Follow Us On

28

March

2024

Thursday

എഴുത്തുമേശയ്ക്കരികിൽ…

എഴുത്തുമേശയ്ക്കരികിൽ…

അഗളിയിലെ കടുക്മണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. 15 വർഷമായി ചിണ്ടക്കി വനത്തിനുള്ളിലെ ഗുഹയിലാണ് കുറുംബ വിഭാഗത്തിൽപ്പെട്ട മധു താമസിക്കുന്നത്.
വിശപ്പുമായി നാട്ടിലെത്തിയ മാനസികാസ്വസ്ഥ്യമുള്ള യുവാവിനെ കൊന്നതിന്റെ പ്രതിഷേധം ഇന്നും തുടരുകയാണ്. സോഷ്യൽ മീഡിയയിൽ ആയിരകണക്കിന് പേരാണ് പ്രതികരണങ്ങൾ തത്സമയം അറിയിച്ചത്. അതിൽ വിത്യസ്തമായ പ്രതികരണങ്ങളായിരുന്നു മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റേതും സോഷ്യൽ മീഡിയിലെ എഴുത്തുകാരനായ മുരളീ തുമ്മാരുകുടിയുടേതും. അവരുടെ പ്രതികരണത്തിൽ നിന്ന്.
ബിഷപ് മാർ ജോസ് പൊരുന്നേടം
അപകടത്തിൽ പെട്ട് രക്തമൊലിച്ച് മരണവെപ്രാളത്തിലുള്ളവരുടെ വീഡിയോ മൊബൈലിലെടുത്ത് ബ്രേക്കിംഗ് ന്യൂസുകൾ ആക്കാൻ അയച്ചു കൊടുക്കുന്നതും അവരുടെ പണവും ആഭരണങ്ങളും കവർന്നെടുത്ത് കടന്നുകളയുന്നതും എല്ലാം ഒരു നിഗൂഢസന്തോഷ കാരണമാക്കിയവരുള്ള നാടാണിത്. എഴുത്തും വായനയും അറിയാത്തതല്ല കാരണം. വിവര സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടാത്തതുമല്ല കാരണം. കേരളത്തിലുള്ളത്ര സ്‌കൂളുകളും കോളജുകളും മറ്റൊരു സംസ്ഥാനത്തും കാണുകയില്ല. ഇവിടെയുള്ളത്ര ബ്രഹ്മാണ്ഡങ്ങളായ ആരാധനാലയങ്ങളും ഇന്ത്യയിൽ മറ്റെങ്ങും കാണുകയില്ല. കേരളം ആഢംഭര ഉപഭോഗവസ്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്നുമാണ്. എന്നിട്ടും എന്തേ ആർക്കും ഒരുപദ്രവവും ചെയ്യാത്ത ഒരു സാധു യുവാവിനെ പട്ടിയെ തല്ലിക്കൊല്ലുന്നതിലും ക്രൂരമായി തല്ലിക്കൊല്ലാൻ തക്കവിധം അധ:പതിച്ച മാനസികാവസ്ഥയിലുള്ളവരെ സൃഷ്ടിച്ചു? കാരണം തേടി എങ്ങും പോകേണ്ടതില്ല. മലയാളിയുടെ മനസ്സ് സംസ്‌കരിച്ചെടുക്കാൻ ഇവയൊന്നും പര്യാപ്തമായില്ല. ക്രമസമാധാനത്തിന് നിയോഗിക്കപ്പെടുന്നവരെ മറ്റാരുടേയോ ഇംഗിതത്തിന് തുള്ളുന്നവരാക്കി മാറ്റിയെടുത്തു. അക്രമികൾക്കും കൊലയാളികൾക്കും തലതൊട്ടപ്പമാരുണ്ടായി. അക്രമത്തേയും കൊലയേയും അശ്ലീലത്തേക്കും മദ്യത്തേയും മയക്കുമരുന്നിനേയും മഹത്വവൽക്കരിച്ച് യുവതലമുറയുടെ ആരാധനാമൂർത്തികളാക്കി. അവയെ ആരാധിക്കാൻ മടിക്കുന്നവരെ സമൂഹത്തിന്റെ ഉമ്മറപ്പടി അടച്ച് പിണ്ഡം വച്ചു. വിദ്യാർത്ഥികളെ ശിക്ഷണ വിധേയരാക്കുന്ന അധ്യാപകരെ കുറ്റവാളികളാക്കി ജയിലിലടച്ചു. സകല ധാർമ്മികതയുടേയും ഉറവിടമായ ദൈവത്തെ കേവലം മാനുഷിക രൂപങ്ങളാക്കി. വിശുദ്ധയിടങ്ങൾ അശ്ലീലം കൊണ്ട് അശുദ്ധമാക്കി. അവരവർക്ക് തോന്നുന്നത് ശരിയായി അവതരിപ്പിക്കപ്പെട്ടു. നമുക്കൊരു തിരിച്ച് പോക്ക് വേണ്ടേ? കരിങ്കൽ സമാനമായ മനസുമായി എത്ര കാലം മുന്നോട്ട് പോകും? മധുവിന്റെ വിധി ഇനിയാർക്കും ഉണ്ടാകാതിരിക്കട്ടെ.
മുരളി തുമ്മാരുകുടി
”അപകടം ഉൾപ്പടെയുള്ള അന്യന്റെ ദുഃഖങ്ങൾ സെൽഫി ആക്കുന്നവരാണ് നമ്മൾ. കള്ളനെ കൈയിൽ കിട്ടിയാൽ കൊന്നില്ലെങ്കിലും രണ്ടു കൊടുക്കണമെന്ന് ചിന്തിക്കുന്ന നമ്മൾ, നായകനോ ആൾക്കൂട്ടമോ നിയമം കൈയിലെടുക്കുമ്പോൾ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന നമ്മൾ, ഒരാൾ പൊതുരംഗത്ത് തെറ്റായി പ്രവർത്തിച്ചാലും ഇടപെടാത്ത നമ്മൾ, തമിഴത്തി സ്ത്രീകളെല്ലാം മാല പൊട്ടിക്കാൻ നടക്കുന്നവരാണെന്ന് മുൻധാരണയുള്ള നമ്മൾ, ബംഗാളികൾ നമ്മുടെ കുട്ടികളെ തട്ടിക്കൊണ്ടു പോവുകയാണെന്ന് കിംവദന്തി പരത്തുന്ന നമ്മൾ……
ഇപ്പോൾ ഫേസ്ബുക്കിൽ പൊട്ടിയൊഴുകുന്ന രോഷത്തിന് ആത്മാർത്ഥത തീരെയില്ലെന്ന് പറയാൻ പറ്റില്ല, പക്ഷെ അത് ഹിപ്പോക്രാറ്റിക്ക് ആണ്. കാരണം മധുവിനെ തല്ലിക്കൊല്ലുന്ന വീഡിയോയിൽ നമ്മൾ ഇല്ലാത്തത് നമ്മൾ ആ നാരാധമന്മാരെക്കാൾ വ്യത്യസ്തർ ആയതുകൊണ്ടല്ല, നമ്മൾ അപ്പോൾ സ്ഥലത്തില്ലാതെ പോയതുകൊണ്ടു മാത്രമാണ്. ഇപ്പോൾ നമ്മൾ കാണിക്കുന്ന രോഷത്തിന് മറ്റൊരു വിഷയം പൊങ്ങി വരുന്നതുവരെ മാത്രമേ ആയുസ്സുള്ളൂ എന്ന് നമുക്കറിയാം. അത് ഏതെങ്കിലും സെലിബ്രിറ്റിയുടെ വിവാഹമോചനം തൊട്ട് രാഷ്ട്രീയ നേതാവിന്റെ നാക്കുപിഴയെ ട്രോൾ ചെയ്യുന്നത് വരെ ആകാം. ഈകൊലയൊക്കെ നമ്മൾ മറക്കും എന്ന് മാത്രമല്ല ഈ കൊലപാതകികൾ എന്നെങ്കിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുമെന്ന പ്രതീക്ഷയുമില്ല (അതുകൊണ്ടാണല്ലോ നാം നിയമം കൈയിലെടുക്കുന്നത്).
ഫേസ്ബുക്കിനും പുറത്തും നടക്കുന്ന ഈ രോഷപ്രകടനം കൊണ്ടൊന്നും എന്തെങ്കിലും സംഭവിക്കുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ല. പഴയ സോഡാക്കുപ്പി പൊട്ടുന്നതു പോലെ അല്പം ഒച്ചയും കുറച്ചു തിളക്കലും ആയി ഇതങ്ങ് തീരും. നാളെ തൊട്ട് നാം ബംഗാളികളെക്കുറിച്ചുള്ള തെറ്റായ വാട്ട്‌സ്ആപ്പ് മെസ്സേജ് ഫോർവേഡ് ചെയ്യും, നിയമവാഴ്ചക്ക് പ്രതിയെ വിട്ടുകൊടുക്കാതെ അയാളെ വെടിവച്ചു കൊല്ലുന്ന നായകനെ കൈയടിച്ചു സ്വീകരിക്കും, വേണമെങ്കിൽ തിരഞ്ഞെടുത്ത് മന്ത്രിയാക്കും, ആഫ്രിക്കയിൽ നിന്നും വരുന്ന ഏതെങ്കിലും ഭാഷ അറിയാത്ത പാവത്താനെ കൈയിൽ കിട്ടിയാൽ സംശയത്തിന്റെ പേരിൽ അടിച്ചു പരുവം ആക്കും, സെൽഫി എടുക്കും, പോസ്റ്റും.
എനിക്ക് ഇത്രയേ പറയാനുള്ളു. ഒരു മിനിട്ട് മനസ്സിന്റെ കണ്ണാടിയിൽ നോക്കുക, നമ്മൾ മധുവിനെ പോലെയല്ല, അയാളെ കൊന്നവനെപ്പോലെയാണ് ഇരിക്കുന്നതെന്ന് തിരിച്ചറിയുക. ഫേസ്ബുക്കിലും ചാനലിലും ഒക്കെ രോഷ പ്രകടനം നടത്തിക്കോളൂ, പക്ഷെ ബാത്ത്‌റൂമിൽ പോയി കണ്ണാടിയിൽ നോക്കുമ്പോൾ ഇന്നൊരു ദിവസമെങ്കിലും നാം നമ്മളെ ഓർത്ത് നാണിക്കുക.
പ്രശംസയിൽ അഹങ്കരിക്കരുത്
ന്യൂജെൻ ജനങ്ങൾക്കും പഴയ തലമുറക്കും ഇഷ്ടമുള്ളൊരു സംവിധായകനാണ് സത്യൻ അന്തിക്കാട്. അദേഹം സിനിമക്കുവേണ്ടി കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ് ആളുകളുടെ മനസിനെ സ്പർശിക്കുന്നത്. ചില സന്ദേശങ്ങൾ നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത് കുടുംബങ്ങൾ ഏറ്റെടുക്കുന്നതാണ് അദേഹത്തിന്റെ ചിത്രങ്ങളുടെ വിജയത്തിന് കാരണം. തന്റെ ജീവിതത്തിലൂണ്ടായ ഒരു സംഭവത്തെക്കുറിച്ച് അദേഹം തുറന്നെഴുതിയിരിക്കുന്നത് ഇവിടെ പകർത്തുകയാണ്.
”ആളുകൾ ആവശ്യത്തിലധികം ബഹുമാനിക്കുന്നതും മറ്റുള്ളവരോട് എന്നെപ്പറ്റി പുകഴ്ത്തി സംസാരിക്കുന്നതുമൊക്കെ എനിക്കും ഇഷ്ടമായിരുന്നു; കുറച്ചുകാലം മുമ്പുവരെ. ഇന്ന് അത്തരമൊരു സന്ദർഭമുണ്ടായാൽ ഞാനവിടെനിന്ന് പതുക്കെയങ്ങ് വലിയും. അതൊരു അനുഭവത്തിന്റെ വെളിച്ചത്തിലാണ് (അനുഭവത്തിന്റെ ഇരുട്ടിൽ എന്നു പറയുന്നതാവും കൂടുതൽ ശരി). ആ അനുഭവമാണ് വിഷയം.
മദ്രാസിൽനിന്ന് തൃശൂരിലേക്കുള്ള ഒരു തീവണ്ടിയാത്ര. വൈകുന്നേരം ഏഴരയ്ക്കുള്ള വണ്ടിയാത്ര. പുറപ്പെടാമെന്നു തീരുമാനിക്കുന്നത് ഏകദേശം ഒരു മണിക്കൂർ മുമ്പ്. സാധാരണ നിലയിൽ ഫസ്റ്റ് ക്ലാസിലും ഏ.സിയിലുമൊന്നും ടിക്കറ്റ് കിട്ടുകയില്ല. പക്ഷേ മദ്രാസിൽ ടിക്കറ്റ് ശരിയാക്കിത്തരുന്ന ചില ഏജന്റുമാരുണ്ട്. അതിലൊരാളെ തേടിപ്പിടിക്കുന്നു. ‘സാർ ധൈര്യമായി പോന്നോളൂ’ എന്ന വാക്കിന്റെ പുറത്ത് പെട്ടിയും ബാഗുമായി ഞാൻ സ്റ്റേഷനിലെത്തി. ടിക്കറ്റ് ചാർജും കമ്മീഷനും ചെറിയൊരു ടിപ്പും കൈപ്പറ്റി അയാളെന്നെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിൽ കയറ്റി ഇരിത്തിയിട്ട് പറഞ്ഞു:
‘ടിക്കറ്റ് ഓക്കെയാണ്. ടി.ടിയോട് ഞാൻ പറഞ്ഞിട്ടുമുണ്ട്. എങ്കിലും പരിശോധിക്കാൻ വരുമ്പോൾ അയാൾക്കെന്തെങ്കിലും കൊടുത്തോളൂ.’
ഞാൻ സമ്മതിച്ചു.
ഞാനിരുന്ന കൂപ്പയിലേക്ക് സഹയാത്രികരായി മൂന്നുപേർ കൂടി വന്നു. നെറ്റി നിറയെ ഭസ്മം തേച്ച് അതിന്റെ നടുവിൽ കുങ്കുമക്കുറിയും തൊട്ട് ഒരു വൃദ്ധബ്രാഹ്മണൻ. ഒറ്റനോട്ടത്തിൽ സിനിമാനടിയാണെന്ന് തോന്നിപ്പിക്കുന്ന ഒരു സുന്ദരി. അവളുടെ ആയ. നടിക്ക് രാത്രിയിലേക്കുള്ള ഭക്ഷണവും വെള്ളവും കൊണ്ടുവന്നത് എനിക്കറിയാവുന്ന പ്രൊഡക്ഷൻ മാനേജരുടെ അസിസ്റ്റന്റായിരുന്നു. മലയാളിയായ സുകുമാരപിള്ള. എന്നെ കണ്ടതും അതീവ വിനയത്തോടെ, അതിലേറെ അത്ഭുതത്തോടെ പിള്ള ചിരിച്ചു: ‘ഗുഡ്‌മോണിങ്ങ് സാർ’ പുറത്ത് ഇരുട്ട് വീണു കഴിഞ്ഞെങ്കിലും അയാളുടെ സുപ്രഭാതം ഞാൻ സ്വീകരിച്ചു.
”പുതിയ പടത്തിന്റെ വർക്ക് കഴിഞ്ഞ് പോവുകയാവും അല്ലേ?”
‘അതെ.’
‘പടം നാടോടിക്കാറ്റിനെക്കാൾ ഹിറ്റാകുമെന്നാണ് റിപ്പോർട്ട്.’
അതെങ്ങനെ പിള്ള കേട്ടു എന്നെനിക്ക് മനസിലായില്ല. ഞാനും എന്റെ എഡിറ്ററുമല്ലാതെ മറ്റാരും പടം കണ്ടിട്ടില്ല. എങ്കിലും സുകുമാരപിള്ളയുടെ വാക്കുകൾ എന്നെ സന്തോഷിപ്പിച്ചു.
നടിയെ അയാളെനിക്ക് പരിചയപ്പെടുത്തി. തൃശൂരിൽ ഒരു പുതിയ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോവുകയാണ്. തെലുങ്കത്തിയാണ്. തമിഴ് കുറെശേ അറിയാം.
‘അമ്മാ, ഇന്ത ആള് യാരെന്ന് തെരിയുമാ?’ നടി അറിയില്ലെന്ന് തലയാട്ടി. അതൊരു വലിയ അപരാധം പോലെയായി പിള്ളയുടെ പെർഫോർമൻസ്.
‘എന്നമ്മ ഇത്? സത്യൻസാറെ തെരിയാതാ? ഇവര് മലയാളത്തിലെ മണിരത്‌നം! ആനാൽ മണിരത്‌നത്തോടെ പെരിയ ഡയറക്ടർ…” പെൺകുട്ടിയുടെ കണ്ണുകൾ വിടർന്നു.
‘മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയത് യാര്? ഇന്ത സത്യൻസാർ.’
‘അങ്ങനെയൊന്നും പറയാതെ’ എന്നു ഞാൻ വിലക്കാൻ ശ്രമിച്ചു. ഫലിച്ചില്ല.
‘ജയറാം തിരക്കുള്ള നടനായി മാറിയത് എങ്ങനെയാ? ഈ സാറിന്റെ പടത്തിൽ അഭിനയിച്ചിട്ടാ. ഉർവശിക്ക് എത്ര സ്റ്റേറ്റ് അവാർഡ് വാങ്ങിക്കൊടുത്തിട്ടുണ്ടെന്നറിയുമോ? സംയുക്താവർമയെ കേട്ടിട്ടില്ലേ? കോളജിൽ പഠിച്ചു നടന്നിരുന്ന ആ കുട്ടിയെ സാറ് നായികയാക്കി.
നടിയുടെ മുഖത്ത് ബഹുമാനവും ആരാധനയും തെളിയുന്നത് ഞാൻ കണ്ടു.
‘സാറിന്റെ ഒരു പടത്തിൽ മുഖം കാണിക്കാൻ അവസരം കിട്ടിയാൽ നീ രക്ഷപ്പെട്ടു’ എന്നുകൂടി പറഞ്ഞതോടെ പെൺകുട്ടി എന്റെ കാൽ തൊട്ട് വന്ദിച്ചു.
പ്രശംസ അർഹിക്കുന്നതിനെക്കാൾ വളരെ കൂടുതലായതുകൊണ്ട് ഞാൻ അല്പം ചമ്മുകയും ചെയ്തു. സുകുമാരപിള്ളയുടെ ഉദ്ദേശ്യം അടുത്ത ചിത്രത്തിൽ കയറിപ്പറ്റുക എന്നതാണെന്ന് അയാൾ പറയാതെതന്നെ എനിക്ക് മനസിലായി.
അത്ഭുതവും ആദരവും അമിതാഭിനയത്തിൽ കാഴ്ചവച്ചു പിള്ള പോയി. വണ്ടി സ്റ്റേഷൻ വിട്ടു.
നടിയും ആയയും ആരാധനയോടെ എന്നെ നോക്കുന്നുണ്ട്. ഞാനൊന്ന് മിണ്ടിയിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹിച്ചിട്ടുണ്ടാവണം. ഇതുപോലെ എത്രപേരെ കണ്ടിരിക്കുന്നുവെന്ന ഭാവത്തിൽ ഒരു പുസ്തകവും നിവർത്തി ഞാൻ ഗൗരവത്തിലിരുന്നു. അല്പം കഴിഞ്ഞപ്പോൾ ടിക്കറ്റ് എക്‌സാമിനർ കടന്നുവന്നു. തടിച്ചു കറുത്ത തമിഴൻ. ബാഡ്ജിൽ ‘പളനിവേൽ’ എന്ന പേര് ഞാൻ ശ്രദ്ധിച്ചു. ആത്മവിശ്വാസത്തോടെ ഞാനെന്റെ ടിക്കറ്റ് നീട്ടി. ഒരു നിമിഷം അതിൽ നോക്കിയിട്ട് ഒരു വലിയ കുറ്റവാളിയോടെന്നപോലെ അയാൾ അലറി:
‘യാർ നീ?’
‘ഞാൻ മലയാളം ഡയറക്ടർ….’
ഡയലോഗ് മറന്നുപോയ പുതുമുഖനടനെപ്പോലെ ഞാൻ വിളറി.
‘എന്ന? ഉനക്ക് പേശത്തെരിയാതാ?’
ഞാൻ പെട്ടെന്ന് ഒരു നൂറുരൂപ നോട്ടെടുത്ത് അയാൾക്ക് നേരെ നീട്ടി. അയാൾ അട്ടഹസിച്ചു. ‘ലഞ്ചം കൊടുക്കപ്പാക്കറിയാ?’ – കൈക്കൂലി തന്ന് വീഴ്ത്താനുള്ള ഭാവമാണോ എന്ന്!
ഇടംകണ്ണിട്ട് ഞാൻ നടിയെ ഒന്നു നോക്കി. അവൾ എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
‘പോ വെളിയെ…’ എന്ന് പളനിവേൽ സിംഹം പറഞ്ഞുതീർന്നതും പെട്ടിയും ബാഗുമെടുത്ത് മലയാളത്തിലെ ‘മണിരത്‌നം’ പുറത്തുചാടി. തർക്കിക്കാൻ നിന്നാൽ അയാൾ കഴുത്തിന് പിടിച്ചു പുറംതള്ളിയാലോ?
താൻ ആരാധനയോടെ കാൽതൊട്ടു വന്ദിച്ച മനുഷ്യന്റെ ദൈന്യമായ അവസ്ഥ ആ പെൺകുട്ടി കാണുന്നതു മാത്രമായിരുന്നു അപ്പോഴത്തെ എന്റെ വിഷമം.
ഇടനാഴിയിലൂടെ അടുത്ത കമ്പാർട്ട്‌മെന്റിലേക്ക് തിരിഞ്ഞുനോക്കാതെ ഓടുമ്പോൾ തമിഴ്‌നാട്ടിലെ ചേരിപ്രദേശത്ത് മാത്രം കേൾക്കാറുള്ള കൊടുംതമിഴിൽ അയാൾ ചീത്ത വിളിക്കുന്നത് കേൾക്കാമായിരുന്നു.
ഫസ്റ്റ് ക്ലാസ് ടിക്കറ്റും കൈയിൽ പിടിച്ച്, റിസർവേഷനില്ലാത്ത സെക്കന്റ് ക്ലാസ് കമ്പാർട്ട്‌മെന്റിലെ തിരക്കിൽ ഇരുന്നും നിന്നും രാത്രി തള്ളിനീക്കുമ്പോൾ ഗുണപാഠം മനസിൽ തെളിഞ്ഞുവന്നു. ‘അർഹിക്കാത്ത പ്രശംസ കേട്ട് അഹങ്കരിക്കരുത്.’
സൃഷ്ടി
വേദപാഠക്ലാസിൽ അധ്യാപകൻ തോമസുകുട്ടിയോട്;
”ദൈവം പ്രപഞ്ചത്തിലെ ജീവജാലങ്ങളെയും സൂര്യചന്ദ്ര നക്ഷത്രക്കൂട്ടങ്ങളെയുമെല്ലാം സൃഷ്ടിച്ചതിനുശേഷമാണ് മനുഷ്യനെ സൃഷ്ടിച്ചത്. ഇതെന്തിനായിരുന്നു?”
തോമസുകുട്ടി: ”ആദ്യം മനുഷ്യനെ സൃഷ്ടിച്ചിരുന്നെങ്കിൽ അവൻ എഴുതിവെക്കും, ഇതെല്ലാം അവനാണ് സൃഷ്ടിച്ചതെന്ന്..”
ജയ്‌മോൻ കുമരകം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?