Follow Us On

28

March

2024

Thursday

ഏറ്റവും വലിയ നഷ്ടം…

ഏറ്റവും വലിയ നഷ്ടം…

യൂറോപ്പിലായിരുന്ന കാലഘട്ടത്തിൽ ഞാനും എന്റെ ഒന്നുരണ്ട് സുഹൃത്തുക്കളുംകൂടി ഒരു സായാഹ്നത്തിൽ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ബില്ലു കൊടുത്തു ബാക്കി പണവുമായി ബസ് കാത്തുനിൽക്കുമ്പോൾ ഒരു കാര്യം മനസിലായി, ബില്ലിലുള്ളത് ഒരു യൂറോ അധികമാണെന്ന്. പലതവണ വില കൂട്ടിനോക്കി ഒരു യൂറോ എന്റെ കൈയിൽനിന്നും അധികമായി ഈടാക്കി എന്ന് ഉറപ്പാക്കി.
കൈയിൽ അധികം യൂറോയൊന്നുമില്ലാത്തതുകൊണ്ട് ഇതെന്നെ ശരിക്കും അസ്വസ്ഥതപ്പെടുത്തി എന്നതാണ് സത്യം. വളരെ കുറച്ചാണെങ്കിലും നഷ്ടമായ പണം എനിക്ക് എത്രമാത്രം വിലയേറിയതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
നഷ്ടമായവയെക്കുറിച്ചുള്ള ചിന്തകളിൽ ഇതുപോലെ അനേകം കാര്യങ്ങൾ കടന്നുവരാം. നഷ്ടസ്വപ്നം എന്ന പ്രയോഗം മലയാളിക്ക് ഏറെ പരിചിതവുമാണ്. എനിക്ക് ഉപകാരം ചെയ്തിട്ടുള്ളവർ, എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ളവർ, എന്റെ മാതാപിതാക്കൾ, ഉറ്റ മിത്രങ്ങൾ, നല്ലവരായ ഗുരുഭൂതർ തുടങ്ങിയവരുടെയും അസാന്നിധ്യത്തെ വലിയ നഷ്ടമായി നാം മനസിലാക്കാറുണ്ട്, പറയാറുമുണ്ട്. നഷ്ടമായ വസ്തുക്കളെക്കുറിച്ച്, നഷ്ടമായ പ്രിയപ്പെട്ട വ്യക്തികളെക്കുറിച്ച് തുടങ്ങി എത്രയധികം കാര്യങ്ങളെക്കുറിച്ചാണ് അനുദിനം നമ്മളോരോരുത്തരും വ്യഗ്രത കൊള്ളുന്നത്.
ഈ വ്യഗ്രതകളിൽ ഭൂരിഭാഗവും ഭൗതികമായ കാര്യങ്ങളെക്കുറിച്ചാണെന്നതും ഒരു യാഥാർത്ഥ്യമാണ്. ഇതോടൊപ്പം ഞാൻ തിരിച്ചറിഞ്ഞ മറ്റൊരു കാര്യമിതാണ്, ഈ വ്യഗ്രതയും ആകുലതയും എന്നിൽ ഉടലെടുക്കുന്നത് എന്റെ വ്യക്തിപരമായ നഷ്ടത്തിന്റെ പേരിലാണ്. മറ്റൊരാൾക്കുണ്ടാകുന്ന നഷ്ടങ്ങളൊന്നുംതന്നെ നമ്മെ അത്രമാത്രം ബാധിക്കാറില്ല. അതങ്ങിനെയാണ് ലോകത്തെല്ലായിടത്തും. അപരൻ അവിടെ പ്രസക്തമല്ല. എന്റെ ഭൗതികമായ നഷ്ടംമാത്രമാണ് എനിക്ക് പ്രധാനപ്പെട്ടത്. അപരനുണ്ടാകുന്ന നഷ്ടത്തിൽ അൽപനേരത്തേക്ക് ചെറിയൊരു സങ്കടം വരാം. എന്നാൽ അതിനപ്പുറം മിക്കപ്പോഴും ഒന്നുംതന്നെ സംഭവിക്കാറില്ല.
നഷ്ടമായ അനേകം കാര്യങ്ങളെക്കുറിച്ച് പലരും സങ്കടത്തോടെ പറയാറുണ്ട്. ഇനി തിരികെ ഒരിക്കലും നേടിയെടുക്കാനാവാത്ത നഷ്ടങ്ങളാണവയെല്ലാംതന്നെ. നഷ്ടമായത് എന്തെല്ലാമാണ് എന്ന് ഞാൻ എന്നിലേക്കുതന്നെ ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ കണ്ടെത്തിയത് അത്ര സന്തോഷകരമായ കാര്യങ്ങളായിരുന്നില്ല.
സന്യാസജീവിതമാണ് എന്റെ വഴിയും ജീവിതവിളിയും എന്ന് മനസിലാക്കി മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും അടങ്ങുന്ന ഒരു വലിയ വീടിനെ പിന്നിലാക്കി അസീസിയിലെ ഫ്രാൻസിസ് എന്ന കൊച്ചുമനുഷ്യൻ ഈശോയെ അനുഗമിച്ച വഴികളിലൂടെ യാത്ര തുടങ്ങിയിട്ട് 25 വർഷങ്ങൾ കഴിഞ്ഞു. ഈ യാത്രയുടെ പേരിൽ എനിക്ക് ഭൗതികമായ നഷ്ടങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. പലരും പലപ്പോഴായി അതിനെക്കുറിച്ച് ഓർമിപ്പിച്ചിട്ടുണ്ട്. അസ്വസ്ഥമാകുന്ന ചില നിമിഷങ്ങളിൽ ഈ നഷ്ടങ്ങളെക്കുറിച്ചുള്ള ചിന്തകൾ പല രീതികളിലായി എന്റെ ജീവിതത്തിൽ കടന്നുവന്നിട്ടുമുണ്ട്. അത്തരം ചിന്തകൾ ചില വേളകളിലെങ്കിലും എന്റെ ഉള്ളിൽ നിരാശ നിറച്ചിട്ടുണ്ട്, എന്നെ സങ്കടപ്പെടുത്തിയിട്ടുണ്ട്. എന്റെ പ്രതീക്ഷകളും ആഗ്രഹങ്ങളും വെറും മാനുഷികമായ രീതിയിൽ മാത്രം കണ്ട് അതിന്റെ പിന്നാലെയുള്ള ഓട്ടവും ഓട്ടത്തിൽ പരാജയപ്പെടുമ്പോൾ ഉള്ള നിഷേധമനോഭാവവും ഒക്കെ കൊണ്ടുചെന്നെത്തിക്കുന്നത് നഷ്ടമെന്ന ചിന്തയിലേക്കാണ്.
റോമ ലേഖനം പന്ത്രണ്ടാം അധ്യായം രണ്ടാം വാക്യത്തിൽ നാമിങ്ങനെ വായിക്കുന്നുണ്ട്: ”നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത്, പ്രത്യുത നിങ്ങളുടെ മനസിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും.” എന്റെ പൊതുവായ മനസിലാക്കലിൽ ഞാൻ നേടിയെടുത്തവയിൽ ഭൂരിഭാഗവും ലോകത്തോട് അനുരൂപപ്പെടുവാനുള്ള എന്റെ മനസിന്റെ മോഹങ്ങൾ മാത്രമായിരുന്നു. അവയ്‌ക്കെല്ലാം അമിതമായ പ്രാധാന്യം കൊടുക്കുകയും അതാണ് ഏറ്റവും നല്ലതെന്ന് കരുതുകയും ചെയ്തുകൊണ്ടുള്ള ജീവിതം. അതിലുള്ള പരാജയങ്ങളെയെല്ലാം അല്ലെങ്കിൽ എനിക്ക് ലഭ്യമാകാതെ പോയവയെ എല്ലാം ഞാൻ നഷ്ടമായി മനസിലാക്കി എന്ന് മാത്രം.
എനിക്ക് വന്ന് ചേർന്നതും എന്റെ ജീവിതത്തിലെ ഏറ്റവും വലുതുമായ നഷ്ടം ഏതാണ് എന്ന് ഞാൻ സ്വയം അന്വേഷിക്കുമ്പോൾ, നഷ്ടമായിപ്പോയി എന്ന് ഞാൻ മനസിലാക്കിയവയെക്കാൾ മറ്റ് പലതും കടന്നുവരുന്നതും ഞാൻ കാണുന്നു. കാൽനൂറ്റാണ്ട് നീണ്ട ഈ യാത്ര ഇതുവരെ പിന്നിടുമ്പോൾ ഒരു വേറിട്ട അന്വേഷണത്തിൽ, മറ്റെന്തിനെക്കാളും ചില വേളകളിൽ എനിക്ക് നഷ്ടമായിട്ടുള്ളത് എന്റെ ദൈവത്തെത്തന്നെയാണെന്ന് ഞാൻ അറിയുന്നു. വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതിനാൽ സംഭവിച്ച പിഴവിനാലാകാം എനിക്ക് ഈ വലിയ നഷ്ടം സംഭവിച്ചത്. മറ്റ് ചില സമയങ്ങളിൽ ഉള്ളിൽ ചില ധാരണകളും ബോധ്യങ്ങളും ഈ നഷ്ടവുമായി കടന്നുവരുമ്പോഴും ഇതൊന്നും സാരമില്ല എന്ന ചിന്തയാകാം. കാരണം ഇവയിൽ ഏതുമാകട്ടെ, വ്യക്തിജീവിതത്തിൽ, പ്രത്യേകിച്ച് എന്റെ ഈ യാത്രയിൽ മറ്റ് നഷ്ടങ്ങൾക്കുള്ളതുപോലെയല്ല അൽപനേരത്തേക്കാണെങ്കിലും ജീവിതത്തിലെ ഈ നഷ്ടത്തെ ഞാൻ കണക്കാക്കുന്നത്.
യഹൂദമത വിശ്വാസിയുടെ ആണ്ടുതോറുമുള്ള ജറുസലേം യാത്ര നടത്തുന്ന തിരുക്കുടുംബത്തെക്കുറിച്ച് നാം തിരുവചനത്തിൽ വായിക്കുന്നുണ്ട്. യാത്ര ലക്ഷ്യത്തിലെത്തി പക്ഷേ മടക്കയാത്രയിൽ മറിയത്തിനും ജോസഫിനും ഈശോയെ അവരുടെ ഏറ്റവും പ്രിയപ്പെട്ട മകനെ നഷ്ടമായി. എന്നാൽ അവരതറിയുന്നില്ല. തിരികെ വീട്ടിലെത്താനുള്ള തിടുക്കമാകാം, ബന്ധുക്കളോടൊപ്പമുണ്ടാകുമെന്ന ചിന്തയാകാം അല്ലെങ്കിൽ അവനൊരിക്കലും മറ്റൊന്നിലും ഇടപെട്ട് സമയം കളഞ്ഞ് ദൂരെയാകില്ല എന്നതൊക്കെയായിരിക്കാം ആ മാതാപിതാക്കളുടെ ഉള്ളിലുണ്ടായിരുന്നതെന്ന് ഞാൻ കരുതുന്നു. മനഃപൂർവം മറിയവും ജോസഫും മകനെ കൂടെ കൂട്ടാതിരിക്കില്ല. കാരണങ്ങൾ എന്തുതന്നെയായാലും തിരികെയുള്ള യാത്രയിൽ അവർക്ക് ഈശോയെ നഷ്ടമായി.
മകൻ ഒപ്പമില്ല എന്ന അറിവ് മറിയത്തിനും ജോസഫിനും കൊടുത്തത് വലിയ ആധിയാണ്. അത്രയും നേരം ജീവിതത്തിന് ഉണ്ടായിരുന്ന സ്വാഭാവികത അവരിൽനിന്നും അന്യമാകുകയാണ്. എത്രയും വേഗം ഭവനത്തിൽ എത്തിച്ചേർന്ന്, തീർത്ഥാടനദിവസങ്ങളിൽ മാറ്റിവച്ചിരുന്ന കാര്യങ്ങൾ ചെയ്ത് തീർക്കണം എന്ന ആഗ്രഹമെല്ലാം അവർ മറന്നുപോയി. ഇപ്പോൾ മറിയത്തിനും ജോസഫിനും ഒരാഗ്രഹം മാത്രം ഈശോയെ തിരികെ കണ്ടെത്തുക എന്നതുതന്നെ. വിലയേറിയത് നഷ്ടമായി എന്നറിയുമ്പോൾ സ്വാഭാവികമായ ഒരു സങ്കടമുണ്ട്, അതിനോടുചേർന്ന് ഒരു അന്വേഷണമുണ്ട്. അതാണിവിടെയും സംഭവിച്ചത്.
മക്കളുടെ കാര്യത്തിൽ ഇന്നത്തെ മാതാപിതാക്കളും മറിയത്തെയും ജോസഫിനെയും പോലെ ആകുലതയോടെ അന്വേഷിക്കുന്നവരാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും. എന്നാൽ ജീവിതത്തിൽ അത്രയും നേരം കൂടെയുണ്ടായിരുന്ന ഈശോയെ നഷ്ടമായി എന്ന അറിവുപോലും എന്നിൽ ഇല്ലാതാകുന്നു എന്നത് എന്നെ ഇപ്പോൾ ഭയപ്പെടുത്തുന്നു. ഈശോയുടെ അസാന്നിധ്യം തിരിച്ചറിയാനായാൽ മാത്രമേ മടക്കയാത്ര തുടങ്ങാനാകൂ.
ഈശോ എന്നിൽനിന്ന് ഇല്ലാതാകുന്ന നിമിഷങ്ങൾ ഒരിക്കലും ഉണ്ടാകില്ല എന്ന് വാശിപിടിക്കുന്നവരൊക്കെയുണ്ട്. പക്ഷേ അറിയുക, മനസ് മറ്റുപല കാര്യങ്ങളിലൂടെയെല്ലാം ഓടി നടക്കുമ്പോൾ അത് സംഭവിക്കാം. ഈശോ എപ്പോഴും ഒപ്പമുണ്ട് എന്ന് പറയുമ്പോഴും ഈശോയെ നഷ്ടമായ എത്രയോ നിമിഷങ്ങളെക്കുറിച്ച് നാമോരോരുത്തർക്കും പറയാനാകും. ചില ആഘോഷങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളിൽ ക്രിസ്തു ഇല്ലാത്ത ക്രിസ്തീയത എന്ന കളിയാക്കൽ പലയിടത്തുനിന്നും ഉയരുന്നതിനെക്കുറിച്ച് നാമറിയാറുണ്ട്.
അറിവുള്ളവർ ഓർമിപ്പിക്കുന്ന ഒരു വലിയ സത്യം ജീവിതം എപ്പോഴും ഒരു നിമിഷത്തെ തിരിച്ചറിവെന്നാണ്. അനുദിനം ഞാൻ ചെയ്യുന്ന ഓരോ കാര്യങ്ങളെയും ഒന്ന് വിലയിരുത്തിയാൽ ക്രിസ്തുസാന്നിധ്യം എത്രമാത്രം എന്നോടൊപ്പമുണ്ട് എന്നതിന് കുറെ കൃത്യത ലഭിക്കുമെന്നുറപ്പാണ്.
വർഷാവസാനങ്ങളിൽ ഓരോന്നിനെക്കുറിച്ചുമുള്ള ലാഭനഷ്ട കണക്കുകൾ എടുക്കുക സാധാരണമാണ്. എന്നാൽ എന്റെ ആത്മീയ ജീവിതത്തിൽ ഇത്തരമൊരു സമയബന്ധിയായ വിലയിരുത്തലുകൾ അത്ര ഗൗരവമായി നടത്തപ്പെടാറില്ല. മൊത്തത്തിൽ നോക്കുമ്പോൾ വലിയ പ്രശ്‌നമൊന്നുമില്ലാതെ ജീവിതം മുമ്പോട്ട് പോകുന്നു എന്ന ഉത്തരത്തിൽ സംതൃപ്തനാകുകയാണ് എന്റെ പതിവ് രീതി. എന്നാൽ ഈശോയില്ലാതെ തങ്ങൾക്ക് നസ്രത്തിലെ വീട്ടിലേക്ക് ഒരടിപോലും വയ്ക്കാനാകില്ല എന്നറിയുന്ന മറിയത്തെയും യൗസേപ്പിനെയുംപോലെ ഒരു തിരിച്ചുനടത്തം അത്യാവശ്യമാണെന്ന് ഇപ്പോൾ ഞാനും മനസിലാക്കുന്നു.
ചിലതൊക്കെ നഷ്ടമായെന്നറിയുമ്പോഴാണ് അത് നേടിയെടുക്കാൻ ഒരു വാശിയും തീക്ഷ്ണതയും നമ്മുടെ ഉള്ളിൽ ഉയരുന്നത്. നഷ്ടമായി എന്ന തിരിച്ചറിവ് നിരാശയിലേക്ക് പോകാനോ ജീവിതം തീർക്കാനോ ഉള്ളതല്ല, മറിച്ച് പൂർവാധികം ശക്തിയോടെ തിരികെയെത്താനുള്ള ക്ഷണമാണ്. നഷ്ടമായത് തിരികെ കിട്ടാനും നഷ്ടം സഹിക്കണം എന്നത് ഒരു പൊതുതത്വമാണ്. യാത്ര പകുതിയാക്കിയ യൗസേപ്പിനും മറിയത്തിനും തിരികെ പോകുമ്പോൾ സമയനഷ്ടമുണ്ട്. എന്നാൽ ഇവിടെ വലിയൊരു സന്തോഷം അവർക്ക് ലഭ്യമാകുന്നുണ്ട്. നഷ്ടപ്പെട്ടുപോയ ആടിനെ, നഷ്ടപ്പെട്ട നാണയത്തെ ഒക്കെ തിരികെ കിട്ടാൻ കുറെ ത്യാഗങ്ങൾ സഹിക്കണമെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നുണ്ട്. വ്യക്തിജീവിതത്തിലും ഇത് സത്യമാണ്. നഷ്ടമായ യേശുവിന്റെ സാന്നിധ്യം തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനും ഇതുപോലെ ത്യാഗവഴികൾ ആവശ്യമാണെന്ന് ഞാനും അറിയുന്നു.
ഇതുവരെയുള്ള എന്റെ യാത്രയിൽ എനിക്ക് ഒത്തിരി നഷ്ടങ്ങളുണ്ടായി എന്ന് തിരിച്ചറിയുമ്പോഴും എന്റെ മനോഭാവമെന്താണ്? പുതിയൊരു തുടക്കത്തിനായി പ്രാർത്ഥിച്ചൊരുങ്ങാം. ആത്മീയ സന്തോഷത്താൽ ജീവിതം സമ്പന്നമാക്കാം. ഇനിയെന്നും ഈശോ ഒപ്പമാകട്ടെ, ആ സാന്നിധ്യം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ…!
പോൾ കൊട്ടാരം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?