Follow Us On

28

March

2024

Thursday

ഇറ്റലി, സ്‌പെയിൻ, മെക്‌സിക്കോ അമ്മയെ കണ്ടവർ ധാരാളം

ഇറ്റലി, സ്‌പെയിൻ, മെക്‌സിക്കോ അമ്മയെ കണ്ടവർ ധാരാളം

പതിനാല്, പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ തന്റെ നിരവധി മക്കൾക്ക് അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ സംഭവങ്ങൾ ചരിത്രത്താളുകളിലുണ്ട്. ഇറ്റിലിയിലും സ്‌പെയിനിലും മെക്‌സിക്കോയിലും ഒക്കെ അമ്മ പ്രത്യക്ഷപ്പെട്ട സംഭവങ്ങളുണ്ട്. അൽസാഷ്യൻ വോസ്ജസിൻ ഒരുപറ്റം ദർശകർക്കും (1491) സ്‌പെയിനിലെ മൺറേസയിൽ വി.ഇഗ്നേഷ്യസ് ലൊയോളയ്ക്കും (1522) ഇറ്റലിയിൽ ജനീവയ്ക്കടുത്തുള്ള സവോണയിൽ അന്റോണിയ ബോടയ്ക്കും (1536), മെക്‌സിക്കോയിലെ ഒക്‌ടോലാനിൽ ജോൺ ഡിഗോ ബർണാർഡിനോക്കും (1541) സ്‌പെയിനിലെ അഗ്രേസയിൻ മദർ മേരി ഓഫ് ജീസസിനും (1602-1665) അമ്മ പ്രത്യക്ഷപ്പെട്ടു.
ഈശോസഭാ സ്ഥാപകനായ വി.ഇഗ്നേഷ്യസ് ലൊയോളക്ക് (1491-1556) സ്‌പെയിനിലെ മൺറേസയിൽ വച്ചാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. പട്ടാള സേവനത്തിനിടെ പരിക്കേറ്റ് മാനസാന്തരാനുഭവത്തിലേക്കു കടന്നുവരികയായിരുന്നു ഇഗ്നേഷ്യസ് ലെയോള.
സ്‌പെയിനിലെ പിരണിസ് പർവ്വതത്തിന്റെ പാർശ്വത്തിലുള്ള ലെയോള മാളികയിലാണ് ഇഗ്നേഷ്യസ് ജനിച്ചത്. സൈനിക ഉദ്യോഗസ്ഥന്റെ പരിശീലനമാണ് ലഭിച്ചത്. പമ്പലോണി യുദ്ധത്തിൽ ഒരു വെടിയുണ്ടയേറ്റ് രണ്ടു കാലിനും മുറിവേറ്റു. ആശുപത്രിയിൽ ചികിത്സയിൽ കിടക്കുമ്പോൾ വിശുദ്ധരുടെ ജീവിതചരിത്രം വായിച്ചു. ഇതോടെ വിശുദ്ധനാകുവാനുള്ള ആഗ്രഹം അദ്ദേഹത്തിൽ വളർന്നു. ഒരുദിവസം ദൈവമാതൃസ്വരൂപത്തിനു മുമ്പിൽ പ്രാർത്ഥിക്കുമ്പോൾ ഈശോയുടെ സേവനത്തിനു മറിയത്തിന്റെ സംരക്ഷണയിൽ തന്നെത്തന്നെ പ്രതിഷ്ഠിച്ചു. അവിടെനിന്നും മോണ്ടസെറാറ്റ് ആശ്രമത്തിലേക്കാണ് പോയത്. അവിടെനിന്നും മൺറേസയിലേക്ക് താമസമായി.
മൺറേസയിലെ ഈ ഡൊമിനിക്കൻ ആശ്രമത്തിൽ പ്രാർത്ഥനയും പ്രായശ്ചിത്തവുമായി കഴിയുകയായിരുന്നു അദ്ദേഹം. അവിടെ വച്ചാണ് ആധ്യാത്മികാഭ്യാസങ്ങൾ എന്ന പുസ്തകമെഴുതിയത്. ഈശോസഭാ സ്ഥാപനത്തിനു ഇഗ്നേഷ്യസിനു വേണ്ട ഉപദേശവും പരിശുദ്ധ അമ്മ അവിടെവച്ചു നൽകി. മെക്‌സിക്കോയിലെ ത്‌ളാക്‌സളാക്കാരനായിരുന്നു ജൂവാൻ ഡിഗോബർണർഡിനോ. 1541-ൽ ത്‌ളക്‌സളാ ഗ്രാമത്തിലാകമാനം ഒരു വസന്ത പടർന്നു പിടിച്ചു. രോഗികളായ ഗ്രാമവാസികൾക്കു വെള്ളം കോരുവാൻ സമീപത്തുള്ളനദിയിലേക്കു പോവുകയായിരുന്നു. നദിയിൽനിന്നു മടങ്ങുമ്പോൾ ബർണർഡിനോക്ക് ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. അവൾ പറഞ്ഞു. ‘മകനെ ദൈവം അനുഗ്രഹിക്കട്ടെ! നീ എവിടെ പോകുന്നു? രോഗികൾക്കു വെള്ളമെടുക്കുവാൻ പോയതാണെന്നു പറയുമ്പോൾ സ്ത്രീ ബർണർഡിനോടു പറഞ്ഞു. എന്നോടൊപ്പം വരൂ, ഞാൻ വേറൊരു വെള്ളം തരാം. അതു കുടിച്ചാൽ ഗ്രാമവാസികളുടെ രോഗം മാറും. സ്ത്രീ അവനെ ഒരു നീർച്ചാലിലേക്കു നയിച്ചു. അവനോട് പറഞ്ഞു. ‘വേദനിക്കുന്നവരെ സഹായിക്കുവാൻ എന്റെ ഹൃദയം എപ്പോഴും തുടിക്കുന്നു. രോഗശാന്തി ലഭിക്കാത്തവരുടെ വേദനയും സങ്കടവും എനിക്കു സഹിക്കാനാവുന്നില്ല. ഇവിടെനിന്നും ഒരു തുള്ളി വെള്ളം കുടിക്കുന്നവനു രോഗശാന്തി മാത്രമല്ല, പരിപൂർണ്ണ ആരോഗ്യവും ലഭിക്കും.’
സമീപത്തുള്ള ഫ്രാൻസിസ്‌കൻ സന്യാസികൾക്കായി മാതാവ് ഒരു സന്ദേശവും നൽകി. അവരോട് ഇവിടെ എന്റെ ഒരു രൂപം ലഭിക്കുമെന്നു പറയണം. ഇത് എന്റെ ഏറ്റവും ഭക്തിപ്രതിമയാവും. ഇതിലൂടെ എന്റെ കരുണയും അനുഗ്രഹവും അനുഭവിക്കാനുമാകും. ഈ പ്രതിമ വി.ലോറൻസിന്റെ ചാപ്പലിൽ വയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു..
അമ്മ കാണിച്ചുകൊടുത്ത ഉറവയിലെ വെള്ളം ഗ്രാമവാസികളെ സുഖപ്പെടുത്തി. നൂറ്റാണ്ടുകളിലൂടെ അവിടെ എത്തുന്ന എല്ലാവരെയും.
ജൂവാന്റെ കഥ കേട്ട് പിറ്റേന്നുതന്നെ ഫ്രാൻസിസ്‌കൻ സന്യാസികൾ, ഒരുപറ്റം ഗ്രാമീണരോടൊപ്പം വനത്തിൽ പ്രതിമക്കായി തെരഞ്ഞു. അവർ ഉറവയിലേക്കു നടക്കുമ്പോൾ പെട്ടെന്ന് ഒരത്ഭുതം സംഭവിച്ചു. അന്തരീക്ഷത്തിൽ ഇടിവാൾ മിന്നി. അവരുടെ കാഴ്ച നശിച്ചു. കാഴ്ച തിരിച്ചു കിട്ടുമ്പോൾ വനത്തിൽ തീ. ഒരു മരംപോലും കത്തുന്നില്ല. ഒരു മരം വളരെ തിളങ്ങി. പിറ്റേന്നു രാവിലെ ആശ്രമത്തിൽ നിന്നു കോടാലി കൊണ്ടുവന്നു അവർ മരം മുറിച്ചു. അതിനുള്ളിൽ നിന്നും മാതാവിന്റെ മരത്തിലുള്ള ഒരു പ്രതിമ ലഭിച്ചു. അവരത് വി.ലോറൻസിന്റെ ചാപ്പലിൽ പ്രതിഷ്ഠിച്ചു. അഞ്ചടി ഉയരമുള്ള പ്രതിമയാണിത്. മനോഹരരൂപം. ആകർഷകമായ വസ്ത്രം ധരിച്ചിരിക്കുന്നു. മുഖത്തിന്റെ നിറം മാറിക്കൊണ്ടിരിക്കുന്നു. ഇന്നും ഈ അത്ഭുതം സംഭവിക്കുന്നുണ്ട്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാതാവിന്റെ തിരുസ്വരൂപം ഉണ്ടാക്കിയ തടി അഴിയാതിരിക്കുന്നത് അത്ഭുതമാണ്.
സ്‌പെയിനിലെ ഓൾഡ് കാമ്പിലിലെ അഗ്രേഡയിൽ 1602 ഏപ്രിൽ രണ്ടിനാണ് മരിയയുടെ ജനനം. ഇടത്തരം കുടുംബമായിരുന്ന കൊറോണൻ. 1619-ൽ അമ്മയോടും അനിയത്തിയോടും കൂടി കൺസവ്ഷനിസ്റ്റ് പുവ്വർ ക്ലാരമഠത്തിൽ ചേർന്നു. അപ്പനും രണ്ട് സഹോദരന്മാരും ഫ്രാൻസിസ്‌കൻ സഭയിലും ചേർന്നു. 1627 മുതൽ 1665 വരെയുള്ള കാലത്ത് മൂന്നുവർഷം ഒഴികെ ഏതാണ്ട് മുഴുവൻ കാലവും മദർ മേരി ആബസായിരുന്നു. ജീവിച്ചിരുന്ന കാലത്ത് ഒരേസമയം രണ്ടിടത്തു പ്രത്യക്ഷപ്പെട്ട സംഭവമുണ്ട്. ‘ദ മിസ്റ്റിക്കൽ സിറ്റി’ എന്ന പേരിൽ അവർ രചിച്ച പരിശുദ്ധ അമ്മയുടെ ജീവിതകഥ 1670-ൽ പ്രസിദ്ധീകരിച്ചു. ഏറെ വിവാദമുണ്ടാക്കിയ ഈ പുസ്തകം ഇൻക്വിസിഷൻ കോടതി നിരോധിച്ചു. എന്നാൽ 1681-ൽ സ്‌പെയിനിലെ രണ്ടാം ചാൾസ് രാജാവിന്റെ സമ്മർദ്ദംമൂലം മാർപാപ്പ വിലക്ക് പിൻവലിച്ചു. ഇതോടെ 20 ലോകഭാഷകളിലേക്കും പുസ്തകം വിവർത്തനം ചെയ്യപ്പെട്ടു. മറിയത്തിന്റെ അമലോത്ഭവത്തെക്കുറിച്ച് ഈ രചനയിൽ സൂചനയുണ്ട്.
അമ്മ, മദർ മേരി ഓഫ് അഗ്രേസയോട് പറഞ്ഞു. ”കർത്താവിന്റെ അനുഗ്രഹം മൂലം എനിക്കു പാപം ചെയ്യുക അസാധ്യമായിരുന്നു. എന്നാൽ ഇക്കാര്യം എനിക്കജ്ഞാതമായിരുന്നു. ഞാൻ കരുതിയിരുന്നത് എന്റെ ശേഷികൊണ്ട് പിടിച്ചുനിൽക്കണമെന്നായിരുന്നു. അതായത് പാപം ചെയ്യാൻ സാധ്യതയുണ്ടെന്ന ഭിതിയിലായിരുന്നു എക്കാലവും ഞാൻ. ഉത്ഭവം മുതൽ മരണംവരെ ഞാൻ ഈ ഭയത്തിലായിരുന്നു. എനിക്ക് ഈ ഭയം ഒരിക്കലും നഷ്ടപ്പെട്ടിരുന്നില്ല.’
മറ്റൊരിക്കൽ അമ്മ പറഞ്ഞു. ‘പ്രവാസകാലത്ത് ഞാനൊരിക്കലും പരിഭ്രാന്തയായിരുന്നില്ല. കാരണം ഞാൻ എന്നും കർത്താവിൽ വിശ്വസിച്ചു. എന്റെ ആവശ്യകാലങ്ങളിൽ എന്നും അവൻ എന്നെ സഹായിച്ചു. സഹായം വൈകിയാലും ഞാൻ തളരില്ല. അത് എത്തുമെന്ന് ഞാനറിയുന്നു. എന്റെയും എന്റെ ഭർത്താവിന്റെയും ജീവിതകാലത്തുടനീളം ഇതായിരുന്നു അനുഭവം.
ടി. ദേവപ്രസാദ്


നാളെ: അദ്ധ്വാനം പൂവണിയിക്കുന്ന അമ്മ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?