Follow Us On

29

March

2024

Friday

എന്റെ പേര് 'നിത്യസഹായ മാതാവെ'ന്നാണ്

എന്റെ പേര് 'നിത്യസഹായ മാതാവെ'ന്നാണ്

പരിശുദ്ധ അമ്മയൊടൊപ്പം ഒരു യാത്ര- 25
ഞാൻ ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ കാലഘട്ടത്തിന്റെയോ അല്ല. ഞാൻ എല്ലാ ജനങ്ങളുടെയും എല്ലാ കാലഘട്ടത്തിന്റേതുമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ റോമിലെ ഒരു പെൺകുട്ടിക്കു പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ പറഞ്ഞു. ‘എന്റെ പേര് നിത്യസഹായ മാതാവെന്നാണ്.’
‘എനിക്കു പല പേരുകൾ നൽകപ്പെട്ടിട്ടുണ്ട്. സഹനത്തിന്റെ കന്യക, സുവർണ്ണ അമ്മ, റിഡംപ്റ്ററിസ്റ്റ് മിഷനറിമാരുടെ അമ്മ. എന്നാൽ ഞാൻ ഇഷ്ടപ്പെടുന്ന പേര് ‘നിത്യസഹായമാതാവ്’ എന്നതാണ്.
റിഡംപ്റ്ററിസ്റ്റ് സന്യാസികളെ ഈ ചിത്രം ഏൽപ്പിക്കുമ്പോൾ ഒമ്പതാം പീയൂസ് പാപ്പ പറഞ്ഞതും ‘നിത്യസഹായമാതാവ്’ എന്ന പേരാണ്.
ലോകത്താകമാനമുള്ള ആയിരക്കണക്കായ നീറുന്ന മാനസങ്ങൾക്ക് അഭയമായി വിരാജിക്കുന്ന പരിശുദ്ധ അമ്മ എന്നും നിത്യസഹായമാതാവാണ്. എല്ലാവരെയും രക്ഷയുടെ തുറമുഖമായ യേശുവിലേക്കു നയിക്കുന്നവളുമാണ്. സുവിശേഷകനായ വി.ലൂക്കയാണ് ഈ ചിത്രം വരച്ചതെന്നും, അല്ല ക്രിറ്റ് ദ്വീപിലെ അജ്ഞാതനായ ഒരു ചിത്രകാരനാണ് ഈ ചിത്രം വരച്ചതെന്നും പാരമ്പര്യങ്ങളുണ്ട്. യേശുവിന്റെ ബാല്യകാലത്തെ ഒരു സംഭവമാണ് ചിത്രം. കൂട്ടുകാരുമായി കളിച്ചുകൊണ്ടിരുന്ന ബാലനായ യേശുവിന് രണ്ട് മാലാഖമാർ പ്രത്യക്ഷപ്പെട്ടു. അവരിൽ മിഖായേൽ മാലാഖ, പീഡാനുഭവസമയത്ത് തന്റെ പാർശ്വം കുത്തിയിറക്കുന്ന കുന്തവും ഗബ്രിയേൽ മാലാഖ താൻ ചുമക്കാൻ പോകുന്ന കുരിശും വഹിച്ചിരുന്നു. ഈ കാഴ്ച കണ്ടു ഭയന്ന ഉണ്ണിയീശോ, ഓടി അമ്മയുടെ അടുത്തു ചെല്ലുന്നതും അമ്മ വാരിപ്പുണർന്നു ധൈര്യപ്പെടുത്തുന്നതുമാണ് ചിത്രം. ഉണ്ണിയേശുവിന്റെ ചെരുപ്പുകൾ വള്ളി പൊട്ടിയവിധമാണ് കാണപ്പെടുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ ചിത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ശാസ്ത്രീയമായി പരിശോധിക്കപ്പെട്ടപ്പോൾ 1325-നും 1480-നും ഇടയ്ക്ക് വരച്ചതാണ് ഈ ചിത്രമെന്ന് തെളിഞ്ഞു. 1499 മാർച്ച് 27-ന് റോമിലെ വി.മത്തായിയുടെ ദേവാലയത്തിൽ ചിത്രം പ്രതിഷ്ഠിച്ചതായാണ് രേഖകൾ പറയുന്നത്. ചിത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള കഥ പതിനാറാം നൂറ്റാണ്ടു മുതലുള്ളതാണ്.
ക്രീറ്റ് ദ്വീപിൽ നിന്നും ഒരു കച്ചവടക്കാരൻ ഈ ചിത്രം മോഷ്ടിച്ചുവെന്നും അല്ല, വിലയ്ക്കു വാങ്ങിയെന്നുമാണ് കഥ. അദ്ദേഹം ചിത്രവുമായി പടിഞ്ഞാറോട്ട് യാത്ര ചെയ്തു. അവരുടെ യാത്രാസംഘം കടൽകാറ്റിൽപ്പെട്ടു. എങ്കിലും അയാൾ രക്ഷപ്പെട്ടു. ഒരു വർഷം യാത്ര ചെയ്ത് അയാൾ റോമിലെത്തി. അവിടെ അയാൾ മാരകമായ രോഗബാധിതനായി. മരണക്കിടക്കയിൽ വച്ച് തന്റെ കൈവശമുള്ള അത്ഭുതചിത്രത്തെക്കുറിച്ച് അയാൾ തന്റെ കൂട്ടുകാരനോട് പറഞ്ഞു. ചിത്രം ഒരു ദേവാലയത്തിനു നൽകണമെന്നും നിർദ്ദേശിച്ചു. എന്നാൽ സുഹൃത്തിന്റെ ഭാര്യയ്ക്ക് ഇത്രയും നല്ല ചിത്രം കൈമാറ്റം ചെയ്യാൻ മനസ്സുവന്നില്ല. അതുകൊണ്ട് അയാൾ മരിക്കുംവരെ ചിത്രം അവരുടെ വീട്ടിലിരുന്നു.
ഇക്കാലത്ത് പരിശുദ്ധ അമ്മ ആ വീട്ടിലെ ഒരു പെൺകുട്ടിക്കു പ്രത്യക്ഷപ്പെട്ടു. അവളോട് താൻ ‘നിത്യസഹായമായ പരിശുദ്ധ മറിയമാണെന്നു’ അമ്മയോടും വല്യമ്മയോടും പറയാൻ നിർദ്ദേശിച്ചു. തങ്ങളുടെ കൈവശമുള്ള ചിത്രം റോമിലെ വൻ ബസലിക്കകളായ മരിയ മളോരെയുടെയും ളോൺ ലാട്രന്റെയും മധ്യത്തിൽ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചു. അവസാനം അമ്മ സമ്മതിച്ചു. സഭാധികൃതരുടെ അനുമതിയോടെ 1497 മാർച്ച് 27-ന് ചിത്രം ഇരുബസിലിക്കകളുടെയും നടുവിലുള്ള കൊച്ചു ദേവാലയമായ വി.മത്തായിയുടെ പള്ളിയിൽ സ്ഥാപിച്ചു. അവിടെ ഈ ചിത്രം 300 വർഷം വണങ്ങപ്പെട്ടു.
1799-ൽ നെപ്പോളിയൻ റോം കീഴടക്കി. പാപ്പായെ തടവിൽ കൊണ്ടുപോകുന്നതിനൊപ്പം റോമിലെ 30 ദേവാലയങ്ങൾ നശിപ്പിക്കുവാനും അയാൾ കൽപിച്ചു. വി.മത്തായിയുടെ ദേവാലയവും അതിൽപ്പെട്ടു. ദേവാലയത്തിന്റെ സൂക്ഷിപ്പുകാരനായിരുന്ന അഗസ്റ്റീനിയൻ സന്യാസികൾ, നിത്യസഹായമാതാവിന്റെ ചിത്രം ഒരു ഗൂഢസങ്കേതത്തിലേക്കു മാറ്റി. ‘ഔർ ലേഡി ഇൻപോസ്റ്റെറുല’ എന്ന ആശ്രമത്തിലാണ് അഗസ്റ്റീനിയൻ സന്യാസികൾ വസിച്ചിരുന്നത്. അവിടെ അന്ധനായ ഒരു തുണ സഹോദരനുണ്ടായിരുന്നു. അഗസ്റ്റിൻ ഒറേറ്റി. അദ്ദേഹത്തിനു പ്രിയപ്പെട്ട ഒരു അൾത്താര ബാലനുണ്ടായിരുന്നു മൈക്കൾ മാർച്ചി. 1850-ൽ ഒറേറ്റി മാർച്ചിയോടു പറഞ്ഞു. ‘സങ്കീർത്തിയിൽ വച്ചിരിക്കുന്ന മാതാവിന്റെ ചിത്രം അത്ഭുതകരമായ ചരിത്രമുള്ളതാണ്. നെപ്പോളിയനെയും സൈന്യത്തെയും നിരായുധരാക്കിയതുമാണ്.
മൈക്കൾ വളർന്നു വലുതായി. റിഡംപ്റ്ററിസ്റ്റ് സഭയിൽ ചേർന്നു. അക്കാലത്ത് (1855 ജനുവരിയിൽ) റിഡംപ്റ്ററിസ്റ്റ് സഭക്കാർ റോമിൽ ആശ്രമത്തിനു സ്ഥലം വാങ്ങി. ആയിടെ നാമകരണം ചെ യ്യപ്പെട്ട അവരുടെ സ്ഥാപകൻ വി.അൽഫോൻസ് ലിഗോറിയുടെ നാമത്തിൽ ഒരു ദേവാലയം പണിതു. തങ്ങൾ വാങ്ങിയ സ്ഥലത്തിന്റെ ചരിത്രം അന്വേഷിച്ച റിഡംപ്റ്ററിസ്റ്റുകാർക്ക് പണ്ട് വി.മത്തായിയുടെ ദേവാലയം നിന്ന സ്ഥലമാണതെന്നു മനസ്സിലായി. നിത്യസഹായമാതാവ് തിരഞ്ഞെടുത്ത സ്ഥലം! ഇനി ചിത്രം കണ്ടെടുക്കണം. അതറിയുന്ന ആളും അവർക്കൊപ്പമുണ്ടായിരുന്നു, ഫാ.മൈക്കിൾ മാർച്ചി. പഴയ അൾത്താരബാലൻ.
ഒരു വർഷത്തെ പ്രാർത്ഥനയ്ക്കുശേഷം സഭയുടെ ജനറാൾ ഫാ.നിക്കോളാസ് മൗറൻ ഒമ്പതാം പിയൂസ് പാപ്പയോട് അപേക്ഷിച്ചു. പോസ്റ്റോറുലായിലെ അഗസ്റ്റിനിയൻ ദേവാലയത്തിലെ നിത്യസഹായ മാതാവിന്റെ ചിത്രം തങ്ങളുടെ ദേവാലയത്തിലേക്കു നൽകണമെന്ന്. പാപ്പ സന്തോഷപൂർവ്വം ഉടൻ കൽപന നൽകി. ചിത്രം പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ പാപ്പാ നേരിട്ട് ചിത്രത്തിനു മുന്നിലെത്തി പ്രാർത്ഥിച്ചു. നിറകണ്ണുകളോടെ പാപ്പ പറഞ്ഞു. ‘എത്ര മനോഹരിയാണ് അമ്മ. ഈ മനോഹാരിത ലോകത്തെ അറിയിക്കുക.’
1866 ജനുവരിയിൽ ഫാ.മൈക്കിൾ മാർച്ചിയും ഏണസ്റ്റ് ബർസിയാനിയും ചേർന്നാണ് അഗസ്റ്റീനിയൻ സന്യാസിനികളിൽ നിന്നും ചിത്രം ഏറ്റുവാങ്ങിയത്. റിഡംപ്റ്ററിസ്റ്റ് സന്യാസികളുടെ മേൽനോട്ടത്തിൽ ചിത്രത്തിന്റെ കേടുപാടുകൾ തീർക്കാൻ നടപടികളായി. പോളണ്ടുകാരനായ ലയോപ്പോൾസ് നോട്ടോണിയാണ് ദൗത്യം ഏറ്റെടുത്തത്. ചിത്രം റോമിലെ വിയമെറുനാലയിലെ വി.അൽഫോൻസിന്റെ ദേവാലയത്തിൽ 1866 ഓഗസ്റ്റ് 26-ന് പുന:പ്രതിഷ്ഠിച്ചു. ചിത്രത്തിന്റെ പുതിയ ഫോട്ടോകൾക്കായി 1990-ൽ ചിത്രം പ്രധാന അൾത്താരയിൽനിന്നും താഴെ ഇറക്കി. അപ്പോഴാണ് ചിത്രത്തിനുണ്ടായ തകരാറുകൾ കണ്ടെത്തിയത്. വത്തിക്കാൻ മ്യൂസിയത്തിന്റെ സഹായത്തോടെ ചിത്രത്തിന്റെ കേടുപാടുകൾ നീക്കാൻ നടപടികളായി. എക്‌സ്‌റേ രശ്മികൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ചിത്രം 1325 നും 1480 നും ഇടയ്ക്കുള്ളതാണെന്നു തിരിച്ചറിഞ്ഞത്.
നിത്യസഹായമാതാവിന്റെ ചിത്രവുമായി റിഡംപ്റ്ററിസ്റ്റ് സന്യാസികൾ ലോകത്തെമ്പാടും പോയി. അമ്മയുടെ മധ്യസ്ഥതയാൽ നൂറുകണക്കിനു അടയാളങ്ങൾക്ക് ദൈവം തിരുമനസ്സായി. ഇന്നും ലോകത്തെമ്പാടുമുള്ള പതിനായിരങ്ങൾ നിത്യസഹായനാഥയുടെ മാധ്യസ്ഥം തേടുന്നു.
നീറുന്ന മാനസങ്ങൾ
ആയിരമായിരങ്ങൾ
കണ്ണീരിൻ താഴ്‌വരയിൽ
നിന്നിതാ കേഴുന്നമ്മേ.
കേൾക്കണേ രോദനങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യസൂനുവിങ്കൽ
ചേർക്കണേ മക്കളേ നീ.


നാളെ : വേളാങ്കണ്ണിയിലെ ആരോഗ്യമാതാവ്‌

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?