Follow Us On

16

April

2024

Tuesday

ഒരോ ദിവ്യബലിയും ജീവൻ പണയപ്പെടുത്തി…

ഒരോ ദിവ്യബലിയും ജീവൻ പണയപ്പെടുത്തി…

അസ്ഥിരതയുടെ പര്യായമെന്ന് വിശേഷിപ്പിക്കാവുന്ന രാജ്യമാണ് സൊമാലിയ. ഗവൺമെന്റ് സംവിധാനത്തിൽ മാത്രമല്ല പ്രൃകൃതിയിൽപോലും ഈ അസ്ഥിരത ദൃശ്യമാണ്. കഠിനമായ വരൾച്ചയും പൊടിക്കാറ്റും ഈ കിഴക്കൻ ആഫ്രിക്കൻ രാജ്യത്തെ വേനൽക്കാലത്തിന്റെ പ്രത്യേകതയാണ്. പ്രളയവും മറ്റ് കെടുതികളും മഴക്കാലത്ത് ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുന്നു. ജനനനിരക്കിൽ ലോകത്ത് ഏഴാം സ്ഥാനമുള്ള സൊമാലിയയാണ് കുട്ടികളുടെ ജനനത്തോടനുബന്ധിച്ചുള്ള അമ്മമാരുടെ മരണനിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം. ശിശുമരണനിരക്കിൽ നാലാം സ്ഥാനം സൊമാലിയയ്ക്കാണ്. ഏറ്റവുമധികം അഴിമതി നടക്കുന്ന രാജ്യമെന്ന ദുഷ്‌പ്പേരും ഈ രാജ്യത്തിന് സ്വന്തം.
80 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന സൊമാലിയയിൽ ക്രൈസ്തവരുടെ സംഖ്യ 1000-ത്തോളം മാത്രമാണ്. ആയിരം പേരിൽ വിദേശികളും സൊമാലിയയിൽ ജനിച്ച വിദേശികളുടെ മക്കളും ഉൾപ്പെടുന്നു. ഓപ്പൺ ഡോർസ് സംഘടന പുറത്തിറക്കുന്ന ക്രൈസ്തവപീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് സൊമാലിയയ്ക്കുള്ളത്. ആയിരത്തോളം ക്രൈസ്തവർ മാത്രം വസിക്കുന്ന ഈ രാജ്യത്തിന് മുമ്പിലായി ഉത്തരകൊറിയ മാത്രമെ ഉള്ളൂവെന്ന വസ്തുത ഇവിടെ ക്രൈസ്തവർ നേരിടുന്ന ഭീകരമായ അവസ്ഥ വിളിച്ചോതുന്നു.
സുന്നി ഇസ്ലാമാണ് സൊമാലിയയിലെ ഔദ്യോഗിക മതം. 2006-ൽ ഒരു തീവ്രവാദസംഘം രാജ്യത്തിന്റെ തെക്കൻ പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്തെങ്കിലും 2009ൽ നടത്തിയ പ്രത്യാക്രമണത്തിൽ ഭൂരിഭാഗം പ്രദേശവും ഗവൺമെന്റ് തിരിച്ചുപിടിച്ചു. 2009ൽ തന്നെ രാജ്യത്ത് ശാരിയ നിയമം നടപ്പാക്കാൻ ഇടക്കാല ഗവൺമെന്റ് തീരുമാനിച്ചു. രാജ്യത്ത് നിലവിലിരിക്കുന്ന ശാരിയ നിയമത്തെക്കാൾ കൂടുതൽ തീവ്രമായ ഒന്നിന് വേണ്ടി തീവ്രവാദസംഘടനകൾ മുറവിളികൂട്ടുന്നുണ്ട്. തീവ്രവാദ നിലപാട് പുലർത്തുന്ന അൽ-ഷബാബും എതിരാളികളായ ഹിസ്ബുളും രാജ്യത്തിന്റെ തെക്കൻ പ്രദേശത്ത് നിർണായക സ്വാധീനം ചെലുത്തുന്നു.
ഔദ്യോഗികമായി ക്രൈസ്തവവിശ്വാസം പുലർത്തുന്നവരുടെ സംഖ്യ ആയിരത്തോളം മാത്രമാണെങ്കിലും ക്രിസ്തുവിൽ വിശ്വസിക്കുന്ന നിരവധിയാളുകൾ സൊമാലിയയിൽ ഉണ്ടെന്ന് ക്രൈസ്തവ മിഷനറിമാർ വ്യക്തമാക്കുന്നു. തലസ്ഥാനമായ മൊഗാദിഷുവിലും മറ്റ് സ്ഥലങ്ങളിലും ഇത്തരത്തിൽ ക്രൈസ്തവവിശ്വാസം പിന്തുടരുന്നവരുടെ സമ്മേളനങ്ങൾ നടക്കാറുണ്ട്. സമ്മേളനം എന്ന് പറഞ്ഞാൽ രഹസ്യ കൂട്ടായ്മ. ആർക്കും സംശയം തോന്നാത്ത വിധത്തിൽ ഒരോരുത്തരായാണ് ഈ കൂട്ടായ്മയിലേക്ക് കടന്നുവരുന്നത്. എല്ലാവരും വന്നുകഴിഞ്ഞാൽ ചെറിയ ശബ്ദത്തിൽ പ്രാർത്ഥന. പലരുടെയും പക്കൽ ബൈബിൾ ഉണ്ടെങ്കിലും ഒന്ന് പോലും പുറത്ത് കാണില്ല. ബൈബിളുമായി പിടിക്കപ്പെട്ടാൽ വധശിക്ഷ ഉറപ്പാണ്. മൂന്ന് മണിക്കൂറിൽ കൂടുതൽ ഇത്തരം പ്രാർത്ഥനകൾ നീളാറില്ല. പ്രാർത്ഥന കഴിഞ്ഞ് ഇതേ വിധത്തിൽ ഒരോരുത്തരായി പിരിഞ്ഞുപോകുന്നു. മുൻകരുതലെന്ന നിലയിൽ ഒരു രേഖകളും ഇവർ സൂക്ഷിക്കാറില്ല. കൂട്ടായ്മയിലുള്ളവരുടെ ഫോൺ നമ്പർ പോലും എഴുതി സൂക്ഷിക്കാറില്ല. ഒരാൾ പിടിക്കപ്പെട്ടാലും മറ്റാളുകളിലേക്ക് അന്വേഷണം എത്തരുത് എന്നതാണ് ലക്ഷ്യം. അധോതലസഭയ്ക്ക് നേതൃത്വം നൽകുന്നവർക്കായി നടത്തിയ ക്യാമ്പിൽ പങ്കുവയ്ക്കപ്പെട്ട സാക്ഷ്യങ്ങൾ ആവേശോജ്ജലങ്ങളാണ്.
1999ലാണ് നിഷാൻ ആദ്യമായി സുവിശേഷം കേൾക്കുന്നത്. 2002ൽ താൻ യേശു ക്രിസ്തുവിന്റെ അനുയായി ആയതായി നിഷാൻ തന്റെ കുടുംബാംഗങ്ങളോട് വെളിപ്പെടുത്തി. ഭക്ഷണവും വെള്ളവും നൽകാതെ നിഷാനെ അവർ 13 ദിവസം മുറിയിലടച്ചിട്ടു. എന്നാൽ യാതൊരു പീഡനത്തിനും മകന്റെ മനസ് മാറ്റാനാവില്ലെന്ന് മാതാപിതാക്കൾക്ക് മനസിലായി. ഇന്ന് ‘ഇസാ അൽ മസി’യിൽ വിശ്വസിക്കുന്ന 16 പേരടങ്ങുന്ന ഒരു സംഘം ചെറുപ്പക്കാർ നിഷാന്റെ കൂടെയുണ്ട്.
സത്യദൈവത്തെ തേടിയുള്ള അബ്ദിയുടെ യാത്ര അവസാനിച്ചത് ‘ഇസാ അൽ മസി’യിലാണ്. കത്തോലിക്ക മിഷനറിമാർ നടത്തുന്ന സ്‌കൂളിൽ അധ്യാപകനായ അങ്കിളിനെയാണ് ക്രിസ്തുവിനെക്കുറിച്ച് അറിയുവാനുള്ള ആഗ്രഹവുമായി അബ്ദി സമീപിച്ചത്. ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചും യേശുക്രിസ്തുവിനെക്കുറിച്ചും അങ്കിൾ അവന് വ്യക്തമായി പറഞ്ഞുകൊടുത്തു. അവന്റെ മാനസാന്തരത്തിന് ഒന്നരവർഷം ശേഷം അങ്കിൾ മരണമടഞ്ഞപ്പോൾ അവൻ വീണ്ടും ഒറ്റപ്പെട്ടു. അങ്കിളിന്റെ മുറിയിൽ നിന്ന് ലഭിച്ച ക്രൈസ്തവ പുസ്തകങ്ങൾ ആ രാത്രിയിൽ തന്നെ ബന്ധുക്കൾ അഗ്നിക്കിരയാക്കി. മറ്റ് ക്രൈസ്തവ വിശ്വാസികളെ തേടിയുള്ള അബ്ദിയുടെ യാത്രയായിരുന്നു പിന്നീട്. തെരുവിലൂടെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് വിളിച്ചുപറഞ്ഞുകൊണ്ടു നടന്ന ഒരു ‘ഭ്രാന്ത’നെയല്ലാതെ മറ്റാരെയും അബ്ദിക്ക് കണ്ടെത്താനായില്ല. രോഗം ബാധിച്ചതു നിമിത്തം മതീവ്രവാദികളും ഗവൺമെന്റും ഉപേക്ഷിച്ച മനുഷ്യനായിരുന്നു അത്. ഒരു ദിവസം അബ്ദി ഈ ‘ഭ്രാന്ത’നെ പിന്തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ആദ്യം ഒന്നും പറയാൻ തയാറായില്ലെങ്കിലും തനിക്ക് മാനസികരോഗമില്ലെന്നും വൈകല്യം നിറഞ്ഞ തന്റെ അവസ്ഥ മറ്റ് ക്രൈസ്തവരെ കണ്ടെത്താനാണ് താൻ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രഹസ്യത്തിൽ ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ഒരു കൂട്ടായ്മയുടെ ചുക്കാൻ പിടിക്കുന്നത് അബ്ദിയും ഈ ‘ഭ്രാന്തനും’ ചേർന്നാണ്.
ക്രിസ്ത്യാനിയായി ജീവിക്കുവാൻ ഇത്രയധികം ഭയപ്പെടേണ്ട മറ്റൊരു രാജ്യം ലോകത്തില്ലെന്ന് മൊഗാദിഷു രൂപതയുടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ് ജിയോർജിയോ ബർട്ടിൻ പറയുന്നു. ഗവൺമെന്റിന്റെ നിയമങ്ങളെക്കാൾ തീവ്രവാദികളോടുള്ള ഭയം നിമിത്തമാണ് ക്രൈസ്തവർ ഇത്രയധികം ശ്രദ്ധയോടെ തങ്ങളുടെ വിശ്വാസം മറച്ചുപിടിക്കാൻ ശ്രദ്ധിക്കുന്നത്. 27 വർഷങ്ങൾക്ക് മുമ്പ് ബിഷപ് സാൽവത്തോര കൊളംബോ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പരിശുദ്ധ സിംഹാസനം ബിഷപ് ബർട്ടിനെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്നത്. നിയമപരമായി ക്രിസ്ത്യാനിയാകുന്നത് കുറ്റകരമല്ലെങ്കിലും അതിന് സാമൂഹ്യ അംഗീകാരമില്ല. മതം മാറി ക്രിസ്ത്യാനിയായി എന്നറിയുന്നവരെ അപ്പോൾ തന്നെ പരസ്യമായി വധശിക്ഷ നടത്തിയ നിരവധി സംഭവങ്ങൾ സൊമാലിയയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സൊമാലിയയിൽ ഒരു ദൈവാലയം മാത്രമാണുള്ളത്. വിശുദ്ധ അന്തോണീസിന്റെ നാമത്തിലുള്ള ദൈവാലയം ഹെർഗേയിസയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 20 വർഷത്തോളം അടഞ്ഞുകിടന്ന ദൈവാലയം ബിഷപ് ബർട്ടിൻ അടുത്തയിടെയാണ് പുഃസമർപ്പണം നടത്തി ബലിയർപ്പണം ആരംഭിച്ചത്. ഒരോ വിശുദ്ധബലിയും ഇവിടെ അപകടം നിറഞ്ഞതാണെന്ന് ബിഷപ് ബർട്ടിൻ പങ്കുവച്ചു. പത്തിൽ താഴെ ആളുകൾ മാത്രമാണ് ദിവ്യബലിക്ക് വരാറുള്ളത്.
മൊഗാദിഷുവിൽ ക്രൈസ്തവവിശ്വാസം പരസ്യമായി പ്രഘോഷിക്കുവാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ബിഷപ് ബർട്ടിൻ വ്യക്തമാക്കി. അവിടെയും കുറച്ച് ക്രൈസ്തവരുണ്ട്. പക്ഷെ കാരിത്താസിന്റെ പ്രവർത്തനങ്ങൾപോലും അവിടെ പരസ്യമായി നടത്താൻ സാധിക്കില്ല. ഏതെങ്കിലും വിധത്തിൽ ക്രൈസ്തവർ പരസ്യമായി പ്രവർത്തിക്കുന്നത് അപകടമാണ്. മറ്റ് സൊമാലിയൻ സംഘടനകളുമായി സഹകരിച്ചാണ് ഇവിടെ എന്തെങ്കിലും ചെയ്യുന്നത്; ബിഷപ് ബർട്ടിൻ പങ്കുവച്ചു.
ഈ വർഷം മാർച്ച് മാസത്തിൽ മൊഗാദിഷുവിന് 30 കിലോമീറ്റർ അകലെയുള്ള അഫ്‌ഗോയിൽ ക്രൈസ്തവവിശ്വാസികളായ അബദിവാഹാബിന്റെ ഭവനത്തിൽ അൽഷബാബ് വിമതർ അതിക്രമിച്ച് കയറി. കണ്ണിൽക്കണ്ടവർക്ക് നേരെ തുടർച്ചയായി വെടിയുതിർത്തു. അക്രമത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും മകനും കൊല്ലപ്പെട്ടു. നെഞ്ചിന് പരിക്കേറ്റ അബദിവാഹാബ് ഗുരുതരമായ പരിക്കുകളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്നു.
ഹൃദയഭേദകമായ നഷ്ടം സംഭവിച്ച മറ്റൊരു ക്രൈസ്തവനാണ് അബ്ദുള്ളാഹി. ഭാര്യ ഹാനിക്കും ഒൻപത് മക്കൾക്കുമൊപ്പം(ഇവർക്ക് ജനിച്ച അഞ്ച് മക്കൾക്കൊപ്പം ദത്തെടുത്ത നാല് പേരും) സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്ന വ്യക്തിയാണ്. ക്രൈസ്തവവിശ്വാസം സ്വീകരിക്കാൻ തുനിഞ്ഞതിന്റെ പേരിൽ ഒരു വർഷം മുമ്പ് ഭാര്യയുടെ കുടുംബാംഗങ്ങൾ ഹാനിയെയും ഒമ്പതു മക്കളെയും പിടിച്ചുകൊണ്ടുപോയി.
പീഡനം അവസാനിക്കാൻ വേണ്ടി പ്രാർത്ഥിക്കേണ്ട, അത് അതിജീവിക്കാനുള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിച്ചാൽ മതിയെന്ന് വിതുമ്പുന്ന അബ്ദുള്ളാഹിയും ജീവൻ പണയപ്പെടുത്തി ഒരോ ദിവ്യബലിയിലും സംബന്ധിക്കാനെത്തുന്ന ഹെർഗേയിസിലെ പത്തോളം വിശ്വാസികളും അധോതലസഭയിൽ അംഗങ്ങളായിട്ടുള്ള അറിയപ്പെടാത്ത നൂറുകണക്കിന് വിശ്വാസികളും ക്രിസ്തുവിന്റെ കുരിശിനെ ഉത്ഥാനത്തിലേക്കുള്ള ചവിട്ടുപടിയാക്കി മുന്നേറുകയാണ്. മെലിഞ്ഞുണങ്ങിയ ശരീരങ്ങൾക്ക് പകരം വിശ്വാസത്തിന്റെ ഈ ജീവിതസാക്ഷ്യളാൽ ഇനി സൊമാലിയയെ നമുക്ക് അടയാളപ്പെടുത്താം.
രഞ്ചിത് ലോറൻസ്‌

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?