോട് വിട
ചെറുപ്പം മുതല്‍ വൈദികനാകണമെന്ന ആഗ്രഹം ഡോ. ദേവ് അഗസ്റ്റിന്റെ മനസില്‍ ഉണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ദൈവവിളി ക്യാമ്പുകളില്‍ പങ്കെടുക്കുകയും ചെയ്തു. സെമിനാരിയില്‍ ചേര്‍ന്നാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുക്കേണ്ടിവരുമെന്ന തോന്നല്‍ ആ കൗമാരക്കാരന് ഉണ്ടായി. സയന്‍സ് ഇഷ്ടപ്പെട്ടിരുന്ന ദേവിന് ചരിത്രവിഷയങ്ങള്‍ പഠിക്കാന്‍ താല്പര്യം ഇല്ലായിരുന്നു. ഏതായാലും പ്രീഡിഗ്രിക്ക് ശേഷം സെമിനാരിയില്‍ ചേരാമെന്ന് തീരുമാനിച്ചു.
തൃശൂര്‍ സെന്റ് തോമസ് കോളജിലായിരുന്നു പ്രീഡ്രിഗി. ക്ലാസിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ന്നിരുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ദേവ് അഗസ്റ്റിനും എന്‍ട്രന്‍സ് കോച്ചിംഗിന് പോയി. പഠനം, കോച്ചിംഗ് ഇവയുടെ തിരക്കില്‍പ്പെട്ട് അക്കാലത്ത് ദൈവവിളിയെക്കുറിച്ചുള്ള ചിന്തയൊന്നും ഉണ്ടായിരുന്നില്ല. എന്‍ട്രന്‍സ് റില്‍സട്ട് വന്നപ്പോള്‍ ദേവ് അഗസ്റ്റിന് ലഭിച്ചത് എഞ്ചിനീയറിംഗായിരുന്നു. അങ്ങനെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. എന്നാല്‍, ഒരു മാസം കഴിഞ്ഞപ്പോഴേക്കും എഞ്ചിനീയറിംഗ് പഠനം അവസാനിപ്പിച്ചു. സയന്‍സ് ഇഷ്ടപ്പെട്ടിരുന്ന ദേവിന് എഞ്ചിനീയറിംഗിന്റെ കണക്കുകള്‍ ഒട്ടും ദഹിക്കാതെയായി. സമയം കഴിഞ്ഞതുമൂലം മറ്റു കോഴ്‌സുകള്‍ക്കൊന്നും പോകാതെ ആ വര്‍ഷം വീട്ടിലൊതുങ്ങി. അപ്പോഴാണ് ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. ഇതിനിടയില്‍ എന്‍ട്രന്‍സിന്റെ ക്രാഷ് കോഴ്‌സിന് ചേര്‍ന്നു. റിസല്‍ട്ട് അത്ഭുതപ്പെടുത്തുന്നതായിരുന്നു. മെഡിസിന് 113 ആയിരുന്നു റാങ്ക്. അങ്ങനെ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചു. വീട്ടില്‍നിന്നും പോയി വരാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ.
വിശുദ്ധ ഫ്രാന്‍സിസിലേക്ക് എത്തിച്ച പുസ്തകങ്ങള്‍
ആദ്യ പ്രാവശ്യം മെഡിസിന് പ്രവേശനം ലഭിക്കാതിരുന്നതും എഞ്ചിനീയറിംഗിന് ചേര്‍ന്നതും ദൈവിക പദ്ധതി ആയിരുന്നെന്ന് ഫാ. ദേവ് അഗസ്റ്റിന്‍ അക്കര പറയുന്നു. കാരണം, എഞ്ചിനീയറിംഗ് പഠനം അവസാനിപ്പിച്ചതാണ് ജീസസ് യൂത്തില്‍ സജീവമാകാന്‍ കാരണമായത്. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചതും രൂപതയുടെ ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രോ-ലൈഫ് മൂവ്‌മെന്റുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതുമാണ് വൈദികനാകണമെന്നുള്ള ആഗ്രഹത്തെ വീണ്ടും ഉണര്‍ത്തിയത്. മെഡിക്കല്‍ കോളജില്‍ പഠിക്കുമ്പോള്‍ വൈദികനാകണമെന്ന ചിന്ത ശക്തിപ്പെടാന്‍ തുടങ്ങി. എംബിബിസ് പഠനത്തിന്റെ അവസാനത്തെ മൂന്ന് വര്‍ഷത്തോളം ജീവിതാന്തസിനെക്കുറിച്ചുള്ള ചിന്ത മനസില്‍ സംഘര്‍ഷം സൃഷ്ടിച്ചുവെന്ന് ഫാ. ദേവ് പറയുന്നു. പഠനത്തിനിടയില്‍ പലപ്രാവശ്യം കോഴ്‌സ് ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്നാലോ എന്ന ചിന്തയും ഉണ്ടായി. എന്നാല്‍, എല്‍ഡറായ വൈദികന്റെ ഉപദേശമാണ് അതില്‍നിന്നും പിന്തിരിപ്പിച്ചത്. ഇപ്പോള്‍ നിന്നെ പഠനത്തിനാണ് ദൈവം വിളിച്ചിരിക്കുന്നത്. അതു പൂര്‍ത്തിയാക്കിയിട്ട് ഏതു വേണമെന്ന് തീരുമാനിക്കാമെന്നായിരുന്നു വൈദികന്റെ വാക്കുകള്‍. ഫാമിലി അപ്പസ്‌തോലേറ്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ മനസില്‍ മറ്റൊരു ചിന്തയും ചിലപ്പോഴെങ്കിലും ഉണ്ടാകാന്‍ തുടങ്ങി. നല്ലൊരു കുടുംബ നാഥനാകാനാണോ ദൈവം തന്നെ വിളിച്ചിരിക്കുന്നതെന്ന്.
എംബിബിസ് വിജയിച്ചു. ഹൗസ് സര്‍ജന്‍സി വിജകരമായി പൂര്‍ത്തിയാക്കി. ആ സമയത്താണ് വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെടുക്കാന്‍ കോളോണിലേക്ക് യാത്രയായത്. ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാത്തതിനാല്‍ പിജി പഠനത്തിനുള്ള ഒരുക്കങ്ങള്‍ മറുഭാഗത്ത് നടത്തുന്നുണ്ടായിരുന്നു എന്ന് ഫാ. ദേവ് അക്കര പറയുന്നു. പഠന കാലത്തുതന്നെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ വലിയ ഭക്തി ഉണ്ടായിരുന്നു. ചില വായനകളാണ് ആ വിശുദ്ധനിലേക്ക് അടുപ്പിച്ചത്. പ്രത്യേകിച്ച്, കസന്‍ദ്‌സക്കിസിന്റെ ‘സെയ്ന്റ് ഫ്രാന്‍സിസ്’ പോലുള്ള പുസ്തകങ്ങള്‍. ആ ഭക്തിയുടെയും സ്‌നേഹത്തിന്റെയും നടുവിലാണ് അസീസിയിലെ കബറിടത്തില്‍നിന്നത്. ദൈവിമായൊരു ഇടപെടലായിട്ടാണ് ഫാ. ദേവ് അക്കര അവിടെനിന്നും ലഭിച്ച ബോധ്യത്തെ കാണുന്നത്.
രണ്ട് ആണ്‍മക്കളും സെമിനാരിയില്‍
തിരിച്ചെത്തിയ ഉടനെ ആഗ്രഹം വീട്ടില്‍ അറിയിച്ചു. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഷോക്കായി. വികാരപരമായ ഒരു തീരുമാനമായിരിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്. ഇത് ആലോചിച്ച് എടുത്തതാണോ എന്ന് പലരും ചോദിച്ചു. മൂന്ന് വര്‍ഷമായി ഗഹനമായി ചിന്തിക്കുന്ന വിഷയമാണിതെന്ന കാര്യം മറ്റാര്‍ക്കും അറിയില്ലായിരുന്നു. മാതാപിതാക്കള്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. ഏതായാലും ഒരാഴ്ചകൊണ്ട് സെമിനാരിയില്‍ ചേര്‍ന്നു. തൃശൂര്‍ ജില്ലയിലെ കുട്ടനല്ലൂര്‍, അക്കര വീട്ടില്‍ അഗസ്റ്റിന്‍-ബീന ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്ത മകനായിരുന്നു ഫാ. ദേവ്. അമ്മ അധ്യാപികയും പിതാവ് ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്നു. ഒരു സഹോദരനും സഹോദരിയുമുണ്ട്.
അനുജന്‍ മത്തായി ജൂണ്‍ മാസത്തില്‍ കപ്പൂച്ചിന്‍ സഭയില്‍ത്തന്നെ ചേര്‍ന്നിരുന്നു. പിന്നെ കുടുംബത്തില്‍ അവശേഷിക്കുന്ന ഏക ആണ്‍തരിയാണ് ഡോ. ദേവ്. അതും എംബിബിസ് പാസായി നില്ക്കുന്ന സാഹചര്യം. എന്നിട്ടും മാതാപിതാക്കള്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. അതിന് കാരണമായി ഫാ. ദേവ് ചൂണ്ടിക്കാണിക്കുന്നത് മറ്റൊന്നാണ്. ആധുനിക മാതാപിതാക്കള്‍ വിട്ടുപോകുന്ന കാര്യമാണത്. ”മക്കളെ ദൈവത്തോട് ചേര്‍ത്തുനിര്‍ത്തിയായിരുന്നു മാതാപിതാക്കള്‍ വളര്‍ത്തിയത്. പൂര്‍ണമായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരു കാര്യത്തില്‍മാത്രം വീട്ടില്‍ നിര്‍ബന്ധം ഉണ്ടായിരുന്നു. എല്ലാ ദിവസും ദൈവാലയത്തില്‍ പോകണം. കുടുംബ പ്രാര്‍ത്ഥന മുടക്കാന്‍ പാടില്ല.”
യാത്രയിലാണെങ്കിലും വിശുദ്ധ ബലിയും കുടുംബപ്രാര്‍ത്ഥനയും മുടക്കിയിരുന്നില്ല. പഠിക്കുന്ന കാലത്ത് സ്‌കൂളിലെയും കോളജിലെയും വിശേഷങ്ങള്‍ എല്ലാ വൈകുന്നേരങ്ങളിലും കുടുംബാംഗങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍ പങ്കുവച്ചിരുന്നു. സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തപ്പോഴും മാതാപിതാക്കള്‍ പറഞ്ഞ ഒരു വാക്ക് അതിര്‍വരമ്പായി ഉണ്ടായിരുന്നു. വീട്ടില്‍ പറയാന്‍ പറ്റാത്ത കാര്യങ്ങളില്‍ പങ്കുചേരുന്നത് നല്ലതല്ലെന്നായിരുന്നു സ്‌നേഹത്തോടെയുള്ള അവരുടെ ഉപദേശം. അതു മക്കള്‍ പാലിക്കുകയും ചെയ്തു.
ദൈവാന്വേഷണത്തിന് അനുയോജ്യമായ സാഹചര്യമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അവധി ദിവസങ്ങളില്‍ ഉച്ചക്ക് ഉറങ്ങാന്‍ അമ്മ സമ്മതിച്ചിരുന്നില്ലെന്ന് ഫാ. അക്കര പറയുന്നു. വീടിന്റെ അടുത്ത് നിത്യാരാധനാലയം ഉണ്ടായിരുന്നു. ഉച്ചസമയത്ത് അവിടെ പോയി പ്രാര്‍ത്ഥിക്കുവാന്‍ അമ്മ പറഞ്ഞുവിടുമായിരുന്നു. ആദ്യ സമയങ്ങളില്‍ പോയത് അവിടിരുന്ന് ഉറങ്ങാമല്ലോ എന്നു വിചാരിച്ചായിരുന്നു. എന്നാല്‍, പിന്നീട് തിരുവോസ്തിയില്‍ എഴുന്നള്ളിയിരിക്കുന്ന കര്‍ത്താവിനോട് തന്റെ എല്ലാ കാര്യങ്ങളും പറയാന്‍ തുടങ്ങി. ദൈവവുമായി സംസാരിക്കാന്‍ തുടങ്ങിയത് അവിടെവച്ചായിരുന്നെന്ന് ഫാ. അക്കര പറയുന്നു.
ഒന്നാമനാകാന്‍ നിര്‍ബന്ധിക്കാത്ത മാതാപിതാക്കള്‍
അമ്മ ഇടവകയിലെ ആത്മീയ കാര്യങ്ങളില്‍ വളരെ സജീവമായിരുന്നു. മക്കള്‍ എപ്പോഴും ദൈവഹിതത്തിന് അനുസരിച്ച് ജീവിക്കണമെന്നതായിരുന്നു മാതാപിതാക്കളുടെ നിര്‍ബന്ധം. ക്ലാസില്‍ ഒരിക്കലും ഒന്നാമനാകണമെന്നോ ഒന്നാം സ്ഥാനം നേടണമെന്നോ മാതാപിതാക്കള്‍ ആവശ്യപ്പെട്ടില്ല.
മെഡിസിന് പ്രവേശനം ലഭിച്ചപ്പോള്‍ അമ്മ പറഞ്ഞ ഒരു വാക്ക് ഇപ്പോഴും ഫാ. ദേവിന്റെ ചെവികളില്‍ മുഴങ്ങുന്നുണ്ട്. ”നിന്റെ പണംകൊണ്ട് ഇവിടെ ആര്‍ക്കും ജീവിക്കേണ്ട. പണ സമ്പാദനം ആകരുത് ലക്ഷ്യം.”
ഡോ. ദേവ് അഗസ്റ്റിന്‍ സെമിനാരിയില്‍ ചേരുന്നു എന്ന വിവരം അറിഞ്ഞപ്പോള്‍ സുഹൃത്തുക്കളുടെ പ്രതികരണം പലവിധത്തിലായിരുന്നു. എന്തിന്റെ കുറവുണ്ടായിട്ടാണ് സെമിനാരിയില്‍ ചേരുന്നതെന്നായിരുന്നു പലരും ചോദിച്ചത്. എംബിബിഎസ് കഴിഞ്ഞൊരാള്‍ക്ക് എത്രയോ വലിയ സാധ്യതകളാണ് പുറത്തുള്ളത്. ഉയര്‍ന്ന കുടുംബത്തില്‍നിന്നും വിവാഹം കഴിക്കാമായിരുന്നില്ലേ എന്നു ചോദിച്ചവര്‍ ഏറെയായിരുന്നു. ജീസസ് യൂത്തില്‍ സജീവമായ ചെറുപ്പക്കാരന്‍ സെമിനാരിയില്‍ ചേര്‍ന്നതില്‍ അത്ഭുതപ്പെടാത്ത ന്യൂനപക്ഷവും ഉണ്ടായിരുന്നു.
ഇഷ്ടവിഷയം ഉപേക്ഷിച്ച് സൈക്യാട്രിയിലേക്ക്
സെമിനാരിയില്‍ ചേരുമ്പോള്‍ ഏതു സഭയില്‍ ചേരണമെന്ന ചിന്ത ഉണ്ടായി. ഡോക്ടര്‍ എന്ന നിലയില്‍ കപ്പൂച്ചിന്‍ സഭയില്‍ സാധ്യതകള്‍ കുറവാണ്. ആശുപത്രികളുള്ള മറ്റു സഭകളില്‍ ചേര്‍ന്നാല്‍ കൂടുതല്‍ സാധ്യതകളുണ്ട്. എന്നാല്‍, അസീസി പുണ്യാളനോടുള്ള സ്‌നേഹം കപ്പൂച്ചിന്‍ സഭയില്‍ ചേരാന്‍ നിര്‍ബന്ധിച്ചു. അതിലുപരി അതു ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞു. തന്റെ ഇഷ്ടത്തെക്കാളുപരിയായി ദൈവവിക പദ്ധതികള്‍ക്ക് വിട്ടുകൊടുക്കണമെന്ന പാഠം നടപ്പിലാക്കുകയായിരുന്നു അദ്ദേഹം.
സെമിനാരി പരിശീലനത്തിന്റെ അവസാനഘട്ടമായപ്പോഴേക്കും സഭാധികാരികള്‍ പിജി പഠനത്തിന് തയാറെടുക്കാന്‍ ആവശ്യപ്പെട്ടു. സര്‍ജിക്കല്‍ സ്‌കില്‍ ഡോ. ദേവിന് ഉണ്ടെന്ന് ഹൗസ് സര്‍ജന്‍സി കാലയളവില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതില്‍ എംഡി എടുക്കാനായിരുന്നു താല്പര്യം. സഭാധികാരികാരികള്‍ സൈക്യാട്രി എടുക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്. ഏറ്റവും ടഫ് ആയിട്ടുള്ള വിഷയമാണ്. എന്നാല്‍, അതായിരുന്നു ദൈവഹിതമെന്ന് ഫാ. അക്കര പറയുന്നു. 10 വര്‍ത്ത ഗ്യാപ് വിഷയവുമായുള്ള ബന്ധം നഷ്ടപ്പെടുത്തിയിരുന്നു. എങ്കിലും ദൈവം അവിടെയും അത്ഭുതം പ്രവര്‍ത്തിച്ചു. എന്‍ട്രന്‍സ് ഉയര്‍ന്ന നിലയില്‍ പാസായി. മെറിറ്റില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചു. ഇപ്പോള്‍ സൈക്യാട്രിയില്‍ രണ്ടാം വര്‍ഷ എംഡി വിദ്യാര്‍ത്ഥിയാണ്.
വൈദികന്‍ എന്ന നിലയില്‍ സൈക്യാട്രിക്ക് ഒരുപാട് സാധ്യതകളുണ്ടെന്ന് ഫാ. ദേവ് പറയുന്നു. പഠനം തുടങ്ങിയപ്പോഴാണ് ആ മേഖലയുടെ അനിവാര്യത മനസിലായത്. മദ്യം, മയക്കുമരുന്ന്, കുടുംബപ്രശ്‌നങ്ങള്‍, ഇന്റര്‍നെറ്റ് അഡിക്ഷന്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അനേകരുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍പ്പെട്ടാല്‍ ഒരു വൈദികന്റെ സേവനം ലഭിക്കുമോ എന്നാണ് ആദ്യം അന്വേഷിക്കുന്നത്. വൈദികര്‍ ഈ മേഖലയില്‍ കുറവാണ്. അതിനാല്‍ കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുമെന്നാണ് ഫാ. ദേവ് പറയുന്നത്. 2015 നവംബര്‍ 10-നായിരുന്നു പൗരോഹിത്യ സ്വീകരണം. സഹോദരന്‍ മത്തായി അഗസ്റ്റിന്‍ അക്കരയുമൊരുമിച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്. സഹോദരന്‍ കപ്പൂച്ചിന്‍ സഭയുടെ വടക്കുംഞ്ചേരിയിലുള്ള മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടറാണ്.
സഹോദരിയുടെ വിവാഹം കഴിഞ്ഞു. മാതാപിതാക്കള്‍ തനിച്ചാണ് ഇപ്പോള്‍. എന്നാല്‍, ആത്മീയ മേഖലയില്‍ വളരെ സജീവമാണ്. അമ്മ ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്ററാണ്. പരിശുദ്ധ മാതാവിന്റെ ചിത്രങ്ങളുടെ വലിയൊരു ശേഖരം മാതാപിതാക്കളുടെ കൈവശമുണ്ട്. വിവിധ ഇടവകകളില്‍ മാതാവിന്റെ ചിത്രങ്ങളുടെ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് മാതാപിതാക്കള്‍.

ജോസഫ് മൈക്കിള്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?