Follow Us On

29

March

2024

Friday

ഒരിക്കലും അടയാത്ത കരുണയുടെ വാതിൽ

ഒരിക്കലും അടയാത്ത കരുണയുടെ വാതിൽ

കരുണയുടെ ജൂബിലി വർഷത്തിന്റെ അവസാന ദിനങ്ങളിലാണ് നമ്മൾ. ദൈവത്തിന്റെ സ്വഭാവമാണല്ലോ കരുണ. പിതാവായ ദൈവത്തിന്റെ സ്വഭാവത്തിലേക്ക് മക്കളായ നമ്മൾ ഓരോരുത്തരും വളരേണ്ട കാലം. ദൈവിക സ്വഭാവത്തിൽ നമ്മെ പങ്കാളികളാക്കാൻ അവിടുന്ന് മനുഷ്യസ്വഭാവം സ്വീകരിച്ചു. അതാണല്ലോ യേശുവിന്റെ മനുഷ്യാവതാര രഹസ്യം.
പിതാവായ ദൈവത്തിന്റെ കരുണയുടെ മുഖം യേശുവിലൂടെ ലോകത്തിന് വെളിവായിട്ട് രണ്ടായിരത്തി പതിനാറുവർഷങ്ങൾ കഴിയുന്നു. നമ്മൾ ഇനിയും എത്രമാത്രം ദൈവികസ്വഭാവത്തിനുടമകളായി എന്ന് ചിന്തിക്കേണ്ടതല്ലേ. അതിനായി ദൈവം കനിഞ്ഞു നൽകിയ സംവത്സരമാണല്ലോ കടന്നുപോകുന്നത്.
”അവനിൽ വിശ്വസിക്കുന്ന ഏവനും നസിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16).
സ്‌നേഹപിതാവായ ദൈവം നമ്മുടെ പാപങ്ങൾ വ്യവസ്ഥ കൂടാതെ ക്ഷമിച്ചതുകൊണ്ടല്ലേ തന്റെ പുത്രനായ യേശുവിനെ നമുക്കായി നൽകാൻ കരുണ കാട്ടിയത്. ദൈവത്തിന്റെ കരുണയുടെ അടിസ്ഥാനം അവിടുത്തെ ക്ഷമിക്കുന്ന സ്‌നേഹമല്ലേ. യേശു അവിടുത്തെ ക്ഷമിക്കുന്ന സ്‌നേഹത്തിലൂടെ നമ്മെ വീണ്ടുരക്ഷിച്ചു.
സ്വർഗകവാടങ്ങൾ നമുക്കായി തുറന്നു തന്നു. പാപികളായ നമുക്കുവേണ്ടി അവസാന തുള്ളി രക്തവും ചിന്തി കുരിശിൽ പിടഞ്ഞു മരിച്ചു. അങ്ങനെ പിതാവായ ദൈവത്തിന്റെ കരുണ പുത്രനായ യേശുവിലൂടെ നമ്മൾ അറിഞ്ഞു. ഈ കരുണ സ്വന്തമാക്കി യേശുവിനെപ്പോലെ മറ്റുള്ളവർക്ക് പകർന്നു നൽകിയ ഓരോരുത്തരോടും അന്ത്യദിനത്തിൽ വിധിയാളനായി വരുമ്പോൾ യേശു പറയും ”എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ വരുവിൻ. ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ” (മത്താ. 25:34).
ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി, പിതാവായ ദൈവത്തെപ്പോലെ കരുണയുള്ളവരാകുവാൻ നമ്മൾ മനുഷ്യർക്കാകുമോ? ദൈവത്തിന്റെ ഏതു പ്രവൃത്തിയാണ് അതിന്റെ പൂർണതയിൽ മനുഷ്യർക്ക് ചെയ്യാനാവുക. ലോകത്തിലെ ദരിദ്രരെയെല്ലാം തീറ്റിപ്പോറ്റാൻ ആർക്കാണ് കഴിയുക. ദൈവത്തെപ്പോലെ എല്ലാവരെയും സ്‌നേഹിക്കാനും നമുക്കാവുന്നില്ല. കാരണം ചിലരോട് നമുക്ക് വെറുപ്പാണ്. ചിലരെ നാം ശത്രുക്കളായി കരുതുന്നു. എങ്കിൽ പിന്നെ പിതാവിനെപ്പോലെ കരുണയുള്ളവരാകാൻ നാമെന്തു ചെയ്യണം.
അവിടെയാണ് ‘ക്ഷമ’യെന്ന പരിശുദ്ധാത്മാവിന്റെ ദിവ്യഫലങ്ങളിലൊന്ന് നമ്മുടെ രക്ഷയ്‌ക്കെത്തുന്നത്. ദൈവം സകലരോടും ക്ഷമിക്കുന്നു. നമുക്കും അതുപോലെ സകലരോടും ക്ഷമിക്കാനാകുമല്ലോ. എന്നാൽ വഞ്ചകനായ സാത്താൻ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും താഴുകളിട്ട് നമ്മുടെ ഹൃദയകവാടങ്ങൾ പൂട്ടിക്കളയുന്നു. അങ്ങനെ ക്ഷമയെന്ന പരിശുദ്ധാത്മഫലം നമുക്കന്യമാകുന്നു.
അതുതന്നെയല്ലേ ഇന്ന് ലോകത്തിൽ കാണുന്ന എല്ലാ ദുരിതങ്ങൾക്കും കാരണം. ഇത്രമാത്രം കുടുംബബന്ധങ്ങൾ തകരുന്നതും വിവാഹമോചനങ്ങൾ ഉണ്ടാകുന്നതും അല്പം ക്ഷമിക്കാനാവാത്ത ഹൃദയകാഠിന്യംകൊണ്ടല്ലേ. യുദ്ധങ്ങളും കലാപങ്ങളുമെല്ലാം അതുകൊണ്ടല്ലേ. നമുക്ക് പോരാടാൻ നൂറുനൂറു കാരണങ്ങളുണ്ടാകാം. എന്നാൽ ക്ഷമിക്കാൻ ഒരേ ഒരു കാരണം മാത്രം മതി. ദൈവം നമ്മോട് വ്യവസ്ഥ കൂടാതെ ക്ഷമിച്ചു.
ദൈവത്തിന്റെ കരുണയും ക്ഷമയും അതിന്റെ പരിപൂർണതയിൽ വെളിവാക്കപ്പെടുന്നത് കാൽവരിയിലാണ്. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള സകല മനുഷ്യരുടെയും പാപങ്ങൾ സ്വയം ഏറ്റെടുത്ത് ”പിതാവേ! അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല” (ലൂക്ക 23:34) എന്ന് നമുക്കുവേണ്ടി പിതാവിനോട് ക്ഷമ യാചിച്ചുകൊണ്ട് മരിച്ചു. എങ്കിൽ നമ്മിൽ വസിക്കുന്ന യേശുവിന് ക്ഷമിക്കാൻ പറ്റാത്ത ഒരപരാധം നമ്മോടു ചെയ്യാൻ ആർക്കാണ് കഴിയുക. ക്ഷമ ദൈവത്തിന്റെ പ്രവൃത്തിയാണ്. മനുഷ്യന്റേതല്ല. പരിശുദ്ധാത്മാവിന്റെ ദിവ്യഫലങ്ങളിൽ ഏറ്റവും മാധുര്യമേറിയതാണത്. ക്ഷമ നമ്മെ ദൈവത്തെപ്പോലെയാക്കുന്നു. വെറുപ്പും പകയും നമ്മെ സാത്താനെപ്പോലെയും.
‘ക്ഷമ’ ആ രണ്ടക്ഷരത്തെ എന്നെങ്കിലും ഹൃദയത്തിൽ ഏറ്റെടുത്ത് ധ്യാനിച്ചിട്ടുണ്ടോ? അതിൽ ദൈവത്തിന്റെ സർവശക്തിയും കുടികൊള്ളുന്നുണ്ട്. നിങ്ങൾക്ക് മറ്റുള്ളവരെ ശരീരംകൊണ്ട് സ്‌നേഹിക്കാം. വാക്കുകൾകൊണ്ട് സ്‌നേഹിക്കാം. എന്നാൽ ക്ഷമിക്കാൻ ഹൃദയം വേണം. ഒരു നിമിഷം ഇമകൾ പൂട്ടി ലോകത്തിലെ ജനകോടികളെ മനസിൽ കാണുക. നിങ്ങൾക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ലെങ്കിൽ നിങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം എത്ര വലുതായിരിക്കും.
ഈശോ പറഞ്ഞില്ലേ, ഞാൻ എന്റെ സമാധാനം നിങ്ങൾക്കു തരുന്നു. അതു ലോകം തരുന്നതുപോലെയല്ല. ആ സമാധാനമാണ് കാൽവരിയിലെ ബലിയിലൂടെ യേശു നമുക്കായി നേടിത്തന്നത്. അതു സ്വന്തമാക്കാൻ ബലിവേദിയിലേക്കണയുന്ന നമ്മെ നോക്കി അവിടുന്ന് പറയുന്നു ”നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനുമുമ്പിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യപ്പെടുക.
പിന്നെ വന്ന് കാഴ്ചയർപ്പിക്കുക” (മത്താ. 5:23). അതെ, ക്ഷമിക്കാതെ രമ്യപ്പെടാതെയുള്ള ഒരു ബലിയും പ്രാർത്ഥനയും ദൈവത്തിന് സ്വീകാര്യമല്ലല്ലോ. ”ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ! എന്നു പ്രാർത്ഥിക്കാനല്ലേ ഈശോ ശിഷ്യരെ പഠിപ്പിച്ചത്.
ക്ഷമയുടെ ആനന്ദം സ്വന്തമാക്കിയ എത്രയെത്ര ജീവിതങ്ങളാണ് നമ്മെ വെല്ലുവിളിക്കുന്നത്. കാരുണ്യത്തിന്റെ അമ്മയെന്ന് ലോകം വാഴ്ത്തിയ വിശുദ്ധ മദർ തെരേസ. തന്റെ നാടും വീടും വിട്ട് കൽക്കത്തയിലെ തെരുവില് നിരാലംബരെ ശുശ്രൂഷിക്കാൻ ഒരു നേരത്തെ ആഹാരത്തിന് കൈനീട്ടിയ മദറിന്റെ കൈവെള്ളയിലേക്ക് കാർക്കിച്ചു തുപ്പിയ കടക്കാരന്റെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി അയാൾ തുപ്പിയ കഫം നിറഞ്ഞ വലതുകരം തന്റെ മാറോടു ചേർത്ത് ശാന്തയായി പറഞ്ഞു, ഇത് എനിക്കുള്ളത്.
പിന്നെ ഇടതുകരം അയാളുടെ നേരെ നീട്ടിപ്പറഞ്ഞു, ഇനി എന്റെ വിശക്കുന്ന മക്കൾക്ക് കഴിക്കാൻ എന്തെങ്കിലും തരൂ. ആ മനുഷ്യന്റെ ഹൃദയം ഉരുകി. അയാൾ അമ്മയുടെ മുന്നിൽ ശിരസു നമിച്ചു. അമ്മയ്ക്ക് വേണ്ടതൊക്കെ നൽകി. സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമിക്കെങ്ങനെ തന്റെ സഹോദരിയെ നിർദയം കുത്തിയും വെട്ടിയും കൊന്ന സമീന്ദർസിങ്ങെന്ന വാടക കൊലയാളിയെ രാഖികെട്ടി സ്വന്തം സഹോദരനായി സ്വീകരിക്കാനായി? ഇന്ന് സമീന്ദർസിങ്ങ് യേശുവിന്റെ രക്ഷ സ്വന്തമാക്കി യേശുവിന്റെ സാക്ഷിയായി ജീവിക്കുന്നെങ്കിൽ അത് സിസ്റ്റർ സെൽമിയിലൂടെ പ്രസരിച്ച ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ശക്തികൊണ്ടല്ലേ.
ഗ്രഹാം സ്റ്റെയിൻസ് എന്ന തന്റെ പ്രിയഭർത്താവിനെയും ഫിലിപ്പും തിമോത്തിയും എന്ന തന്റെ പൊന്നോമന മക്കളെയും ക്രൂരമായി ചുട്ടുകൊന്നവരെ നോക്കി എന്റെ യേശുവിനെപ്രതി ഞാൻ ക്ഷമിക്കുന്നു എന്നു പറയാൻ ഗ്ലാഡീസിന് ആര് ശക്തി പകർന്നു. സ്‌നേഹം സകലതും ക്ഷമിക്കുന്നു. ”സ്‌നേഹം സകലതും സഹിക്കുന്നു” (1 കോറി. 13:7).
ദൈവമേ, സകലരോടും വ്യവസ്ഥ കൂടാതെ ക്ഷമിക്കാനൊരു ഹൃദയം എനിക്ക് നൽകിയാലും! അതായിരിക്കട്ടെ ഈ കരുണയുടെ വർഷത്തിലെ നമ്മുടെ ഏറ്റവും വലിയ പ്രാർത്ഥന. എങ്കിൽ സാത്താൻ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും താഴിട്ടു പൂട്ടിയ ഹൃദയകവാടങ്ങൾ മലർക്കെ തുറക്കപ്പെടും.
ഈശോ പറഞ്ഞില്ലേ, ”എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്നും വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ ജീവജലത്തിന്റെ അരുവികൾ ഒഴുകും” (യോഹ. 7:38). അതെ, കരുണാദ്രമായ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ അരുവികൾ ഒഴുകിക്കൊണ്ടേയിരിക്കും. ഒരിക്കലും അടയാത്ത കരുണയുടെ കവാടമായി നമ്മുടെ ഹൃദയം മാറും.
മാത്യു മാറാട്ടുകളം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?