Follow Us On

28

March

2024

Thursday

അൻപു ഇല്ലം: വറ്റാത്ത കരുണയുടെ ഉറവിടം

അൻപു ഇല്ലം: വറ്റാത്ത കരുണയുടെ ഉറവിടം

വറ്റാത്ത കരുണയുടെ ഉറവിടമാണ് കോയമ്പത്തൂരിലെ കോവൈ ഡോൺ ബോസ്‌കോ അൻപു ഇല്ലം.
അനാഥരും അവഗണിക്കപ്പെട്ടവരും നിരാശ്രയരുമായ തെരുവുമക്കൾക്കുവേണ്ടി 1991-ൽ സലേഷ്യൻ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് സ്ഥാപനം. 1995-ൽ അൻപു ഇല്ലം, കോളജ് വിദ്യാർത്ഥികളുടെ സഹായത്തോടുകൂടി നടത്തിയ സർവേയിൽ കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലുമായി 25,000 ത്തിൽ പരം തെരുവുമക്കൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരെ അൻപു ഇല്ലത്തിൽ എത്തിക്കുന്നതിനായി ഉക്കടം, ഗാന്ധിപുരം, സിങ്കനല്ലൂർ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ കെയറിംഗ് കമ്യൂണിറ്റി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു.
ഒളിച്ചോടിയ വിദ്യാർത്ഥികൾ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇവിടെയെത്തി അലഞ്ഞുതിരിയുന്ന കുട്ടികൾ, മനുഷ്യക്കടത്തുകളിൽ പിടിക്കപ്പെട്ട കുട്ടികൾ, ഭിക്ഷാടകരായ കുട്ടികൾ, അനാഥകുട്ടികൾ, ലൈംഗിക പീഡനമേറ്റ കുട്ടികൾ, ജയിൽവാസമനുഭവിക്കുന്നവരുടെ മക്കൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ തിരസ്‌കരിക്കപ്പെട്ട കുട്ടികളുടെ ആശ്രയമാണ് അൻപു ഇല്ലം.
സൗജന്യ ഭക്ഷണം, താമസം, മാതാപിതാക്കളെ കണ്ടെത്തി കുട്ടികളെ തിരിച്ചേൽപ്പിക്കുക, ജോലി ലഭിക്കുന്ന കോഴ്‌സുകൾ പഠിപ്പിച്ച് ഇവരെ സ്വന്തം കാലിൽ നിൽക്കുവാനുളള സഹായം നൽകി പുനരധിവസിപ്പിക്കുക മുതലായ സേവനങ്ങളാണ് അൻപു ഇല്ലം ഇപ്പോൾ നൽകുന്നത്.
പോലിസ്, ട്രാൻസ്‌പോർട്ട്, ടെലികോം, വിദ്യാഭ്യാസം, ആരോഗ്യം മുതലായ ഡിപ്പാർട്ട്‌മെന്റുകൾ അടങ്ങിയ ചൈൽഡ് ലൈൻ 24 മണിക്കൂറും ഇവിടെ പ്രവർത്തനക്ഷമമാണ്. ജില്ലാ കളക്ടർ, അല്ലെങ്കിൽ സിറ്റി പോലിസ് കമ്മീഷണർ എന്നിവരിൽ ഒരാളായിരിക്കും ചൈൽഡ് ലൈനിന്റെ രക്ഷാധികാരി. ചൈൽഡ് ലൈൻ വഴി 1,52,748 കുട്ടികളെ അൻപു ഇല്ലം ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
സലേഷ്യൻ സഹകാരികളായ വൈദികർ, സന്യസ്തർ, അല്മായർ, കെയറിംഗ് കമ്യൂണിറ്റി ഗ്രൂപ്പിലെ അംഗങ്ങളായ പോലിസുകാർ, ഓട്ടോ ഡ്രൈവർമാർ, പെട്ടിക്കച്ചവടക്കാർ, ടെലഫോൺ ബൂത്ത് ഓപ്പറേറ്റർമാർ, മുൻസിപ്പാലിറ്റി തൂപ്പുകാർ, റെയിൽവേ പാഴ്‌സൽ സർവീസിലുള്ളവർ, ബസ് കണ്ടക്ടർമാർ, ബസ്സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാർ എന്നിവരുടെ സഹായത്താലാണ് ഇത്തരം കുട്ടികൾക്കുവേണ്ട സഹായം അൻപു ഇല്ലം പ്രവർത്തകർ എത്തിക്കുന്നത്. അത്യാവശ്യമുള്ളവർക്ക് മെഡിക്കൽ സഹായവും ചൈൽഡ് ലൈൻ ലഭ്യമാക്കുന്നുണ്ട്.
ഈ സേവനപ്രവർത്തകർക്ക് അൻപു ഇല്ലം തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. കാലാകാലങ്ങളിൽ ഇവർക്ക് പരിശീലനം നൽകുന്നു. കഴിഞ്ഞ വർഷം ഈ ഗ്രൂപ്പുവഴി 1057 കുട്ടികളെ രക്ഷപ്പെടുത്തി, അൻപു ഇല്ലത്തിൽ എത്തിച്ചു.
ഉക്കടം-ബൈപാസ് റോഡിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഫോൺ: 0422 2260778.
തോമസ് തട്ടാരടി കോയമ്പത്തൂർ 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?