Follow Us On

28

March

2024

Thursday

ഉണ്ണീശോ, വെറും 'മങ്കി ജീസസായതിന്' പിന്നിൽ

ഉണ്ണീശോ, വെറും 'മങ്കി ജീസസായതിന്' പിന്നിൽ

പാപ്പുവായിലെ എന്റെ ആദ്യത്തെ ക്രിസ്മസ്. നിറഞ്ഞ ആഹ്ലാദം എങ്ങും നിറഞ്ഞു നിൽക്കുന്നു. പുതുവസ്ത്രങ്ങൾ ധരിച്ചു തുള്ളിച്ചാടി കളിക്കുന്ന കുഞ്ഞിക്കുരുന്നുകൾ. നക്ഷത്രവെട്ടത്തിന്റെ ശോഭയിൽ തിളങ്ങിയാടുന്ന യുവതികൾ, യുവാക്കൾ. പാതിരാക്കുർബാനയുടെ സമയമായി. അൾത്താരബാലകന്മാരാലും നർത്തകരാലും അനുഗതനായി കാർമികനായ ഞാൻ ആഗതനാകുന്നു. ഗായകസംഘം ആഴ്ചകൾ നീണ്ടുനിന്ന പരിശീലനം പൂർത്തിയാക്കി ആത്മവീര്യത്തോടെ ദൈവാലയം പ്രകമ്പനം കൊള്ളുമാറ് പാടിത്തുടങ്ങി, അവരുടെ സ്വന്തം പിസിൻ ഭാഷയിൽ:
‘യുമീ ഓൾഗേറ്റ കിറപ്പന ഈഗോ
ന ബുഗീം മങ്കീ ജീസസ്
ന ബുഗീം മങ്കീ ജീസസ്…’
അവർ ആവേശത്തോടെ പാടുന്നുണ്ടായിരുന്നെങ്കിലും വരികളിലൊന്ന് എന്റെ ചെവികളെ അസ്വസ്ഥമാക്കി- മങ്കീ ജീസസ്, മങ്കീ ജീസസ്!
എന്താണിതിന്റെ അർത്ഥം? ഈ പദത്തിന്റെ ഉത്ഭവത്തിന് മിഷനറി ചരിത്രത്തോളം പഴക്കമുണ്ട്. പതിറ്റാണ്ടുകൾക്കു മുമ്പ് പാശ്ചാത്യ മിഷനറിമാർ പാപ്പുവായിൽ സുവിശേഷപ്രചാരത്തിന് എത്തിയിരുന്ന കാലം. പാപ്പുവാ ന്യൂഗിനിയിലെ ജനങ്ങൾ ഇന്നത്തേതുപോലെ അന്നും വേട്ടയാടിയും വനത്തിലെ കായ്കനികൾ പറിച്ചുതിന്നുമായിരുന്നു ജീവിതം. കുട്ടികൾ മരച്ചില്ലകളിലൂടെ അനായാസം കയറിയിറങ്ങുന്നതും വിവസ്ത്രരായി ഓടി നടക്കുന്നതും കുട്ടിക്കരണം മറിയുന്നതുമൊക്കെ ചെയ്യുന്നതുകണ്ട് മിഷനറിമാർ അവരെ വാത്സല്യപൂർവം വിളിച്ചു- മങ്കീ, മങ്കീ!
പാപ്പുവക്കാർ അങ്ങനെ ഒരു പുതിയ പദം കൂടി അവരുടെ പ്രയോഗ ഡിക്ഷനറിയുടെ ഭാഗമാക്കി, മങ്കീ! സ്വന്തം കുട്ടികളെ സ്‌നേഹപൂർവം ചേർത്തുപിടിച്ച് സായിപ്പിന്റെ ഭാഷയിൽ വിളിച്ചുതുടങ്ങി, മങ്കി. മാതാപിതാക്കൾ അങ്ങനെ വിളിക്കുന്നതിൽ കുട്ടികൾക്ക് അഭിമാനം തോന്നി. സംശയനിവൃത്തിക്കായി ആരെങ്കിലുമൊക്കെ സായിപ്പിനോടു ചോദിച്ചുകാണണം: മങ്കി എന്ന വാക്കിന്റെ അർത്ഥമെന്താ? ”കൊച്ചുകുട്ടി.” അല്ലാതെന്താ? അങ്ങനെ പാപ്പുവായിലെ കൊച്ചുകുട്ടികളൊന്നടങ്കം, ആൺ-പെൺ ഭേദമെന്യേ, ‘മങ്കി’കളായി ഭവിച്ചു! കാലം കാത്തുനിൽക്കാതെ മാറിവന്നു. ക്രിസ്മസ് കാലമായി. സായിപ്പും മദാമ്മയും ചേർന്ന് അന്നും പുൽക്കൂടൊരുക്കി. നക്ഷത്രവെളിച്ചങ്ങൾ തെളിഞ്ഞു. കാലിത്തൊഴുത്തിലെ പുൽമെത്തയിൽ-ഉണ്ണീശോയെ കിടത്തി. നാട്ടുകാരൊക്കെ വിസ്മയക്കാഴ്ചയ്ക്കായി ഒത്തുകൂടി.
കൊച്ചുകുട്ടികൾ വിടർന്ന കണ്ണുകളോടെ പുതപ്പിച്ചു കിടത്തിയിരുന്ന ഉണ്ണീശോയുടെ തിരുശീല ഉയർത്തിനോക്കി. അതിലൊരു ആൺകുഞ്ഞ്! അടങ്ങാത്ത ആഹ്ലാദത്തോടെ അവർ വിളിച്ചു പറഞ്ഞു: ”ഹായ്, ഇതാ മങ്കീ ജീസസ്, മങ്കീ ജീസസ്.” മിഷനറിമാർക്ക് അതു സമ്മതിക്കേണ്ടതായി വന്നു. അല്ലാതെ വഴിയില്ലല്ലോ? അല്ലെങ്കിൽ അവർ മുമ്പ് പറഞ്ഞത് തിരുത്തേണ്ടിവരില്ലേ?
അവരും പറഞ്ഞു: മങ്കീ ജീസസ്. അങ്ങനെ ഉണ്ണീശോയ്ക്ക് പിസിൻ ഭാഷയിൽ പുതിയ പേരുകിട്ടി.
ഈ പേരിനെചൊല്ലി പാപ്പുവാക്കാർക്കോ അവിടെ വാസമാക്കിയ സായിപ്പന്മാർക്കോ യാതൊരു സങ്കോചവുമുണ്ടായില്ല. അജപാലക കർമ്മങ്ങൾക്കിടയിൽ ഇങ്ങനെയൊരു പേര് രക്ഷകനു നൽകാൻ എന്റെ മനസു സമ്മതിക്കുന്നില്ല. അതുകൊണ്ടുതന്നെ, ക്രിസ്മസ് ആഘോഷങ്ങളൊക്കെ കഴിഞ്ഞപ്പോൾ ഒരു പറ്റം അൾത്താരബാലന്മാരെ വിളിച്ചിരുത്തി ചില കാര്യങ്ങൾ ഉപദേശിക്കാമെന്നു ഞാൻ കരുതി. ഞാൻ ചോദിച്ചു: ‘മങ്കി’ എന്നു പറഞ്ഞാൽ എന്താ അർത്ഥം? കുഞ്ഞ്’ എന്നവരുടെ കോറസായുള്ള മറുപടി.
ഒരു മഹാരഹസ്യം വെളിപ്പെടുത്താൻ പോകുന്നു എന്നവിധത്തിൽ ഞാൻ പറഞ്ഞു. ‘മങ്കി’ എന്നുപറയുന്നത് മരംചാടി നടക്കുന്ന ഒരു മൃഗത്തിന്റെ പേരാണ്. വാലുള്ള ഒരു ജന്തു. നിങ്ങളുടെ വനത്തിലൊന്നും അത്തരം ജീവികളില്ല. കാട്ടിലെ ഒരു ജന്തുവിന്റെ പേരിൽ നിങ്ങൾ പരസ്പരം വിളിക്കുന്നത് ശരിയാണോ? നിങ്ങളാരും മങ്കികളല്ല.
അവരിലൊരുവൻ പറഞ്ഞു. ഞങ്ങൾ ആ ജീവിയുടെ പടം കണ്ടിട്ടുണ്ട്. അതിനെ ഞങ്ങൾ വിളിക്കുന്നത് ‘മോങ്കി’ (MONKEY) എന്നാണ്.MANKEY മങ്കി എന്ന വാക്കിന് ഒരൊറ്റ അർത്ഥമേയുള്ളൂ, കുഞ്ഞ്. പാപ്പുവക്കാർക്ക് യാതൊരു മന:ക്ലേശവുമില്ലെങ്കിൽ പിന്നെ ഞാനെന്തിനു വിഷമിക്കണം, ഈ പേരിന്റെ പേരിൽ. അന്നങ്ങനെ ഞാൻ മങ്കീ ജീസസിനെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ ഉന്നതങ്ങളിൽ നക്ഷത്രം തെളിഞ്ഞു, സന്മനസുള്ളവർക്ക് സമാധാനം.
ഒരു ക്രിസ്മസ് നാളിൽ പാപ്പുവൻ നിവാസികൾക്കായി എന്തു ചെയ്യണമെന്നാലോചിച്ചപ്പോഴാണ് ഒരു റേഡിയോ പ്രോഗ്രാംതന്നെ തയ്യാറാക്കിക്കളയാം എന്നു തോന്നിയത്. സൺഡൗൺ എന്ന റേഡിയോ സ്റ്റേഷനിലൂടെ ഇതു ചെയ്യാമെന്നു മനസിലാക്കി. ഞായറാഴ്ചതോറുമുള്ള മതപ്രഭാഷണത്തിനായി ക്ഷണം കിട്ടാറുള്ളതുകൊണ്ട്, കുറേക്കൂടി എളുപ്പമാകും എന്നു തോന്നി. ‘ബാറോ’ ഇടവകയിലെ യുവജനങ്ങൾ ഒരു ക്രിസ്മസ് സംഘഗാനവും നാടകവും നടത്താൻ തയ്യാറാണെന്നും ഞാനറിഞ്ഞു.
പാപ്പുവൻ ദേശത്ത് റേഡിയോ പ്രോഗ്രാമെന്നത് പുതിയ കാര്യമല്ല. നേതാക്കന്മാരുടെ പ്രസ്താവനകളും വാർത്തകളും എന്നുതുടങ്ങി ആളുകൾ പരസ്പരം കൈമാറാനും അറിയിക്കാനുമുള്ള സകലതും റേഡിയോ സ്റ്റേഷനിൽ എഴുതിക്കൊടുത്താൽ മതി. അവരതു പ്രക്ഷേപണം ചെയ്യും. വണ്ടിയും വള്ളവും എത്താത്ത ദേശത്ത്, കൊടുങ്കാട്ടിൽ താമസിക്കുന്ന മനുഷ്യർക്ക് വാർത്തയറിയാൻ ഏകമാർഗം ഇതാണ്. മരിച്ചറിയിപ്പും വിവാഹനിശ്ചയവും പ്രസവമറിയിപ്പും റേഡിയോ വഴിതന്നെ.
അങ്ങനെ, സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് പ്രോഗ്രാം നടത്താം എന്ന തീരുമാനത്തിലെത്തി. ഹെഡ്മാസ്റ്റർ ആവശ്യത്തിന് കുട്ടികളെ തന്നു. പാട്ടുകച്ചേരിക്കാവശ്യമായ ഉപകരണങ്ങളൊന്നും അവിടെ ലഭ്യമല്ല. പിന്നെ കേൾവിയിൽ പെട്ടെന്ന് അപശബ്ദങ്ങളായി തോന്നുന്ന ‘കണ്ടു’, ‘ഗാറമുട്ട്’, ‘മാമ്പൂ’ എന്നിങ്ങനെയുള്ള ചില ഉപകരണങ്ങളേ അവിടെയുള്ളൂ. നവീനമായ ഉപകരണങ്ങളൊന്നും ഇവർക്കില്ല. ബിഷപ്പിൽനിന്ന് അനുവാദവും പണവും വാങ്ങി ജയ്പൂർ എന്ന ദ്വീപിൽ പോയി. കുർബാനയ്ക്കിടെ ദൈവത്തെ ‘അള്ളാ’ എന്നൊക്കെ വിളിക്കുന്ന ദേശമാണിത്. മറ്റൊന്നു കൊണ്ടുമല്ല, മുസ്ലീം ഭൂരിപക്ഷമുള്ള നാടാണിത്. ‘ബാപ്പാ, പുത്രാ, റൂഹ് കുദുശ്’ എന്നാണ് അവരുടെ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നതിനു പകരമുള്ളത്.
കീബോഡുമായി തിരിച്ചെത്തി. അവരുടെ ഈശോയ്ക്കുവേണ്ടി മനോഹരമായ മൂന്നു ഗാനങ്ങൾ ഞങ്ങൾ തയ്യാറാക്കി. ഇനിയാവശ്യം ലഘുനാടകമാണ്. ഹെഡ്മാസ്റ്ററുടെ സഹായം വീണ്ടും തേടി. അഭിനേതാക്കളുടെ ലിസ്റ്റ് അദ്ദേഹം എന്നെ ഏൽപിച്ചു. നടൻ-ഹെഡ്മാസ്റ്റർ, നായിക-അദ്ദേഹത്തിന്റെ ഭാര്യ, മറ്റു കഥാപാത്രങ്ങളെല്ലാംതന്നെ അയാളുടെ ബന്ധുക്കളും മക്കളും മിത്രങ്ങളും. എന്തായാലും നടന്നേ പറ്റൂ. രക്ഷകന്റെ ജനനവുമായി ബന്ധപ്പെട്ട വചനങ്ങളോരോന്നും വ്യത്യസ്തമായ താളത്തിലും സ്വരത്തിലും പറയാൻ ഞാനവരെ പഠിപ്പിച്ചു. ഡയലോഗ് പഠനം പകുതിയായപ്പോഴാണ് ചിലത് വഴിവിട്ടുപോകുന്നു എന്നറിഞ്ഞത്. ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെടുമ്പോൾ, കന്യാമറിയം ഭയവിഹ്വലയായി ”ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ” എന്നതിനു പകരം ”തന്റെ ഇഷ്ടംപോലെ നിന്നു തുള്ളാൻ എനിക്കു സൗകര്യമില്ല; ഇത് വേറെ ആരോടെങ്കിലും ചെന്നു പറഞ്ഞാൽ മതി” എന്നു മറുപടി പറഞ്ഞാലോ! അതിനാൽ പലവിധ പരിശീലനത്തിനുശേഷം റേഡിയോ നിലയത്തിലെത്തി. ഒന്നും രണ്ടും പ്രാവശ്യം റെക്കോർഡിങ്ങൊന്നുമില്ല. ഒരൊറ്റ തവണ, ആദ്യത്തേതും അവസാനത്തേതും.
എന്തായാലും സൺഡൗൺ റേഡിയോയുടെ പ്രധാന ക്രിസ്മസ് പരിപാടി ബാറോ ഇടവകവികാരിയും കുട്ടികളും ചേർന്നുള്ള സംഗീതവിരുന്നും നാടകസന്ധ്യയും തന്നെയായിരുന്നു. എല്ലാ കാട്ടിലുള്ളവരും ഒരുപോലെ മങ്കീ ജീസസിനെ സ്വീകരിച്ച് അന്നേദിനം ‘ഹല്ലേലൂയ്യാ’ പാടി!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?