Follow Us On

19

March

2024

Tuesday

ആഗ്രഹിച്ചത് അഞ്ചടിയുള്ള രൂപം, നിർമ്മിച്ചപ്പോൾ തൊണ്ണൂറടി; അത്ഭുതമായി 'ഔർ ലേഡി ഓഫ് റോക്കീസ്'

ആഗ്രഹിച്ചത് അഞ്ചടിയുള്ള രൂപം, നിർമ്മിച്ചപ്പോൾ തൊണ്ണൂറടി; അത്ഭുതമായി 'ഔർ ലേഡി ഓഫ് റോക്കീസ്'

വാഷിങ്ടൺ ഡിസി: ഉദ്ദിഷ്ട കാര്യസാധ്യത്തിനായി നമ്മിൽ പലരും നേർച്ച നേരാറുണ്ട്. പരീക്ഷാവിജയം, രോഗശമനം , ഉദ്യോഗലബ്ദി അങ്ങനെ നേർച്ചയ്ക്കുള്ള കാരണങ്ങൾ നീളും. എന്നാൽ നേർച്ച നേരാൻ നാം കാണിക്കുന്ന ശുഷ്‌കാന്തി പിന്നീടത് നിറവേറ്റുന്നതിലുണ്ടാകാറുണ്ടോ? ഉണ്ടെങ്കിൽ അമേരിക്കയിലെ റോക്കി മലനിരകളിൽ സ്ഥാപിച്ചിരിക്കുന്ന ‘ഔർ ലേഡി ഓഫ് റോക്കീസ്’ എന്ന മാതാവിന്റെ പ്രതിമയുടെ കഥയറിയണം. മാതാവിന്റെ അഞ്ചടി ഉയരമുള്ള പ്രതിമ നിർമ്മിക്കുമെന്നായിരുന്നു നേർച്ചയെങ്കിലും പണിതപ്പോൾ തൊണ്ണൂറടി. വലിപ്പത്തിൽ യു. എസി ലെ പ്രതിമകളിൽ നാലാം സ്ഥാനം. സ്ഥാപിക്കപ്പെട്ടിരുന്നത് സമുദ്രനിരപ്പിൽ നിന്ന് 8510 അടി ഉയരത്തിലുള്ള റോക്കി മലനിരകളിലും. ആ സംഭവമിങ്ങനെ,
1979- ൽ യു. എസിലെ ബുട്ടേ-മൊണ്ടേന എന്ന നഗരത്തിൽ ജീവിച്ചിരുന്ന ബോബ് ഒ ബിൽ എന്ന യുവാവിന്റെ നിശ്ചയദാർഡ്യമാണ് പ്രതിമക്ക് പിന്നിൽ. ഭാര്യ കാൻസർബാധിതയാണെന്ന് അറിഞ്ഞ അദ്ദേഹം തന്റെ പ്രിയതമയുടെ രോഗം ഭേദമായാൽ പരിശുദ്ധ അമ്മയുടെ 5 അടി ഉയരമുള്ള പ്രതിമ പണിയാമെന്ന് നേർന്നു. പ്രതിമ പണിത ശേഷം മുറ്റത്ത് സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. പ്രാർത്ഥനയുടെ ഫലമായി കാൻസർ മാറിയതോടെ അദ്ദേഹം സ്വന്തം വീട്ടുമുറ്റത്ത് പ്രതിമയുടെ നിർമ്മാണം ആരംഭിച്ചു.
എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി വില്ലനായതോടെ ബോബ് ഒ ബില്ലിന്റെ പ്രതിമാനിർമ്മാണം വഴിമുട്ടി. നഗരത്തിലെ ചെമ്പ് ഖനികളിലെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് വരുമാനത്തിൽ നിന്ന് പ്രതിമാനിർമ്മാണത്തിനാവശ്യമായ തുക കണ്ടെത്തുക അസാധ്യമായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അത്ഭുത രോഗസൗഖ്യം ലഭിച്ചതായറിഞ്ഞ നാട്ടുകാർ പ്രതിമാനിർമ്മാണത്തിന് ഒപ്പം നിന്നു. അത്ഭുതം കേട്ടറിഞ്ഞവർ നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ നൽകുകയും ചെയ്തു. ആനക്കോണ്ട കോപ്പർ മൈനിങ് കമ്പനിയിലെ എൻജിനീയറായിരുന്ന ലൗറിയൻ ലൈൽ സൗജന്യമായി പ്രതിമ രൂപ കൽപ്പന ചെയ്യുകയും ചെയ്തു.
പ്രതിമയുടെ പണി പുരോഗമിക്കുന്നതിനിടെയാണ് പലർക്കും ജോലി നഷ്ടമാകുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തത്. എന്നാൽ, മറ്റു പലരിലൂടെയും പരിശുദ്ധ അമ്മ തിരുസ്വരൂപ നിർമ്മാണത്തിനാവശ്യമായ സഹായം ചൊരിഞ്ഞതോടെ അഞ്ചടിയെന്നത് തൊണ്ണൂറടിയായി. മുറ്റമെന്നത് റോക്കീസ് മലനിരയും. നിർമ്മാണം പൂർത്തിയായതോടെ 1985 ഡിസംബർ 17 ന് 60 ടൺ ഭാരമുള്ള തിരുസ്വരൂപം മൂന്നു ഭാഗങ്ങളായി റോക്കീസ് മലനിരകളിൽ സ്ഥാപിക്കുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?