Follow Us On

29

March

2024

Friday

ആൺകുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്?

ആൺകുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്?

അവരുടെ മനസിലെന്താണ്?…
ക്ഷമിക്കണം. ഇതൊരു പുരുഷ പക്ഷ ചിന്തയാണ്. നമ്മുടെ നാട്ടിലെ ആൺകുട്ടികളെക്കുറിച്ചുള്ള സങ്കടപ്പെടലാണ്. ദയവായി തെറ്റിധരിക്കരുത്. സ്ത്രീ വിരോധം ഉദ്ദേശിച്ചിട്ടേയില്ല.
പുരുഷന്മാർ നിറഞ്ഞു നിന്നിരുന്ന എല്ലായിടങ്ങളിൽ നിന്നും അവർ ഒഴിവാക്കപ്പെടുകയോ തുടച്ചു നീക്കപ്പെടുകയോ ചെയ്തുകൊണ്ടിരിക്കപ്പെടുകയാണ്. ഇന്നിപ്പോൾ എഞ്ചിനീയറിംഗ് കോളജുകളിൽ പഠിക്കുന്നവരിൽ പോലും ഭൂരിപക്ഷവും പെൺകുട്ടികളാണ്. കോളജുകളിലെ ബിരുദാനന്തര ബിരുദ ക്ലാസുകളിൽ ആൺകുട്ടികളെ കാണാനേയില്ല. ഞാൻ പഠിപ്പിക്കുന്ന എം.കോം ക്ലാസിൽ 12 പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും. തിരുവനന്തപുരത്തെ പ്രശസ്തമായൊരു എയിഡഡ് കോളജിൽ പിജിക്ക് മെറിറ്റിൽ അഡ്മിഷൻ കിട്ടിയ ഏക ആൺകുട്ടി ഒരാഴ്ചയ്ക്കുള്ളിൽ പഠനം ഉപക്ഷിച്ചത്രേ. വനിതകൾക്ക് മാത്രമായുള്ള നിരവധി കോളജുകൾ ഉള്ള സാഹചര്യത്തിലാണ് മിക്‌സഡ് കോളജിൽ ബോയിസ് ഇല്ലാത്തതെന്നോർക്കണം. മുമ്പ് പ്രവേശനം തീരെയില്ലാതിരുന്ന നഴ്‌സിങ്ങ് മേഖലയിലേയ്ക്ക് പുരുഷന്മാർക്കും പ്രവേശനം കിട്ടി എന്നത് മാത്രമാണൊരപവാദം. സ്‌കൂൾ അദ്ധ്യാപകരിൽ ഭൂരിപക്ഷവും ഇന്ന് വനിതകളല്ലേ. മാധ്യമ രംഗത്തും കൂടുതലായി സ്ഥാനമുറപ്പിക്കുന്നു വനിതകളിന്ന്.
ഇക്കാലത്ത് കേൾക്കുന്നതൊക്കെ വനിതാ വിജയ കഥകളാണ്. തെങ്ങ് കയറ്റ യന്ത്രം ഉപയോഗിക്കുന്ന സ്ത്രീകൾ, യുദ്ധവിമാനം പറത്തുന്നവർ, ഷീ ടാക്‌സി എന്നിങ്ങനെ പലതും. ലോറി, ബസ്സ് ഡ്രൈവിങ്ങൊക്കെ പുരുഷന്മാരുടെ കുത്തകയായിരുന്ന നാളുകൾ കഴിഞ്ഞു. ആകർഷകമായി സംഘടിപ്പിക്കപ്പെടുന്ന പ്രാഗ്രാമുകളിൽ കോമ്പയറിംങ്ങ് നടത്തുന്നതും പെൺകുട്ടികൾ. അവർ മുന്നോട്ടു വരട്ടെ, വളരട്ടെ. നല്ലതുതന്നെ. പക്ഷേ നമ്മുടെ നാട്ടിലെ ആൺകുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്?
വീട്ടിലും പുറത്തും കുട്ടികളുടെ റോൾ മോഡലുകൾ കൂടുതലും സ്ത്രീകളാണ്. വീടിനു പുറത്ത് ജോലി ചെയ്യുന്ന ആളാണെങ്കിലും അല്ലെങ്കിലും അമ്മയോടൊത്താണ് കുട്ടി കൂടുതൽ സമയം ചിലവഴിക്കുന്നത്. പുറത്ത് ജോലി ചെയ്യുന്ന ആളാണെങ്കിൽ കുട്ടിക്ക് അമ്മയോടുള്ള ബഹുമാനം കൂടുന്നു. അസുഖമാണെങ്കിലും, പരീക്ഷയാണെങ്കിലും അമ്മയാണ് കുട്ടിയോട് കൂടുതൽ ഇടപെടുന്നത്. ഇന്നത്തെ അമ്മയ്ക്ക് മൊബൈൽ ഫോണുണ്ട്, ഡ്രൈവിങ്ങറിയാം, പണം കൈകാര്യം ചെയ്യാനറിയാം. വരുമാനം ഉണ്ട്. മദ്യപാനമോ പുകവലിയോ പോലെ സമൂഹം കുറ്റപ്പെടുത്തുന്ന ദുശ്ശീലങ്ങൾ ഇല്ലേയില്ല. ഭക്ഷണം പാകം ചെയ്യുകയും, കുട്ടികളുടെ കാര്യങ്ങൾ അന്വേഷിക്കുകയും ഫോണിൽ സംസാരിക്കുകയുമെല്ലാം ഒരേ സമയം തന്നെ ചെയ്യുന്ന മൾട്ടി ടാസ്‌കിങ്ങ് എക്‌സ്‌പേർട്ട് അണ്. കുട്ടി കണ്ട് വളരുന്ന അമ്മ എഫിഷ്യന്റ് ആണ്. അച്ചനും എഫിഷ്യന്റ് ആകാമെങ്കിലും കുട്ടിക്കത് കണ്ടറിവില്ല.
വീടിന് പുറത്തുള്ള കുട്ടിയുടെ ലോകം തുടങ്ങുന്നത് പ്ലേ ക്ലാസ്സിലും, എൽകെജി, യുകെജി, പ്രൈമറി ക്ലാസുകളിലാണ്. അവിടെയൊക്കെ പുരുഷ സാന്നിധ്യം പൊടിപോലും ഇല്ല. ‘പീഡന’ വാർത്തകൾ മൂലം ചെറിയ ക്ലാസ്സുകളിൽ ഡാൻസ് സാറന്മാരെപ്പോലും നിയോഗിക്കാൻ നിവൃത്തിയില്ലാത്ത കാലം. കുട്ടികളുടെ റോൾ മോഡലുകളായി പുരുഷന്മാരുണ്ടാകാൻ സാധ്യത വിരളം.
സ്‌കൂളുകളിലും, കോളജുകളിലുമാണ് ഓേരാ വ്യക്തിയുടെയും വ്യക്തിത്വ വികാസത്തിന് ഉപകരിക്കുന്ന നിരവധി അവസരങ്ങൾ ലഭിക്കുന്നത്. പലവിധ സാഹചര്യങ്ങൾക്കൊണ്ട് പെൺകുട്ടികൾ ഇക്കാര്യത്തിൽ കൂടുതൽ റിസെപ്റ്റീവ് ആയതിനാൽ അവർ കൂടുതൽ വളരുന്നു. വിരുദ്ധ മനോഭാവം സ്വീകരിച്ച് എതിർത്ത് നില്ക്കുന്ന ആൺകുട്ടികൾക്ക് അവസരം നഷ്ടപ്പെടുന്നു.
അമ്മമാരുടെ കണ്ണിലുണ്ണികൾ
വീടുകളിൽ അമ്മമാരുടെ കണ്ണിലുണ്ണികൾ മിക്കവാറും ആൺകുട്ടികളാണ്. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ കൂടുതലായി സാധിച്ചു കൊടുക്കപ്പെടുന്നു. ഫലമെന്താണു്. ആൺകുട്ടികൾ ഉത്തതരവാദിത്വ ബോധമില്ലാത്തവരും, കാര്യപ്രാപ്തിതിയില്ലാത്തവരുമായി മാറുന്നു. ബഹളം വച്ചും നിർബന്ധം പിടിച്ചും അമ്മമാരുടെ അടുത്ത് കാര്യം കാണുന്ന അവരുടെ രീതിപൊതുസമൂഹത്തിന് സ്വീകാര്യമാകില്ലല്ലോ.
ചില ജോലികൾ ചെയ്യാനോ, കുറച്ച് കൂടുതൽ കഷ്ടപ്പെടാനോ പെൺകുട്ടികൾ സാധാരണ മടി കാണിക്കാറില്ല. തീർച്ചയായും അതവരുടെ വിശ്വാസ്യത കൂട്ടും. പ്രത്യാഘാതങ്ങൾ ഉയർന്ന വിദ്യാഭ്യാസവും വരുമാനവും തൊഴിലുമുള്ള പെൺകുട്ടികൾക്ക് അതേ നിലവാരമുള്ള ജീവിത പങ്കാളികളെ ലഭിക്കുന്ന കാര്യത്തിൽ ഗുരുതരമായ പ്രശ്‌നം നിലനില്ക്കുന്നുണ്ട്.
കേരളത്തിലെ നിരവധി പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കാർഷിക മേഖലകളിൽ വിവാഹ പ്രായം കഴിഞ്ഞിട്ടും, വിവാഹിതരാകാൻ ആഗ്രഹിച്ചിട്ടും അതിന് അവസരം ലഭിക്കാതെ പുരനിറഞ്ഞ് നില്ക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുണ്ട്. ഇതൊരു സാമൂഹിക പ്രതിസന്ധി തന്നെയാണ്.
ആത്മവിശ്വാസം കുറവുള്ള വലിയൊരു വിഭാഗം ചെറുപ്പക്കാരുടെ സാന്നിദ്ധ്യം ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുക തുടങ്ങിയ സാമുഹിക പ്രശ്‌നങ്ങൾക്ക് കാരണമാകും. കുടുംബ ബന്ധങ്ങൾ തകരാനുള്ള സാദ്ധ്യതകൾ വർദ്ധിക്കുന്നു.
ഇവയൊക്കെ നമ്മുടെ സമൂഹം അടിയന്തരമായി പരിഹാരം കാണേണ്ട ചില പ്രശ്‌നങ്ങൾ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നുണ്ട്. പെൺകുട്ടികൾ തീർച്ചയായും വളരുകയും, ഉയരുകയും ചെയ്യട്ടെ. പക്ഷേ ആൺകുട്ടികൾകൂടി ഉയരാനുള്ള വഴികൾ കണ്ടെന്നു പറയാൻ നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലിലൊന്നും പെൺകുട്ടികൾക്ക് വിശ്വാസമില്ല. വേണമെങ്കിൽ ആണുങ്ങൾ സൂക്ഷിച്ചോ എന്നായിട്ടുണ്ട് ഇന്ന് നാട്ട്‌നടപ്പു രീതി.
എല്ലാ നിയമങ്ങളും ഇന്ന് സ്ത്രീ സംരക്ഷണം ലക്ഷ്യമാക്കിക്കൂടിയാണ്. വനിതാ ഉദ്ധാരണവും വികസനവും ലക്ഷ്യമാക്കാത്ത സംഘടനകളുമില്ല. പെൺകുട്ടികൾക്ക് വിവിധ തലങ്ങളിൽ നിന്ന് ലഭിക്കുന്ന സന്ദേശമെന്താണ്. ‘ആരും ഞങ്ങളെ ഒന്നും ചെയ്യാനില്ല, ഞങ്ങൾ ആരെ വേണമെങ്കിലും കൈകാര്യം ചെയ്യും’.
പുരുഷന്മാർക്ക് വേണ്ടി എന്തേ മാസികളും, പ്രസിദ്ധീകരണങ്ങളും ചുരുക്കമായിരിക്കുന്നത്? വനിതകളുടെ ആത്മവിശ്വാസം വളർത്താൻ തീർച്ചയായും അതൊക്കെ സഹായമാവുന്നുണ്ട്. പക്ഷേ, ആത്മവിശ്വാസം വർധിക്കുമ്പോൾ, എന്തും ആകാം, മൂല്യങ്ങളോ, ധാർമ്മികതയോ ഒന്നും പ്രസക്തമേ അല്ല എന്നാണോ ചിന്തിക്കുന്നത്. ‘ എന്റെ ശരീരം, എന്റെ താല്പര്യം, എനിക്കിഷ്ടമുള്ളതുപോലെ പോലെ ഞാൻ ചെയ്യും. സമൂഹവും മതവുമൊക്കെ എന്തിനാണ് എന്റെ ഇഷ്ടത്തിൽ ഇടപെടുന്നത് ‘ എന്നൊക്കെയുള്ള ചില സെലിബ്രിറ്റികളുടെ വാക്കുകൾ യുവ പെൺ മനസ്സുകളെ വല്ലാതെ സ്വാധീനിക്കുന്നുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.
‘എനിക്ക് തൊഴിലുണ്ട്, വരുമാനമുണ്ട്, കഴിവും പ്രാപ്തിയുമുണ്ട്. ഞാനെന്തിനു വിട്ടു കൊടുക്കണം. ഞാനിങ്ങനെ താഴേണ്ട കാര്യമൊന്നുമില്ലല്ലോ’ എന്നൊക്കെ സ്ത്രീകൾ ചിന്തിച്ചാലത് തെറ്റാണെന്ന് പറയാനാവുമോ?
ഇന്നത്തെ കുടുംബങ്ങളിൽ ഒന്നോരണ്ടോ കുട്ടികൾ മാത്രമാവുന്നത് സർക്കാരിന്റെ പ്രചാരണം വിജയിക്കുന്നതുകൊണ്ടും, സാമ്പത്തിക കാരണങ്ങൾ കൊണ്ടും മാത്രമല്ല. മുൻ തലമുറകളിലെ പോലെ ഇന്നത്തെ പെൺകുട്ടികൾ കഷ്ടപ്പെടാനും വേദന സഹിക്കാനും തയ്യാറല്ലാത്തതു കൊണ്ടു കൂടിയാണ്. കാർഷിക മേഖലയിലേയ്ക്ക് വിവാഹം കഴിച്ചയയ്ക്കപ്പെടാൻ പെൺകുട്ടികൾക്ക് തീർത്തും താല്പര്യമില്ലാത്തതിന്റെ കാരണവും മറ്റൊന്നല്ല.
വിവാഹമോചനമെന്നത് അത്ര വലിയൊരു പ്രശ്‌നമല്ലെന്നും, സിംഗിൾ പേരന്റ് ആകാമെന്ന് ആദർശവത്കരിക്കുന്ന സിനിമകളുമൊക്കെ പെൺകുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നു. പൊതു സമൂഹത്തിലും, വ്യക്തി ജീവിതത്തിലുമൊക്കെ കുറയുന്ന സാമൂഹിക മൂല്യങ്ങളുടെയും, മതത്തിന്റെയും സ്വാധീനം ‘എനിക്കെന്തുമാകാം’ എന്ന ചിന്തയും വളർത്തുന്നുണ്ട്. മദ്യപിച്ച് ലക്ക്‌കെട്ട്, ലഹരിക്കടിമപ്പെട്ട് കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാതെ ജീവിക്കുന്ന പിതാക്കന്മാർ പെൺകുട്ടികളുടെ മനസ്സിൽ ഉണർത്തുന്ന വികാരം പുഛമാണോ? എന്റെ കാര്യം ഞാൻ തന്നെ നോക്കേണ്ടി വരും, എന്ന ചിന്ത ഉത്തരവാദിത്വ ബോധത്തിലേയ്ക്കും, പിന്നീട് ‘എന്റെ കാര്യത്തിൽ മറ്റാരും ഇടപെടേണ്ട’ എന്ന ഭാവത്തിലേക്കും വഴി മാറുകയാവണം.
ശാന്തമായി സംസാരിച്ച്, നിയന്ത്രണം നഷ്ടപ്പെടാതെ കാര്യങ്ങൾ നടത്താൻ കൂടുതൽ കഴിവ് പെൺകുട്ടികൾക്കാണ് എന്നതിൽ സംശയമില്ല. വീട്ടിൽ മാതാപിതാക്കളെയും, സ്‌കൂളിൽ അദ്ധ്യാപകരെയും ജോലി സ്ഥലത്ത് സഹപ്രവർത്തകരെയും ഫലപ്രദമായി സ്വാധീനിക്കാൻ സ്ത്രീകൾക്ക് കഴിവ് കൂടുതലുണ്ട്. അങ്ങനെ വളരുന്ന ആത്മവിശ്വാസം ചിലപ്പോൾ അമിത വിശ്വാസമാകുന്നുണ്ടാവാം.
പ്രശ്‌നങ്ങളിൽ നിന്ന് അതിവേഗം പുറത്ത് കടന്ന് മുന്നോട്ടു പോകുവാൻ സ്ത്രീകൾക്കാണ് സാധ്യത കൂടുതലെന്ന് മന:ശാസ്ത്രം പറയുന്നു. കഴിഞ്ഞ കാലങ്ങളിൽ നിരാശാ കാമുകന്മാരെക്കുറിച്ച് കേട്ടിട്ടുള്ളിടത്തോളം നിരാശാ കാമുകിമാരെക്കുറിച്ച് കേട്ടിട്ടില്ല. ജീവിത പ്രശ്‌നങ്ങളിൽ നിന്ന് സ്ത്രീകൾക്ക് വേഗത്തിൽ ഉണർന്നെണീല്ക്കാനാവുന്നുണ്ട്.
ഇംഗ്ലീഷ് മീഡിയത്തിന്റെ പ്രശ്‌നം
ലോകഭാഷയാണ് ഇംഗ്ലീഷ്. നന്നായി പഠിച്ചാലും നമ്മുടെ നാട്ടിലെ ജോലി സാദ്ധ്യതകൾ കുറവായതുകൊണ്ട് ജീവിക്കാൻ വേണ്ടി നാടു വിടാതിരിക്കാൻ നിവൃത്തിയില്ല. ലോകത്തിന്റെ ഏത് ഭാഗത്തെത്തിയാലും മലയാളികൾ അവിടെയുണ്ടാാവും. കാരണം അവർക്ക് ഇംഗ്ലീഷ് അറിയാം എന്നതാണ്. ഈ അനുഭവമുള്ള ഇംഗ്ലീഷ് അറിയില്ലാത്ത മാതാപിതാക്കൾ പോലും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ മാത്രമേ അയയ്ക്കുന്നുള്ളു. പ്ലേ ക്ലാസ്സിലത് ആരംഭിക്കുന്നു. എൽകെജിയും യുകെജിയും കഴിയുമ്പോൾ കുട്ടികൾക്ക് കൂടുതൽ പരിചയം മലയാളത്തെക്കാൾ ഇംഗ്ലീഷ് അക്ഷരങ്ങളും വാക്കുകളുമാണ്. മലയാളം അക്ഷരങ്ങൾ പലതും എഴുതാനും മനസിലാക്കാനും ബുദ്ധിമുട്ട്. പതിയെപ്പതിയെ കുട്ടികൾ ക്ലാസിലും പുറത്തും കൂടുതൽ വായിക്കുന്നത് ഇംഗ്ലീഷാവുന്നു. മാസികകളിലും പത്രങ്ങളിലും അവർക്ക് വായന എളുപ്പം ഇംഗ്ലീഷാവുന്നു. മക്കളുടെ ഇംഗ്ലീഷ് പരിജ്ഞാനം മാതാപിതാക്കളെയും സന്തോഷിപ്പിക്കുന്നു. മലയാളം പറഞ്ഞാൽ ശിക്ഷിക്കുകയും ഫൈനടിക്കുകയും ചെയ്യുന്ന സ്‌കൂളുകൾ പ്രശ്‌നം ഗുരുതരമാക്കുന്നു.
നമ്മുടെ നാട്ടിൻപുറത്ത് ജീവിക്കുന്ന ചെറുപ്പക്കാരുടെ പോലും ചിന്തകളും, മാനസിക സംസ്‌കാരവും വിദേശ നാടിന്റേതാവുകയാണ്. നാട്ടിൻപുറത്ത് ജീവിക്കുന്ന വിദേശികളെയാണ് പ്ലേക്ലാസ് മുതലുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം സൃഷ്ടിക്കുന്നത്.
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധാത്മകളല്ല. പക്ഷേ സമൂഹത്തിന്റെ കെട്ടുറപ്പിനെയും ഭാവിയെയും ബാധിക്കാനിടയുള്ളവയാണവ. ആദ്ധ്യാത്മികതയിൽ പെൺകുട്ടികൾക്കിടയിൽ കാണുന്ന കുറഞ്ഞ ആഭിമുഖ്യവും, സന്യസ്ത ജീവിത രീതികളിലേയ്ക്കുള്ള താല്പര്യക്കുറവുമൊക്കെ കൂട്ടി വായിക്കേണ്ട കാര്യങ്ങളാണ്.
പിന്നെ എന്തുകൊണ്ടാണ് ധ്യാനകേന്ദ്രങ്ങഭിലൊക്കെ ആൾക്കൂട്ടങ്ങൾ കൂടി വരുന്നത് എന്നൊരു ചോദ്യമുണ്ടാവാം. മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ വ്യക്തി, കുടുംബ ജീവിതവും ബന്ധങ്ങളുമൊക്കെ കൂടുതൽ സങ്കീർണ്ണമാക്കുന്നു, ജീവിതത്തിൽ പ്രശ്‌നങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു എന്നതാണുത്തരം.
ഡോ. ചാക്കോച്ചൻ ഞാവള്ളിൽ
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?