Follow Us On

29

March

2024

Friday

ആസക്തികൾക്കെതിരെ വത്തിക്കാൻ; ത്രിദിന കോൺഫറൻസ് നവം. 29മുതൽ

ആസക്തികൾക്കെതിരെ വത്തിക്കാൻ; ത്രിദിന കോൺഫറൻസ് നവം. 29മുതൽ

വത്തിക്കാൻ സിറ്റി: സമഗ്ര മാനവിക വികസനം സാധ്യമാക്കാൻ ആസക്തികൾക്കെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ വത്തിക്കാൻ സംഘടിപ്പിക്കുന്ന കോൺഫറൻസ് നവംബർ 29ന് തുടക്കമാകും. ലഹരിയും ആസക്തികളും മാനവിക വികസനത്തിനുള്ള തടസങ്ങൾ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന കോൺഫറൻസിന് വത്തിക്കാനിലെ സിനഡ് ഹാളാണ് വേദി. സമാപന ദിനമായ ഡിസംബർ ഒന്നിന് ഫ്രാൻസിസ് പാപ്പ കോൺഫറൻസിനെ അഭിസംബോധനചെയ്യും.

ലഹരിയോടുള്ള ആസക്തി, ലൈംഗികാസക്തി, അശ്ലീലദൃശ്യങ്ങളോടുള്ള ആസക്തി തുടങ്ങിയ മേഖലകളെ സംബന്ധിച്ചും അവ എങ്ങനെ പ്രതിരോധിക്കാമെന്നും ചികിത്‌സ സംബന്ധിച്ചും ചർച്ചകളും ക്ലാസുകളും കോൺഫറൻസിലുണ്ടാകും. ലഹരിയുപയോഗത്തിന്റെ നിയമവശങ്ങവളെക്കുറിച്ചും കോൺഫറൻസിൽ ചർച്ചചെയ്യപ്പെടും.

2015ൽ എക്‌സൈസ് ഉദ്യോഗസ്ഥരോട് ഫ്രാൻസിസ് പാപ്പ പറഞ്ഞ ചില കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് സംഘാടകർ കോൺഫറൻസ് പ്രഖ്യാപിച്ചത്. ദേശീയ അന്തർദേശീയ അതിരുകൾ ഭേദിക്കുന്ന അപമാനകരമായ പ്രവണതയെന്നാണ് പാപ്പ ആസക്തിയെ വിശേഷിപ്പിച്ചത്. ലോകത്തെ അഞ്ച് ശതമാനം ജനത ലഹരിക്ക് അടിമകളാണ്. അതിൽ 30%പേർ അതുമായി ബന്ധപ്പെട്ട രോഗങ്ങളുടെ പിടിയിലാണെന്നും ചികിത്‌സാസഹായം തേടുന്നവരാണെന്നതും വസ്തുതയാണ്. കൂടാതെ ലഹരി ഉപയോഗത്തെ ഉല്ലാസത്തിന്റെയും സ്റ്റാറ്റസിന്റെയും ഭാഗമായി സമൂഹം കണക്കിലെടുക്കുന്നത് നിരാശാജനകവുമാണ്.

സമഗ്രമാനവിക വികസനത്തിനുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രസിഡന്റ് കർദിനാൾ പീറ്റർ ടർക്ക്‌സൺ, ഇറ്റാലിയൻ ആരോഗ്യമന്ത്രി ജൂലിയ ഗ്രില്ലോ, ആഗോള ലഹരിവിരുദ്ധ ഫെഡറേഷൻ പ്രതിനിധികൾ, ഇറ്റലിയിലെ പൊലീസ് സേനാംഗങ്ങൾ എന്നിവരും സമ്മേളനത്തിൽ വിവിധ വിഷയത്തിലുള്ള ചർച്ചകൾക്ക് നേതൃത്വം വഹിക്കും. കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കായി നവംബർ 30ന് പ്രത്യേക ദിവ്യബലിയും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒരുക്കിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?