Follow Us On

29

March

2024

Friday

ഔസേപ്പച്ചനും 100 മക്കളും!

ആന്റണി ജോസഫ്

ഔസേപ്പച്ചനും 100 മക്കളും!

പ്രാർത്ഥനയാണോ പഠനമാണോ പ്രധാനമെന്ന് ചോദിച്ചാൽ ദൈവവിശ്വാസികളുടെയെല്ലാം ഉത്തരം പ്രാർത്ഥനയെന്നുതന്നെയാവും. പക്ഷേ, പഠനത്തിന്റെ കാര്യം വരുമ്പോൾ ഈ പറഞ്ഞ ഉത്തരം പലരും മറക്കും. ആഴ്ചയിലൊരിക്കൽ മാത്രമുള്ള മതബോധനക്ലാസും ഞായറാഴ്ച ദിവ്യബലിയും വരെ ഒഴിവാക്കുന്ന (അതിന് കൂട്ടുനിൽക്കാൻ സഭാനേതൃത്വംവരെ നിർബന്ധിതരാകുന്നുമുണ്ട്) സാഹചര്യംതന്നെ അതിന് തെളിവ്. ഇവിടെയാണ് ബി.എസ് ഔസേപ്പച്ചൻ എന്ന ആലപ്പുഴക്കാരനും അദ്ദേഹം നടത്തുന്ന എൻട്രൻസ് പരിശീലന കളരിയും വ്യത്യസ്ഥമാകുന്നത്. അവിടെ പഠനത്തിനല്ല, പ്രാർത്ഥനയ്ക്കുതന്നെയാണ് മുഖ്യസ്ഥാനം.
സംശയമുള്ളവർക്ക്, ആലപ്പുഴയിലെ തീരദേശ ഗ്രാമമായ തുമ്പോളിയിൽ ഗുരുകുലമാതൃകയിൽ പ്രവർത്തിക്കുന്ന ക്രൈസ്റ്റ് കോളജിലെത്തിയാൽ അത് ബോധ്യപ്പെടും. പുലർച്ചെ നാലിന് ഗുരുകുലം ഉണരും. കോളജിൽ സ്ഥാപിച്ചിട്ടുള്ള പലതട്ടുകളുള്ള നിലവിളക്കിൽ ദീപം തെളിച്ച് പ്രാർത്ഥനയോടെയാണ് ദിനം തുടങ്ങുക. തുടർന്ന്, ദിവ്യബലിയിൽ പങ്കെടുക്കാൻ കുട്ടികളും ഔസേപ്പച്ചനും ദൈവാലയത്തിലേക്ക്. തുടർന്നാണ് പഠന കാര്യങ്ങളിലേക്ക് പ്രവേശിക്കുക. മറ്റ് പ്രാർത്ഥനാ രീതികൾ പറയുംമുമ്പ് ഔസേപ്പച്ചനെ പരിചയപ്പെടാം. കാരണം, ഇന്നും അടങ്ങാത്ത അദ്ദേഹത്തിന്റെ ‘പ്രതികാരദാഹ’മാണ് വ്യത്യസ്തമായ ഈ എൻട്രൻസ് കോളജിന്റെ ആരംഭത്തിലേക്ക് നയിച്ചത്.

പ്രതികാര ദാഹിയായ ഔസേപ്പച്ചൻ!
തനിക്ക് നഷ്ടപ്പെട്ട സൗഭാഗ്യം മറ്റുള്ളവർക്ക് നേടിക്കൊടുക്കുന്നത് ഹരമാക്കിയ ആളുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, ഔസേപ്പച്ചനെക്കുറിച്ച് അറിയണം. പണമില്ലാത്തതുകൊണ്ടുമാത്രം നഷ്ടപ്പെട്ട എം.ബി.ബി.എസ് ബിരുദം, മറ്റുള്ളവർക്ക് നേടിക്കൊടുത്ത് ‘മധുര പ്രതികാരം’ ചെയ്യുന്ന ബി.എസ് ഔസേപ്പച്ചൻ എന്ന അസാധാരണ മനുഷ്യനെക്കുറിച്ച്. അതിശയോക്തിയല്ല, വ്യത്യസ്തമായ ഈ മധുര പ്രതികാരം ഒരു നാടിനെ ഒന്നടങ്കം ഉയർത്തുകയാണിപ്പോൾ. അത് വ്യക്തമാകാൻ ഒരൊറ്റ കണക്കുമാത്രം അറിഞ്ഞാൽമതി. 2004ൽ ഔസേപ്പച്ചൻ തുടക്കംകുറിച്ച ദൗത്യം 13 വർഷത്തിലെത്തിനിൽക്കുമ്പോൾ, ആലപ്പുഴയുടെ തീരദേശത്തുനിന്ന് എം.ബി.ബി.എസ് നേടിയവരുടെ എണ്ണം 50 പിന്നിട്ടു.
തുമ്പോളിയിൽനിന്ന് 12, സമീപ ഗ്രാമങ്ങളായ കാട്ടൂരിൽനിന്ന് 10, പുന്നപ്രയിൽനിന്ന് ഒൻപത്, ഒറ്റമശേരിയിൽനിന്ന് നാല്, അർത്തുങ്കലിൽനിന്ന് മൂന്ന്, ചേന്നവേലിയിൽനിന്ന് രണ്ട്… അങ്ങനെ നീളുന്നു ആ നിര. മാത്രമല്ല, ഇപ്പോൾ 22 പേർ എം.ബി.ബി.എസിന് പഠിക്കുന്നുമുണ്ട്. എല്ലാവരും സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും മക്കൾ, മെഡിക്കൽ കോളജ് പഠനം സ്വപ്നംപോലും കാണാതിരുന്നവർ. ഔസേപ്പച്ചന്റെ മധുര പ്രതികാരത്തിന്റെ സത്ഫലങ്ങൾ ഇതുകൊണ്ടും തീരുന്നില്ല. 2006ൽ ‘ക്രൈസ്റ്റ് കോളജ്’ എന്ന പേരിൽ ഗുരുകുല സമ്പ്രദായം തുടങ്ങിയ ശേഷം എം.ബി.ബി.എസിന് അർഹത നേടിയവരുടെ എണ്ണം മാത്രമാണിത്. ഔസേപ്പച്ചന്റെ പ്രേരണയാൽ എം.ബി.ബി.എസ് പ~നം പൂർത്തിയാക്കിയവരുടെ കണക്കെടുത്താൽ അത് 100ൽപ്പരംവരുമെന്ന് ഇദ്ദേഹത്തെ അടുത്തറിയാവുന്നവർ പറയുന്നു.
ബി.ഡി.എസ്, ഹോമിയോപതി, ആയുർവേദം, നഴ്സിംഗ്, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് എന്നിവയുൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളിൽ നിരവധി പേർക്ക് പ്രവേശനസാധ്യത ഒരുക്കുന്നുണ്ടെങ്കിലും അവരുടെ കൃത്യമായ എണ്ണം ഇദ്ദേഹം എഴുതിവെച്ചിട്ടില്ല. എന്നാൽ എം.ബി.ബി.എസുകാരുടെ കൃത്യം എണ്ണം പുസ്തകത്തിൽ മാത്രമല്ല, മനസിലും എഴുതിയിട്ടിട്ടുണ്ട്. അതിനുള്ള കാരണം തിരക്കിയാൽ ഔസേപ്പച്ചന്റെ മറുപടി ഇങ്ങനെ: ‘ലക്ഷങ്ങളും കോടികളും മുടക്കി പലരും പ്രവേശനം കാത്തിരിക്കുന്ന മെഡിക്കൽ കോളജിൽ പട്ടിണിപ്പാവങ്ങളുടെ മക്കൾക്ക് പഠിക്കാൻ അവസരം കിട്ടുന്നത് ചെറിയ കാര്യമാണോ?’
ഡോക്ടറായില്ല, ഭാഗ്യം!
തുമ്പോളിയുടെ അയൽഗ്രാമമായ ചെട്ടികാടാണ് ഔസേപ്പച്ചന്റെ ജനനം. പിതാവിന്റെ പേര് സെബാസ്റ്റ്യൻ, മാതാവ് ക്ലൗദീന. മത്സ്യത്തൊഴിലാളികളായിരുന്നെങ്കിലും പഠനത്തിൽ മിടുക്കനായ മകനെ കടലിൽ ജോലിക്കയക്കരുതെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. പക്ഷേ, സാമ്പത്തിക പരാധീനതകൾമൂലം ഔസേപ്പച്ചന്റെ പഠനം കെമിസ്ട്രി ബിരുദത്തോടെ അവസാനിച്ചു. ചേർത്തല സെന്റ് മൈക്കിൾസ് കോളജിലായിരുന്നു പഠനം.
പട്ടിണിയുടെ നാളുകൾ. തന്റെ ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നെങ്കിലും മാതാപിതാക്കളുടെ ആഗ്രഹത്തെപ്രതി കടലിൽ പോകേണ്ടന്നു തീരുമാനിച്ചു. മത്സ്യബന്ധന മേഖല കഴിഞ്ഞാൽ കയർ മേഖലയിലാണ് ആലപ്പുഴയിൽ ജോലി കിട്ടാൻ എളുപ്പം. അതു തേടി നടക്കവേയാണ്, ട്യൂഷൻ എടുത്തുകൂടേയെന്ന സാധ്യത ഔസേപ്പച്ചൻ മുന്നിൽ തെളിഞ്ഞത്. ബിരുദധാരിയെ കയർ ഫാക്ടറിയിൽ കൂലിപ്പണിക്കാരനാക്കാൻ ആഗ്രഹിക്കാതിരുന്ന ഒരു കയർ ഫാക്ടറി ഉടമതന്നെയാണ് ആ സാധ്യത ഓർമിപ്പിച്ചത്.
ഇതിനിടെ, ഔസേപ്പച്ചൻ വിവാഹിതനായി. അദ്ദേഹത്തേപ്പോലെതന്നെ, ജീവിത പ്രാരാബ്ദങ്ങളോട് പടവെട്ടി ഹോമിയോ ഡോക്ടറായ വിനീത ജീവിതപങ്കാളിയായെത്തിയത് ഔസേപ്പച്ചന്റെ ജീവിതത്തിൽ വഴിത്തിരിവായി. ട്യൂഷൻ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചെങ്കിലും വരുമാനത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. പഠിക്കാനെത്തുന്നവരെല്ലാം സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും മക്കൾ. അതുകൊണ്ടുതന്നെ ഫീസിന്റെ കാര്യത്തിൽ നിർബന്ധം പിടിക്കാനാവില്ല. തരുന്നത് വാങ്ങും അത്രതന്നെ. വിദ്യാഭ്യാസം എന്നത് നിസ്വാർത്ഥതയോടെ പകരണമെന്നതിൽ ഔസേപ്പച്ചന് അന്നും ഇന്നും ഒരു നിലപാടുതന്നെ.
പട്ടിണിയും പരിവട്ടവുംമാത്രം നിറഞ്ഞ ആ ദാമ്പത്യം ഏതാണ്ട് അഞ്ചു വർഷം പിന്നിട്ടു. അക്കാലത്താണ്, കുട്ടിക്കാലംമുതൽ മനസിൽ സൂക്ഷിച്ച ആ മോഹം ഔസേപ്പച്ചന്റെ മനസിനെ അസ്വസ്ഥമാക്കിയത്. ഈ അത്താഴപ്പട്ടിണിക്കാരന്റെ ആഗ്രഹം അറിഞ്ഞാൽ ആരും നെറ്റിചുളിക്കും: രണ്ടു കുട്ടികളുടെ പിതാവായ ഔസേപ്പച്ചന് ഡോക്ടറാകണം! മോഹം കലശലായപ്പോൾ എൻട്രൻസ് പരീക്ഷ എഴുതിയ അദ്ദേഹത്തിന് അഡ്മിഷൻ റെഡി. ഔസേപ്പച്ചനെ അടുത്തറിയാമായിരുന്ന ഫാ. ജോർജ് കൊച്ചീക്കാരൻവീട്ടിൽ പഠനചെലവ് ഏറ്റെടുക്കാൻ തയാറായതോടെ പുത്തൻ സ്വപ്നങ്ങളുമായി ഔസേപ്പച്ചൻ പരിയാരം മെഡിക്കൽ കോളജ് വിദ്യാർത്ഥിയായി, 1995ൽ.
ഡിസ്പൻസറിയിൽനിന്ന് ഭാര്യയ്ക്ക് ലഭിക്കുന്ന വരുമാനവും പഠനത്തിന്റെ ഇടവേളകളിൽ ട്യൂഷനെടുത്ത് സ്വരുക്കൂട്ടി അയക്കുന്ന ചെറിയ തുകകളുമായിരുന്നു അക്കാലത്ത് കുടുംബത്തിന്റെ വരുമാനം. പഠന ചെലവിനുള്ള തുകയ്ക്ക് ബുദ്ധിമുട്ടുണ്ടായില്ലെങ്കിലും ജീവിതപ്രാരാബ്ദങ്ങൾ ഔസേപ്പച്ചനെ വരിഞ്ഞുമുറുക്കി. വൃദ്ധരായ മാതാപിതാക്കൾ, ഭാര്യയുടെ രണ്ട് അനുജത്തിമാരുൾപ്പെടെ നാല് സഹോദരിമാരുടെ വിവാഹം, മക്കളുടെ വിദ്യഭ്യാസം, കുടുംബ ചെലവ്… ഒടുവിൽ സാമ്പത്തിക തടസങ്ങളോട് അടിയറവ് പറഞ്ഞ് ഔസേപ്പച്ചൻ പരിയാരത്തുനിന്ന് വണ്ടികയറി.
‘രണ്ടു വർഷംകൂടി പിടിച്ചുനിൽക്കാനായിരുന്നെങ്കിൽ എനിക്ക് ഒരു ഡോക്ടറാകാമായിരുന്നു. അത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ദുഃഖം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ, ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു ഡോക്ടറാവുകയല്ല, നിരവധിപേരെ ഡോക്ടർമാരാകാൻ ഒരുക്കുക എന്നതാണ് എന്റെ ജന്മലക്ഷ്യം. ഒരോരുത്തരും ഓരോ ജന്മലക്ഷ്യവുമായാണല്ലോ ഭൂമിയിൽ പിറക്കുന്നത്.’
ഗുരുകുലം പിറന്നു, 21-ാം നൂറ്റാണ്ടിൽ
എം.ബി.ബി.എസ് പാതിവഴിയിൽ ഉപേക്ഷിച്ച് ആലപ്പുഴയിൽ വണ്ടിയിറങ്ങിയ അദ്ദേഹത്തെ കാത്തിരുന്നത് വായ്പ നൽകിയവരും മുനവെച്ച ചോദ്യങ്ങളുമാണ്. മറുപടി പറഞ്ഞു മടുത്ത ഔസേപ്പച്ചൻ ‘ഒളിവു ജീവിത’ത്തിലായിരുന്നു കുറച്ചുനാൾ. പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങും, ആലപ്പുഴ നഗരത്തിലെ ദൈവാലയത്തിൽ പകൽ മുഴുവൻ ചെലവഴിച്ച് ഇരുട്ട് വീഴുമ്പോൾ വീട്ടിലെത്തും.
അങ്ങനെയുള്ള ഒരു ദിവസമാണ് വെളിപാടുപോലെ ഒരു ചിന്ത ഔസേപ്പച്ചന്റെ മനസിലുണ്ടായത്: ‘പ്രവേശന പരീക്ഷയ്ക്ക് ഒരുങ്ങേണ്ടത് എങ്ങിനെയെന്ന് അറിയാം. മെഡിക്കൽ കോളജിൽ മികവു പുലർത്തേണ്ട വഴികളും ഹൃദിസ്ഥം. ഇക്കാര്യങ്ങൾ സാധാരണക്കാരായ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചൂടെ.’ ഔസേപ്പച്ചന്റെ ഭാഷയിൽ പറഞ്ഞാൽ, ജീവിതദൗത്യം വെളിപ്പെടുകയായിരുന്നു ആ ചിന്തയിലൂടെ. പിന്നീടുള്ള ശ്രമങ്ങളെല്ലാം ആ ലക്ഷ്യത്തോടെയായിരുന്നു. അതിന്റെ സത്ഫലമാണ് ഇന്ന് നൂറുകണക്കിന് കുട്ടികൾക്ക് ഉന്നത പഠനത്തിന് അവസരമൊരുക്കുന്ന ക്രൈസ്റ്റ് കോളജിന്റെ ആരംഭം. നാട്ടുകാരനായ അമൽ സുധീപ് എന്ന എൻജീനിയറിംഗ് വിദ്യാർത്ഥിയാണ് അതിന് കാരണമായത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഔസേപ്പച്ചന്റെ പ്രസംഗം കേട്ടതാണ് അമലിനെ അദ്ദേഹത്തിനടുത്തെത്തിച്ചത്. 2004ലായിരുന്നു ഇത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ തനിക്ക് എഞ്ചിനീയറിംഗ് വഴങ്ങുന്നില്ലെന്നും എം.ബി.ബി.എസാണ് ആഗ്രഹമെന്നും പറഞ്ഞ അമലിനോട് എടംവലം ആലോചിച്ച് സമയം കളയാതെ ഔസേപ്പച്ചൻ പറഞ്ഞു: ‘നിന്റെ ബാഗും പുസ്തകവുമെടുത്ത് എന്റെ വീട്ടിലേക്ക് പോരൂ.’
കേൾക്കേണ്ട താമസം ടി.സി പോലും വാങ്ങാതെ ഹോസ്റ്റൽ മുറി ഒഴിഞ്ഞ് അമൽ ഔസേപ്പച്ചന്റെ വീട്ടിലെത്തി. പഠിച്ചു, ഒരുമിച്ച് പ്രാർത്ഥിച്ചു, ഭക്ഷണം കഴിച്ചു, വീട്ടിലെ ഒരംഗമായി അമൽ. തൊട്ടടുത്തവർഷം പ്രവേശന പരീക്ഷ എഴുതിയ അമൽ തിരുവന്തപുരം കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയപ്പോൾ അമ്പരന്നത് ഒരു നാട് മുഴുവനുമാണ്. അമലിന്റെ നേട്ടത്തിൽ സന്തുഷ്ടരായ മാതാപിതാക്കൾ ഇളയമകൻ വിമൽ ജോണിനെയും ഔസേപ്പച്ചന്റെ അടുത്തെത്തിച്ചു. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയാണ് വിമൽ ഗുരുദക്ഷിണ നൽകിയത്, 2006ൽ.
പഠനത്തിൽ മിടുക്കരായവരെയെല്ലാം ഉന്നത ബിരുധദാരികളാക്കുക എന്ന ദൗത്യം ജീവിതദൗത്യമായി സ്വീകരിച്ച ഔസേപ്പച്ചൻ കുട്ടികളെ പ്രചോദിപ്പിക്കാൻ, പഠിപ്പിക്കാൻ അധ്യാപകനായി. വീടിന്റെ ഒരു ഭാഗം വിദ്യാലയമാക്കി, മറ്റൊരു ഭാഗം ഹോസ്റ്റലും. പരിശീലം തേടിയെത്തിയവരുടെ എണ്ണം വർദ്ധിച്ചതോടെ ഔസേപ്പച്ചന്റെ സുഹൃത്തുക്കളായ ഐസക് എബ്രഹാം, ജോസഫ് എബ്രഹാം എന്നിവരുടെ പിന്തുണയാൽ ഗുരുകുലവും വിപുലമാക്കി. 2008ൽ ഔസേപ്പച്ചന്റെ സഹായം തേടിയെത്തിയത് 16 കുട്ടികൾ. അതിൽ അഞ്ചു പേർ ആ വർഷം എം.ബി.ബി.എസിന് പ്രവേശനം നേടി. അതിനുശേഷം ഓരോ വർഷവും കുറഞ്ഞത് അഞ്ചു പേർ വീതം എം.ബി.ബി.എസിലെ സർക്കാർ സീറ്റിൽ പ്രവേശിതരായിട്ടുണ്ട്. 2013ലാണ് ഏറ്റവും കൂടുതൽ പേർ പ്രവേശിതരായത്, 13പേർ.
ആദ്യ ബാച്ചുകാരനായ അമൽ സുധീപ് ഇന്ന് അലപ്പുഴ മുഹമ്മ ഇ.എസ്. ഐ ആശുപത്രിയിലെ ഡോക്ടറാണ്. സഹോദരൻ ഡോ. വിമൽ ജോൺ പാലക്കാട് ജില്ലയിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലും സേവനം ചെയ്യുന്നു. മുഹമ്മയിലെ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ. ലിൻഡാ സാമുവൽ, പാലക്കാട് മെഡിക്കൽ കോളജിലെ സർജൻ ഡോ. അമൽ കുമാർ, ഇ.എൻ.ടിയിൽ പി.ജി ചെയ്യുന്ന ഡോ. വിനീത പ്രിയ, ഗൈനക്കോളജിയിൽ പി.ജി ചെയ്യുന്ന ഡോ. ആൻസി… ഔസേപ്പച്ചന്റെ ശിക്ഷ്യഗണത്തിന്റെ നിര നീളുന്നു.
പരിശീലനമല്ല, ജീവിതരീതി
പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കുവാങ്ങിയ കുട്ടികളെമാത്രം തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് മെഡിക്കൽ കോളജിൽ പ്രവേശനം നേടിക്കൊടുക്കുന്ന എൻട്രൻസ് കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യാനാവില്ല ക്രൈസ്റ്റ് കോളജിനെ. മറ്റ് പരിശീലന കേന്ദ്രങ്ങളിൽ 90%ത്തിനും അതിന് മുകളിലുള്ളവർക്കും മാത്രം പ്രവേശനമുള്ളപ്പോൾ, ക്രൈസ്റ്റിൽ എത്തുന്നതിൽ ഭൂരിപക്ഷവും ശരാശരി മാർക്കുകാരാണ്. ഇവിടെയാണ് ക്രൈസ്റ്റിന്റെ വെല്ലുവിളി.
‘ജീവിതത്തിലെ ഏതൊരു കാര്യത്തിലും സുപ്രധാന ഘടകമാണ് ദൈവവിശ്വാസം. നമ്മുടെ കഠിനാധ്വാനംപോലെതന്നെ പ്രധാനമാണത്. പ്ലസ്ടുവിന് മാർക്ക് കുറവാണെന്നതൊന്നും പ്രശ്നമല്ല, ശുഭാപ്തിവിശ്വാസത്തോടെ ഒരുങ്ങിയാൽ പ്രവേശനപരീക്ഷകളെ എന്നല്ല ജീവിതത്തിലെ സകല പരീക്ഷണങ്ങളെയും നേരിടാനാകും എന്നാണ് എന്റെ വിശ്വാസം, അനുഭവം,’ ഔസേപ്പച്ചൻ പറയുന്നു.
കുട്ടികളുടെ പഠനത്തിനും താമസ ഭക്ഷണ ചെലവുകൾക്കുമായി ഒരു നിശ്ചിത തുക ഫീസായി ആവശ്യപ്പെടാറുണ്ട്. എന്നാൽ, മിടുക്കരായ വിദ്യാർത്ഥികൾക്ക് പണമില്ലാത്ത കാരണത്താൽ ഉന്നത വിദ്യഭ്യാസം നിഷേധിക്കപ്പെടരുതെന്ന തത്വത്തിൽ വിശ്വസിക്കുന്നവരാണ് ഔസേപ്പച്ചനും ഭാര്യ ഡോ. വിനീതയും. ആവശ്യപ്പെടുന്ന തുക തരുന്നവരും അതിന്റെ പാതി തരുന്നവരും തുച്ഛമായ തുകമാത്രം തരുന്നവരും പരിശീലനം നടത്തുന്നുണ്ടിവിടെ.
‘എഴുത്തും വായനയും അറിയാത്തവരുടെ മക്കൾവരെ ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ സന്തോഷവും ഇവർ പറയുന്ന നന്ദിവാക്കുകളും പുരസ്‌ക്കാരങ്ങളേക്കാൾ തൃപ്തി തരുന്നതാണ്. സാമ്പത്തിക നേട്ടമൊന്നുമല്ല ക്രൈസ്റ്റ് കോളജിന്റെ ലക്ഷ്യം.’ (തുമ്പോളി ദൈവാലയത്തിൽനിന്ന് കടപ്പുറത്തേക്കുള്ള റോഡിൽ, സ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്നു സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് കോളജിലെത്തിയാൽ ഇക്കാര്യം ബോധ്യപ്പെടും)
പഠനസമയത്തെ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ കീറിമുറിച്ച് അണുവിട മാറാതെയുള്ള പരിശീലനമല്ല ഗുരുകുലത്തിൽ. മാത്രമല്ല, സാധാരണ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളിലുള്ള സംവിധാനങ്ങൾ ഇവിടെ കാണാനുമാവില്ല. ക്ലാസ് മുറികളില്ല, സ്ഥിരമായ അധ്യാപകരില്ല. പുലർച്ചെ നാലിന് ഉണരുന്ന ഗുരുകുലം ഉറങ്ങുന്നത് അർത്ഥരാത്രിയോടെയാണ്. കൃത്യമായ ഇടവേളകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിപ്പിക്കാൻ പുറത്തുനിന്ന് അധ്യാപകരെത്തും. ആത്മവിശ്വാസം പകരുന്ന മോട്ടിവേഷണൽ ക്ലാസുകളിലാണ് ഔസേപ്പച്ചന്റെ ശ്രദ്ധ.
‘ന്യൂമറിക് എബിലിറ്റി, ലോജിക്കൽ എബിലിറ്റി, മെമ്മറി പവർ എന്നിവയാണ് പഠനത്തിൽ മിടുക്കരാക്കുന്ന ഘടകങ്ങൾ. ഇവ ഓരോരുത്തരിലും വ്യത്യസ്ഥമായതിനാൽ ഓരോരുത്തർക്കും വ്യത്യസ്ഥ രീതിയിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്,’ കുട്ടികൾ അമ്മ എന്ന് വിളിക്കുന്ന ഔസേപ്പച്ചന്റെ ഭാര്യ ഡോ. വിനീത പറയുന്നു. വീട്ടുമുറ്റം പൂന്തോട്ടമാക്കി മാറ്റിയിരിക്കുന്നതിനാൽ, അവിടത്തെ മരത്തണലിലും ചാരുബെഞ്ചിലുമൊക്കെയിരുന്നാണ് പ~നം. ഈ വർഷം നടപ്പാക്കിയ ‘നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ്’ (നീറ്റ്) ടെസ്റ്റ് ക്രൈസ്റ്റ് കോളജിൽനിന്ന് എഴുതിയത് 100 പേരാണ്. ഇതിൽ 10 പേർക്കെങ്കിലും മെഡിക്കൽ കോളജിൽ പ്രവേശന സാധ്യത ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
100ൽ 10 പേർ എന്ന കണക്കിന്റെ അടിസ്ഥാനത്തിൽ 10% മാത്രമാണ് വിജയശതമാനമെന്ന് കരുതരുത്. ക്രൈസ്റ്റ് കോളജിന്റെ ആത്യന്തിക ലക്ഷ്യമായ എം.ബി.ബി.എസുകാരുടെ എണ്ണം മാത്രമാണിത്. മെഡിക്കൽ അഗ്രിക്കൾച്ചറൽ എന്ന പൊതുവിഭാഗത്തിലാണ് പ്രവേശന പരീക്ഷ. മുൻനിര റാങ്ക് നേടുന്നവർക്കേ എം.ബി.ബി.എസ് പ്രവേശന സാധ്യതയുള്ളൂവെന്നു മാത്രം. റാങ്കിന്റെ അടിസ്ഥാനത്തിൽ ബി.ഡി.എസ്, ആയുർവേദം, ഹോമിയോ എന്നിവയ്ക്ക് പുറമെ വെറ്റിനറി, അഗ്രിക്കൾച്ചറൽ, ഫോറസ്റ്ററി, ഫിഷറീസ് എന്നീ മേഖലകളിലെ കോഴ്സുകൾ തിരഞ്ഞെടുക്കാം. ആ മേഖലയിലുമുണ്ട് ഔസേപ്പച്ചന് വലിയ ശിഷ്യഗണം. അതുകൂടി കണക്കിലെടുത്താൽ വിജയശതമാനം 100 നടുത്തുവരും.
ഔസേപ്പച്ചൻ ഡോ. വിനീത ദമ്പതികളുടെ മക്കളും ക്രൈസ്റ്റ് കോളജിലെ വിദ്യാർത്ഥികൾതന്നെ. എം.ബി.ബി.എസ് പൂർത്തിയാക്കിയ മകൻ നിർമൽ ഔസേപ്പച്ചൻ സിവിൽ സർവീസിന്റെ മെയിൻ പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. മകൾ നിവേദ്യ, ഇത്തവണത്തെ മെഡിക്കൽ പ്രവേശന പരീക്ഷഫലം അറിയാൻ കാത്തിരിക്കുന്നു.

പ്രാർത്ഥനയ്ക്ക് ടൈം ടേബിൾ!
ഓരോ ദിവസവും ടൈം ടേബിൾതന്നെയുണ്ട് പ്രാർത്ഥനയ്ക്ക്. രാവിലത്തെ ദിവ്യബലിയിലെ പങ്കാളിത്തം മുതൽ സ്തുതിയാരാധനയും ജപമാലയർപ്പണവും കരുണക്കൊന്തയുമെല്ലാം കൃത്യമായ ഇടവേളകളിൽ ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളിലെ ഉപവാസവും ശനിയാഴ്ചകളിലെ നാലു മണിക്കൂർ ദൈർഘ്യമുള്ള അഖണ്ഡജപമാലയുമാണ് മറ്റ് സവിശേഷതകൾ. പ്രവേശന പരീക്ഷ അടുക്കുന്നതോടെ പരീക്ഷാർത്ഥികൾക്കായി വിവിധ ദൈവാലയങ്ങളിൽ ദിവ്യബലി അർപ്പിക്കപ്പെടും.
നിത്യാരാധനാകേന്ദ്രങ്ങളിൽ ഇവർക്കായി പ്രത്യേകം പ്രാർത്ഥനകളും ക്രമീകരിക്കും. പ്രശസ്ത ധ്യാനപ്രസംഗകനും ചിന്തകനുമായ ഫാ. ബോബി ജോസ് തലയിൽ കൈവെച്ച് പ്രാർത്ഥിച്ചാണ് കുട്ടികളെ പരീക്ഷയ്ക്ക് അയക്കുന്നത്. എത്ര തിരക്കാണെങ്കിലും ഈ പതിവ് വർഷങ്ങളായി അദ്ദേഹം തുടരുകയാണെന്നും ഔസേപ്പച്ചൻ പറയുന്നു. തുമ്പോളി സെന്റ് തോമസ് സ്‌കൂളിൽ ഔസേപ്പച്ചന്റെ സഹപാഠിയായിരുന്നു ഫാ. ബോബി ജോസ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?