Follow Us On

28

March

2024

Thursday

കണ്ണീരിന് പിന്നിലെ പുഞ്ചിരി

കണ്ണീരിന് പിന്നിലെ പുഞ്ചിരി

അങ്കമാലി, ചമ്പന്നൂർ റീത്താപള്ളി ഇടവകാംഗം കാച്ചപ്പിള്ളി സിസിലി തോമസിന്റെ അനുഭവം കേൾക്കുക: ”14 വർഷം മാത്രമാണ് ഭർത്താവിനോടൊപ്പം ജീവിക്കുവാൻ ദൈവം എന്നെ അനുവദിച്ചത്. ഞങ്ങൾ തമ്മിൽ നല്ല സ്‌നേഹത്തിലും ഐക്യത്തിലുമായിരുന്നു. കരളിനുണ്ടായ അസുഖം ബാധിച്ചാണ് ചേട്ടൻ മരിക്കുന്നത്. പതിനൊന്ന്, ഒമ്പത്, ഏഴ് വയസുകളുള്ള മൂന്ന് ആൺകുട്ടികളും ഞാനും മാത്രമായി കുടുംബം ചെറുതായി. ഭർത്താവ് മരിച്ചപ്പോഴാണ് അദ്ദേഹം എത്രമാത്രം തണലായിരുന്നു കുടുംബത്തിന് തന്നതെന്ന് ഞാൻ തിരിച്ചറിയുന്നത്.
വല്ലാത്തൊരു ശൂന്യത ജീവിതത്തിൽ അനുഭവപ്പെട്ടു. എനിക്കന്ന് 37 വയസ്. ഭാവിയെക്കുറിച്ചോർത്ത് ഒരെത്തും പിടിയും കിട്ടിയില്ല. ബന്ധുക്കളെല്ലാവരും കൂടെയുണ്ടായിരുന്നിട്ടും ഒറ്റപ്പെട്ട അവസ്ഥ. മൂന്നു മക്കളെക്കുറിച്ചുള്ള ചിന്ത ജീവിക്കണമെന്ന ആഗ്രഹത്തിന്റെ തീവ്രതയേറ്റി. അവർക്കുവേണ്ടി ജീവിക്കാൻ ഞാൻ തീരുമാനിച്ചു. വീണ്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹം അന്നോ ഇന്നോ എന്റെ മനസിലേക്ക് കടന്നുവന്നിട്ടില്ല. അന്ന് വീട്ടിൽ കറണ്ടില്ല. കൊടിയ ദാരിദ്ര്യവും. ഒരേക്കർ ഭൂമിയും കുറച്ച് നെൽപാടവും ഉണ്ടായിരുന്നു. എങ്ങനെ കൃഷിയിറക്കും എന്നൊന്നും നിശ്ചയമില്ലായിരുന്നു.
ചോർന്നൊലിക്കുന്ന വീടിന്റെ മൂലയിൽ മക്കളെ ചേർത്തുപിടിച്ച് എത്രയോ തവണ ഞാൻ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്. എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഭക്ഷണം കൊടുക്കാൻ കഴിയാതിരുന്നത് എന്നെ വേദനിപ്പിച്ചു. ‘അന്നന്നു വേണ്ടുന്ന ആഹാരം’ എന്ന പ്രാർത്ഥന ഞാൻ ആത്മാർത്ഥമായി ചൊല്ലിയത് ആ ദിവസങ്ങളിലായിരുന്നു. മക്കളെ മനസിലോർത്ത് ഞാൻ തൂമ്പയെടുത്ത് പറമ്പിലിറങ്ങി. അമ്മയായ ഞാൻ മക്കൾക്കുവേണ്ടി അപ്പനായി മാറി. പറമ്പിൽ പണിയെടുക്കുന്ന അപ്പനും അടുക്കളയിൽ അന്നം വയ്ക്കുന്ന അമ്മയും.
കുടുംബപ്രാർത്ഥനയും വിശുദ്ധ കുർബാനയും തെല്ലും മുടക്കിയില്ല. ദാരിദ്ര്യത്തിന്റെ നാളുകളിൽ എന്റെ വീട്ടുകാരുടെ സഹായം ഒരിക്കലും മറക്കാവുന്നതല്ല. ആങ്ങളമാരുടെ സഹായംകൊണ്ടാണ് പലപ്പോഴും നല്ല വസ്ത്രങ്ങൾ ധരിക്കുവാൻ എന്റെ മക്കൾക്കായത്. നമുക്കുള്ളത് മറ്റുള്ളവർക്ക് കൊടുക്കണം എന്ന പാഠം ഞാൻ മക്കളെ പഠിപ്പിച്ചിട്ടുണ്ട്. മൂത്ത രണ്ടുമക്കളും വിവാഹം കഴിഞ്ഞ് കുടുംബത്തോടൊപ്പം നന്നായി ജീവിക്കുന്നു. ഇളയ മകൻ ലാസലെറ്റ് സഭയിൽ വൈദികനാണ്. എന്റെ സഹനങ്ങൾ പരിഭവങ്ങളില്ലാതെ ഏറ്റെടുത്തതിന് മക്കളിലൂടെ ദൈവം എന്നെ അനുഗ്രഹിക്കുന്നു.
സഹനത്തിന്റെ മാഹാത്മ്യം കൂടുതൽ മനസിലാക്കാനും അതിരുകവിഞ്ഞ് അഹങ്കരിക്കാതിരിക്കാനുംവേണ്ടി ദൈവം എനിക്ക് കാൻസർ എന്ന അസുഖവും നൽകി അനുഗ്രഹിച്ചു. മക്കളെ ചുമന്ന ഗർഭപാത്രത്തെയാണ് അത് ബാധിച്ചത്. ആദ്യം അവരാരും വിവരം എന്നെ അറിയിച്ചില്ല. ഓപ്പറേഷൻ കഴിഞ്ഞ് മുറിയിൽ കിടക്കുമ്പോൾ കൺതുറന്ന് നോക്കിയ ഞാൻ കണ്ടത് കട്ടിലിനരികിൽ നിൽക്കുന്ന എന്റെ മൂന്നുമക്കളെയാണ്. ആനന്ദംകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. ഇന്ന് 63-ാം വയസിൽ കർത്താവിനോട് എനിക്ക് പരാതികളില്ല, നന്ദിമാത്രം. എന്നാൽ ഒന്നെനിക്കറിയാം, വിധവകളായ എല്ലാ അമ്മമാരുടെയും സ്ഥിതി ഇതല്ലെന്ന്. പലരും ഒത്തിരിയേറെ സഹിക്കുന്നു.’
സിസിലിയെന്ന ഈ അമ്മയെക്കുറിച്ച് അവരുടെ മകൻ ജോജോ അച്ചൻ പങ്കുവച്ച ഓർമകൾ കണ്ണു നിറയിക്കുന്നതായിരുന്നു. ”രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മാത്രമേ അന്ന് വീട്ടിൽ ഇറച്ചിയോ മീനോ വാങ്ങിയിരുന്നുള്ളൂ. അതും വളരെ കുറച്ച്. ഞങ്ങൾക്കെല്ലാം വിളമ്പിത്തന്ന്, മാറിനിന്ന് ഞങ്ങൾ കഴിക്കുന്നതും നോക്കി മനം നിറഞ്ഞുനിൽക്കുന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട്. പലപ്പോഴും അമ്മയ്ക്ക് ചോറും കറിയും ഉണ്ടായിരുന്നില്ലെന്ന് പിന്നീട് ഞാൻ മനസിലാക്കിയിട്ടുണ്ട്. അമ്മയുടെ സ്‌നേഹവും അപ്പന്റെ കരുതലും തന്ന് അമ്മ ഞങ്ങളെ വളർത്തി. പ്രഥമ ദിവ്യബലിയർപ്പിച്ചപ്പോൾ അൾത്താരയ്ക്കു താഴെ നിന്ന അമ്മയെ കണ്ടപ്പോ ൾ കുരിശിൻകീഴിൽ നിന്ന മാതാവിനെയാണ് ഞാൻ ഓർത്തത്. ഞങ്ങളുടെ അമ്മ, വീടിന്റെ പുണ്യമാണ് – പുണ്യം.” അച്ചനെപ്പോലെ തങ്ങളുടെ അമ്മമാരെക്കുറിച്ച്, പ്രത്യേകിച്ച് വിധവകളായ അമ്മമാരെക്കുറിച്ച് എത്ര മക്കൾക്ക് പറയാനാകും?
റാമായിലുയർന്ന നിലവിളികൾ
വിധവകളായ അമ്മമാരുടെയെല്ലാം അനുഭവങ്ങൾ സമാനങ്ങളല്ല. ശാരീരികവും മാനസികവുമായ പീഡനങ്ങളിലൂടെ കടന്നുപോയവർ ഏറെയുണ്ട്. അവരിൽ ഒരുവളാണ് മേരി (യഥാർത്ഥ പേരല്ല) എന്ന 68 വയസുകാരി. അവരുടെ അനുഭവം എഴുതുമ്പോൾ കരം വിറയ്ക്കുന്നു. അത്രയ്ക്ക് തീവ്രമാണത്. ഭർത്താവിന്റെ മരണശേഷം സ്വന്തം അമ്മായിയച്ചനാൽ മാനസികവും ശാരീരികവുമായി പീഡനമേറ്റവൾ. മദ്യത്തിനും ദുർനടപ്പിനും വംശവദനായ അയാൾ പലയാവർത്തി അവരെ ഉപദ്രവിച്ചു. ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയിരുന്നതിനാൽ നാട്ടുകാരോടും വീട്ടുകാരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. ഈ അനുഭവം പങ്കുവയ്ക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഇതുവരെ ആരോടും പങ്കുവയ്ക്കാതെ മനസിൽ നീറിക്കൊണ്ടിരുന്ന തീക്കനലായിരുന്നുവത്.
ഷേർളിചേച്ചിയുടേത് (യഥാർത്ഥ പേരല്ല) മറ്റൊരനുഭവമാണ്: ”എലിപ്പനി രോഗം ബാധിച്ചാണ് ഭർത്താവ് മരിക്കുന്നത്. ഏഴു വർഷംമാത്രം നീണ്ട ദാമ്പത്യം. കുട്ടികൾക്കിപ്പോൾ പതിനാലും പത്തും വയസായി. മൃതസംസ്‌കാരം കഴിഞ്ഞ അന്ന് രാത്രിതന്നെ വീട്ടുകാർ വട്ടമിട്ടിരുന്ന് ചോദിച്ച കാര്യം ബാങ്കിൽ എത്ര പണമുണ്ടെന്നാണ്.
എന്നെ ഒന്നാശ്വസിപ്പിക്കാൻ ആരുമില്ലായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ അമ്മായിയമ്മ പറഞ്ഞത് ഇങ്ങനെ: ”നിനക്ക് വേണമെങ്കിൽ വേറെ കെട്ടാമല്ലോ? എനിക്കെന്റെ മകൻ നഷ്ടമായി, അത്രതന്നെ.” ജീവിതത്തിൽ സ്വപ്‌നങ്ങളും ഒറ്റപ്പെടലുകളും ഉണ്ടായപ്പോൾ ജീവിക്കാൻ പ്രേരണ നൽകിയത് ദൈവവിശ്വാസമാണ്. മക്കൾക്കുവേണ്ടി ജീവിക്കണം എന്ന തീവ്രമായ ആഗ്രഹം മനസിൽ ഉയർന്നു. കടുത്ത ദാരിദ്ര്യത്തിന്റെ ദിവസങ്ങളായിരുന്നുവത്. ഒരു ദിവസം ആത്മഹത്യ ചെയ്യാൻ ഒരുമ്പെട്ടതാണ്. അതിന് കാരണവുമുണ്ട്.
നാലുദിവസം നീണ്ടുനിന്ന പട്ടിണി. ഇന്നെങ്കിലും ഭക്ഷണം കിട്ടിയില്ലെങ്കിൽ ഞാനെന്തു ചെയ്യും ദൈവമേ എന്ന് ചോദിച്ച് കരളുരുകി പ്രാർത്ഥിച്ചു. പ്രാർത്ഥന തീരുംമുമ്പ് അടുത്ത മഠത്തിലെ സിസ്റ്റർ വന്ന് വാതിലിൽ മുട്ടി. കൈയിലെ സഞ്ചി നിറയെ അരിയായിരുന്നു. മഠത്തിലെ കന്യാസ്ത്രീകൾ പിടിയരി പിരിച്ചുകിട്ടിയത് ഞങ്ങൾക്ക് കൊണ്ടുവന്ന് തരണമെന്ന് ആ അമ്മയെ പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ചുവത്രേ! എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു അത്.”
ഷേർളി തുടർന്നു: ജീവിതത്തിൽ തനിച്ചാകുന്ന സ്ത്രീയെ ആക്രമിക്കാൻ പതിയിരിക്കുന്ന ചെന്നായ്ക്കൾ എന്റെ ജീവിതത്തിലും കടന്നുവന്നിട്ടുണ്ട്, അയൽവാസിയുടെ രൂപത്തിൽ. കുട്ടികൾ സ്‌കൂളിലേക്ക് പോകുന്ന സമയത്ത് പത്രം വായിക്കാനായി ഒരാൾ വരും. ആദ്യമെല്ലാം ഉമ്മറത്തിരുന്ന് പത്രം വായിച്ച് അയാൾ പോകുമായിരുന്നു. പക്ഷേ പിന്നീട് അയാളുടെ സമീപനത്തിൽ പന്തികേടു തോന്നി. അയാൾ ഉമ്മറത്തിരുന്ന് പത്രം വായിക്കുമ്പോൾ ഞാൻ കതകടച്ച് പ്രാർത്ഥിക്കും. അയാളെ പേടിച്ച് പിന്നീട് ഞാൻ വീട്ടിൽ പത്രം വരുത്തുന്നതും നിർത്തി. പത്രമില്ലെന്നറിഞ്ഞതോടെ അയാൾക്ക് വീട്ടിൽ വരാൻ മറ്റുകാരണമില്ലാതായി.
വീടു പണിയാൻ ലോണിനും മറ്റുപല കാര്യങ്ങൾക്കുമായി സർക്കാർ സ്ഥാപനങ്ങളിലും ഓഫിസുകളിലും കയറിയിറങ്ങേണ്ടി വന്നപ്പോഴും ഇതുപോലെ പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ദൈവം എന്നെ അപ്പോഴെല്ലാം കാത്തു. എന്നും കുരിശുവരച്ചു മാത്രമേ ഞാൻ വീട്ടിൽ നിന്നിറങ്ങൂ. കുരിശിന്റെ സംരക്ഷണം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. പ്രതിസന്ധികളുണ്ടാകുമ്പോഴെല്ലാം ഭിത്തിയിൽ തൂക്കിയ ഈശോയുടെ ചിത്രത്തിൽ കരം ചേർത്ത് കരഞ്ഞു പ്രാർത്ഥിക്കും. അതെനിക്ക് കരുത്താണ്.
ഹേറോദോസിന്റെ വാളുകൾ
സമാനമായ മറ്റൊരനുഭവമാണ് കുറവിലങ്ങാട് ഇടവകാംഗമായിരുന്ന ചിങ്ങംതോട്ടത്തിൽ റോസമ്മ സെബാസ്റ്റ്യന്റേത്. ഇവർക്ക് വയസ് 67.
1976 മെയ് എട്ടിന് നടന്ന വാഹനാപകടത്തിലാണ് ഭർത്താവ് മരണമടയുന്നത്. മതാധ്യാപകനായിരുന്നു ഭർത്താവ് സെബാസ്റ്റ്യൻ. ഇടവകയിലെ വികാരിയച്ചനും കൊച്ചച്ചനും മറ്റ് അധ്യാപകരുംകൂടി വേളാങ്കണ്ണിക്ക് തീർത്ഥാടനം പോയപ്പോൾ ഒപ്പം പോയതായിരുന്നു അദേഹവും. മടക്കയാത്രയിൽ മധുരയിൽവച്ച് ബസ് കൊക്കയിലേക്ക് മറിഞ്ഞു. അന്ന് പൊലിഞ്ഞത് 19 ജീവനുകൾ. രണ്ടു വൈദികരും 17 അധ്യാപകരും. അവരുടെ കല്ലറക ൾ ഒരേ നിരയിൽ ഇന്നും കുറവിലങ്ങാട് സെമിത്തേരിയിൽ ഉണ്ട്. റോ സമ്മയുടേത് വെറും ഏഴുവർഷം നീണ്ട ദാമ്പത്യമായിരുന്നു. ഭർത്താവ് മരിക്കുമ്പോൾ മക്കൾക്ക് പ്രായം അഞ്ചുവയസും രണ്ടരവയസും. ആ ഓർമയും പ്രാർത്ഥനകളുമാണ് ഇന്നും കൂട്ടായുള്ളതത്രേ. വിധവയായ റോസമ്മക്ക് ചാച്ചൻ വീടുവച്ചു കൊടുത്തു.
തന്റെ ജീവിതാനുഭവം അവർതന്നെ പറഞ്ഞത് ഇപ്രകാരമാണ്: ”മക്കളെ ഓർത്താണ് വീണ്ടും വിവാഹം കഴിക്കാതിരുന്നത്. സത്യത്തിൽ അതെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ല. ഭർത്താവില്ലാത്തത് വല്ലാത്ത ക്ലേശം തന്നെയാണ്. എന്തിനും തനിച്ചു പോകണം. സന്ധ്യയാകുന്നതിനുമുമ്പ് വീട്ടിലെത്തണം. വീട്ടിലെ കാര്യവും മക്കളുടെ കാര്യവും തനിച്ചു ചെയ്യണം. വിഷമതകൾ പങ്കുവയ്ക്കാൻ ആരുമില്ല. ഇടയ്ക്കിടയ്ക്ക് ധ്യാനത്തിന് പോകും. വയനാട്ടിലെ കായക്കുന്നിലെ ലാസലെറ്റ് ആശ്രമത്തിൽ എല്ലാ മാസവും നടക്കുന്ന വിധവാ കൂട്ടായ്മയിലും പങ്കെടുക്കും. ഈ കൂട്ടായ്മ തരുന്ന ആശ്വാസം വളരെ വലുതാണ്. സമാനദുഃഖങ്ങളുള്ള പലരുംഒന്നിച്ചു കൂടി പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന ആശ്വാസം അനിർവചനീയമാണ്.
നഗരത്തിൽ ജീവിക്കുന്ന വിധവയായ അമ്മ പങ്കുവച്ചത് ഇതുവരെ ഗ്രാമീണരാരും പറയാത്ത മറ്റൊരു അനുഭവമായിരുന്നു. ഡയാന (യഥാർത്ഥ പേരല്ല) അവളുടെ ഭർത്താവിന്റെകൂടെ ജീവിച്ചത് വെറും ഏഴുവർഷം. നാട്ടിൽനിന്ന് മുംബൈയിലെ സ്വന്തക്കാരുടെ കൂടെയാണ് താമസം. അവരുടെ ഭർത്താവിന്റെ രണ്ട് അനുജന്മാരും മരിച്ചത്രെ. കുടുംബത്തിൽ മൂന്നു വിധവകൾ. ഒരിക്കൽ പ്രാണനുതുല്യം സ്‌നേഹിച്ച അവളുടെ കൂട്ടുകാരിവന്ന് അവളോട് പറഞ്ഞു: ”ജീവിതം ഒന്നേ ഉള്ളൂ. അത് ആസ്വദിക്കാനുള്ളതാണ്.” അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കിയപ്പോൾ ഡയാനയ്ക്ക് കൂട്ടുകാരിയോട് വെറുപ്പാണ് തോന്നിയത്.
പലരും തിന്മയുടെ വഴിയേ വീണുപോകുന്നത് ബോധ്യങ്ങളില്ലാത്ത സുഹൃത്തുക്കൾ വഴിയാണെന്ന് അന്ന് അവൾക്ക് മനസിലായി. തന്മൂലം ഏറ്റവും അടുത്ത സുഹൃത്തിൽനിന്നുവരെ പ്രലോഭനങ്ങൾ വരുമെന്ന് എല്ലാ വിധവകളും തിരിച്ചറിയണമെന്നാണവരുടെ പക്ഷം. അവളുടെ അറിവിൽ പലരും സുഹൃത്തുക്കൾ ഒരുക്കിയ ഇത്തരം കെണികളിൽ വീണിട്ടുണ്ട്. അവൾ തുടർന്നു: ”ഞാൻ പുനർവിവാഹം ചെയ്തില്ലെങ്കിലും ഭർത്താവ് മരിച്ചുപോകുന്ന യുവതിയായ വിധവ പുനർവിവാഹത്തിന് തയാറാകണം. അതിന് കാരണമുണ്ട്. ഇക്കാലത്ത് വീടുകളിൽ മക്കളില്ല. പലരും വിദേശത്തും വിദൂരത്തും ജോലി ചെയ്യുന്നു. ചില വീടുകളിലെങ്കിലും മാതാപിതാക്കൾ തനിച്ച്. ഒരു സ്ത്രീയുടെ കാര്യത്തിൽ വാർദ്ധക്യകാലത്ത് ഭർത്താവ് കൂട്ടിനില്ല എന്നത് നൊമ്പരം തന്നെയാണ്. അതിനാൽ പ്രാർത്ഥനാപൂർവ്വം വിധവകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് എന്റെ പക്ഷം” അവർ പറയുന്നു.
കരുത്തുപകരുന്ന ദൈവകരം
ആത്മീയവും ശാരീരികവുമായ കരുത്ത് ആർജിക്കേണ്ടവരാണ് വിധവകൾ എന്ന അഭിപ്രായമാണ് മലപ്പുറം ജില്ലയിലെ മൂലേപ്പാടം ഇടവകാംഗം ഞള്ളംപുഴ ആലീസ് ജോസഫിന്. വിധവകൾ ഉറച്ചുനിന്നാൽ ദൈവത്തിനല്ലാതെ മറ്റൊരു ശക്തിക്കും അവരെ തകർക്കാനാവില്ല എന്ന് വിശ്വസിക്കുന്നവരാണിവർ. ആലീസിന്റെ ഭർത്താവ് മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മടിയിൽ കിടന്നുകൊണ്ടാണത് സംഭവിച്ചത്. 19 വർഷം ഒരുമിച്ചു ജീവിച്ചു. നാലു പെൺമക്കളുടെ അമ്മയാണിവൾ. ഭർത്താവ് മരിക്കുമ്പോൾ രണ്ടാമത്തെ മകൾ പത്താംക്ലാസിലെ പരീക്ഷയെഴുതുന്നു.
പരീക്ഷ കഴിഞ്ഞുവന്ന മകൾ സ്വന്തം പിതാവിന്റെ മൃതസംസ്‌കാരത്തിലാണ് പങ്കെടുക്കുന്നത്. അന്നുരാത്രി ആലീസ് മകളെ മാറോടു ചേർത്തുനിർത്തി പറഞ്ഞു: ”മകളേ എനിക്കറിയാം നിനക്ക് പപ്പയുടെ വേർപാടിൽ ദുഃഖമുണ്ടെന്ന്. മമ്മിക്കും ചേച്ചിക്കും നിന്റെ താഴെയുള്ളവർക്കും അതേ ദുഃഖമുണ്ട്. പപ്പ നമ്മെയെല്ലാവരെയും സ്‌നേഹിച്ചിരുന്നു. നിങ്ങളെ പൊന്നുപോലെ നോക്കി. പപ്പയെ നീ സ്‌നേഹിക്കുന്നുവെങ്കിൽ, നാളെ നീ പോയി പരീക്ഷയെഴുതണം. പരീക്ഷയെഴുതിയില്ലെങ്കിൽ തോറ്റു പോകും. നിങ്ങൾ തോറ്റാൽ തോൽക്കുന്നത് പപ്പയാണ്.” ഇത്രയും പറഞ്ഞുകൊണ്ട് അവർ തന്റെ നാലുമക്കളെയും ചേർത്തുനിർത്തി കരഞ്ഞു. പിറ്റേന്ന് തന്റെ മമ്മിയുടെ ആശീർവാദം സ്വീകരിച്ച് മക്കൾ പരീക്ഷയെഴുതാൻ പോയി. നല്ല മാർക്കോടെ അവർ വിജയിക്കുകയും ചെയ്തു.
അന്ന് തന്റെ മകളോട് അങ്ങനെ സംസാരിക്കുവാൻ കരുത്ത് നൽകിയത് ദൈവാത്മാവാണെന്ന് ഇന്നും ഉറച്ചു വിശ്വസിക്കുന്നു ആലീസ്. അങ്ങനെയുള്ള മനക്കരുത്താണ് ഏതു വിധവയ്ക്കും വേണ്ടതെന്ന പക്ഷമാണവരുടേത്. ഒരു വിധവയായ അമ്മ തളർന്നാൽ തളരുന്നത് അവരുടെ കുടുംബമാണ്. ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ അവൾ ഉയിർത്തെഴുന്നേൽക്കണം. അപ്പൻ മരിച്ച കുട്ടികളുടെ പച്ചമരത്തണലാകണം അവരുടെ അമ്മ. അവരുടെ ജീവിതം വിശുദ്ധിയും വിവേകവും നിറഞ്ഞതാകണം. അവരുടെ തകർച്ച കുടുംബത്തിന്റെ തകർച്ചയും അവരുടെ ഉയർച്ച കുടുംബത്തിന്റെ ഉയർച്ചയുമെന്ന് വിശ്വസിക്കുന്നവളാണ് ആലീസ്.
അന്ന് പരീക്ഷയെഴുതിയ പത്താംക്ലാസുകാരി ഇന്ന് എസ്.ഡി സന്യാസ സഭയിലെ കന്യാസ്ത്രീയാണ്. അന്ന് എൽ.കെ.ജിയിൽ പഠിച്ച മകൾ ഇന്ന് വിദേശത്ത് ജോലി ചെയ്യുന്നു. മറ്റു രണ്ടു മക്കളുടെയും വിവാഹം സമംഗളമായി കഴിയുകയും അവർ സന്തോഷമായി ജീവിക്കുകയും ചെയ്യുന്നു.
മക്കൾക്ക് പ്രാർത്ഥനയും മനക്കരുത്തും പകർന്നുകൊടുത്ത് മനോധൈര്യത്തിന്റെ പാഠങ്ങൾ ജീവിച്ചുകാണിച്ച ഈ അമ്മ, വിധവകളായ അമ്മമാർക്ക് ഒരു മാതൃകയാണെന്നത് സത്യമാണ്. തന്റെ അമ്മയെക്കുറിച്ച് മകൾ സിസ്റ്റർ ബിൻസി എസ്.ഡി പങ്കുവയ്ക്കുന്ന വാക്കുകൾ ഏറെ ശ്രദ്ധേയമാണ്:”പപ്പയുടെ മരണശേഷം അമ്മ ഏറെ കഷ്ടപ്പെട്ടു. പപ്പ മരിക്കുന്നതിനുമുമ്പുള്ള അമ്മയെ അല്ല പിന്നീട് ഞങ്ങൾ കണ്ടത്. ചില സമയത്ത് അമ്മ, പപ്പ തന്നെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ കരുത്തും പ്രാർത്ഥനയും ഇല്ലെങ്കിൽ ഞാനന്ന് പരീക്ഷ എഴുതില്ലായിരുന്നു. അമ്മ ഒരിക്കലും കരഞ്ഞു പിണങ്ങാറില്ല. അമ്മയുടെ വിശ്വാസജീവിതം ഒരു കന്യാസ്ത്രീയായ എനിക്കുപോലും ഉൾക്കൊള്ളാവുന്നതിലും അധികമാണ്. ഇന്ന് ഞങ്ങൾ എല്ലാവരും നല്ല സ്ഥിതിയിലാണെങ്കിൽ അതിൽ അമ്മയുടെ പരിത്യാഗവും പ്രാർത്ഥനയും വിയർപ്പുമുണ്ട്.”എന്തൊരു ആത്മനിർവൃതി നൽകുന്ന വാക്കുകൾ. വിധവകളായ അമ്മമാരെക്കുറിച്ച് എല്ലാ മക്കൾക്കും ഇങ്ങനെ പറയാനായിരുന്നെങ്കിൽ.
എല്ലാ ഉത്തരവും ബൈബിളിലുണ്ട്
തമിഴ്‌നാട്ടിലെ കയ്യൂന്നി ഇടവകയിലെ അമ്മമാരുടെ അനുഭവം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ത്രേസ്യാമ്മ ജോസഫ് താളിമറ്റത്തിൽ തന്റെ ഭർത്താവിന്റെ കൂടെ ജീവിച്ചത് വെറും രണ്ടുവർഷം മാത്രം. ബന്ധുവീട്ടിൽ ബഹളം നടക്കുമ്പോൾ മധ്യസ്ഥം പറയാൻ പോയതാണ്. ആരുടെയോ കുത്തേറ്റ് പിടഞ്ഞുവീണു. അപ്പോൾ ത്രേസ്യമ്മയുടെ മൂത്ത മകന് ഒരു വയസും ഇളയമകന് 21 ദിവസവും പ്രായം. 26 വയസുണ്ടായിരുന്ന ത്രേസ്യമ്മക്ക് താങ്ങാവുന്നതിലും വലിയ ഭാരമായിരുന്നു അത്. ഇന്നവർക്ക് വയസ് 63. കഴിഞ്ഞ കാലഘട്ടത്തിന്റെ ഓർമകൾ അവർ ഓർത്തെടുക്കുന്നു.
”വിധവയായതിന് ശേഷം കുറെക്കാലം ഞാൻ ഭർത്താവിന്റെ വീട്ടിൽത്തന്നെ താമസിച്ചു. പിന്നീട് മാറിത്താമസിച്ചു. ദൈവം കാത്തുപാലിച്ച ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ദിവസങ്ങളിൽ രാത്രികാലങ്ങളിൽ ആരോ വാതിലിൽ തട്ടുന്ന സ്വരം കേൾക്കുമായിരുന്നു. ധൈര്യത്തിനായി തലയിണയുടെ ഒരു വശത്ത് കത്തിയും മറുവശത്ത് ജപമാലയുംവച്ച് കിടന്നുറങ്ങും. ഒരിക്കൽ ഒരു അശരീരി കേട്ടു: ”മകളേ, നീ ജീവിക്കണം. മരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. നിന്നെ ആരും ഉപദ്രവിക്കുകയില്ല.” അതിനുശേഷം ഞാൻ തലയിണയ്ക്കടിയിൽ കത്തിവയ്ക്കാറില്ല. ജപമാലമാത്രമാണ് ആശ്രയം. എന്റെ ജീവിത സഹനങ്ങളിൽ എനിക്കേറ്റവും തുണയായത് അയൽവാസിയായ ബാലനും ദേവകിയുമാണ്.
ഹിന്ദുക്കളായിരുന്നാലും യേശുവിലുള്ള അവരുടെ വിശ്വാസം വളരെ വലുതായിരുന്നു. അവരെന്നോടിങ്ങനെ പറഞ്ഞു: ”ഞങ്ങൾ പട്ടിണി കിടന്നാലും നിന്റെ മക്കൾക്കുള്ള അന്നം ഞങ്ങൾ തരും. അതോർത്ത് നീ വിഷമിക്കണ്ട. നീ എന്തിനാണ് വിഷാദിക്കുന്നത്? നിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നിങ്ങളുടെ ബൈബിളിൽ ഉണ്ടല്ലോ? ബൈബിൾ എന്നും വായിച്ചാൽ നിനക്ക് കരുത്തു ലഭിക്കും.” അന്നുമുതൽ ഇടവിടാതെ ഞാൻ വചനം വായിക്കുന്നുണ്ട്. വിധവകളായ എല്ലാ അമ്മമാരും വചനത്തിൽ ആശ്വാസം കണ്ടെത്തേണ്ടവരാണ് എന്ന സന്ദേശം ഈ അമ്മ നൽകുന്നുണ്ട്.
അതേ ഇടവകയിൽത്തന്നെയുള്ള തൊണ്ടിച്ചിറ മേരി തോമസിന് നാലര വർഷം മാത്രമാണ് തന്റെ ഭർത്താവിന്റെകൂടെ ജീവിക്കാൻ ഭാഗ്യം ലഭിച്ചത്. കവിഞ്ഞൊഴുകുന്ന നീലഗിരി പുഴയുടെ കുറുകെയുള്ള തടിപ്പാലത്തിലൂടെ വീട്ടിലേക്ക് നടന്നുവരുമ്പോൾ കാലു വഴുതി പുഴയിൽ വീണാണ് ഭർത്താവ് മരിക്കുന്നത്. മൃതശരീരം കണ്ടെത്താനായില്ല. പാറയിടുക്കിൽനിന്ന് ഭർത്താവുപയോഗിച്ചിരുന്ന കുട മാത്രമാണ് അദ്ദേഹത്തിന്റെ മരണത്തിന് തെളിവായി ലഭിച്ചത്. നവംബർ രണ്ടാംതിയതി വരുമ്പോൾ തന്റെ ഭർത്താവിനുവേണ്ടി തിരി തെളിക്കാൻ കുഴിമാടംപോലും ഇല്ലാത്ത മേരി, മക്കൾക്കുവേണ്ടി ഇന്നും ജീവിക്കുന്നു. ഭർത്താവ് മരിക്കുമ്പോൾ മേരിക്ക് 26 വയസ്. മകന് മൂന്നര വയസും മകൾക്ക് രണ്ടുവയസും പ്രായം. കൂടാതെ എട്ടുമാസം ഗർഭിണിയും. ഭർത്താവിന്റെ വീട്ടിൽനിന്നും അവരെ ഇറക്കിവിട്ടു. നിറവയറുമായി ഒമ്പതാം ദിവസം സ്വന്തം വീട്ടിലേക്ക്. മൂന്നര വയസുള്ള മകനെ അവർ മേരിയുടെ കൂടെ പറഞ്ഞുവിട്ടില്ല. അവൻ അവന്റെ അമ്മയുടെ പുറത്തുകയറി പറഞ്ഞു: ”അമ്മേ എന്നെക്കൂടി കൊണ്ടുപോകൂ.” അതിനവൾക്ക് കഴിഞ്ഞില്ല. വീട്ടിൽ ചെന്ന് ഒരു മാസത്തിനകം ഇളയകുഞ്ഞിന് ജന്മം നൽകി. വലിയ വേദനകളിലൂടെയും നൊമ്പരങ്ങളിലൂടെയും കടന്നുപോയപ്പോഴെല്ലാം കർത്താവിൽ മാത്രമാണ് അവൾ ആശ്രയിച്ചത്.
വീട്ടിൽനിന്ന് വന്നപ്പോൾ കൂടെ വരാൻ അനുവാദം ലഭിക്കാത്ത മൂത്ത മകനെ ഈ അമ്മയ്ക്ക് കാണുവാൻ അവസരം ലഭിച്ചത് അഞ്ചുവർഷത്തിനുശേഷമാണ്. ഒരു വിധവയ്‌ക്കെന്നല്ല, ഒരു അമ്മയ്ക്കും ഇങ്ങനെയൊരു ദുരവസ്ഥ വരല്ലേയെന്നാണ് ഈ അമ്മയുടെ പ്രാർത്ഥന. സ്വന്തം വീട്ടിൽ വീട്ടുകാരുടെ സ്‌നേഹപൂർവമുള്ള കരുതലിൽ 18 വർഷം ജീവിച്ചതിനുശേഷമാണ് ഭർത്താവിന് അവകാശമായി ലഭിച്ച സ്ഥലത്ത് വീടുവച്ച് മാറിത്താമസിക്കാൻ മേരിക്ക് സാധിച്ചത്. കർത്താവ് മാത്രമാണ് ഒരുവന് തുണ എന്ന് തിരിച്ചറിഞ്ഞത് സ്വന്തം ജീവിതത്തിലൂടെത്തന്നെയാണ് എന്നുറച്ചു വിശ്വസിക്കുന്നവളാണ് ഈ അമ്മ.
ഇടവക ജനത്തിന്റെ കരുതൽ
35 വയസുള്ള സുനി ഷാജി പാറക്കലിന്റേത് ഇടവക വികാരിയും ജനവും സഹായിച്ച കരുതലിന്റെ കഥയാണ്. 13 വർഷം ഭർത്താവിനോടൊപ്പം ജീവിച്ചു. ഹൃദയാഘാതം വന്ന് അദ്ദേഹം മരിക്കുമ്പോൾ ഒമ്പതര വയസുള്ള മകൻ, നാല് വയസുള്ള ഇരട്ടക്കുട്ടികൾ, ഒന്നര വയസുള്ള മറ്റൊരു മകൻ. പട്ടയമില്ലാത്ത എട്ടുസെന്റ് സ്ഥലം. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ. കൊടിയ ദാരിദ്ര്യം ഇതായിരുന്നു അവസ്ഥ.
നാട്ടുകാർ പ്രത്യേകിച്ച് ഇടവകക്കാർ ഏറെ സഹായിച്ചു. ഇതുകണ്ട് അസൂയ പൂണ്ട ചിലർ പറഞ്ഞു: ”നാട്ടുകാർ സഹായിക്കുമെന്ന് കരുതിയാണോ നീ കുഞ്ഞുങ്ങളെ പ്രസവിച്ചത്?” അവരോടു മറുപടി പറയാൻ അവൾക്ക് വാക്കുകൾക്കുപകരം കണ്ണുനീർ മാത്രമായിരുന്നു. ഇടവക വികാരി (ഫാ. ജോണി കല്ലുപുര) നേതൃത്വത്തിൽ അഞ്ചുസെന്റ് സ്ഥലം പട്ടയമുള്ളത് ഇടവകജനം നൽകിയത് വലിയ തുണയായിട്ടാണ് ഇവർ കരുതുന്നത്. മൂത്തമകന്റെ പഠനത്തിന് പണം നൽകുന്നത് മാനന്തവാടി രൂപതയിലെ മെത്രാനായ ജോസ് പൊരുന്നേടം പിതാവാണ്.
ഇടവകയുടെ സ്‌കൂളിൽ ആയയായി ജോലി ചെയ്യുന്ന സുനി അഭിമാനത്തോടുകൂടി പറയുന്നു: ”എന്നെ നോക്കുന്നത് ഇടവകജനങ്ങളാണ്. അവരുടെ സ്‌നേഹവും സംരക്ഷണവുമാണ് എന്റെ ഇന്നത്തെ ജീവിതം.” ഇങ്ങനെയുള്ള വികാരിയച്ചന്മാരും ജനങ്ങളുമുണ്ടെങ്കിൽ ഒരു വിധവയും അനാഥരാകില്ല, അകാരണമായി സഹിക്കേണ്ടി വരില്ല എന്ന് വിശ്വസിക്കുന്നവളാണിവൾ.
ചിലയവസരങ്ങളിൽ എന്താണോ നാം ആഗ്രഹിക്കാത്തത് അതായിരിക്കും നമ്മുടെ ജീവിതത്തിൽ വന്നുചേരുന്നത്. അങ്ങനെയൊരു അനുഭവമാണ് താണിക്കുന്നേൽ മേരിയുടേത്. അവരുടെ വാക്കുകൾ: ”പിതാവ് തികഞ്ഞ മദ്യപാനിയായിരുന്നു. ആങ്ങളമാരും അങ്ങനെതന്നെ. അതുകൊണ്ടുതന്നെ കുഞ്ഞുനാളിൽ ഒരേയൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ: കുടിയനായ ഭർത്താവിനെ തനിക്ക് ഒരിക്കലും കിട്ടരുതെന്ന്. വിവാഹം കഴിഞ്ഞ് നാലാം ദിവസം നാലുകാലിൽ വീട്ടിൽ വന്നുകയറിയ ഭർത്താവ്, ദൈവം എന്താണ് തന്നോട് ഇങ്ങനെ ചെയ്തതെന്ന് ഓർത്ത് അന്ന് പൊട്ടിക്കരഞ്ഞു. ഒടുവിൽ ദൈവത്തിന് ഇതിലെല്ലാം പദ്ധതിയുണ്ടെന്ന് അംഗീകരിച്ചപ്പോൾ ആ വേദന മാറി.
”ഭർത്താവിനെ ഞാൻ മനസുകൊണ്ടും ശരീരംകൊണ്ടും സ്വീകരിച്ചു, അംഗീകരിച്ചു, സ്‌നേഹിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ഭർത്താവിനുവേണ്ടി ഉപവസിച്ചു പ്രാർത്ഥിച്ചു. അപ്പോഴും അയാൾ മദ്യപിച്ച് വന്ന് എന്നെ ഉപദ്രവിക്കുമായിരുന്നു. അങ്ങനെ മദ്യപിക്കുന്ന ദിവസങ്ങളിൽ പലപ്പോഴും ഭയംമൂലം കാപ്പിത്തോട്ടത്തിലാണ് അന്തിയുറങ്ങിയത്. എന്നിട്ടും മടുപ്പുതോന്നാതെ പ്രാർത്ഥിച്ചു.
ഒരു ദിവസം മദ്യപിച്ച് വന്ന അദേഹം എന്നെ ഉപദ്രവിക്കാൻ നോക്കി. അതിൽ നിന്ന് രക്ഷെപെടാൻ ഞാൻ പുറത്ത് ഒളിച്ചിരുന്നു. എന്നോടുള്ള ദേഷ്യം മൂലം ഭർത്താവ് പ്രസവിക്കാറായിനിന്ന ആടിനെ വെട്ടിക്കൊന്നു. അപ്പോൾ എന്നെ കണ്ടാലും അവസ്ഥ അതു തന്നെയായിരുന്നു. പക്ഷേ ഈ അവസരങ്ങളിലെല്ലാം ഞാൻ എന്റെ പ്രാർത്ഥന കൂടുതൽ തീവ്രമാക്കുകയാണ് ചെയ്തത്. എന്റെ അമ്മായിയമ്മ എനിക്ക് കരുത്തു നൽകി. സ്‌നേഹവും പ്രാർത്ഥനയും നൽകി. ചിലപ്പോൾ അവർ എന്നോട് ചോദിച്ചു: ”അവൻ എന്റെ മരണത്തിനുമുമ്പ് മാനസാന്തരപ്പെടുമോ?”അപ്പോൾ ഞാൻ പറഞ്ഞു: ”അത് സംഭവിക്കുമെന്ന്.”
പത്തുവർഷം നീണ്ടുനിന്ന എന്റെ പ്രാർത്ഥന ദൈവം കേട്ടു. ഒരു ധ്യാനം കൂടി ഭർത്താവ് മാനസാന്തരപ്പെട്ടു. മടുപ്പില്ലാതെയുള്ള എന്റെ പ്രാർത്ഥന ദൈവം കേട്ടു. അമ്മായിയമ്മയ്ക്ക് ടൈഫോയ്ഡ് പിടിപെട്ട് ആശുപത്രിയിൽ ആയിരുന്നപ്പോൾ കെ.എസ്.ആർ.ടി.സി ജോലിക്കാരനായിരുന്ന എന്റെ ഭർത്താവ്, അമ്മയെ ശുശ്രൂഷിക്കാൻ മൂന്നുമാസം ലീവെടുത്തു. മാനസാന്തരപ്പെട്ടതിനുശേഷം എന്റെ ഭർത്താവ് പത്തുവർഷം ജീവിച്ചു. സ്വർഗതുല്യമായ ജീവിതം. എല്ലാ കൂദാശകളും സ്വീകരിച്ച് അയാൾ മരിച്ചു. എന്റെ ഭർത്താവിനെ ഒരു വിശുദ്ധനാക്കിയാണ് ഞാൻ ദൈവത്തിന് നൽകിയത്. ഞാനാഗ്രഹിച്ച ഭർത്താവിനെ പത്തുവർഷങ്ങൾക്കുശേഷമാണ് ദൈവം എനിക്ക് നൽകിയത്.
അതുവരെ കാത്തിരിക്കാൻ ദൈവം എന്നോടാവശ്യപ്പെട്ടു. അതായിരുന്നു ദൈവികപദ്ധതി. നാല് മക്കളുള്ള ഞാൻ സന്തുഷ്ടയായി ജീവിക്കുന്നു. ”മരിച്ചതിനുശേഷമല്ല ഭാര്യ ഭർത്താവിനെക്കുറിച്ച് ചിന്തിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും. ജീവിച്ചിരിക്കുമ്പോഴാണ്. അങ്ങനെയുള്ളവർക്ക് ഭർത്താവിന്റെ വിരഹത്തിലും തൃപ്തിയുണ്ടാകും. ദൈവഹിതം ദാമ്പത്യത്തിൽ നിറവേറ്റിയതിന്റെ തൃപ്തി. അങ്ങനെയുള്ളവരെ ദൈവം തുണയ്ക്കും.” മേരി പറയുന്നു.
അമ്മമാരായ വിധവകളുടെ ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ എഴുതാൻ ബാക്കിവച്ചത് ഇനിയുമേറെയുണ്ട്. ജീവിതത്തിലെ സത്രവാതിലുകൾ അടഞ്ഞപ്പോൾ പ്രകാശം ചൊരിയുന്ന നക്ഷത്രപ്രഭയിൽ പുൽക്കൂട്ടിലെ പ്രതീക്ഷയെ പുൽകാൻ പോയവരാണവർ. പുൽക്കൂട് സ്വന്തമാക്കുവാൻ കടമ്പകൾ ഏറെ കടക്കണം. പുൽക്കൂടുകളിൽ എത്തിച്ചേരുന്നതുവരെ ആർക്കും യഥാർത്ഥ ക്രിസ്തുവിനെ കണ്ടെത്താൻ കഴിയുകയില്ല.
ഓർമ്മിക്കേണ്ട ചില കാര്യങ്ങൾ
വിധവകളായ അമ്മമാരിൽ ഏറെപ്പേരും ഭർത്താവിന്റെ വീട്ടുകാരിൽനിന്ന് സഹായവും അനുകമ്പയും ലഭിക്കാത്തവരാണ്. മാത്രമല്ല ചിലപ്പോഴെല്ലാം കുത്തുവാക്കുകളും ആക്ഷേപങ്ങളും പടിയിറക്കലുകളും ഏറ്റവരാണ്. സമൂഹത്തിന്റെ ഒളികണ്ണുകളും ഇരുണ്ട കരങ്ങളും അവരെ ആക്രമിക്കുന്നുണ്ട്. അതിനാൽ അവൾക്കുവേണ്ടി വാദിക്കാൻ ഇടവകയും ജനങ്ങളും സമൂഹവും കൈകോർക്കണം. ചെയ്യാവുന്ന സഹായങ്ങൾ ചെയ്യണം. വിധവാകൂട്ടായ്മകൾ സംഘടിപ്പിക്കണം. വയനാട് ലാസലെറ്റ് മരിയൻ ധ്യാനകേന്ദ്രത്തിൽ മാസത്തിലെ എല്ലാ ആദ്യതിങ്കളാഴ്ചകളിലും അവർക്കുള്ള കൂട്ടായ്മ നടക്കുന്നുണ്ട്. അനേകം അമ്മമാർക്ക് ജീവന്റെ തിരിവെട്ടം നൽകുവാൻ ഇത്തരം കൂട്ടായ്മകൾ സഹായകരമാകുന്നുണ്ട്.
വിധവകൾ നന്നായി പ്രാർത്ഥിക്കുന്നവരാകണം. സാധ്യമെങ്കിൽ പുനർവിവാഹത്തിന് സന്നദ്ധരുമാകണം. വിശുദ്ധ കുർബാനകളിൽ പങ്കെടുക്കുവാൻ സമയം കണ്ടെത്തണം. ചില കാര്യങ്ങൾ ഒന്നിച്ച് ചെയ്യണം.
ഇടവകകേന്ദ്രീകൃതമായി അവരുടെ കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഉണ്ടാകുന്നത് നല്ലതാണ്. അവർക്കുവേണ്ടിമാത്രം പ്രത്യേകം ധ്യാനങ്ങളും സംഘടിപ്പിക്കുന്നതും ഉചിതമാണ്. എസ്‌തേറും യൂദിത്തും പ്രാർത്ഥിച്ചതുപോലെ അവർക്കും പ്രാർത്ഥിക്കാനാകണം. ”കർത്താവേ, അങ്ങല്ലാതെ മറ്റൊരു തുണയുമില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ” (എസ്‌തേർ 14:14). ”ദൈവമേ, എന്റെ ദൈവമേ, വിധവയായ എന്റെ പ്രാർത്ഥന കേൾക്കണമേ” (യൂദിത്ത് 9:4).
വിരഹദുഃഖത്തിന്റെ ഭാരത്തിൽ തളരാതെ പുത്രന്റെ കുരിശുയാത്രയിൽ അവൾ പങ്കെടുത്തു. പുൽക്കൂട്ടിലെ നക്ഷത്രം കാൽവരിയിലെ കുരിശിൽ തെളിഞ്ഞുനിന്നതിന് സാക്ഷിയാണ് മറിയം. അവൾത്തന്നെയാണ് തളർന്ന ശിഷ്യന്മാർക്ക് തണലായ സെഹിയോൻ മാളികയിലെ തായയും. എല്ലാ വിധവകൾക്കും ആ അമ്മയുടെ മുഖഛായയായിരുന്നെങ്കിൽ! അപ്പോൾ അവരുടെ കാൽവരികളിലും പുൽക്കൂടിനു മുകളിൽ തെളിഞ്ഞ ആ നക്ഷത്രം തെളിഞ്ഞുനിൽക്കും. ക്രിസ്തുവാകുന്ന നക്ഷത്രം. ഏവർക്കും ക്രിസ്മസ് ആശംസകൾ!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?