Follow Us On

29

March

2024

Friday

ആഫ്രിക്കയിലെ രണ്ടാമത്തെ ജസ്യൂട്ട് സർവകലാശാല ഹരാരെയിൽ ആരംഭിച്ചു

ആഫ്രിക്കയിലെ രണ്ടാമത്തെ ജസ്യൂട്ട് സർവകലാശാല ഹരാരെയിൽ ആരംഭിച്ചു

ഹരാരെ(സിംബാവേ): ആഫ്രിക്കയിലെ രണ്ടാമത്തെ ജസ്യൂട്ട് സർവകലാശാല സിംബാവേയിലെ ഹരാരെയിൽ ആരംഭിച്ചു. സ്വതന്ത്രമായി ഡിഗ്രി നൽകുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് അരൂപെ ജസ്യൂട്ട് സ്‌കൂൾ ഓഫ് ഫിലോസഫി ആന്റ് ഹ്യുമാനിറ്റീസാണ് അരൂപെ ജസ്യൂട്ട് സർവകലാശാലയായി(എജെയു) ഉദ്ഘാടനം ചെയ്തത്.
ഒരു വർഷത്തേക്കുള്ള ലൈസൻസാണ് സിംബാവേ കൗൺസിൽ ഓഫ് ഹയർ എഡ്യുക്കേഷൻ സർവകലാശാലക്ക് അനുവദിച്ചിരിക്കുന്നതെന്നും ഒരു വർഷം പൂർത്തിയായ ശേഷം സ്ഥിരമായ ലൈസൻസിന് വേണ്ടി അപേക്ഷിക്കണമെന്നും സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറയ റവ. ഡോ. കിസിതോ കിയിംബ പറഞ്ഞു.
സർവകലാശാലയുടെ പ്രഥമ ചാൻസലറും ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും ജസ്യൂട്ട് സുപ്പീരിയേഴ്‌സ് കോൺഫ്രൻസ് പ്രസിഡന്റുമായ ഫാ. അഗ്‌ബോൻകിയാൻമെഗ ഒറൊബേറ്റർ സർവകലാശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. വിജ്ഞാനം പകരുന്നതിനോടൊപ്പം ദരിദ്രരുടെ ഉന്നമനത്തിനായും സർവകലാശാല പ്രവർത്തിക്കുമെന്ന് ഫാ. ഒറൊബേറ്റർ പറഞ്ഞു. ഇത് ചരിത്രപരവും ആനന്ദം നിറഞ്ഞതുമായ മുഹൂർത്തമാണ്. ആഫ്രിക്കയിൽ വ്യാപകമായ ദാരിദ്ര്യം എന്ന വേദനാജനകമായ യാഥാർത്ഥ്യം ഒരേ സമയം ആഫ്രിക്കയിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പ്രചോദനവും വെല്ലുവിളിയുമാണ്. ക്രിയാത്മകമായി ഇതിനെ നേരിടുന്നതിനുള്ള നവീന മാർഗങ്ങൾ എജെയു ആവിഷ്‌കരിക്കും. സമത്വവും നീതിയും വിലമതിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ വിദ്യാഭ്യാസത്തിന് സാധിക്കും. ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുവാൻ സാധിക്കുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്; ഫാ. ഒറൊബേറ്റർ പങ്കുവച്ചു.
ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ആരംഭിച്ച ലയോള സർവകലാശാലയാണ് ജസ്യൂട്ട്‌സിന്റെ നേതൃത്വത്തിലുള്ള ആഫ്രിക്കയിലെ ആദ്യ സർവകലാശാല. സിംബാവേയിലെ ഏഴാമത്തെ സ്വകാര്യ സർവകലാശാലയായ എജെയു ഗുണമേന്മയ്ക്കായിരിക്കും പ്രാധാന്യം നൽകുന്നതെന്ന് ഫാ. ഒറൊബേറ്റർ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?