Follow Us On

18

April

2024

Thursday

എല്ലാ കണ്ണുകളും മിഷൻ കോൺഗ്രസിലേക്ക്…

എല്ലാ കണ്ണുകളും മിഷൻ കോൺഗ്രസിലേക്ക്…

അങ്കമാലി: ഫിയാത്ത് മിഷൻ അണിയിച്ചൊരുക്കുന്ന രണ്ടാമത് മിഷൻ കോൺഗ്രസിന് ഏപ്രിൽ 13 ന് തിരശീല ഉയരും. അങ്കമാലി വിശ്വജ്യോതി സി.എം.ഐ പബ്ലിക് സ്‌കൂളിലാണ് പ്രോഗ്രാം. 20-ഓളം രൂപതകളും 25 കോൺഗ്രിഗേഷനുകളും പങ്കെടുക്കുന്ന അതിവിപുലമായ മിഷൻ എക്‌സിബിഷനാണ് ഇത്തവണത്തെ മിഷൻ കോൺഗ്രസിന്റെ പ്രധാന ആകർഷണം. ഏറ്റവും കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കേണ്ടുന്ന ഈ എക്‌സിബിഷനിൽ മിഷനിൽ നിന്നുള്ള ഒന്നിനൊന്നു വ്യത്യസ്തങ്ങളായ സ്റ്റാളുകൾ കൂടാതെ ലോകത്തിലെ ഏറ്റവും ചെറിയ ബൈബിൾ, വെള്ളത്തിലിട്ടാലും നനയാത്ത ബൈബിൾ എന്നിങ്ങനെ അമ്പരപ്പിക്കുന്ന പല പ്രത്യേകതകളുമുള്ള അനേകം വചന ഗ്രന്ഥങ്ങളുടെ വിപുലമായ പ്രദർശനവും, 1946-ൽ ജോൺ പോൾ പാപ്പ ഭാരതത്തിൽ വന്നപ്പോൾ പുറത്തിറക്കിയ തോമാശ്ലീഹായുടെ സ്റ്റാമ്പ്, മദർ തെരേസയുടെയും അൽഫോൻസാമ്മയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നൂറു രൂപാ നാണയങ്ങൾ എന്നിവയുൾപ്പെടുന്ന സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും അപൂർവ്വശേഖരത്തിന്റെ പ്രദർശനവും ഇതോടൊപ്പം നടക്കുന്നതാണെന്ന് മിഷൻ കോൺഗ്രസ് ചെയർമാൻ മാർ റാഫേൽ തട്ടിൽ അറിയിച്ചു.
മിഷൻ കോൺഗ്രസിന്റെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും ധൃതഗതിൽ മുന്നേറുകയാണ്. ലോകസുവിശേഷവത്കരണം ലക്ഷ്യം വെച്ചു കൊണ്ടുള്ള കത്തോലിക്കാ സഭയിലെ അല്മായ മുന്നേറ്റമാണ് ഫിയാത്ത് മിഷൻ. മാർ ബോസ്‌കോ പുത്തൂർ, റവ.ഡോ. ചാക്കോ തോട്ടുമാരിക്കൽ എസ്.വി.ഡി എന്നിവർ രക്ഷാധികാരികളായും, റവ.ഫാ. ജോസഫ് അന്തിക്കാട്ട് ആത്മീയപിതാവായും ഫിയാത്ത് മിഷനെ നയിക്കുന്നു.
ബൈബിൾ ഇല്ലാത്തതും ലഭിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഭാഷകളിൽ മെത്രാൻസമിതിയുടെ അംഗീകാരത്തോടെ, തീരെ കുറഞ്ഞ നിരക്കിലും സൗജന്യമായും ബൈബിൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന ബൈബിൾ നിർമ്മാണ വിതരണ ശുശ്രൂഷയാണ് ഫിയാത്ത് മിഷന്റെ ശുശ്രൂഷാ മേഖല. ലോകസുവിശേഷവത്കരണത്തിന് ഊർജ്ജം പകർന്നു കൊണ്ട് കേരളത്തിലും വടക്കേ ഇന്ത്യയിലും ആഫ്രിക്കയിലുമായി 32-ഓളം മദ്ധ്യസ്ഥ പ്രാർത്ഥന കേന്ദ്രങ്ങൾ ഫിയാത്ത് മിഷനുണ്ട്. സുവിശേഷവൽക്കരണ പ്രവർത്തനങ്ങൾക്കായി മിഷനറിമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഫിയാത്ത് മിഷന്റെ മൂന്ന് മാസത്തെ ശിഷ്യത്വ പരിശീലന ധ്യാനങ്ങൾ ശ്രദ്ധേയമാണ്. ഇത്തരം 20 ധ്യാനങ്ങൾ ഇന്ത്യയിലും രണ്ട് ധ്യാനങ്ങൾ ആഫ്രിക്കയിലും പൂർത്തിയാക്കപ്പെട്ടു.
ഫിയാത്ത്മിഷന്റെ ധ്യാനശുശ്രൂഷകളിൽ കേരളത്തിനു പുറത്തുള്ള വൈദികർക്കും സന്യസ്തർക്കുമായി നടന്ന ധ്യാനങ്ങളും, വടക്കേ ഇന്ത്യയിലെ ആരും ധ്യാനിപ്പിച്ചിട്ടില്ലാത്ത ഉൾനാനാടൻ ഗ്രാമങ്ങളിൽ അവരുടേതായ ഭാഷകളിൽ നടത്തിയ ധ്യാനങ്ങളും ഉൾപ്പെടുന്നു. ജനങ്ങളിൽ വചനാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്‌ക്രിപ്തുറ എന്ന ബൈബിൾ പകർത്തിയെഴുത്ത് മത്സരവും പുരോഹിത സന്യസ്ത ദൈവവിളിക്ക് പരിശീലനം നേടുന്നവർക്ക് വചനം ഹൃദിസ്ഥമാക്കാൻ പ്രോത്സാഹനമേൽകുന്ന ആസ്പിരൻസ് സ്‌ക്രിപ്തുറ എന്ന മത്സരവും ഫിയാത്ത് മിഷൻ നടത്തുന്നുണ്ട്.
50,000 ത്തോളം കോപ്പികൾ വരെ പ്രിന്റ് ചെയ്യുന്ന ഫിയാത്ത് മാസിക, കുട്ടികൾക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന അമൂല്യ എന്ന ഹിന്ദി മാസിക, 20000ത്തോളം ആളുകൾക്ക് ദിനംപ്രതി അയക്കുന്ന ദൈവവചനങ്ങളടങ്ങിയ എസ്.എം.എസ് സന്ദേശങ്ങൾ എന്നിവ ഫിയാത്ത് മിഷന്റെ മാധ്യമ ശുശ്രൂഷയാണ്. കുട്ടികളുടെ ആത്മീയവളർച്ചക്കുപകരിക്കുന്ന ഗെയിമുകൾ, സംഗീത ആൽബങ്ങൾ എന്നിവ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. മിഷൻ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുവാൻ കേരളത്തിലെ ഇടവകകൾ കേന്ദ്രീകരിച്ചു രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിവിധോദ്ദേശ പ്രാർത്ഥനാകൂട്ടായ്മകളാണ് ഫിയാത്ത് സെനക്കിൾ. കൂടാതെ ഉപയോഗ ശൂന്യമായ പേപ്പറുകളും പുസ്തകങ്ങളും പ്രയോജനപ്പെടുത്തി ലക്ഷക്കണക്കിന് വ്യക്തികൾക്ക് തിരുവചനഗ്രന്ഥം ലഭ്യമാക്കിയ പരിശുദ്ധാത്മാവിന്റെ വിസ്മയകരമായ പാപ്പിറസ് എന്ന പദ്ധതിയും ഫിയാത്ത് മിഷൻ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നു.
മിഷൻ കോൺഗ്രസിൽ, മിഷൻ എക്‌സിബിഷനു പുറമേ, മിഷൻ പ്രദേശങ്ങളിലേക്ക് ദൈവരാജ്യശുശ്രൂഷക്ക് കടന്നു വരാൻ താത്പര്യമുള്ളവർക്കായി നടത്തപ്പെടുന്ന മിഷൻ ധ്യാനം, വൈദികർ, സന്യസ്തർ, കുട്ടികൾ, യുവജനങ്ങൾ എന്നിവർക്കു വേണ്ടി നടത്തപ്പെടുന്ന മിഷൻ ഗാതറിംഗുകൾ, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, മറ്റ് പ്രാർത്ഥനാ ശുശ്രൂഷകൾ എന്നിവയുൾപ്പെടുന്ന മിഷൻ കൺവെൻഷൻ, പതിനെട്ടോളം ഇനങ്ങളിലായി നടത്തപ്പെടുന്ന മിഷൻ ഹാർവെസ്റ്റ് എന്ന മിഷൻ കലോത്സവം എന്നിവയും മിഷൻ കോൺഗ്രസിന്റെ ഭാഗമായി നടക്കുമെ ന്ന് ഫിയാത്ത്മിഷൻ കോ-ഓർഡിനേറ്റർ പറഞ്ഞു.ബിഷപ് ഡോ. ജോൺ മൂലച്ചിറ, ബിഷപ് ജേക്കബ് മാർ ബർണബാസ് എന്നീ ബിഷപ്പുമാർ മിഷൻകോൺഗ്രസിന്റെ വൈസ് ചെയർമാൻമാരാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?