കുമ്പസാരത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാനകൈരളി മാസിക. കുമ്പസാരം എന്തെന്നറിയാത്ത, അതിന്റെ ആത്മീയമായ അര്‍ഥതലങ്ങളെക്കുറിച്ച് ധാരണയില്ലാത്ത പത്രാധിപരുടെ പറച്ചില് മാത്രമായി ഇതിനെ തള്ളിക്കളയുന്നതെങ്ങനെ? ആരുടെയോ മലിനമായ തലയില്‍ പൊട്ടിമുളക്കുന്നതെല്ലാം ഉത്തരവാദിത്തത്തോടെ ഒരു സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍ വിളമ്പുന്നതിനെ എങ്ങനെ അംഗീകരിക്കാനാവും? ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെ നിന്ദിച്ചും അവഹേളിച്ചും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിജ്ഞാനകൈരളി മാസികയില്‍ പ്രഫ. വി. കാര്ത്തികേയന് നായര്‍ നടത്തിയ പരാമര്‍ശനം ക്രൈസ്തവരെ മാത്രമല്ല, മതസ്വാതന്ത്ര്യത്തിലും ജനാധിപത്യമൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരെയും അസ്വസ്ഥരാക്കുമെന്നത് തീര്‍ച്ചയാണ്. സഭയിലിന്നുവരെ കുമ്പസാരവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവും ഉരുത്തിരിഞ്ഞതായി അറിയില്ല. ഓര്‍ത്തഡോക്സ് സഭയിലും അടുത്തനാളിലാണ് കുമ്പസാരവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നത്തെക്കുറിച്ച് കേള്‍ക്കുന്നത്. കുമ്പസാരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അതിന് സഭയില്‍ നിയതമായ പരിഹാരവുമുണ്ട്. അതിനാല്‍ 21 നൂറ്റാണ്ട് പഴക്കമുള്ള സഭയുടെ വിശ്വാസത്തെ ഇങ്ങനെ ഓരോന്ന് എഴുതിയുണ്ടാക്കി പരിഹസിക്കാമെന്ന് കരുതരുത്.
150 കോടിയോളം വരുന്ന ക്രൈസ്തവ ജനത, അഞ്ചുലക്ഷത്തോളം വരുന്ന വൈദികര്‍ അവരെല്ലാവരും ഒരുമിച്ച് വിശ്വാസത്തിന്റെ വഴിയേ കടന്നുപോകുന്ന പരിപാവനമായൊരു കൂദാശയെ വാക്കുകള്‍കൊണ്ട് മലീമസമാക്കിയതിനെ അംഗീകരിക്കാനാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനം പകരുന്നു എന്നവകാശപ്പെടുന്ന വിജ്ഞാന കൈരളി മാസിക സര്‍ക്കാരിന്റെ വിശ്വാസ വിരുദ്ധ നിലപാടിനെയാണോ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. മതസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സ്വന്തം പ്രസിദ്ധീകരണത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ മതവിരുദ്ധ ചിന്താഗതി വളര്‍ത്താന്‍ ശ്രമിക്കുന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നത് അപലനീയമാണ്. നിര്‍ബന്ധിത കുമ്പസാരം ഒരിടത്തും ഉളളതായി അറിയില്ല. മാത്രവുമല്ല, ഏതു വൈദികന്റെ അടുത്തുപോയി കുമ്പസാരിക്കണമെന്നുള്ളത് കുമ്പസാരിക്കാന്‍ വരുന്ന വ്യക്തിയുടെ സ്വാതന്ത്ര്യവുമാണ്. അതിനെയൊന്നും ഒരിക്കലും ഒരിടത്തും ആരും ഹനിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരം ലേഖനങ്ങള്‍ വിശ്വാസികള്‍ തള്ളിക്കളയുക മാത്രമേയുള്ളൂ. എങ്കിലും കുമ്പസാരത്തെ പാവനമായി കണക്കാക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്, വളര്‍ന്നുവരുന്ന തലമുറയുണ്ട്. അവരുടെ കാഴ്ചപ്പാടിനെ തകര്‍ക്കുന്ന ഇത്തരം പ്രവണതകളെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും.
ഫാ. ജിമ്മി പൂച്ചക്കാട്ട്
Leave a Comment
Your email address will not be published. Required fields are marked with *