Follow Us On

29

March

2024

Friday

ആതുരശുശ്രൂഷയുടെ മാലാഖ

ആതുരശുശ്രൂഷയുടെ മാലാഖ

ആതുരശുശ്രൂഷയിലൂടെ നിരവധി വ്യക്തികളെയും കുടുംബങ്ങളെയും ദൈവത്തിങ്കലേക്ക് അടുപ്പിക്കുകയും അതുവഴി അവരുടെ ജീവിതങ്ങളെ പ്രകാശമാനമാക്കുകയും ചെയ്ത സിസ്റ്റർ ട്രീസാ ഫ്രാൻസിസ് തന്റെ കാരുണ്യശുശ്രൂഷയുടെ കാൽനൂറ്റാണ്ട് പിന്നിടുകയാണ്.
ആതുരശുശ്രൂഷാരംഗത്തെ നിസ്തുല സേവനം കണക്കിലെടുത്ത് ഗ്ലോബൽ അച്ചീവേഴ്‌സ് ഫൗണ്ടേഷൻ നൽകുന്ന 2014-ലെ അന്തർദേശീയ അവാർഡും സ്റ്റാർ ഓഫ് ഏഷ്യാ (ഡൽഹി) അവാർഡും സെന്റ് ജോൺസ് മെഡിക്കൽ കോളജ് നൽകിയ 2005-ലെ ക്രിറ്റിക്കൽ കെയർ നഴ്‌സിങ്ങ് അവാർഡും ലഭിച്ച സിസ്റ്റർ ട്രീസാ 2005 മുതൽ വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ എന്നീ മേഖലകളിലൂടെ നഴ്‌സിങ്ങ് വിദ്യാഭ്യാസ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ചമ്പക്കുളം കല്ലൂർക്കാട് ഫൊറോനയിലെ തട്ടുതറ ജോസഫ്-അന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളായി 1974 ഡിസംബർ 28-ന് ജനിച്ചു. വൈശ്യംഭാഗം ബി.ബി.എസ് സ്‌കൂളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആതുരശുശ്രൂഷാരംഗത്ത്, വിശേഷിച്ച് കുഷ്ഠരോഗികളെ പരിചരിക്കുന്ന അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമാക്കുലേറ്റ് (എഎസ്എംഐ) സന്യാസ സമൂഹത്തിൽ ചേർന്നു. പഠനത്തിനുശേഷം വൈക്കം നീർപ്പറ കോൺവെന്റിൽ പ്രഥമ വ്രതവാഗ്ദാനം നടത്തി. 1993-ൽ നിത്യവ്രതം സ്വീകരിച്ചു.
അവയവദാനത്തിന്റെ പ്രാധാന്യത്തെയും പ്രസക്തിയെയുംകുറിച്ച് പ്രചരണം വരുന്നതിന് എത്രയോ നാൾമുമ്പ് 1996-ൽ ഇരുപതാം വയസിൽ തന്റെ വൃക്ക സഹോദരന് ദാനം ചെയ്ത് നിശബ്ദമായ മാതൃക നൽകിയത് ഇന്നും പുറംലോകം അറിഞ്ഞിട്ടില്ല. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ ബി.എസ്.സി നഴ്‌സിങ്ങ് പൂർത്തിയാക്കി.
മരണത്തെ മുഖാമുഖം കണ്ട പല രോഗികൾക്കും നൽകിയ സാന്ത്വനത്തിന്റെ കാരുണ്യശുശ്രൂഷയ്ക്ക് 2005-ൽ ക്രിറ്റിക്കൽ കെയർ നഴ്‌സിങ്ങ് അവാർഡ് നൽകി ആദരിച്ചു. അധ്യാപനത്തോടുള്ള താൽപര്യംമൂലം സഭാധികാരികൾ ഊട്ടിയിലെ കോട്ടഗിരി നഴ്‌സിങ്ങ് കോളജിന്റെ വൈസ് പ്രിൻസിപ്പലായി നിയമിച്ചു. 2010 വരെ അവിടെ തുടർന്നു.
മംഗലാപുരം സെന്റ് ആൻസ് കോളജിൽനിന്നും എം.എസ്‌സി നഴ്‌സിങ്ങ് പൂർത്തിയാക്കി. കോട്ടഗിരിയിൽ പ്രിൻസിപ്പലായി ചാർജെടുത്തു. അധ്യാപനരംഗത്തെ പ്രാവീണ്യവും ശുശ്രൂഷാരംഗത്തെ കർമശേഷിയും കണക്കിലെടുത്ത് സ്റ്റാഫ് ഓഫ് ഏഷ്യാ അവാർഡും ഗ്ലോബൽ അച്ചീവേഴ്‌സിന്റെ ഇന്റർനാഷണൽ അവാർഡും ലഭിച്ചു. 2015 ഫെബ്രുവരി മുതൽ കാഞ്ഞൂർ വിമല നഴ്‌സിങ്ങ് കോളജിൽ പ്രിൻസിപ്പലായി പ്രവർത്തനം ആരംഭിച്ചു.
വാത്സല്യത്തോടെ കാര്യങ്ങൾ രോഗികളോട് ചോദിച്ചറിയാനും ഭയമുളവാക്കാതെ ആവശ്യമായ നിർദേശങ്ങൾ നൽകാനും കഴിഞ്ഞാൽ രോഗികൾക്ക് ആശ്വാസം ലഭിക്കുകയും അതിവേഗം രോഗം സുഖപ്പെടുകയും ചെയ്യുമെന്ന് സിസ്റ്റർ പറയുന്നു. മാതാപിതാക്കളായ ജോസഫ്-അന്നമ്മ ദമ്പതികളുടെ അമ്പതാം വിവാഹവാർഷിക വർഷത്തിലാണ് സിസ്റ്റർ ട്രീസ പ്രേഷിത ശുശ്രൂഷയുടെ കാൽനൂറ്റാണ്ട് പിന്നിടുന്നതെന്ന പ്രത്യേകതയുമുണ്ട്.
ആൻസൺ വല്യാറ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?