Follow Us On

29

March

2024

Friday

ഒഴുകിയെത്തിയ പാറയൊരുക്കിയ സംരക്ഷണം

ഒഴുകിയെത്തിയ പാറയൊരുക്കിയ സംരക്ഷണം

കനത്ത ഒഴുക്കിനെ വഴിമാറ്റിയത് ഒഴുകിയെത്തിയ വലിയ പാറയായിരുന്നു. ആ കൂറ്റന്‍ പാറ ദൈവം പിടിച്ചുനിര്‍ത്തിയതുപോലെ വീടിന് കുറച്ചുമുകളില്‍ തങ്ങിനിന്ന് വെള്ളത്തെയും പാറക്കല്ലുകളെയും ഇരുഭാഗത്തേക്കും തിരിച്ചുവി

പ്രതിസന്ധിയുടെ നടുവിലും താന്നിയില്‍ കുടുംബത്തിന് പറയാനുള്ളത് ദൈവിക സംരക്ഷണത്തിന്റെ കഥയാണ്. അതു ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു നാടിന്റെ വിശ്വാസ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായി മാറുകയാണ്. എത്ര വലിയ അപകടത്തിന്റെ നടുവിലാണെങ്കിലും കരംനീട്ടി സംരക്ഷിക്കാന്‍ ശക്തനായ ദൈവം കൂടെ ഉണ്ടെന്ന തിരിച്ചറിവാണ് പ്രദേശവാസികള്‍ക്ക് നല്‍കുന്നത്. കണ്ണൂര്‍ ജില്ലയില്‍ കര്‍ണാടക അതിര്‍ത്തിയിലുള്ള കച്ചേരിക്കടവ് കുടിയേറ്റ മേഖലയിലാണ് സാബുവും കുടുംബവും താമസിക്കുന്നത്. ഏത് അവിശ്വാസിയുടെ ഹൃദയത്തിലും വിശ്വാസം നിറയാന്‍ സാബുവിനും കുടുംബത്തിനും ദൈവം ഒരുക്കിയ സംരക്ഷണകവചത്തിലേക്ക് ഒന്നു നോക്കിയാല്‍ മതി. ഓഗസ്റ്റ് എട്ടിന് വൈകുന്നേരം നാലു മണി ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസവും സമയവുമാണെന്ന് സാബു പറയുന്നു. 45 മിനിറ്റു സമയമാണ് അവര്‍ മരണത്തെ മുഖാമുഖം കണ്ടത്. യഥാര്‍ത്ഥത്തില്‍ ദൈവിക സംരക്ഷണം എന്താണെന്ന് അറിഞ്ഞ സമയമെന്നാണ് വിശേഷിപ്പിക്കാനാണ് സാബുവിന് താല്പര്യം.

മരണം കണ്‍മുമ്പില്‍

പിതാവ് മാത്യുവും അമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങിയതാണ് അവരുടെ കുടുംബം. മുകളില്‍നിന്നും ഉരുള്‍പ്പൊട്ടി ഒഴുകിവന്ന വെള്ളം വീടിന്റെ സമീപത്തുകൂടി ഒഴുകി വരുന്നതുകണ്ട് അവര്‍ അവിടെനിന്നും മാറാന്‍ തീരുമാനിച്ചു. മറുഭാഗത്തുകൂടി പോകാന്‍ ആലോചിച്ചെങ്കിലും കനത്ത മഴ കാരണം വീടിന്റെ തിണ്ണയില്‍ എല്ലാവരും നിന്നു. അഞ്ചു മിനിറ്റു കഴിയുന്നതിനുമുമ്പ് അവര്‍ പോകാന്‍ ഉദ്ദേശിച്ച ഭാഗം കനത്ത ഉരുള്‍പ്പൊട്ടലില്‍ ഒലിച്ചുപോകുന്നതാണ് കണ്ടത്. കുടകുവനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ കൂറ്റന്‍ മലവെള്ളപ്പാച്ചിലായിരുന്നു അവിടേക്ക് എത്തിയത്. അവരുടെ വീടിനു നേരെ പാഞ്ഞെത്തിയ മലവെള്ളം വീടിന് തൊട്ടുമുകളില്‍വച്ച് രണ്ടായി പിരിഞ്ഞ് വീടിനെ ഒഴിവാക്കി രണ്ടു ഭാഗത്തേക്കു പതിച്ചു. കനത്ത ഒഴുക്കിനെ തടഞ്ഞുനിര്‍ത്തിയത് ഒഴുകിയെത്തിയ വലിയ പാറയായിരുന്നു. വീട്ടിലേക്ക് പതിച്ചിരുന്നെങ്കില്‍ ഒന്നും അവശേഷിക്കുമായിരുന്നില്ല. ആ കൂറ്റന്‍ പാറ ദൈവം പിടിച്ചുനിര്‍ത്തിയതുപോലെ വീടിന് കുറച്ചുമുകളില്‍ തങ്ങിനിന്ന് വെള്ളത്തെയും പാറക്കല്ലുകളെയും ഇരുഭാഗത്തേക്കും തിരിച്ചുവിട്ടു. തുടര്‍ന്ന് പാറയുടെ മുകളിലൂടെ വെള്ളവും ചെളിയും വീടിനകത്തും മുറ്റത്തും നിറഞ്ഞു. വീടിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.

രക്ഷാമാര്‍ഗങ്ങള്‍ എല്ലാം അടഞ്ഞതായി അവര്‍ തിരിച്ചറിഞ്ഞു. ഒരിടത്തേക്കും പോകാന്‍ കഴിയില്ല. എല്ലാവരും വീടിന് പുറത്തിറങ്ങി മഴനനഞ്ഞ് ജപമാല ചൊല്ലാന്‍ തുടങ്ങി. പ്രാര്‍ത്ഥന ദൈവം കേട്ടു. അല്പം കഴിഞ്ഞപ്പോള്‍ സാബു ഒരുവിധത്തില്‍ വീടിനുള്ളില്‍ കയറി മൊബൈല്‍ ഫോണെടുത്തു. ഇടവക വികാരി ഫാ. തോമസ് മണവത്തിനെയും സുഹൃത്തുക്കളെയും വിളിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ വലിയൊരു സംഘം രക്ഷാപ്രവര്‍ത്തകര്‍ വികാരിയച്ചന്റെ നേതൃത്വത്തിലെത്തി. ചെളിയില്‍ പൊതിഞ്ഞുനിന്ന അവിടേക്ക് ആര്‍ക്കും ഇറങ്ങാനോ കയറാനോ കഴിയാത്ത വിധമായിരുന്നു. വടംകെട്ടിയും വന്നവര്‍ കൈകോര്‍ത്തുപിടിച്ചുനിന്നുമാണ് ഓരോരുത്തരെയുമായി അവിടെനിന്നും രക്ഷിച്ചത്. സാബുവിന്റെ മാതാവ് അന്നമ്മ 28 വര്‍ഷമായി സന്ധിവാതത്തിന് മരുന്നു കഴിക്കുകയാണ്. അതിനാല്‍ തനിയെ നടക്കാന്‍ ബുദ്ധിമുട്ടാണ്. സാബുവിന്റെ മൂത്തമകന്‍ 10 വയസുകാരനായ എമില്‍ സെറിബ്രല്‍പള്‍സി ബാധിച്ച് തളര്‍ന്നുകിടപ്പിലാണ്. സംസാരശേഷിയുമില്ല. ആന്‍ഹിത (ആറ്), ജിയന്ന (മൂന്ന്) എന്നിവരാണ് ഇളയ മക്കള്‍.

പ്രത്യാശയുടെ നാമ്പുകള്‍

മഴമാറിയതിനുശേഷം തിരിച്ചെത്തിയപ്പോഴാണ് ദൈവിക സംരക്ഷണത്തിന്റെ ആഴം കൂടുതല്‍ വ്യക്തമായതെന്ന് സാബു പറയുന്നു. ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് ഒരു ദിവസം മുഴുവന്‍ പണിയെടുത്താണ് മുറ്റത്തെ ചെളി മാറ്റിയത്. റോഡിലെയും വീടിനോടു ചേര്‍ന്നുള്ള വഴിയും നന്നാക്കാന്‍ ജെസിബിക്ക് രണ്ടു ദിവസം വേണ്ടിവന്നു. കൂടാതെ ആദ്യ ദിവസം 70 ആളുകളുകള്‍ സഹായിക്കാനെത്തിയിരുന്നു. രണ്ടാമത്തെ ദിവസം ഏതാണ്ട് 300 പേര്‍ സഹായിക്കാന്‍ ഉണ്ടായിരുന്നു. അത്രയും ശക്തമായി മണ്ണും വെള്ളവും ഒഴുകിയെത്തിയിട്ടും വെള്ളത്തില്‍ ഒലിച്ചുവന്ന പാറ അതിനെ തടഞ്ഞുനിര്‍ത്തിയത് ദൈവത്തിന്റെ വലിയ ഇടപെടലാണെന്നതില്‍ ആ കുടുംബത്തിനും പ്രദേശവാസികള്‍ക്കും സംശയമില്ല.

ഒന്നരയേക്കര്‍ കൃഷിസ്ഥലം മുഴുവന്‍ ഒലിച്ചുപോയെങ്കിലും സാബുവിനും കുടുംബത്തിനും ദൈവത്തോട് പരാതികളില്ല. ഇത്രയും വലിയ അപകടത്തില്‍നിന്നും രക്ഷിച്ച ദൈവത്തിന് ഇനിയും തങ്ങള്‍ക്ക് ആവശ്യമായതെല്ലാം പ്രദാനം ചെയ്യാന്‍ കഴിയുമെന്ന് അവര്‍ക്കുറപ്പുണ്ട്. പിതാവ് മാത്യു എഴുപത് വര്‍ഷംമുമ്പ് പാലായില്‍നിന്ന് കുടിയേറിയതാണ്. കര്‍ണാടകവനത്തിലെ മാക്കുട്ടം വഴിയായിരുന്നു അന്ന് കച്ചേരിക്കടവിലേക്ക് ആളുകള്‍ എത്തിയിരുന്നത്. കൂട്ടുപുഴ അതിര്‍ത്തി കടന്നാല്‍ വനമാണ്. ഏഴംഗങ്ങളുള്ള കുടുംബം കഠിനാധ്വാനത്തിലും പ്രാര്‍ത്ഥനയിലും ഒന്നുപോലെ ദൈവത്തോട് ചേര്‍ന്നു നില്‍ക്കുകയായിരുന്നു. കുടിയേറ്റാരംഭകാലത്തെ കഷ്ടതയും ദാരിദ്ര്യവും പ്രതികൂലാവസ്ഥയും പ്രകൃതിദുരന്തങ്ങളുമെല്ലാം അതിജീവിച്ചത് പ്രാര്‍ത്ഥനയുടെ പിന്‍ബലത്തിലായിരുന്നു.

സാബുവിന് ആകെ ഉണ്ടായിരുന്ന ഒന്നര ഏക്കര്‍ സ്ഥലം കൃഷിയോഗ്യമല്ലാത്ത വിധത്തില്‍ പൂര്‍ണമായി നശിച്ചു. എങ്കിലും നിരാശയില്ല. ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ലെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടെന്ന് സാബു പറയുന്നു. രോഗിയായ മകന്റെയും അമ്മയുടെ ചികിത്സയ്ക്കുതന്നെ മോശമല്ലാത്ത ഒരു തുക വേണം. കൃഷി നഷ്ടപ്പെട്ടതോടെ വരുമാന മാര്‍ഗങ്ങള്‍ അടഞ്ഞു. രണ്ടു മാസത്തേക്ക് അവിടുനിന്നുമാറി താമസിച്ചെങ്കിലും സാബുവും കുടുംബവും ഇപ്പോള്‍ പഴയ വീട്ടില്‍ത്തന്നെയാണ് താമസിക്കുന്നത്. പുതിയ വീടിന്റെ നിര്‍മാണം ആരംഭിച്ചു. കൈയില്‍ പണം ഉണ്ടായിട്ടല്ലെന്നു സാബു പറയുന്നു. ദൈവം എല്ലാം ഒരുക്കുമെന്ന വിശ്വാസമാണ് ഈ കുടുംബത്തെ മുമ്പോട്ടു നയിക്കുന്നത്. ഒഴുകിവന്ന വലിയ മലവെള്ളപാച്ചിലിനെ കൂറ്റന്‍ പാറകൊണ്ട് തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്ന ദൈവത്തിന് തങ്ങളെ അനുഗ്രഹിക്കുവാന്‍ കഴിയുമെന്ന് ഇവര്‍ക്കുറപ്പുണ്ട്.

പ്ലാത്തോട്ടം മാത്യു

Share:

Related Posts

Latest Postss

Don’t want to skip an update or a post?